UPDATES

സിനിമ

കോഴിക്കോട്ടെ ദ്വാരകയെന്ന വീടിനെ എന്തുകൊണ്ടാണ് മലയാളി ഇത്രമേല്‍ സ്‌നേഹിക്കുന്നത്…?

Avatar

കെ.പി.എസ്.കല്ലേരി

‘ഒരിത്തിരീംകൂടി സ്പീഡുണ്ടായിരുന്നെങ്കില്‍ ഈ വീടും കൂടി അങ്ങട്ട് പൊളിഞ്ഞേനേ, എങ്കില്‍ എന്ത് രസാണ്ടേനും…’ സുലൈമാന്‍ പറഞ്ഞ് നാവെടുക്കും മുമ്പുതന്നെ സിപി അയാളെ തല്ലാന്‍ കൈ ഓങ്ങി. അപ്പഴേക്കും സുലൈമാന്‍ സ്‌ക്രീനില്‍ നിന്നും ഓടി മറഞ്ഞിരുന്നു. രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സിനിമയില്‍ ഏറിയില്‍ പത്തോ പതിനഞ്ചോ മിനുട്ട് ദൈര്‍ഖ്യമുള്ള കഥാപാത്രമായിരുന്നു സുലൈമാന്‍. പക്ഷെ മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്റെ വെള്ളാനകളുടെ നാട്  പുറത്തിറങ്ങിയിട്ട് 26വര്‍ഷം കഴിയുമ്പോഴും കുതിരവട്ടം പപ്പുവിന്റെ സുലൈമാനും അദ്ദേഹത്തിന്റെ താമരശ്ശേരി ചുരം കഥയും റോഡ് റോളര്‍ പിറകോട്ട് ഉരുണ്ടുരുണ്ടു വന്ന് വീടിന്റെ മതില്‍ തകര്‍ക്കുന്നതുമെല്ലാമാണ്  മലയാളി ഓര്‍ക്കുന്നതും ഓര്‍ത്തോര്‍ത്ത് ചിരിക്കുന്നതും…

ആ ചിരിക്കഥയിലെ വീടുതേടിയാണ് ഇപ്പോള്‍ ഞങ്ങളെത്തിയിരിക്കുന്നത്. പപ്പുവിന്റെ സുലൈമാന്‍ ഇടിച്ചിട്ട മതിലും ആ വീടും ഇപ്പോഴും കോഴിക്കോട് ഗവ.ഗസ്റ്റ്ഹൗസിന് താഴെ ചുങ്കത്ത് അതേ പോലെ നിലനില്‍ക്കുന്നു. ഇതില്‍പ്പരം എന്ത് കൗതുകമാണ് ഉണ്ടാവേണ്ടത്.

മലയാള സിനിമ ഉണ്ടായകാലം മുതല്‍ അനേകം വീടുകള്‍ സിനിമാ ചിത്രീകരണത്തിന് വേദിയായിട്ടുണ്ട്. സ്വന്തം വീടുകളേക്കാള്‍ ഏറെ സമയം മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ജീവിച്ച വീടുകള്‍. എന്നാല്‍ ‘വെള്ളാനകളുടെ നാടി’ല്‍ നായിക ശോഭന താമസിക്കുന്ന വീട് മലയാളി മനസില്‍  ഓര്‍ത്തുവെച്ചിരിക്കുന്നതുപൊലൊരു വീട് കേരളത്തില്‍ വേറെ ഉണ്ടാവുമോ.  ഒരു പക്ഷെ അതുകൊണ്ടുതന്നെയാവണം ‘വെള്ളാനകളുടെ നാടി’ന്റെ സൃഷ്ടികര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് ശേഷം ആ വീടൊന്നു കാണാന്‍വേണ്ടിമാത്രം കിലോമീറ്ററുകള്‍ കാറോടിച്ച് കോഴിക്കോട്ടെത്തിയത്.

രണ്ടുവര്‍ഷം മുമ്പാണ്  സാക്ഷാല്‍ പ്രയദര്‍ശന്‍ വെസ്റ്റ് ഹില്‍ ചുങ്കത്തെ ദ്വാരകയെന്ന വീട് അന്വേഷിച്ചെത്തിയത്. ആദ്യം വീട്ടുകാരോ നാട്ടുകാരോ പ്രിയദര്‍ശനെ തിരിച്ചറിഞ്ഞില്ല. കാരണം പ്രിയദര്‍ശനെപ്പൊലെ തോന്നിക്കുന്നൊരാള്‍ എന്നതിനപ്പുറത്ത് പ്രിയദര്‍ശനെ ഇങ്ങനെ ഒരു വീടിനുമുമ്പില്‍ അവരാരും പ്രതീക്ഷിച്ചതേയില്ല. കൗതുകത്തിന്റെ കെട്ടുകളഴിഞ്ഞ ശേഷം ഇപ്പോഴത്തെ വീട്ടുടമസ്ഥ തങ്കം പ്രിയനോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചു.

‘സാറ് ഇപ്പഴും ഞങ്ങളുടെ വീട് ഓര്‍ക്കുന്നുണ്ടല്ലേ, ആശ്ചര്യമായിരിക്കുന്നു…?’

‘നല്ലകാര്യം ഈ വീട് മറക്കാനോ..വെള്ളാനകളുടെ നാട് കണ്ട മലയാളികള്‍ ഇപ്പഴും സിനിമയെക്കുറിച്ച് പറയുമ്പോള്‍ കുതിരവട്ടം പപ്പുവിനെക്കുറിച്ചും നിങ്ങളുടെ ഈ വീടിന്റെ മതില്‍ തകര്‍ത്ത സീനിനെക്കുറിച്ചുമാണ് പറയുന്നത്. അപ്പോള്‍ പിന്നെ എനിക്കെങ്ങനെ മറക്കാനാവും എന്നായിരുന്നു പ്രിയദര്‍ശന്റെ മറുപടി. പിന്നെ കൂടി നിന്നവര്‍ നിരവധിയായ ചോദ്യങ്ങള്‍ പ്രിയനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതുമുഴുവന്‍ മഹാനടനായ കുതിരവട്ടം പപ്പുവിനെക്കുറിച്ചായിരുന്നു. ‘കോഴിക്കോടിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിവരുന്നത് പപ്പുവിന്റെ മുഖമാണ്. താമരശ്ശേരി ചൊരം, പിന്നെ ആ ചെറിയേ സ്‌കൂഡ്രൈവറിങ്ങെടുത്തേ, ഒരിത്തിരീംകൂടി സ്പീഡുണ്ടായിരുന്നെങ്കില്‍ ഈ വീടും കൂടി അങ്ങട്ട് പൊളിഞ്ഞേനേ…പപ്പുവിന്റെ ഡയലോഗുകള്‍ ഇപ്പഴും കാതിലിങ്ങനെ വന്ന് അലയടിക്കുകയാണ്. മോഹന്‍ലാലിന്റെ സിപി. നായര്‍ പിഡബ്ല്യൂഡിയില്‍ നിന്നും ലേലത്തില്‍ പിടിച്ച തല്ലിപ്പൊളി റോഡ് റോളര്‍ കൊണ്ടുപോകാന്‍ സഹായിക്കാനെത്തുന്ന പപ്പുവിന്റെ സുലൈമാന്‍ ഒടുക്കം സിപിക്ക് തലവേദനയാവുന്നു. പണിയൊന്നും അറിയാത്ത എന്നാല്‍ എല്ലാം അറിയാമെന്ന് താമരശ്ശേരി ചൊരം പോലുള്ള കഥപറഞ്ഞ് ഫലിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചോര്‍ത്തപ്പോള്‍ തന്നെ ആദ്യം മനസ്സില്‍ വന്നത് പപ്പുവിന്റെ മുഖമാണ്. സത്യം പറഞ്ഞാല്‍ വളരെ ചുരുങ്ങിയസമയത്ത് സ്‌ക്രീനിലെത്തിയ പപ്പുവിന്റെ കഥാപാത്രമാണ് ഒരുപക്ഷെ ആ സിനിമ ഇത്രമാത്രം ജനമനസ്സില്‍ നിറഞ്ഞ് നില്‍ക്കാന്‍ ഇടയാക്കിയതെന്നാണ് എന്റെ ഉറച്ചവിശ്വാസം. അതുകൊണ്ടാണ് ഇത്രയം ദൂരെ നിന്ന് ഈ വീടൊന്നു കാണണമെന്ന് കരുതി ഞാന്‍ വന്നത്…’

പപ്പുവിന്റെ റോഡ് റോളര്‍ ഇടിച്ചു നിരത്തിയ മതില്‍ ഇപ്പഴും എന്താണ് ചേച്ചി അതേപൊലെ കിടക്കുന്നതെന്ന പ്രിയദര്‍ശന്റെ ചോദ്യം വീട്ടുകാരേയും നാട്ടുകാരേയുമെല്ലാം ചിരിയിലാഴ്ത്തി. മതില്‍ കെട്ടാഞ്ഞിട്ടല്ല. നിങ്ങള്‍ ഇടിച്ചിട്ടശേഷം പലതവണ മതില്‍ ഞങ്ങള്‍ കെട്ടി. പക്ഷെ അതുപോലുള്ള റോഡ് റോളറുകളും വാഹനങ്ങളും പലതവണ മതില്‍ ഇടിച്ചിട്ടു. കുറേതവണ കെട്ടിയപ്പോള്‍ പിന്നെ കരുതി ഇനി കെട്ടുന്നില്ലെന്ന്. ഇപ്പോള്‍ കുറേ വര്‍ഷമായി ഇങ്ങനെ കിടക്കുവാ…ഗൃഹ്യനാഥയുടെ മറുപടികേട്ടപ്പോള്‍ പ്രിയദര്‍ശനും ചിരിച്ചു. വീണ്ടും വരാമെന്നുപറഞ്ഞാണ് അന്ന് പ്രിയന്‍ മടങ്ങിയത്.

‘ഒരിത്തിരീംകൂടി സ്പീഡുണ്ടായിരുന്നെങ്കില്‍ ഈ വീടും കൂടി അങ്ങട്ട് പൊളിഞ്ഞേനേ, എങ്കില്‍ എന്ത് രസാണ്ടേനും…’ പപ്പുവിന്റെ സുലൈമാന്‍ പറയുന്ന ഡയലോഗ് മനസ്സിലിട്ട് അമ്മാനമാടിക്കൊണ്ടാണ് ഞങ്ങള്‍ ദ്വാരകയിലേക്ക് കയറി ചെന്നത്. ഉമ്മറകോലായിലെ ചുമരിലുള്ള  ബെല്ലില്‍ കൈ അമര്‍ത്തുമ്പോള്‍ ജഗദീഷിന്റെ പഞ്ചാരയടി കഥാപാത്രം ഇടക്കിടേ ശോഭനയുടെ രാധയെക്കാണാന്‍ എന്തെങ്കിലും കാരണം പറഞ്ഞെത്തുന്നതും ഓര്‍ത്തുപോയി.

ഗൃഹനാഥ തങ്കേടത്തി പുറത്തുവന്നു ‘വെള്ളനാകളുടെ നാടി’ലെ വീടല്ലേ എന്ന ചോദ്യമുയര്‍ത്തിയപ്പോള്‍ നിങ്ങള്‍ സിനിമാക്കാരണോ എന്നായിരുന്നു അവരുടെ മറുചോദ്യം. കാര്യം അവതരിപ്പിച്ചപ്പോള്‍ 26 വര്‍ഷം മുമ്പത്തെ പലകഥകളും അവരോര്‍ത്തെടുത്തു പറഞ്ഞു.

100വര്‍ഷം പഴക്കമുണ്ട് ദ്വാരകയ്ക്ക്. തങ്കേടത്തിയുടെ ഭര്‍ത്താവ് ശിവാനന്ദന്റെ അച്ഛന്‍ പണിയിച്ചതാണ്. ശിവാനന്ദന്‍ വലിയ സിനിമാകമ്പക്കാരനും സിനിമാ സൗഹൃദമുള്ള ആളുമായിരുന്നു. ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഒരു ദിവസം ശ്രീനിവാസനാണ് വീട്ടിലെത്തി അദ്ദേഹത്തോട് സിനിമാ ചിത്രീകരണത്തിനായി വീട് തരാന്‍ ആവശ്യപ്പെട്ടത്. ഭര്‍ത്താവ് നൂറുവട്ടം സമ്മതിക്കുകയും ചെയ്തു. രണ്ടുമാസത്തോളം വീടും പരിസരത്തുമായി ചിത്രീകരണം നടന്നു. അപ്പോഴെല്ലാം വിശ്രമവും ഭക്ഷണവുമെല്ലാം ഞങ്ങളുടെ വീട്ടിലായിരുന്നു. മോഹന്‍ലാല്‍, ശോഭന, രാജു, ജഗദീഷ്, കുതിരവട്ടം പപ്പു എന്നിവരെല്ലാം വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. സിനിമയില്‍ ശോഭനയുടെ വീടായിരുന്നല്ലോ ഇത്. അതുകൊണ്ടുതന്നെ ശോഭനയുമായി വളരെ അടുത്തിടപഴകാനും ഞങ്ങള്‍ക്ക് കഴിഞ്ഞതായി തങ്കേടത്തി പറയുന്നു. രാവിലെ ഏഴുമുതല്‍ സിനിമാ ഷൂട്ടിംങ് തുടങ്ങും. അപ്പോള്‍ പിന്നെ ഞങ്ങളുടെ കുടുംബം മുഴുന്‍ മുകളിലത്തെ മുറിയിലായിരിക്കും. ജനാലയ്ക്കുള്ളിലൂടെ സ്വസ്ഥമായിരുന്നു ഷൂട്ടിംങ് കാണും. പലപ്പോഴും ബന്ധുക്കളുമുണ്ടാകും. അക്കാലത്ത് ദൂരദേശത്തുനിന്നുപോലും ബന്ധുക്കള്‍ വിരുന്നുകാരായെത്തും. ശിവാനന്ദേട്ടന്‍ സിനിമാക്കാര്‍ക്കൊപ്പം അവിടെയിവിടെയായി കറങ്ങി നില്‍ക്കും. ചില ബന്ധുക്കളും നാട്ടുകാരുമൊക്കെ ഞങ്ങളുടെ കെയറോഫില്‍ അങ്ങനെ സിനിമയിലും അഭിനയിച്ചിട്ടുണ്ടെന്ന് കൂട്ടിക്കോ. രണ്ടുമാസത്തേക്ക് 1500രൂപയാണ് വാടകയായി കിട്ടിയത്. വാടകയിലൊന്നും ഭര്‍ത്താവിന് വലിയ കാര്യമൊന്നുമില്ലായിരുന്നു. കാരണം അദ്ദേഹത്തിന് സിനിമയോട് വലിയകമ്പവും സിനിമാക്കാരോട് അളവറ്റ സ്‌നേഹവുമായിരുന്നു…തങ്കേടത്തി പറഞ്ഞുനിര്‍ത്തുമ്പോള്‍ വെള്ളാനകളുടെ നാടിലെ കഥയും കഥാപാത്രങ്ങളുമെല്ലാം നിമിഷനേരംകൊണ്ട് മനസിലൂടെ കടന്നുപോയി.

കൂട്ടുകൂടുംബമായിട്ടാണ് അന്നും ഇന്നും ഇവര്‍ ദ്വാരകയില്‍ താമസിക്കുന്നത്. ശ്രീജിത്ത്, ഷൈന്‍കുമാര്‍, സജിന, രഞ്ജിന എന്നിവരാണ് തങ്കത്തിന്റെ മക്കള്‍. ഇവര്‍ക്കൊന്നും ‘വെള്ളനാകളുടെ നാടി’നെക്കുറിച്ച് ഏറെയൊന്നും പറയാനില്ലെങ്കിലും തങ്കത്തിന്റെ  ഓര്‍മകളില്‍ ഇപ്പഴും മോഹന്‍ലാലിന്റെ സിപി നായരും പപ്പുവിന്റെ സുലൈമാനും ശോഭനയുടെ രാധയും ഇന്നലെയെന്നോണം ജ്വലിച്ചു നില്‍ക്കുന്നുണ്ട്.

അതിനുശേഷം വീണ്ടും ഒരിക്കല്‍ക്കൂടി മോഹന്‍ലാല്‍ ഈ വീട്ടിലെത്തിയിട്ടുണ്ട്. ‘ഏയ് ഓട്ടോ’യെന്ന സിനിമയില്‍ കുഞ്ഞാണ്ടിയേട്ടന്റെ വീടും ദ്വാരകയായിരുന്നു. അതിലും യാദൃശ്ചികതയെന്നോണം പപ്പുവിന്റെ കഥാപാത്രമാണ് ഈ വീടുമായി സിനിമയെ ബന്ധിപ്പിക്കുന്നത്. കുഞ്ഞാണ്ടിയേട്ടന്റെ കഥാപാത്രത്തിന്‍റെ കയ്യില്‍ നിന്ന് പപ്പുവിന്റെ ഓട്ടോയില്‍ പണമടങ്ങിയ പേഴ്‌സ് കളഞ്ഞുപോകുന്നു. പപ്പുവില്‍ നിന്നും ആ പേഴ്‌സ് കണ്ടെടുത്ത് മോഹന്‍ലാലും സംഘവും പേഴ്‌സുമായി ദ്വാരകയില്‍ കുഞ്ഞാണ്ടിയേട്ടനെ കാണാന്‍ വരുന്നു. ‘വെള്ളനാകളുടെ നാടി’ലെ ജഗദീഷും രാജുവുമെല്ലാം അന്നും ലാലിനൊപ്പം ദ്വാരകയിലെത്തിയെന്നതും മറ്റൊരു യാദൃശ്ചികത…

തങ്കേടത്തിയോട്  യാത്ര പറഞ്ഞ് ദ്വാരകയില്‍ നിന്നിറങ്ങുമ്പഴും പപ്പുവിന്റെ സുലൈമാന്‍ മനസ്സില്‍ നിന്നും ഇറങ്ങിയിട്ടില്ലായിരുന്നു.

‘എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഞമ്മളെ പൊറത്ത് തട്ടി പറയാണ്…പഹയാ വല്ലാത്തൊരു ധൈര്യം തന്നെ അനക്ക്, ഇജ്ജ് സുലൈമാനല്ല, ഹനുമാനാണ്..’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍