UPDATES

എസ്എന്‍ഡിപിയുമായി അടുക്കാന്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വം, സംസ്ഥാന നേതൃത്വത്തില്‍ തര്‍ക്കം

Avatar

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ദല്‍ഹിയില്‍ എത്തിയതിന് പിന്നാലേ ബിജെപി-എസ്എന്‍ഡിപി സഖ്യ വാര്‍ത്തകളും ചൂടുപിടിക്കുന്നു. വെള്ളാപ്പള്ളിയെ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചുവെന്ന് മലയാള മനോരമ റിപ്പോര്‍ട്ടു ചെയ്യുന്നു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളൂവെന്നാണ് എസ്എന്‍ഡിപിയുടെ നിലപാട്. എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയെ വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി നയിക്കണമെന്നാണ് യോഗത്തിലെ നേതാക്കന്‍മാര്‍ തമ്മിലെ ധാരണ. പക്ഷേ വെള്ളാപ്പള്ളി പാര്‍ട്ടിയെ നയിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആഗ്രഹമെന്ന് മനോരമ എഴുതുന്നു. നവംബര്‍ 23 മുതല്‍ കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന എസ്എന്‍ഡിപിയുടെ ഹൈന്ദവ ഏകീകരണ രഥയാത്രയെ വിജയിപ്പിക്കാന്‍ ആര്‍എസ്എസും ബിജെപിയും മറ്റ് അനുകൂല സംഘടനകളും രംഗത്തിറങ്ങും. 

ബിജെപിയുടെ സംസ്ഥാന നേതൃത്തില്‍ പ്രതീക്ഷയില്ലാത്തതിനാലാണ് എസ്എന്‍ഡിപിയുടെ സംഘടനാശേഷിയെ ആശ്രയിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. ഇതേ അടവാണ് ബിജെപി കര്‍ണാടകയിലും ബീഹാറിലും കഴിഞ്ഞ ഒരു ദശാബ്ദമായി പയറ്റിയത്. കര്‍ണാടകയില്‍ ദേവഗൗഡയുടെ ജനതാദളുമായി കൈകോര്‍ത്ത് അധികാരത്തിലെത്തി. ബീഹാറില്‍ നിതീഷ് കുമാറുമായി ചേര്‍ന്നും അധികാരം പങ്കിട്ടു. രണ്ടിടത്തും ഈ പാര്‍ട്ടികളുടെ തണലില്‍ ബിജെപി സ്വന്തം ശക്തി വര്‍ദ്ധിപ്പിച്ചു. അവിടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി കൈകോര്‍ത്തപ്പോള്‍ കേരളത്തില്‍ ബിജെപിയെ വര്‍ഗീയതയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അയിത്തം കല്‍പിക്കുന്നതിനാല്‍ എസ്എന്‍ഡിപിയുമായി സഖ്യ സാധ്യതകള്‍ പാര്‍ട്ടി തേടുന്നത്.

അതേസമയം, ബിജെപിയുമായുള്ള സഖ്യത്തിന് എസ്എന്‍ഡിപി ഉപാധികള്‍ മുന്നോട്ട് വച്ചതായി കൈരളി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര മന്ത്രിസ്ഥാനം അടക്കമുള്ള പദവികള്‍ വേണമെന്നാണ് ആവശ്യം. തുഷാര്‍ വെള്ളാപ്പള്ളിയെ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയിലെത്തിച്ച് കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ നേരത്തേ തന്നെ പ്രചരിച്ചിരുന്നു. കേന്ദ്ര കമ്മീഷനുകളിലും അംഗത്വം എസ്എന്‍ഡിപി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഉപാധികളോടെയുള്ള സഖ്യത്തെ ചൊല്ലി ബിജെപിയുടെ സംസ്ഥാന നേതൃത്വത്തില്‍ എതിര്‍പ്പുണ്ട്. ബിജെപിയുടെ കേരള നേതൃത്വത്തെ പൂര്‍ണമായും അവഗണിച്ചു കൊണ്ടാണ് അമിത് ഷാ പുതിയ സഖ്യ രൂപീകരണ ശ്രമം നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍