UPDATES

ഹിന്ദു ഐക്യം: സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും നേര്‍ക്കു നേര്‍

ഹിന്ദു ഐക്യത്തിന്റെ പേരില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൊമ്പുകോര്‍ക്കുന്നു. ഹിന്ദു ഐക്യം കള്ളത്തരം ഒളിപ്പിക്കാനെന്ന് സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മന്നം-ശങ്കര്‍ ഐക്യം കള്ളത്തരമായിരുന്നുവോ എന്ന് വെള്ളാപ്പള്ളി നടേശന്‍ തിരിച്ചു ചോദിച്ചു.

ഹിന്ദു സംഘടന കള്ളക്കഥകള്‍ മറച്ചു വയ്ക്കാനാണെന്ന് ആരോപിച്ച സുകുമാരന്‍ നായര്‍ ഹിന്ദു ഐക്യം ഉണ്ടെങ്കിലേ ഹിന്ദുക്കളുടെ താല്‍പര്യം സംരക്ഷിക്കാന്‍ സാധിക്കൂ എന്നില്ലെന്നും അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഹിന്ദു ഐക്യത്തിന്‌ വേണ്ടി ചിലര്‍ നടക്കുന്നതിന്റെ പിന്നിലെ കളികള്‍  എന്താണെന്ന് മനസിലായത് കൊണ്ടാണ് എന്‍എസ്എസ് അതില്‍ പങ്കെടുക്കാത്തത് എന്നും കൂട്ടിച്ചേര്‍ത്തു. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് സംഘടന ഉണ്ടാക്കുന്നതെന്നും വെള്ളാപ്പള്ളി നടേശനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. എന്‍എസ്എസിന്റെ വിജയദശമി ആഘോഷ ചടങ്ങില്‍ സംസാരിച്ചപ്പോഴാണ് സുകുമാരന്‍ നായര്‍ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെ ശക്തമായി വിമര്‍ശിച്ചത്. ഹിന്ദു സംഘടനയുണ്ടാക്കി അതില്‍ പ്രവര്‍ത്തിക്കാന്‍ എന്‍എസ്എസ് നയം അനുവദിക്കുന്നില്ലെന്ന് സുകുമാര്‍ നായര്‍ വ്യക്തമാക്കി. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകാന്‍ എന്‍എസ്എസ് തയ്യാറല്ല. മുമ്പ് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി നോക്കിയെങ്കിലും ഇനി അതിനില്ലെന്ന് സുകുമാരന്‍ നായര്‍ അസന്നിഗ്ദ്ധമായി പറഞ്ഞു. ഇപ്പോള്‍ ഹിന്ദു ഐക്യത്തിനായി വാദിക്കുന്നവര്‍ ഹിന്ദുക്കള്‍ക്കായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. മതേതരത്തിനും സാമൂഹ്യ നീതിക്കും വേണ്ടിയാണ് എന്‍എസ്എസ് നിലകൊള്ളുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിന്റെ നിലപാടുകളെ വിവിധ സര്‍ക്കാരുകളെ കൊണ്ട് അംഗീകരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. സംവരണ പ്രശ്‌നം മാത്രമാണ് പരിഹരിക്കപ്പെടാതെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

സുകുമാരന്‍ നായരുടെ പ്രസ്താവന കാര്യങ്ങള്‍ മനസിലാക്കാതെ കാടടച്ച് വെടിവയ്ക്കുന്നതാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. കാലങ്ങള്‍ കഴിയുമ്പോള്‍ മാറ്റിപ്പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍