UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെളിഞ്ഞു തെളിഞ്ഞു വരുന്നുണ്ട് ആ കാക്കി നിക്കര്‍

Avatar

കെ എ ആന്റണി

ഒടുവില്‍, എല്ലാവരും ഭയപ്പെട്ടത് തന്നെ സംഭവിച്ചു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്റെ അവതാര രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നു. അല്ലെങ്കിലും അവതാര പുരുഷന്‍മാര്‍ ഇങ്ങനെ തന്നെയാണ്. ദൗത്യ പൂര്‍ത്തീകരണത്തിന് മുമ്പായി അവര്‍ അവതാര രഹസ്യം പുറത്ത് വിടും.

സമത്വ മുന്നേറ്റ യാത്രയുമായി വെള്ളാപ്പള്ളി കാസര്‍ഗോഡെ മദൂരില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രവചിച്ചിരുന്നതാണ് യാത്ര ആറ്റിങ്ങലെത്തുമ്പോഴേക്കും വെള്ളാപ്പള്ളി വര്‍ഗ്ഗീയ വിഷം തുപ്പി തുടങ്ങുമെന്ന് അതുവരെ കാത്തിരിക്കേണ്ടി വന്നില്ല. യാത്ര ആലുവായില്‍ എത്തിയപ്പോള്‍ തന്നെ വെള്ളാപ്പള്ളി തന്റെ അവതാര രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നു.

വെള്ളാപ്പള്ളിയുടെ തനിനിറം പുറത്തുവരാന്‍ ഹേതുവായത് കോഴിക്കോട്ടെ മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദ് എന്ന ചെറുപ്പക്കാരന്റെ കുടുംബത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധനസഹായവും ജോലിയും വാഗ്ദാനം ചെയ്ത നടപടിയാണ്. മാന്‍ഹോളിലെ ചെളിവെള്ളത്തില്‍ കിടന്ന് ശ്വാസം മുട്ടി മരിച്ചു കൊണ്ടിരുന്ന രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് നൗഷാദിന് സ്വന്തം ജീവന്‍ നഷ്ടപ്പെട്ടത് എന്നതൊന്നും വെള്ളാപ്പള്ളിക്ക് അത്രവലിയ കാര്യമായി തോന്നിയിട്ടില്ല. നൗഷാദിന്റെ ജീവ ത്യാഗത്തേയും ധീരതയേയും വിലകുറച്ചു കാണുന്നതായി വെള്ളാപ്പള്ളിയുടെ പരാമര്‍ശം. നൗഷാദ് മുസ്ലിമായത് കൊണ്ടാണ് മുഖ്യമന്ത്രി എടുത്തു ചാടി സഹായവാഗ്ദാനങ്ങള്‍ നല്‍കിയത് എന്ന മത സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവന നടത്തുകയാണ് വെള്ളാപ്പള്ളി ചെയ്തത്.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ കേരള സമൂഹം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക മാത്രമല്ല ആ പ്രസ്താവനയിലൂടെ പ്രകടനമായി പുറത്തു വന്ന മതവിദ്വേഷത്തെ കടന്നാക്രമിക്കുകയും ചെയ്തുവെന്നതിന്റെ തെളിവാണ് സംവിധായകന്‍ രഞ്ജിത്ത് അടക്കമുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍.

മതസ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ള വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിന് എതിരെ പൊലീസ് കേസെടുത്തു കഴിഞ്ഞു. ജാമ്യം ഇല്ലാ വകുപ്പ് പ്രകാരമാണ് കേസെങ്കിലും സമത്വ മുന്നേറ്റ യാത്ര അവസാനിപ്പിക്കുന്നതിന് മുമ്പ് വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.

ചെന്നിത്തലയെ ഈ നിലപാട് ഒരു അര്‍ത്ഥത്തില്‍ നല്ലത് തന്നെ. അദ്വാനിയുടെ ആ പഴയ രഥയാത്രയെ അനുസ്മരിപ്പിക്കുന്ന വെള്ളാപ്പള്ളിയുടെ യാത്രയെ ഇപ്പോള്‍ തടയുന്നത് എന്തുകൊണ്ടും ബുദ്ധിയല്ല. അങ്ങനെ സംഭവിച്ചാല്‍ സമത്വ മുന്നേറ്റ യാത്രയെ സ്വീകരിക്കാന്‍ ഓരോ സ്ഥലത്തും തടിച്ചു കൂടുന്ന പതിനായിരക്കണക്കിന് ആളുകളെ കണ്ട് ഭയന്നിട്ടാണ് യാത്ര പൊളിക്കുക എന്ന ലക്ഷ്യത്തോടെ തനിക്ക് എതിരെ ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത് എന്ന വെള്ളാപ്പള്ളിയുടെ വാദത്തിന് അത് ശക്തിപകരും.

തന്റെ യാത്ര പുറപ്പെടും മുമ്പും തന്നെ അത് പൊളിക്കാന്‍ വിഎം സുധീരനെ പോലുള്ളവര്‍ ഗൂഢാലോചന തുടങ്ങിയിരുന്നുവെന്നും ഈ യാത്ര ഒരു പക്ഷേ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ആയിരിക്കും എന്നുമൊക്കെ വെള്ളാപ്പള്ളി പറഞ്ഞ് തുടങ്ങിയിട്ടുണ്ട്.

കേരളത്തില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹം അവഗണിക്കപ്പെടുകയാണെന്നും മതന്യൂനപക്ഷങ്ങള്‍ പരിപാലിക്കപ്പെടുകയാണെന്നും വെള്ളാപ്പള്ളി പാടി നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ ഒരു മരണവുമായി ബന്ധപ്പെട്ട് അതും ഒരു ജീവത്യാഗവുമായി ബന്ധപ്പെട്ട് ഇത്ര കൊടിയ കാളകൂട വിഷം അദ്ദേഹം ആലുവാ മണപ്പുറത്ത് വച്ച് തുപ്പുമെന്ന് ആരും കരുതിയിരുന്നില്ല. വെള്ളാപ്പള്ളിക്ക് പരിപൂര്‍ണ പിന്തുണയുമായി ശോഭ സുരേന്ദ്രനെ പോലെയുള്ളവര്‍ രംഗത്തെത്തിയതോടെ വെള്ളാപ്പള്ളി-സംഘപരിവാര്‍ ബാന്ധവം ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായിരിക്കുന്നു.

സുധീരനെ പോലെയുള്ളവര്‍ വെള്ളാപ്പള്ളിയെ പ്രവീണ്‍ തൊഗാഡിയയോട് ഉപമിക്കുന്നുണ്ടെങ്കിലും പിണറായി വിജയന്‍ നടത്തിയ ശിവസേന പ്രയോഗമാണ് വെള്ളാപ്പള്ളിക്ക് കുറേക്കൂടി ഇണങ്ങുക. മഹാരാഷ്ട്രയില്‍ അധികാരത്തിലെത്താന്‍ ബിജെപിയും ആര്‍എസ്എസും കണ്ടെത്തിയ എളുപ്പമാര്‍ഗ്ഗം ശിവസേനയെ കൂട്ടുപിടിക്കുക എന്നതാണ്. കേരളത്തില്‍ ആകട്ടെ അവര്‍ വെള്ളാപ്പള്ളിയെ കൂട്ടുപിടിക്കുന്നു അത്രമാത്രം.

എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ഫസല്‍ ഗഫൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞു, കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ ആര്‍എസ്എസ് കണ്ടെത്തിയ മുഖകൊട്ട (മുഖംമൂടി) ആണ് വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ സംഘടനയും. സ്വാധി പ്രാചിയെ പോലുള്ള ധാരാളം പേര്‍ ആര്‍എസ്എസിന്റെ നാവായി കേരളത്തിലും ഉള്ളപ്പോള്‍ വെള്ളാപ്പള്ളിയിലൂടെ കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്ന ശ്രീനാരായണ ഗുരു ദേവന്റെ സ്വാധീനത്തെ തന്ത്രപൂര്‍വം ഉപയോഗപ്പെടുത്തുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യം.

എന്നാല്‍ ആ ലക്ഷ്യം അല്‍പം പാളിയോ എന്ന് സംശയം ഉണര്‍ത്തുന്നു ആലുവയിലെ വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗവും അത് കേരളത്തില്‍ അങ്ങോളമിങ്ങോളം ഉയര്‍ത്തിയിട്ടുള്ളപ്രതിഷേധവും. എന്നാല്‍ ആര്‍എസ്എസിന്റേയോ അമിത് ഷായുടേയോ കയ്യിലെ ചരടില്‍ കിടന്ന് മാത്രം തുള്ളിക്കളിക്കല്‍ അല്ല അറിയപ്പെടുന്ന ഒരു ഹിന്ദു തീവ്ര നിലപാടിന്റെ വക്താവാകലാണ് തന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു. ജോര്‍ജ്ജ് സാന്‍ഡിയാനാ എന്ന തത്വ ചിന്തകന്‍ പറഞ്ഞത് പോലെ ലക്ഷ്യത്തില്‍ എത്താന്‍ കഴിയാതെ വരുമ്പോള്‍ അതിനായുള്ള ശ്രമങ്ങള്‍ ഇരട്ടിയാക്കലാണ് മതാന്ധത. അത്രമാത്രമേ ഇവിടേയും സംഭവിച്ചിട്ടുള്ളൂ.

ഐതിഹ്യത്തിലെ പറയി പന്ത്രണ്ട് മക്കളെ പെറ്റപ്പോള്‍ വെള്ളാപ്പള്ളിയുടെ അമ്മ പതിമൂന്ന് മക്കളെയാണ് പ്രസവിച്ചത്. പറയിപ്പെറ്റ മക്കള്‍ പന്ത്രണ്ട് കുലങ്ങളെ പ്രതിനിധീകരിക്കുമ്പോള്‍ നമ്മുടെ ഈ പതിമൂന്നാമന്‍ ഏത് കുലത്തെയാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്നേ ഇനി അറിയാനുള്ളൂ.

സാധ്വിയെ പ്രാചിയെപ്പോലുള്ളവര്‍ ഷാറൂഖ് ഖാന്‍, അമീര്‍ ഖാന്‍, തുടങ്ങി പലരേയും പാകിസ്താനിലേക്ക് അയക്കാന്‍ പാടുപെടുമ്പോള്‍ വെള്ളാപ്പള്ളിക്ക് വളരെ ചെറിയ ഒരു ഡിമാന്റേയുള്ളൂ. കേരളത്തിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും തങ്ങളുടെ പഴയ മതത്തിലേക്ക് മടങ്ങിപ്പോകണം. സംഘപരിവാര്‍ പറയുന്ന അതേ ഘര്‍ വാപസി തന്നെ. ഇനിയിപ്പോള്‍ ആരും തങ്ങളുടെ പൂര്‍വീകരുടെ പഴയ കുലം അന്വേഷിച്ച് ബദ്ധപ്പെടേണ്ടതുമില്ല. കാരണം എല്ലാവരും ഹിന്ദു മതത്തിലേക്ക് മടങ്ങണമെന്നേ വെള്ളാപ്പള്ളി ആവശ്യപ്പെടുന്നുള്ളൂ.|

വെള്ളാപ്പള്ളിയുടെ ഒരു കോമാളിക്കളിയെന്ന് തോന്നിപ്പിക്കാവുന്ന തീക്കളിക്ക് കരുത്ത് പകരുന്നതാണ് രണ്ട് സമീപ കാല സംഭവങ്ങള്‍. അതിലൊന്ന്, മാധ്യമ പ്രവര്‍ത്തകയായ റെജീന മദ്രസയില്‍ പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളെ കുറിച്ച് ഇട്ട ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടതാണ്. റജീനയുടെ ഫേസ്ബുക്ക് രജിസ്‌ട്രേഷന്‍ മരവിപ്പിക്കുക മാത്രമല്ല സാമൂഹിക മാധ്യമങ്ങളിലൂടെ ആ പെണ്‍കുട്ടിക്ക് എതിരെയുള്ള തെറിവിളികളും ആക്രോശങ്ങളും തുടരുകയുമാണ്. ഇതിന് ഇടയില്‍ തന്നെയാണ് പണ്ഡിത ശ്രേഷ്ഠനെന്ന് സ്വയം അഭിമാനിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ സ്ത്രീകള്‍ക്ക് എതിരെയുള്ള പടപുറപ്പാടുണ്ടായതും.

മറ്റൊരു സംഭവം, തൃശൂര്‍ അതിരൂപതയുടെ മുഖപത്രം നടത്തിയ ചില കസര്‍ത്തുകളാണ്. ക്രൈസ്തവരെ അവഗണിച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിവരം അറിയുമെന്നാണ് രൂപതയുടേയും മുഖപത്രത്തിന്റേയും ഭീഷണി. രാജ്യമൊട്ടുക്ക് അസഹിഷ്ണുതയും മതസ്പര്‍ദ്ധയും വളര്‍ന്നുവരുന്ന ഇക്കാലത്ത് മതന്യൂനപക്ഷങ്ങളെ അടിക്കാനുള്ള വടി അവര്‍തന്നെ എടുത്തു കൊടുക്കുകയാണ്. ഇതും കാണാതെ ഇരുന്ന് കൂട.

അതിനിടെ കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ രംഗത്ത് വന്നതായി കണ്ടു. സ്വന്തം കണ്ണിലെ കരട് എടുത്തിട്ട് പോരെ മറ്റുള്ളവരുടെ കണ്ണിലെ തടിയെടുക്കുന്നത്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍