UPDATES

രാഷ്ട്രീയം കളിക്കാനിറങ്ങുന്ന വെള്ളാപ്പള്ളി അറിയേണ്ട ചില ചരിത്രങ്ങള്‍

Avatar

രാകേഷ്

ഈഴവ സമുദ്ധാരണത്തിനെന്ന അവകാശവാദത്തോടെ എസ്എന്‍ഡിപി യോഗം രാഷ്ട്രീയത്തെ ഉപയോഗിക്കാന്‍ തയ്യാറെടുക്കുകയും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ കോപ്പുകൂട്ടുകയും ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ വലിയ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുകയാണ് കേരളം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോട് ചേര്‍ന്ന് കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം വരെ ലക്ഷ്യമിടുന്ന യോഗം ജനറല്‍ സെക്രട്ടറി തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ എതിരിടുന്നത് സ്വസമുദായത്തിന് രാഷ്ട്രീയാവകാശങ്ങള്‍ നേടിയെടുക്കുന്നതിനായുള്ള പോരാട്ടത്തിലാണ് താനെന്ന് പറഞ്ഞുകൊണ്ടാണ്. ഈഴവസമുദായത്തിന് രാഷ്ട്രീയ അവഗണനകള്‍ നേരിടുന്നുവെന്ന വാദം ചര്‍ച്ച ചെയ്യപ്പേടേണ്ടതാണെങ്കിലും വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥലക്ഷ്യങ്ങള്‍ എന്താണ് എന്നതാണ് ചോദ്യം.

എസ് എന്‍ ഡി പി എന്നൊരു പ്രസ്ഥാനത്തിന് സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇപ്പോള്‍ അതിന്റെ അമരക്കാരന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ മാത്രമെയുള്ളോ? അതേ എന്നാണ് ശ്രീ നടേശന്‍ പറയുന്നതെങ്കില്‍ അദ്ദേഹത്തിന് താന്‍ നയിക്കുന്ന പ്രസ്ഥാനത്തിന്റെ പൂര്‍വസ്മരണകളെക്കുറിച്ച് അജ്ഞതയുണ്ടെന്ന് പറയേണ്ടിവരും. ആശാന്റെ കാലംതൊട്ടേ യോഗം രാഷ്ട്രീയം കൈകാര്യം ചെയ്തിട്ടുണ്ട്. നല്ല പച്ച രാഷ്ട്രീയം. അവടുന്നിങ്ങോട്ട് താന്‍ പ്രസ്ഥാനത്തിന്റെ നിയന്ത്രിതാവാകുന്ന കാലത്തിനു മുന്നെവരെയുള്ള ചരിത്രം ഒരാവര്‍ത്തിയെങ്കിലും വായിച്ചറിയുന്നതിന് വെള്ളാപ്പള്ളി ശ്രമിച്ചാല്‍ അത് നല്ലതിനാണ്. 

ശ്രീനാരായണ ധര്‍മപരിപാലനയോഗം കേരളത്തില്‍ അടയാളപ്പെട്ടിരിക്കുന്നത് കേവലമൊരു സമുദായസംഘടനയെന്ന നിലയിലല്ല. കേരളത്തിലെ ഏറ്റവും കരുത്തുറ്റൊരു രാഷ്ട്രീയ-വിപ്ലവ പ്രസ്ഥാനം ആണത്. അതിന്റെ ആന്തരീകമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുമ്പോളെ കാര്യം പിടികിട്ടൂ. 1904 മുതല്‍ പ്രജാസഭയില്‍ അംഗമായിരുന്നു കുമാരനാശാന്‍. സഭയില്‍ തന്റെ കാര്യങ്ങള്‍-തന്റേതെന്നു പറഞ്ഞാല്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍- വെട്ടിത്തുറന്നു പറഞ്ഞിരുന്നു. തങ്ങള്‍ നേരിടുന്ന അവഗണന, മാറ്റിനിര്‍ത്തപ്പെടല്‍, അവകാശനിഷേധം എല്ലാം ആശാന്‍ അക്കമിട്ടു പറയും. വെറുതെ പറയുക മാത്രമായിരുന്നില്ല, വേണ്ടത് നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സ്‌കൂളുകള്‍ ലഭിക്കുന്നില്ല, യോഗ്യത ഉണ്ടായിട്ടും ഉദ്യോഗം ലഭിക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ ആശാന്‍ ഉന്നയിച്ചതിന്റെ ചരിത്രരേഖകള്‍ ഇപ്പോഴും ലഭ്യമാണ്. നല്ല മലയാളത്തിലും അസ്സല്‍ ഇംഗ്ലീഷിലും ആശാന്‍ പ്രജാസഭയില്‍ നടത്തിയ പ്രസംഗങ്ങളുടെ ക്രോഡീകരിച്ച പതിപ്പ് ഇപ്പോള്‍ മൂന്നാം വാല്യമായി ഇറങ്ങിയിട്ടുണ്ട്. എന്‍ബിഎസിന്റെ കേന്ദ്രങ്ങളില്‍ നിന്ന് ആ പുസ്തകം കിട്ടുന്നതാണ്. തന്റെ മുന്‍ഗാമിയുടെ രാഷ്ട്രീയ ഇടപെടലുകള്‍ എങ്ങനെയായിരുന്നൂവെന്ന് മനസ്സിലാക്കാന്‍ അതൊന്നു വായിച്ചുനോക്കുന്നതില്‍ തെറ്റില്ല. ആശാന്റെ ഇടപെടലുകള്‍ സ്വസമുദായത്തിനുവേണ്ടി മാത്രമായിരുന്നില്ല. ഹരിജനങ്ങളുടെ ഉന്നമനത്തിനായും തന്റെ ഉറച്ച ശബ്ദം ആശാന്‍ മുഴക്കിയിരുന്നു. ഹരിജനങ്ങള്‍ക്ക് ഒരു സ്‌കൂളില്‍ പ്രവേശനം കിട്ടിയതിനെ തുടര്‍ന്ന് ഏതാനും ഈഴവര്‍ അവിടെ കടന്നുകൂടി താഴ്ന്നജാതിക്കാരെ തുരത്താന്‍ ശ്രമിച്ചപ്പോള്‍ ആശാന്‍ വിവേകോദയത്തില്‍ ഉശിരനൊരു മുഖപ്രസംഗം എഴുതിയിട്ടുണ്ട്. സാക്ഷാല്‍ നാരായണഗുരുവിനെ കൂട്ടിക്കൊണ്ടുചെന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിഞ്ഞു. യോഗനാദം വരിസംഖ്യ പിരിക്കാനുള്ളതായി മാത്രം കാണാതെ, ഇടയ്‌ക്കൊക്കെ അതിന്റെ മുന്‍കാല ലക്കങ്ങള്‍ വായിക്കാനും ജനറല്‍ സെക്രട്ടറി ശ്രമിക്കണം. കാരണം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി കസേരയില്‍ ഇരുന്നൊരാളാണ് കുമാരനാശാനെന്നും അദ്ദേഹം തന്റെ പ്രസ്ഥാനത്തിനുവേണ്ടി എന്തൊക്കെ ചെയ്‌തെന്നും മനസ്സിലാക്കാം.

ഒരിക്കല്‍ ഒരു നായര്‍ പ്രമാണി ഗുരുവിന്റെ പേരില്‍ തന്റെ ഭൂമി ഇഷ്ടദദാനമായി നല്‍കുകയുണ്ടായി. ഈ ഭൂമിയുടെമേല്‍ പിന്നീട് കേസ് ഉണ്ടാവുകയും ഭൂമി ഗുരുവിന് അവകാശപ്പെട്ടതല്ലെന്ന് കോടതി ഉത്തരവുണ്ടാവുകയും ചെയ്തൂ. ഈ കേസിന്റെ ആവശ്യത്തിലേക്കായി ഗുരുവിനോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുക വരെ ഉണ്ടായി. ഇതറിഞ്ഞ ആശാന്‍ തന്റെ ഉഗ്രശബ്ദത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് ഗുരുവിനെ കോടതിവ്യവഹാരങ്ങളില്‍ നിന്ന് ഒഴിവാക്കിയെ തീരു എന്നാണ്. സര്‍ക്കാര്‍ അതനുസരിച്ചു. അതിനു മുമ്പ് തിരുവിതാംകൂറില്‍ അങ്ങനെയൊരു സംഭവമേ കേട്ടറിവുണ്ടായിരുന്നില്ല. അതാണ് ഇച്ഛാശക്തി. ആശാന്‍ നടത്തിയിരുന്നതും പച്ച രാഷ്ട്രീയപ്രവര്‍ത്തനമായിരുന്നു. അതില്‍ സ്വാര്‍ത്ഥ ഇല്ലായിരുന്നുവെന്നുമാത്രം.

കേരളത്തിലെ പല പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം കൊടുത്തത് എസ് എന്‍ ഡി പി ആണെന്ന കാര്യം വെള്ളാപ്പള്ളിക്ക് അറിയുമോ? പണ്ട് സവര്‍ണ തന്ത്രം ദേവസ്വം-റവന്യു വകുപ്പുകള്‍ ഒരുമിച്ചു ചേര്‍ത്ത് ഭരിച്ചിരുന്നു. അവര്‍ണരെയും ഇതര മതക്കാരെയും ഉദ്യോഗങ്ങളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. അക്കാലത്ത് ഉന്നതവിദ്യാഭാസമുള്ള ഈഴവര്‍ ഉണ്ടായിട്ടും മനപൂര്‍വം അവരെ ഉദ്യോഗങ്ങളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തപ്പെടുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത് എസ്എന്‍ഡിപിയാണ്. 1918 ല്‍ നടന്ന പൗരസമത്വ പ്രക്ഷോഭണം ഈ ആവശ്യമുന്നയിച്ചായിരുന്നു. പൗരാവകാശലംഘനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി കോട്ടയത്ത് വലിയൊരു സമ്മേളനം വിളിച്ചുകൂട്ടി പ്രതിഷേധിക്കുകയുണ്ടായി. ആ സമ്മേളനത്തില്‍ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തുകൊണ്ട് ടി കെ മാധവന്‍ നടത്തിയൊരു പ്രസംഗം ഉണ്ട്. ആ പ്രസംഗത്തെ റിപ്പോര്‍ട്ട് ചെയ്ത മലയാള മനോരമ ടി കെ മാധവനെ വിശേഷിപ്പിച്ചത് പൗരാവകാശത്തിനുവേണ്ടി പടപൊരുതുന്ന ലോകൈക വാഗ്മി എന്നായിരുന്നു. ഈ ടി കെ മാധവന്‍ അന്ന് എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇക്കാലമത്രയും കൊണ്ട് ഇതുപോലെ എന്തെങ്കിലുമൊന്നു ചെയ്യാന്‍ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിക്കായിട്ടുണ്ടോ? പ്രസ്ഥാനത്തിന്റെ കെട്ടുറപ്പിനും അടിസ്ഥാനശില ഭദ്രമാക്കിയ ടി കെ മാധവനെപ്പോലുള്ളവരുടെ കര്‍മ്മങ്ങളുടെ ഫലമാണ് നടേശനെപ്പോലുള്ളവര്‍ കൊയ്യുന്നത്. ടി കെയും രാഷ്ട്രീയം കൈകാര്യം ചെയ്തിരുന്നു. കരുത്തോടെ തന്നെ. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയവും ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയവുമായി ഒരിക്കലും കൂട്ടിവായിക്കാന്‍ കഴിയില്ല. പൗരസമത്വ പ്രക്ഷോഭണം വിജയമാവുകയും റവന്യൂ-ദേവസ്വം വകുപ്പുകള്‍ രണ്ടായി പിരിക്കുകയും അര്‍ഹമായ ഉദ്യോഗങ്ങള്‍ ഈഴവര്‍ക്ക് ലഭിക്കുകയും ഉണ്ടായി. അന്ന് ക്രിസ്ത്യാനികളെയും കൂടെക്കൂടിയാണ് യോഗം സമരം നടത്തിയത്. നീതിനിഷേധിക്കപ്പെട്ടവരെ എന്നും ഒപ്പംകൂട്ടി അവര്‍ക്കുംകൂടി വേണ്ടി പടപൊരുതിയിരുന്നൊരു പ്രസ്ഥാനമാണ് എസ്എന്‍ഡിപിയെന്ന് വെള്ളാപ്പള്ളി മനസ്സിലാക്കണം. ഇത് കേവലമൊരു ജാതി സംഘടനയല്ലെന്നും. 

കേരളത്തില്‍ നടന്ന നിവര്‍ത്തന പ്രക്ഷോഭണം എന്തിനായിരുന്നുവെന്നും അതിന് നേതൃത്വം നല്‍കിയിരുന്നത് ആരായിരുന്നുവെന്നും നടേശന് അറിയുമോ? എസ്എന്‍ഡിപിയാണ് അതിന് മുഖ്യനേതൃത്വം കൊടുത്തത്. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ നിവര്‍ത്തനപ്രക്ഷോഭ സംയുക്ത രാഷ്ട്രീയസമിതി നിര്‍ത്തിയ എല്ലാ എല്ലാ സ്ഥാനാര്‍ത്ഥികളും വിജയിച്ചുവന്നതിന്റെ കഥയും വെള്ളാപ്പള്ളിക്ക് അറിയണമെന്നില്ല. എസ്എന്‍ഡിപിയെ രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ ആരും പഠിപ്പിക്കണമെന്നില്ല. എസ്എന്‍ഡിപിയെപോലെ ഒരു രാഷ്ട്രീയവിപ്ലവപ്രസ്ഥാനം നയിക്കുന്നൊരാള്‍ ആ പ്രസ്ഥാനം പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗം കടന്നുവന്ന വഴികളെ കുറിച്ചെങ്കിലും മനസ്സിലാക്കിയിരിക്കണം.

നമ്മുടെ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യുന്നത് സംവരണത്തിനുവേണ്ടിയാണ്. ഒന്നാം ഭരണഘടന ഭേദഗതിയില്‍ എഴുതിച്ചേര്‍ത്ത 16/4 വകുപ്പ് അനുസരിച്ച് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗത്തെ കണ്ടെത്താനുള്ള അവകാശം അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുകയാണ്. അക്കാലത്ത് തിരുവിതാംകൂറിലെ മന്ത്രിയായിരുന്ന വൈക്കം മാധവന്‍ ഈ ഭേദഗതി ചൂണ്ടിക്കാട്ടി ഈഴവരെയും സംവരണവിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന വേലായുധന്‍ നായരും പനമ്പള്ളിയുമെല്ലാം മാധവനെ എതിര്‍ത്തു. തന്റെ സമുദായത്തിന്റെ കഷ്ടപ്പാടുകള്‍ തനിക്കേ മനസ്സിലാകൂവെന്നും കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടൊരു ജനതയാണ് തങ്ങളെന്നും ഉദ്ധരിച്ച് മാധവന്‍ തന്റെ വിമര്‍ശകര്‍ക്ക് നല്ല മറുപടി കൊടുത്തൂ. പിന്നീട് അദ്ദേഹം ചെയ്തത് തന്റെ രാജിക്കത്ത് നല്‍കല്‍ ആയിരുന്നു. തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളെല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും എല്ലാ ഫയലുകളും നോക്കി തീര്‍ത്തിട്ടുണ്ടെന്നും അറിയിച്ചശേഷമാണ് മാധവന്‍ രാജിക്കത്ത് നല്‍കിയത്. ഇതോടെ വിറളിപൂണ്ട വേലായുധന്‍ നായര്‍ മാധവന്റെ പുറകെ വന്ന് ആശ്വസിപ്പിക്കുകയും അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തൂ. തന്റെ മന്ത്രി പദവി പോലും സ്വസമുദായത്തിന് അപമാനം നേരിടുമെന്ന് കണ്ട് വലിച്ചെറിയാന്‍ മടികാണിക്കാതിരുന്ന മാധവനും സമുദായത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രിവരെയാകാന്‍ ത്യാഗം ചെയ്യാന്‍ തയ്യാറെടുക്കുന്ന വെള്ളാപ്പള്ളിയും എസ്എന്‍ഡിപി യോഗത്തിന്റെ മുഖങ്ങളാണല്ലോ! ഒരു സംഗതി കൂടിയുണ്ട്. സംവരണവിഭാഗത്തിന് ലഭിക്കുന്ന ആഡിക്വിറ്റി റപ്രസന്റേഷന്‍ ഈഴവ സമുദായത്തിനുമേല്‍ നിന്ന് എടുത്തുമാറ്റാന്‍ എന്തെങ്കിലുമൊക്കെ പദ്ധതികള്‍ രൂപപ്പെടുന്നുണ്ടോ എന്ന് തിരക്കിയറിയാന്‍ നടേശന്‍ ശ്രമിക്കുന്നുണ്ടോ? അങ്ങെയെന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെതിരെ ഒരു പ്രതിഷേധമെങ്കിലും നയിക്കാന്‍ ധൈര്യമുണ്ടോ? ആര്‍ക്കറിയാം.

എസ്എന്‍ഡിപി യോഗം രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്നുവെന്നതിന്റെ വാര്‍ത്തയും ഇടയ്ക്കിടയ്ക്ക് പൊങ്ങിയും മുങ്ങിയും കേള്‍ക്കാറുണ്ട്. ഈ പ്രസ്ഥാനത്തിന് മുന്‍പൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായിരുന്നതിന്റെ കഥ ജനറല്‍ സെക്രട്ടറിക്ക് ആറിയാമായിരിക്കും. ഇതേപോലെ സ്ഥാനമോഹികളും അധികാരഭ്രമവും ഉള്ള ചിലരുടെ ആവശ്യമായിരുന്നു അന്നത്തെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് വഴി തെളിച്ചതും. നൂറുവട്ടം ആലോചിച്ചിട്ടേ ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കാന്‍ യോഗം മുന്നിട്ടിറങ്ങാവൂ എന്ന് അന്നും പലരും അഭിപ്രായപ്പെട്ടതാണ്. എസ്എന്‍ഡിപിക്ക് എന്തിനാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി? സംഘടനയുടെ ശക്തി ഉപയോഗിച്ചുകൊണ്ട് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധ്യമല്ലേ? ചരിത്രം അതല്ലേ പറഞ്ഞു തരുന്നത്. ഇവിടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉണ്ടായതുപോലും എസ്എന്‍ഡിപയുടെ നേൃത്വത്തിലാണ്. തിരുവനന്തപുരം പുളിമൂട്ടില്‍വെച്ച് കേരള പ്രദേശ് കോണ്‍ഗ്രസ് രൂപീകരിക്കാന്‍ യോഗം ചേര്‍ന്നത് എസ്എന്‍ഡിപി നേതാവ് സി യു കുഞ്ഞിരാമന്റെ നേൃത്വത്തിലാണ്. കേരളത്തില്‍ തൊഴിലാളി പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിയും വന്നതും ഈഴവസംഘ ശക്തിയില്‍ നിന്നാണ്. യോഗത്തിന്റെ മുപ്പത്തിയാറാം വാര്‍ഷികത്തില്‍ ആലപ്പുഴയില്‍വെച്ച് സഹോദരന്‍ അയ്യപ്പന്‍ നടത്തിയ പ്രസംഗം കേള്‍ക്കണം. ആ പ്രസംഗത്തില്‍ അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. അങ്ങനെയൊക്കെ ചരിത്രത്തിന്റെ കരുത്തുള്ളൊരു പ്രസ്ഥാനത്തിന് തങ്ങളുടെ ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേറേതായൊരു രാഷ്ട്രീയ പാര്‍ട്ടി വേണോ? വെള്ളാപ്പള്ളിക്ക് അങ്ങനെ തോന്നൂവെങ്കില്‍ തീര്‍ച്ചയായും എസ്ആര്‍പി (സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് പാര്‍ട്ടി)യുടെ തുടക്കവും ഒടുക്കവും എങ്ങനെയായിരുന്നൂവെന്ന് ഈഴവ ജനങ്ങള്‍ മനസ്സിലാക്കി വയ്ക്കണം. ഒടുവില്‍ എസ്ആര്‍പി പിരിച്ചുവിട്ട് എല്ലാവരും കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത ചരിത്രത്തിന്റെ ആവര്‍ത്തനം എത്ര പരിഹാസ്യമായിരിക്കുമെന്ന് ആലോചിച്ചേ!

ശ്രീ വെള്ളാപ്പളി നടേശന് ഭരണനഘടനാപരമായ അധികരങ്ങളൊന്നും ഇല്ലെങ്കിലും ഇവിടുത്തെ ഭരണരംഗത്ത്, അതേതു മുന്നണിയായാലും- നല്ല പിടിപാടുണ്ട്. എന്നിട്ട് എന്ത് പ്രയോജനം? ടി കെ മാധവനും ശങ്കറും പണ്ട് ആശാനുമൊക്കെ ഭരണാധികാരികളുടെ മുന്നില്‍ ചെല്ലുമ്പോള്‍ അവരുടെ രണ്ടു പോക്കറ്റിലും സമുദായത്തിന്റെ ആവശ്യങ്ങളും നിലവിലെ സ്റ്റാറ്റിസ്റ്റിക്‌സുകളും ഉണ്ടാകും. അതേതു വലിയവന്റെ മുന്നില്‍ ചെന്ന് അവതരിപ്പിക്കാനും അവര്‍ക്ക് ധൈര്യമുണ്ടായിരുന്നു. ഇന്നിപ്പോള്‍ ഏതു നിമിഷവും ഈഴവരുടെ സംവരണാവകാശം നഷ്ടപ്പെടാമെന്ന ആവസ്ഥയാണ്. എന്തു ചെയ്യും വെള്ളാപ്പള്ളി? ഇതുവരെ എന്തു ചെയ്തു?

പറഞ്ഞു വരുമ്പോള്‍ ഒരുകാര്യം കൂടി പറയണം. അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചാണ്. അവരിപ്പോള്‍ വിതച്ചതു കൊയ്യുകയാണ്. പല പ്രസ്ഥാനങ്ങളെയും തങ്ങളുടെ കൊടിക്കു താഴെ കൊണ്ടുവന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പരാജയം സമ്മതിക്കേണ്ടി വന്നത് എസ്എന്‍ഡിപിയുടെ മുന്നിലാണ്. പല അടവുകളും നോക്കിയിട്ടും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ ഗംഗാധരന്‍ എന്നയാളിനെ ഇതിനായി നിയോഗിച്ചു. ഗംഗാധരന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായി എന്നതുമാത്രാമാണ് അതുകൊണ്ട് ഉണ്ടായത്. എസ്എന്‍ഡിപി പിടിച്ചെടുക്കാന്‍ സാധ്യമല്ലെന്നു മനസ്സിലായതോടെ അവര്‍ കേരള എസ്എന്‍ഡിപി എന്നൊരു ബദല്‍ ഉണ്ടാക്കി. വന്‍ പരാജയമായിരുന്നു. ഒടുവില്‍ ഈ സംഘടന പിരിച്ചുവിടുമ്പോള്‍ 362 രൂപ ധനവും 3600 രൂപ കടവും ആയിരുന്നു സമ്പാദ്യം. യോഗനാദത്തിന്റെ മുന്‍കാലത്തെ മുഖപ്രസംഗങ്ങളിലൊന്നില്‍ ഇതേക്കുറിച്ചുണ്ട്. ഒടുവില്‍ കമ്യൂണിസ്റ്റ്  പാര്‍ട്ടി കണ്ടുപിടിച്ച അടവാണ് ഇന്നത്തെ വെള്ളാപ്പള്ളി നടേശന്‍. അവര്‍ കൊണ്ടുവന്നതാണ് വെള്ളാപ്പള്ളിയെ. 4000 പേര്‍ക്ക് വോട്ടവകാശമുള്ളിടത്ത് പതിനയ്യായിരം ബിരിയാണി വിളമ്പി, വോട്ടവകാശമില്ലാത്തവരെപ്പോലും സംഘടന തെരഞ്ഞെടുപ്പില്‍ കൊണ്ടുവന്നിറക്കി പൊലീസുകാരെ വരെ ഉപയോഗിച്ച് വോട്ട് പിടിച്ച് നേടിക്കൊടുത്ത സ്ഥാനമാണ് വെള്ളാപ്പള്ളിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം. നായനാരും അച്യുതാനന്ദനും ടി കെ രാമകൃഷ്ണനുമൊക്കെയാണ് അതിന് കാര്‍മികത്വം വഹിച്ചതും. അന്നു ചെയ്തതിന്റെ പരിഹാരമോ വി എസ് എന്ന് ശ്രമിക്കുന്നത്! 

മുതലാളി എന്നും മുതലാളി ആയിരിക്കുമെന്ന് കമ്യൂണിസ്റ്റുകാര്‍ക്ക് അറിയില്ലായിരുന്നോ?ബൂര്‍ഷ്വാസിക്ക് ജനാധിപത്യത്തെ പുലര്‍ത്താന്‍ സാധിക്കില്ലെന്ന് അവര്‍ മനസ്സിലാക്കിയില്ല. സോഷ്യലിസത്തിന്റെ ആരാധകനാകാന്‍ സമ്പന്നതയില്‍ കണ്ണും നട്ടിരിക്കുന്നവന് ഒരിക്കലും സാധിക്കില്ലെന്ന് വെള്ളാപ്പള്ളി തന്നെ അവരെ പഠിപ്പിച്ചുകൊടുത്തൂ. വ്യക്തികള്‍ തമ്മിലുള്ള ചക്കളത്തിപ്പോരിന് വലിയ പ്രാധാന്യം കൊടുക്കേണ്ട. പക്ഷെ അതിന്റെ പേരില്‍ യോഗം എന്ന മഹാപ്രസ്ഥാനത്തെ കളങ്കപ്പെടുത്താന്‍ വെള്ളാപ്പള്ളിക്ക് അവകാശമില്ല. വെള്ളാപ്പള്ളി കളിക്കുന്ന രാഷ്ട്രീയമല്ല എസ്എന്‍ഡിപി പയറ്റിയിരുന്ന രാഷ്ട്രീയം. അതു മനസ്സിലാക്കണമെങ്കില്‍ യോഗത്തിന്റെ ചരിത്രവും അതിന്റെ ഭാഗമായിരുന്ന ചരിത്ര പുരുഷന്മാരെ കുറിച്ചും അറിയണം. അതൊന്നും അറിയാതെ അച്ഛനും മകനും കൂടി പുറപ്പെട്ടിറങ്ങിയാല്‍ നാളെ ഈ സമുദായം നിങ്ങളെ അടയാളപ്പെടുത്തുക ഏറ്റവും മോശമായ രീതിയിലായിരിക്കും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍