UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദീര്‍ഘദര്‍ശിയായ വെള്ളാപ്പിള്ളി ഇനിയെന്തൊക്കെ ചെയ്യും?

Avatar

കെ എ ആന്റണി

രണ്ടുനാള്‍ മുമ്പ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒരു മുട്ടന്‍ പ്രസ്താവന നടത്തി. താന്‍ ഒരു കടുത്ത പിണറായി ഭക്തന്‍ ആണെന്നും അദ്ദേഹം പറഞ്ഞാല്‍ എന്തുവേണമെങ്കിലും ചെയ്യാമെന്നുമൊക്കെ അര്‍ത്ഥം വരുന്ന രീതിയിലുള്ള ഒരു പ്രസ്താവന. പറഞ്ഞു പറഞ്ഞ്, കേരളത്തില്‍ പിണറായി വിജയന്‍ ലീഡര്‍ക്ക് (കെ കരുണാകരന്‍) തുല്യനാണെന്നും അദ്ദേഹം പറഞ്ഞാല്‍ എസ് എന്‍ ട്രസ്റ്റിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളൊക്കെ സര്‍ക്കാരിനു വിട്ടുകൊടുക്കാമെന്നും പറഞ്ഞു.

സഖാവ് പിണറായി വിജയന്‍ എന്ന പുതിയ മുഖ്യമന്ത്രിയുടെ ഭരണപാടവവും സംഘടനാരീതിയുമൊക്കെ ഏറെ പ്രശംസിക്കപ്പെട്ടതാണെങ്കിലും നടേശന്‍ജീയുടെ പ്രസ്താവന കേട്ട പലരും ഇയാള്‍ക്കിത് എന്തുപറ്റിയെന്ന് ആശ്ചര്യപ്പെട്ടു. ഇക്കൂട്ടത്തില്‍ എസ്എന്‍ഡിപിയിലും സ്വന്തമായി ഉണ്ടാക്കിയ ബിഡിജെഎസിലും പെട്ടവരുണ്ടായിരുന്നു. പിണറായി വിജയനെ തങ്ങളുടെ നേതാവ് ഇപ്പോള്‍ ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ ഗുട്ടന്‍സ് പലര്‍ക്കും മനസിലായില്ല.

 

എന്നാല്‍ നടേശന്‍ജീയുടെ പതിവു നമ്പറുകള്‍ അറിയാവുന്നവര്‍ക്കൊക്കെ ആ ഗുട്ടന്‍സ് പിടികിട്ടി. മൈക്രോഫൈനാന്‍സ് തട്ടിപ്പ് ആരോപണ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വെള്ളാപ്പള്ളി അവസാനത്തെ അടവായ സാഷ്ടാംഗപ്രണാമം നടത്തിയതാണ്. കേസില്‍ നിന്നും ഊരിപ്പോരണമെങ്കില്‍ പൊലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ കനിയണം. അത്രയേയുള്ളൂ കാര്യം. തീര്‍ന്നില്ല, അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് എത്രയും പെട്ടെന്നു ബിഡിജെഎസിനെ എല്‍ഡിഎഫ് തൊഴുത്തിലേക്ക് എത്തിക്കണം. ഇല്ലത്തു നിന്നും പുറപ്പെട്ടു അമ്മാത്ത് ഒട്ട് എത്തിയുമില്ല എന്ന അവസ്ഥയിലാണ് ബിഡിജെഎസ് ഇപ്പോള്‍ ഉള്ളത്. ആ പാര്‍ട്ടിയെ കൊണ്ട് ആകെ ഗുണം കിട്ടിയത് ബിജെപിക്കു മാത്രമാണ്. നേമത്ത് രാജേട്ടന്‍ ജയിച്ചെന്നു മാത്രമല്ല, ബിഡിജെഎസിനു വോട്ടുള്ള പലമണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാംസ്ഥാനത്തേക്ക് എത്തി. ബിജെപിക്ക് ഉണ്ടായ ഗുണം ബിഡിജെഎസിനോ നടേശന്‍ജിയുടെ പുത്രനോ കിട്ടിയില്ല. ഇങ്ങനെയൊരു അവസ്ഥയില്‍ കേരളത്തില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കുത്തകാവകാശം തകര്‍ക്കാന്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുക എന്ന ഗൂഢതന്ത്രം കൂടിയാണ് നടേശന്‍ജിയുടെ ബുദ്ധിയിലുള്ളത്.

മൈക്രോഫിനാന്‍സ് കേസില്‍ വിജിലന്‍സ് വകുപ്പ് എന്തു നിലപാട് എടുക്കും എന്നകാര്യം ഇനിയും വ്യക്തമല്ല. ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പോരെങ്കില്‍ ആരോപണം ഉന്നയിച്ചവരില്‍ പ്രമുഖന്‍ കേരള കാസ്‌ട്രോ എന്നറിയപ്പെടുന്ന സാക്ഷാല്‍ വി എസ് അച്യുതാനന്ദനും. കുറേക്കാലമായി കാസ്‌ട്രോയ്ക്ക് നടേശനാമം കേള്‍ക്കുന്നതു തന്നെ ഇഷ്ടമല്ല. പിണറായി കാസ്‌ട്രോയെക്കാള്‍ കേമനാണെന്നു നടേശന്‍ജി കേസിന്റെ പ്രാരംഭദിശയില്‍ തന്നെ തുറന്നടിച്ചതാണ്. ബിഡിജെഎസ് ഉണ്ടാക്കിയിട്ടും ചാടിക്കയറി ബിജെപി ബാന്ധവത്തിന് പുറപ്പെടാതിരുന്നതിനു പിന്നിലും ചില ദൂരക്കാഴ്ച്ചകളുണ്ടായിരുന്നു.

 

ദീര്‍ഘദര്‍ശനം ചെയ്യാനുള്ള നടേശന്‍ജീയുടെ കഴിവ് പണ്ടേ പ്രസിദ്ധമാണ്. 2004 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്ത് കേസരി മെമ്മോറിയല്‍ ഹാളില്‍ പത്രപ്രവര്‍ത്തകരുമായി നടന്ന മുഖാമുഖം പരിപാടി പരമ്പരയില്‍ പങ്കെടുത്ത രാഷ്ട്രീയ-സമദായ നേതാക്കളില്‍ ഒരാള്‍ നടേശന്‍ജീ ആയിരുന്നു. ബാക്കി എല്ലാ സ്ഥാനാര്‍ത്ഥികളുടെയും ജയപരാജയങ്ങള്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പ്രവചിച്ച നടേശന്‍ മാവേലിക്കരയിലേക്ക് എത്തിയപ്പോള്‍ ഒന്നു ചുറ്റിക്കളിച്ചു ‘രമേശ് (രമേശ് ചെന്നിത്തല) നല്ലൊരു നായരാണ്. പക്ഷേ സുജാത വൗവ്വാലിനെപോലെയാണ്. തല്‍ക്കാലം മറ്റൊന്നും പറയുന്നില്ല’. വൗവ്വാല്‍ പ്രയോഗത്തെ കുറിച്ച് അന്നാരും ചോദിച്ചില്ല. നടേശന്‍ജി പറഞ്ഞതുമില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സുജാത ജയിച്ചു, രമേശ് തോറ്റു. അപ്പോഴാണ് നായന്മാര്‍ക്കിടയിലും ഈഴവര്‍ക്കിടയിലും ഒരേപോലെ പാറിനടക്കാന്‍ പോന്ന സുജാതയുടെ വിവാഹബന്ധത്തിന്റെ ഗുട്ടന്‍സ് പലര്‍ക്കും പിടികിട്ടിയത്.

ഇത്രയേറെ ദീര്‍ഘദര്‍ശനം ചെയ്യാന്‍ കഴിവുള്ളയാള്‍ക്ക് അബദ്ധങ്ങള്‍ പിണയാറുണ്ടെന്നതും വാസ്തവം. ബിഡിജെഎസ് എന്ന പാര്‍ട്ടിയുടെ രൂപീകരണവും അതിനെ എന്‍ഡിഎ തൊഴുത്തില്‍ കെട്ടിയതും ഒരു ഉദാഹരണം മാത്രം. പതുക്കെ പതുക്കെ എസ്എന്‍ഡിപിയുടെ തലപ്പത്തേക്ക് എത്തിയ നടേശന്‍ജി ആദ്യം ചെയ്തത് തന്നെ പരമവിഡ്ഢിത്തം. ഉത്തരമലബാറിലെ കൊലനിലങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും തെക്കന്‍ തിരുവിതാംകൂറിലെ ഈഴവര്‍ക്കൊപ്പം ചേരേണ്ട തീയ്യരാണെന്ന നിഗമനത്തില്‍ നിന്നാണ് നടേശന്‍ജി മലബാറിലെ തീയ്യരെ തന്റെ കാല്‍ക്കീഴില്‍ ഉറപ്പിക്കാനായി ഇറങ്ങി പുറപ്പെട്ടത്. ‘ഞാനെന്റെ യാഗാശ്വത്തെ മലബാറിലേക്ക് അഴിച്ചുവിടുന്നു. തടയാമെങ്കില്‍ തടഞ്ഞോളൂ’ എന്നായിരുന്നു വെല്ലുവിളി. അന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയന്‍ വെല്ലുവിളി ഏറ്റെടുത്തതോടെ യാഗാശ്വം പിടിച്ചുകെട്ടപ്പെട്ടു. അന്നു തുടങ്ങിയതാണ് നടേശന്‍ജിയുടെ ഈ പിണറായി ഭക്തി. ബിഡിജെഎസ് രൂപീകരണകാലത്തും മലബാറില്‍ തണുത്ത പ്രതികരണമായിരുന്നു സമത്വ മുന്നേറ്റയാത്രയ്ക്കു ലഭിച്ചത്. ആര്‍എസ്എസ് – ബിജെപി സാന്നിധ്യം ഒഴിച്ചു നിര്‍ത്തിയാല്‍ കമ്യൂണിസ്റ്റുകാരോ കോണ്‍ഗ്രസുകാരോ ആയ തീയ്യന്‍മാരാരും ജാഥയില്‍ പങ്കെടുത്തില്ല എന്നത് തന്റെ രാജാപാര്‍ട്ട് വേഷം മലബാറിലെ തീയ്യര്‍ അംഗീകരിക്കുന്നില്ലെന്ന വസ്തുത ഒരിക്കല്‍ കൂടി നടേശന്‍ജിയെ ബോധ്യപ്പെടുത്തി.

നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം. മീശയും മിനുക്കാം വിശപ്പും മാറും എന്നു പറഞ്ഞതുപോലെ നാലുകാലില്‍ വീണ് അഭയം തിരക്കുന്നതിനൊപ്പം പിണറായി സ്തുതി പാടി പുതിയ മുഖ്യന്റെ ഗുഡ്ബുക്കില്‍ കയറിക്കൂടാമെന്ന പ്രത്യാശയും നമ്മടെയീ ശിങ്കത്താനുണ്ട്. ഇനിയെന്തൊക്കെ, എങ്ങനെയൊക്കെ നടക്കുമെന്ന് വരുന്ന മുറയ്ക്കു കാണാം. അതുവരെ നടേശന്‍ജി ദീര്‍ഘദര്‍ശനം ചെയ്യട്ടേ…

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍