UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാരിന്റെ നടപടി ശരിയല്ല; അഥവാ ഇവിടെ വെള്ളാപ്പള്ളിയാണ് ശരി

Avatar

അഡ്വ. ബി. രഞ്ജിത് മാരാര്‍

ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 153എ വകുപ്പ് കൊണ്ടുവരുന്നത്. രാജ്യത്തെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട പൗരന്മാര്‍ക്കിടയില്‍ ശത്രുതയോ വിദ്വേഷമോ വളര്‍ത്തുന്നതിനേയും അല്ലെങ്കില്‍ അതിനെ വളര്‍ത്താനുള്ള ശ്രമങ്ങളേയും തടയാനാണ് ഈ വകുപ്പ് കൂട്ടിച്ചേര്‍ത്തത്. 1961ലും 1969ലും ഈ വകുപ്പ് ഭേദഗതി ചെയ്തു. ഇന്ത്യയിലെ പൗരന്മാരിലെ വിവിധ വിഭാഗങ്ങള്‍ എന്നത് നീക്കംചെയ്തു, വിവിധ മത,വംശ,ഭാഷ സംഘങ്ങളോ അല്ലെങ്കില്‍ വര്‍ഗം അല്ലെങ്കില്‍ സമുദായങ്ങള്‍ എന്നാക്കി മാറ്റി. 1972ല്‍ പിന്നേയും ഭേദഗതി വന്നു.

എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പൊതുപ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ഈ വകുപ്പിന്റെ വിശകലനം ഒന്നുകൂടി പ്രസക്തമാകുന്നു. ഈ പ്രസംഗത്തില്‍ അദ്ദേഹം നടത്തുന്നത് വിവിധ വിഭാഗം ജനങ്ങളെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു വിമര്‍ശനാത്മക അവലോകനമാണ്. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ വെറുപ്പോ വിദ്വേഷമോ സ്പര്‍ദ്ധയോ സൃഷ്ടിക്കുകയോ അതിനു ശ്രമിക്കുകയോ അദ്ദേഹം ചെയ്തിട്ടില്ല. വിവിധ സമുദായങ്ങളോട് പലതരം സമീപനം കൈക്കൊള്ളുന്ന സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നത് 153എ വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമല്ല. ആ പ്രസംഗം മുഴുവനായും വായിച്ചാല്‍ മനസിലാകും അത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന ഒന്നല്ല മറിച്ച് നിലവിലെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഒന്നാണെന്ന്. അത് ഏതെങ്കിലും മതത്തിനോ മതരീതികള്‍ക്കോ എതിരല്ല. പ്രസംഗത്തില്‍ നിന്നും ഏതെങ്കിലും ഭാഗം അടര്‍ത്തിയെടുത്ത് കാണിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളും ചില രാഷ്ട്രീയ നേതാക്കളുമാണ് 153എ വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്യുന്നത്. അതുകൊണ്ട് കുറ്റം ചെയ്തത് ശ്രീ നടേശനല്ല, മതസ്പര്‍ദ്ധ വളര്‍ത്താന്‍ ആ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചവരാണ്.

ബന്ധപ്പെടുത്തി പറയേണ്ട മറ്റൊരു കാര്യം അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ എല്ലായ്‌പ്പോഴും തങ്ങള്‍ക്കെതിരെ അഭിപ്രായം പറയുന്ന മതസ്ഥാപനങ്ങളുടെ മേധാവികള്‍ക്കെതിരെയും, മതാചാരങ്ങളുടെ വിമര്‍ശനാത്മക അവലോകനത്തിനെതിരെയും എല്ലാം തങ്ങളുടെ രാഷ്ട്രീയലാഭത്തിനായി 153എ വകുപ്പ് ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നാണ്. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന പോലെ ഒരു മതേതരരാഷ്ട്രത്തില്‍ സര്‍ക്കാരിന് ഒരു മതത്തെയും തള്ളാനോ കൊള്ളാനോ പാടില്ല. സര്‍ക്കാര്‍ മതേതരത്വം എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഒരു മതേതര ഭരണകൂടമായി പ്രവര്‍ത്തിച്ചില്ല എന്ന് ഒരാള്‍ വിമര്‍ശിച്ചാല്‍ അതിനെ അയാള്‍ മതവൈരം വളര്‍ത്തുന്നു എന്ന് വ്യാഖ്യാനിക്കാനാകില്ല.

മതവൈരം വളര്‍ത്താനായി ഒരു പ്രസംഗത്തില്‍ നിന്നും ചില വരികള്‍ അടര്‍ത്തിയെടുത്ത് പ്രയോഗിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കാനാവില്ല. മന്‍സര്‍ സയീദ് ഖാന്‍ കേസില്‍ (ManzarSayeed Khan vs State of Maharasthra &Ors. 2007(5) SCC 1) സുപ്രീം കോടതി പറഞ്ഞത് ഒരു പ്രസംഗമോ അല്ലെങ്കില്‍ പ്രസിദ്ധീകരണമോ മൂലം മതസ്പര്‍ദ്ധ സൃഷ്ടിക്കപ്പെട്ടില്ലെങ്കില്‍ ഈ വകുപ്പ് പ്രയോഗിക്കാനാകില്ല എന്നാണ്. കുറ്റം ചെയ്‌തോ എന്ന് വിധിക്കുന്നതിന് പ്രവര്‍ത്തിയില്‍ ദുരുദ്ദേശം ഉണ്ടോ എന്നത് നിര്‍ണായക സംഗതിയാണെന്ന് സുപ്രീം കോടതി നിരവധി വിധിന്യായങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരാളെ വിചാരണ ചെയ്യുന്നതിന് ക്രിമിനല്‍ നടപടി നിയമപ്രകാരം വകുപ്പ് 196 അനുസരിച്ചുള്ള അനുമതി ആവശ്യമാണ്. പക്ഷേ കുറ്റകൃത്യം വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാവുന്നതും ജാമ്യം ലഭിക്കാത്തതുമാണ്. അതുകൊണ്ട് സര്‍ക്കാരിന്റെ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനും, സമാധാനപരമായി സമ്മേളിക്കുന്നതിനും നടേശനടങ്ങുന്ന സംഘത്തിന്റെ പൊതു അഭിപ്രായം പ്രചരിപ്പിക്കുന്നതിനും തടയിടുന്ന നടപടിയാണ്. ഈ പ്രസംഗം 153എ വകുപ്പിന് കീഴില്‍ വരുന്ന കുറ്റമാക്കി വ്യാഖ്യാനിച്ച് ജാഥ അവസാനിക്കുന്നതിന് മുമ്പ് വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യാനുള്ള സ്വയാധികാരമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് നടേശന്‍ പ്രതിനിധീകരിക്കാന്‍ ആഗ്രഹിക്കുന്ന വേദിക്കെതിരെ പൊതുജനാഭിപ്രായം ഉണ്ടാക്കാനും അവരുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചു വ്യാജപ്രചാരണം നടത്താനുമുള്ള സര്‍ക്കാരിന്റെ ശ്രമമാണിത്. ഇത് തികച്ചും രാഷ്ട്രീയപ്രേരിതമാണ്. അത്തരം നടപടിയിലൂടെ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ മതവൈരം വളര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്.

ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരും ചെയ്യാന്‍ അനുവദിക്കാനാവാത്തതാണിത്. അതുകൊണ്ട് സര്‍ക്കാരിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയകക്ഷിയില്‍ നിന്നും സ്വതന്ത്രമായിരിക്കേണ്ട അന്വേഷണ ഏജന്‍സി അവരുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിയമാനുസൃതം പ്രവര്‍ത്തിക്കണം. സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും ചെയ്തികളെ ഒരു പൊതുജനാഭിപ്രായം രൂപപ്പെടും മുമ്പ് സംസ്ഥാനത്തുള്ള സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ മനസിലാക്കണം. ബാല്‍ താക്കറെയുടെ ശവസംസ്‌കാരത്തിന് മുംബൈ നഗരം സ്തഭിപ്പിച്ചതിനെതിരെ അഭിപ്രായം പറഞ്ഞ സഹീന്‍ ദാദയെ തടവിലാക്കിയത് പോലെ അന്യായമാണ് നടേശനെതിരെ കുറ്റം ചുമത്തിയത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) (a) പ്രകാരം സ്വന്തം അഭിപ്രായങ്ങള്‍ കാത്തുസൂക്ഷിക്കാനും അവ പ്രചരിപ്പിക്കാനും നടേശന് മൗലികാവകാശമുണ്ട്. ആര്‍ട്ടിക്കള്‍ 25 അനുസരിച്ച് സ്വന്തം വിശ്വാസം പുലര്‍ത്താനും മതപ്രചാരണം നടത്താനുമുള്ള അവകാശത്തെയും ഒരു നിയമവിരുദ്ധ എഫ് ഐ ആര്‍ അടിച്ചേല്‍പ്പിച്ച് സര്‍ക്കാരിന് തടയാനാകില്ല. സര്‍ക്കാരിന് ഒരു പ്രത്യേക മതത്തേയോ വര്‍ഗത്തേയോ കൂടുതല്‍ പ്രീണിപ്പിക്കാനാകില്ല. അതാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

ഒരു മതേതര സര്‍ക്കാര്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട പൗരന്മാരുടെയും ആശങ്കകളെ അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയോ, സമുദായത്തെയോ നോക്കാതെ പരിഗണിക്കണം. അതല്ലാതെ സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുള്ളവരെ തടവിലടക്കുന്ന രീതി ഒരു ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതല്ല. പൊതുജനാഭിപ്രായത്തിന്റെ ഏകീകരണവും അത്തരം പൊതുജനാഭിപ്രായത്തിന്റെ വിജയവുമാണ് അന്തിമമായി ജനാധിപത്യം.

(സുപ്രീം കോടതി അഭിഭാഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍