UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൈയ്യേറ്റവും `വികസന’വും വെള്ളായണി കായലിനെ വിഴുങ്ങുമ്പോള്‍

Avatar

നീതു എം ദാസ് 

(‘ഈ നൂറ്റാണ്ടിലെ പല യുദ്ധങ്ങളും എണ്ണയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ വരുന്ന നൂറ്റാണ്ടിലെ യുദ്ധം വെള്ളത്തിന് വേണ്ടിയായിരിക്കും’ ഈജിപ്ഷ്യന്‍ ലോക ബാങ്ക് ഉദ്യോഗസ്ഥന്‍ ഇസ്മായീല്‍ സെറാജെല്‍ദിന്‍ 1995ല്‍ പറഞ്ഞതാണ് ഇത്. 2025-ഓടെ 1800 മില്ല്യണ്‍ ജനങ്ങള്‍ ജലക്ഷാമം നേരിടുമെന്നാണ് ഐക്യ രാഷ്ട്ര സംഘടനയുടെ കണക്ക്. ഇപ്പോള്‍ ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞു വീശിക്കൊണ്ടിരിക്കുന്ന ഉഷ്ണ തരംഗം വരാന്‍ പോകുന്ന ഭീക്ഷണ കാലത്തിന്റെ സൂചനയാണെന്നതില്‍ കൂടുതല്‍ സാക്ഷ്യങ്ങളുടെ ആവിശ്യമില്ല.

ദേശീയ-പ്രാദേശിക തലത്തിലും ആഗോള തലത്തിലും വെള്ളവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളെയും പ്രവര്‍ത്തനങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് വെള്ളം എന്ന വിഭാഗം ആരംഭിക്കുകയാണ് അഴിമുഖം. യുറേക്ക ഫോര്‍ബ്സുമായി സഹകരിച്ച് പ്രസിദ്ധീകരിക്കുന്ന ഈ വിഭാഗത്തില്‍ ജല സംരക്ഷണം, മലിനീകരണം, ഇന്നൊവേഷന്‍സ്, ജലസംരക്ഷണ മേഖലയില്‍ നടക്കുന്ന വേറിട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പ്രതിപാദിക്കുന്ന ഡോക്ക്യുമെന്‍ററികളും, ലേഖനങ്ങളും പ്രസിദ്ധീകരിക്കും. ഈ വിഭാഗത്തിലെ ഉള്ളടക്കങ്ങളുടെ പൂര്‍ണ്ണ എഡിറ്റോറിയല്‍ നിയന്ത്രണം അഴിമുഖത്തിനായിരിക്കും.)   

കൊല്ലത്തെ ശാസ്താംകോട്ട കായലും വയനാട്ടിലെ പൂക്കോട് തടാകവും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറെ പ്രാധാന്യമുള്ള ശുദ്ധജലതടാകമായ വെള്ളായണി കായല്‍, ലോകത്തിലെ മിക്ക ജലസ്രോതസ്സുകളെയും പോലെ കൈയ്യേറ്റവും മലിനീകരണവും ചൂഷണവും കാരണം നശിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഒഴിച്ചു കൂടാനാകാത്ത വെള്ളായണി കായല്‍ തിരുവനന്തപുരം നഗരത്തിന് അധികം ദൂരെയല്ലാത്ത കല്ലിയൂര്‍, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തുകളിലായി പരന്നു കിടന്ന് സമീപ പ്രദേശത്തെ ജീവിതചര്യയും സംസ്‌കാരവും ആവാസവ്യവസ്ഥയും നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.

വെള്ളായണി കായല്‍ ഫ്ലാഷ്ബാക്ക്
കായല്‍ വറ്റിച്ചും വിത്ത് വിതച്ചവരായിരുന്നു വെള്ളായണിയിലെ കര്‍ഷകര്‍. അങ്ങനൊരു കാര്‍ഷിക സംസ്‌കാരത്തിനും അത് പിന്നീട് നിര്‍ത്തലായതിനും പിന്നില്‍ ഒരു ചരിത്രമുണ്ട്. അന്ന് രാജകുടുംബത്തിന്റെ കൊട്ടാരം ഇന്നത്തെ കാര്‍ഷിക സര്‍വ്വകലാശാലയുടെ മുഖ്യ കെട്ടിടമായി മാറി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് കായല്‍ വറ്റിച്ച് കൊണ്ടും കൃഷി നടത്തേണ്ടതുണ്ടെന്ന് തിരുവിതാംകൂര്‍ രാജാവ് തീരുമാനിക്കുന്നത്. ഗ്രോ മോര്‍ ഫുഡ് ക്യാമ്പയിന്റെ ഭാഗമായി വെള്ളായണി കായലിന് ചുറ്റും താമസിച്ചിരുന്ന ജനങ്ങളുടെ പങ്കാളിത്തത്തോടെ കായല്‍ വറ്റിച്ച പാടത്ത് നെല്‍കൃഷി ഇറക്കി. കാലക്രമത്തില്‍ സ്വകാര്യ വ്യക്തികള്‍ പട്ടയം സമ്പാദിച്ച് ഈ ഭൂമി കൈയ്യവകാശപ്പെടുത്തി.

1955-ല്‍ കേരളത്തില്‍ കാര്‍ഷിക സര്‍വകലാശാല സ്ഥാപിതമായതോടെ രാജകുടുംബത്തില്‍ നിന്നും കായലില്‍ കിടക്കുന്ന ഭൂമി വാങ്ങിക്കുകയും അവിടെ പാടശേഖര കമ്മിറ്റി രൂപീകരിച്ച് കൃഷി നടത്തുകയും ചെയ്തു. 1993 വരെ അത് തുടരുകയും ചെയ്തു. കേരളത്തിലെ ശുദ്ധജലതടാകങ്ങളെക്കുറിച്ച് പഠിക്കാനുള്ള നിയമസഭാ പരിസ്ഥിതി സമിതിയുടെ ശ്രമത്തിന്റെ ഭാഗമായി കെ പി നൂറുദ്ദീന്‍ അധ്യക്ഷനായുള്ള സമിതി വെള്ളായണി കായലിനെ കുറിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ട് 1993-ല്‍ കേരള സര്‍ക്കാറിന് സമര്‍പ്പിച്ചു.

നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും ശുദ്ധജലവിതരണത്തിനുള്ള ജലസ്രോതസ്സുകളായി ഉപയോഗിക്കപ്പെടുന്ന ശുദ്ധജല തടാകങ്ങളുടെ ഭരണപരമായ ചുമതല ഒരു പ്രത്യേക വകുപ്പിനേയും ഏല്‍പ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു, “വെള്ളായണി കായലിന്റെ വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തിലും വ്യക്തികള്‍ കൈവശം വെച്ചിരിക്കുന്ന കായല്‍ നിലത്തിന്റെ കാര്യത്തിലും റവന്യൂ വകുപ്പിന്റേയും ഇറിഗേഷന്‍ വകുപ്പിന്റേയും കണക്കുകള്‍ തമ്മില്‍ അവിശ്വസനീയമായ അന്തരം കാണുന്നുണ്ടെന്ന് ചൂണ്ടികാണിക്കാന്‍ സമിതി ആഗ്രഹിക്കുന്നു.”

കായല്‍ വറ്റിച്ചുള്ള കൃഷി സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് താഴുന്നതിനും വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാകുന്നതിനും കാരണമാകുന്നതായി സമിതി മനസിലാക്കിയിരുന്നു. കായല്‍ വറ്റിച്ചുള്ള കൃഷിക്കായി പണവും ഊര്‍ജവും ചെലവഴിക്കുന്നത് നഷ്ടമാണെന്നും കാര്‍ഷിക കോളജിന് ആവശ്യമായ ജലമെടുക്കാന്‍ അനുവദിക്കണമെന്ന ധാരണയില്‍ സര്‍ക്കാറിന് കായല്‍ വിട്ടു നല്‍കാന്‍ തയ്യാറാണെന്നും കാര്‍ഷിക സര്‍വ്വകലാശാല അറിയിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

ചുരുക്കത്തില്‍ വെള്ളായണി കായല്‍ ഒരു ശുദ്ധജലതടാകം അല്ലാതായി മാറിയിരിക്കുന്നു എന്ന വസ്തുതയും അത് എത്ര കണ്ട് മലിനീകരിക്കപ്പെട്ടിരിക്കുന്നു എന്നതും അതിന്റെ വിസ്തീര്‍ണ്ണം കുറഞ്ഞു വരുന്ന കാര്യവും ഈ കായല്‍ ശുദ്ധജലതടാകമായി സംരക്ഷിക്കുന്നതിന് യാതൊരു സംവിധാനവുമില്ല എന്ന യാഥാര്‍ഥ്യവും സമിതിക്ക് ആ പഠനത്തിലൂടെ ബോധ്യപ്പെട്ടു. വെള്ളായണി കായലിനെ അതിന്റെ പൂര്‍വ്വാവസ്ഥയില്‍ എത്തിക്കാന്‍ കഴിയുമോ എന്ന ആശങ്കയും സമിതി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഏവര്‍ക്കും ഊഹിക്കാവുന്നത് പോലെ അന്നത്തെ അവസ്ഥയില്‍ നിന്ന് കായലിന്റെ സ്ഥിതി മോശമായിട്ടേ ഉള്ളൂ.

1993-ലെ നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിവെച്ച നെല്‍കൃഷി പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെയായി 2005-ലാണ് സേവ് വെള്ളായണി ലെയ്ക്ക് ക്യാമ്പയിന്‍ രൂപപ്പെടുന്നത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയും നെല്‍കൃഷി ലാഭകരമല്ലാത്തിനാല്‍ ഉപേക്ഷിക്കുകയാണെന്ന കാര്‍ഷിക സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ നേതൃത്വത്തില്‍ വെള്ളായണിയില്‍ പരിസ്ഥിതി സൗഹാര്‍ദ ജീവനോപാധി എന്ന നിലയില്‍ മല്‍സ്യ കൃഷിയും ജൈവ കൃഷിയും പ്രോല്‍സാഹിപ്പിക്കുന്നു. കായലിന്റെ തീരത്ത് ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക, മണ്ണിടിയാതിരിക്കാന്‍ കയര്‍പൂമാല തിണ്ടുകള്‍ നിര്‍മ്മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.

രാസവളങ്ങളുടെ ഉപയോഗം കൂടുന്നതിനാല്‍ കായലിലെ വെള്ളം പരിശോധിച്ചപ്പോള്‍ അമോണിയയുടെയും മറ്റും സാന്നിധ്യം വലിയ തോതില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വെള്ളായണി കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. കെ ഉഷാകുമാരി പറയുന്നു. അതിനാല്‍ കായലിനെ സംരക്ഷിക്കണമെങ്കില്‍ ജൈവകൃഷി രീതിയെക്കുറിച്ച് നാട്ടുകാര്‍ക്കിടയില്‍ കൂടുതല്‍ ബോധവത്കരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും ഡോ. ഉഷാകുമാരി പറയുന്നു.

കരിമീന്‍, കൊഞ്ച് തുടങ്ങിയ നാടന്‍ മത്സ്യഇനങ്ങള്‍ക്ക് പകരം കൂടുതലായും വളര്‍ത്തു മത്സ്യങ്ങളായ കട്‌ല, രോഹു, മൃഗാള്‍ തുടങ്ങിയ ഇനങ്ങളാണ് പദ്ധതി പ്രോത്സാഹിപ്പിച്ചതെന്നതിനാല്‍ കായലിലെ ജൈവസമ്പത്തിനെ അത് ബാധിച്ചിട്ടുണ്ട്. മണലൂറ്റും കോരുവലയുടെ ഉപയോഗവും കായലിന്റെയും അതിന്റെ ജൈവസമ്പത്തിന്റെയും നാശത്തിനാണ് കാരണമാകുന്നത്.

ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രമായ വെള്ളായണിയില്‍ ഇതുവരെ നടത്തിയ പഠനങ്ങളില്‍ 150-ല്‍പ്പരം ഇനം പക്ഷികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. റെഡ് ഡാറ്റാബുക്കില്‍ ഉള്‍പ്പെട്ടിട്ടുള്ള, വംശനാശ ഭീഷണി നേരിടുന്ന ചേരക്കോഴികളുടെ സാന്നിധ്യം വെള്ളായണി കായലില്‍ വളരെ കൂടുതലാണെന്ന് പക്ഷിനിരീക്ഷകനായ സി റഹിം നിരീക്ഷിച്ചിട്ടുണ്ട്.

നേരിടുന്ന പ്രതിസന്ധികള്‍
ഏറ്റവും പഴയ രേഖപ്രകാരം കായലിന്റെ വിസ്തൃതി 750 ഹെക്ടറാണ്. എന്നാല്‍ കായല്‍ നികത്തി കൃഷി ചെയ്യാന്‍ തുടങ്ങിയതോടെ വിസ്തൃതിയില്‍ കാര്യമായ കുറവ് സംഭവിച്ചു. റവന്യൂ വകുപ്പ് നടത്തിയ സര്‍വ്വേ പ്രകാരം 1992 വരെയുള്ള കാലഘട്ടം, അതായത് കായല്‍ വറ്റിച്ചുകൊണ്ട് കൃഷി നടത്തിയ കാലഘട്ടത്തിലാണ് വെള്ളായണി കായല്‍ ഏറ്റവും കണ്ട് ചുരുങ്ങിയത്. 750 ഹെക്ടറില്‍ നിന്ന് 1973 ആകുമ്പോഴേക്ക് 558 ഹെക്ടറായും 1992 ആകുമ്പോഴേക്ക് 267 ഹെക്ടറായും കായല്‍ ചുരുങ്ങി. കൃഷിക്കായി വറ്റിച്ച കായലിന്റെ ഭാഗങ്ങള്‍ക്ക് റവന്യൂ വകുപ്പില്‍ നിന്ന് സ്വകാര്യ പട്ടയങ്ങള്‍ നല്‍കുകയും ചെയ്തു. 2011 ആയപ്പോഴേക്ക് വെള്ളായണി കായലിന്റെ വിസ്തീര്‍ണം 243 ഹെക്ടറിലെത്തി.

“ചില അനധികൃത പട്ടയങ്ങള്‍ റവന്യു വകുപ്പ് വിവിധ സമയങ്ങളില്‍ കൊടുത്തിട്ടുണ്ട്. ഈ പട്ടയങ്ങള്‍ റദ്ദാക്കി കൊണ്ട് പഴയ പട്ടയങ്ങള്‍ ഉള്ള ഭൂമിക്ക് ന്യായവില കൊടുത്ത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുള്ളതാണ് ഞങ്ങളുടെ ആവശ്യം.” കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ് ഉദയകുമാര്‍ പറയുന്നു.

വെള്ളായണി കായലിന്റെ വിസ്തീര്‍ണം ചുരുങ്ങുന്നതില്‍ തീരവാസികളുടെ പങ്കെന്താണെന്നും കൈയ്യേറ്റങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കുകയാണ് അന്നാട്ടുകാരനായ സുരേഷ് ബാബുവിന്റെ വാക്കുകള്‍.

“വെള്ളം വറ്റുന്തോറും (കായലിന് സമീപത്തെ) കരനിലക്കാര്‍ മണ്ണിട്ട് കായല്‍ നികത്തിയെടുക്കുന്നുണ്ട്. പഞ്ചായത്തിന്റെ ഇടപെടലുകള്‍ ഉണ്ടായതിന് ശേഷം, കായലിന്റെ ഓരത്ത് ഒരു തെങ്ങിന്‍ തൈവെച്ച് അതിന്റെ അരികെ പത്തു തൊട്ടി ചെളിയെങ്കിലും ദിവസവും കൊണ്ടിടും. അങ്ങനെ ഒരു മാസം കൊണ്ട് ഒരു സെന്റ് കായല്‍ ഭൂമി കൈയ്യേറുന്നവര്‍ ഉണ്ട്. പക്ഷെ അത് എതിര്‍ക്കാന്‍ വേണ്ടി നാട്ടുകാര്‍ ഒറ്റക്കെട്ടാകില്ല, കാരണം അവര്‍ക്കും കായലില്‍ വസ്തുവുണ്ട്. ഈ കരനിലക്കാരന്‍ നികത്തി വന്നാലെ തൊട്ടടുത്തുള്ളവര്‍ക്കും നികത്താന്‍ പറ്റുള്ളൂ. അങ്ങനൊരു സ്ഥിതിയാണ് ഇവിടെയുള്ളത്. ചോദിക്കാന്‍ ചെന്നാല്‍ ഇത് സര്‍ക്കാരിന്റെ വകയല്ല ഞങ്ങടെ വകയാണെന്നാണ് അവര്‍ പറയുന്നത്.”

വിഷയത്തില്‍ മാറി മാറി ഭരിച്ചു കൊണ്ടിരിക്കുന്ന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയും പ്രകടമാണ്. “ഇന്നത്തെ സര്‍ക്കാറിന്റെ രീതികള്‍ വെച്ചുനോക്കുമ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കായല്‍ കാണുകയില്ലെന്നതാണ് ഒരു പ്രധാനപ്പെട്ട വസ്തുത. കാരണം അഞ്ച് വര്‍ഷത്തിന് മുമ്പ് നികത്തിയ നിലങ്ങള്‍ പുരയിടങ്ങളാക്കി കൊടുക്കാവുന്നതാണ് എന്ന തീരുമാനം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിട്ടുണ്ട്. കായല്‍ മണ്ണിട്ട് നികത്താന്‍ കൂടുതല്‍ പേരെ പ്രചോദിപ്പിക്കുന്നതാണ് ആ തീരുമാനം.” കായലിന്റെ തീരങ്ങളില്‍ ഭൂമി വാങ്ങിച്ച് കെട്ടിടങ്ങള്‍ പണിയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനഫലമായാണ് കായല്‍ സംരക്ഷണം എങ്ങുമെത്താതെ പോകുന്നതെന്നും നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം കാക്കാമൂല ബിജു പറയുന്നു.

കായലിലെ ശുദ്ധജലവിതരണ പദ്ധതികള്‍
നിലവില്‍ നേമം, വണ്ടിത്തടം, വിഴിഞ്ഞം, പൂങ്കുളം, വെങ്ങാന്നൂര്‍ ഗ്രാമ പഞ്ചായത്ത് എന്നീ ഇടങ്ങളിലേക്കുള്ള കുടിവെള്ളം കായലില്‍ നിന്നാണ് വിതരണം ചെയ്യുന്നത്. പ്രസ്തുത പദ്ധതികള്‍ക്കായി ദിവസേന 77 ലക്ഷം ലിറ്റര്‍ വെള്ളമാണ് കായലില്‍ നിന്ന് എടുക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ പദ്ധതികള്‍ കാരണം കായലിലെ വെള്ളം വറ്റിക്കൊണ്ടിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളിയായ സുരേഷ് ബാബു പറയുന്നു. “കായലിന്റെ തീരങ്ങളില്‍ പുതുതായി വന്നു കൊണ്ടിരിക്കുന്ന ഫഌറ്റുകളിലേക്കും ഓഫീസുകളിലേക്കും വെള്ളമെടുക്കാന്‍ തുടങ്ങിയതോടെയാണ് കായലിലെ വെള്ളം ഇത്രയധികം താഴ്ന്നത്.”

എന്നാല്‍ ഇതിനേക്കാള്‍ ഭീമമായ അളവിലാണ് ഇനി വരാന്‍ പോകുന്ന രണ്ട് വന്‍കിട വികസന പദ്ധതികള്‍ക്കായി കായലില്‍ നിന്ന് വെള്ളമെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 219 ലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെയും കോവളം വിനോദ സഞ്ചാര പദ്ധതിയുടെയും ആവശ്യങ്ങള്‍ക്കായി കായലില്‍ നിന്ന് ഊറ്റിയെടുക്കാന്‍ പോകുന്നത്. ഇതിനായുള്ള പമ്പ് ഹൗസും സംസ്‌കരണ കേന്ദ്രവും കാക്കാമൂല ബണ്ട് റോഡിന് സമീപം പണിതു കഴിഞ്ഞു. ബണ്ട് റോഡില്‍ നിന്ന് കായലിലേക്ക് മണ്ണിട്ടു നികത്തിയാണ് പമ്പ് ഹൗസ് സ്ഥാപിച്ചതെന്നത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

“ശുദ്ധജലം നല്‍കുമ്പോള്‍ വെള്ളായണി കായലിന് റീച്ചാര്‍ജിങ് സംവിധാനം ഉണ്ടാകണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നെയ്യാര്‍ ഡാമില്‍ നിന്നോ അല്ലെങ്കില്‍ കരമനയാറ്റില്‍ നിന്ന് ശുദ്ധീകരിച്ചോ വെള്ളായണിയിലേക്ക് റീച്ചാര്‍ജ് ചെയ്യുന്ന ഒരു നടപടിയും ആലോചനയും ഇതുവരെ വേണ്ടപ്പെട്ട ഭാഗങ്ങളില്‍ നിന്ന് ഉണ്ടായിട്ടില്ല. ” അഡ്വ. എസ് ഉദയകുമാര്‍ പറയുന്നു.

“കായലില്‍ നിന്ന് എന്തു മാത്രം ജലം ഊറ്റിയെടുക്കാം അത്രയും റീച്ചാര്‍ജ് ചെയ്യാനുള്ള കഴിവ് കായലിന് ഉണ്ടോ എന്നതിനെ കുറിച്ച് ഒരു പഠനവും ഇതുവരെ നടന്നിട്ടില്ല. ഒരു ജലബഡ്ജറ്റിങ് നടത്തേണ്ടത് ഏറ്റവും അത്യന്താപേക്ഷിതമാണ്. കാലാന്തരത്തില്‍ കായലില്‍ നിന്ന് ഊറ്റുന്നതിന് അനുസരിച്ച് പ്രദേശത്ത് വെള്ളം കുറയുകയും കായല്‍ കരയായി മാറുന്ന അവസ്ഥയും ഉണ്ടാകും. സ്വാഭാവികമായി 209 ഏക്കര്‍ പട്ടയഭൂമി ഉള്ളവര്‍ക്ക് അത് നികത്താന്‍ സര്‍ക്കാര്‍ തന്നെ അവസരമുണ്ടാക്കി കൊടുക്കുന്നതിന് തുല്യമാണത്.” വന്‍കിട പദ്ധതികള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളിലേക്കാണ് കായല്‍ സംരക്ഷണ സമിതി കോ- ഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ പി വൈ വിരല്‍ ചൂണ്ടുന്നത്.

എന്നാല്‍ ഇത്തരത്തിലുള്ള റീച്ചാര്‍ജിങ് സംവിധാനങ്ങളുടെ പ്രായോഗികതയെ റിവര്‍ റിസേര്‍ച്ച് സെന്ററിലെ ഡോ. എ ലത ചോദ്യം ചെയ്യുന്നു. “ദൂരം കൂടുന്തോറും ബാഷ്പീകരണത്തിലൂടെ നഷ്ടമാകുന്ന വെള്ളത്തിന്റെ അളവ് കൂടും. ചെലവിനനുസരിച്ചുള്ള ഗുണമില്ലെങ്കില്‍ പദ്ധതി പാതിവഴിയില്‍ മുടങ്ങും. ഫലത്തില്‍ കായലില്‍ വെള്ളം എത്തുന്നത് കുറഞ്ഞ് കായല്‍ ദ്രുതഗതിയില്‍ നശിക്കും. വെള്ളം ആവശ്യമുള്ള വന്‍കിട പദ്ധതികള്‍ക്ക് സ്വന്തം നിലയില്‍ അത് കണ്ടെത്താന്‍ കഴിയണം. മഴവെള്ള സംഭരണത്തിലൂടെയും ഡീസലനൈസേഷനിലൂടെയും അത് സാധ്യമാണ്.”

കൂടാതെ നിലവിലുള്ള ശുദ്ധജലവിതരണ പദ്ധതികളെ വന്‍കിട പദ്ധതികള്‍ ബാധിക്കാന്‍ പോകുന്നതെങ്ങനെയെന്നും ഡോ. ലത വിശദമാക്കുന്നു. “വിഴിഞ്ഞത്തേക്കും കോവളത്തേക്കും ഭീമമായ അളവില്‍ വെള്ളമെടുക്കുന്നതിനാല്‍ നിലവില്‍ വെള്ളായണിയെ ആശ്രയിക്കുന്ന പദ്ധതികളിലൂടെയുള്ള ജലവിതരണം കുറയും. നെയ്യാറില്‍ നിന്ന് തിരുവനന്തപുരം നഗരത്തേക്കുള്ള കുടിവെള്ള പദ്ധതികളെയും ഈ വന്‍കിട പദ്ധതികള്‍ ബാധിക്കും. തിരുവനന്തപുരം നഗരത്തിന്റെ മിക്കയിടങ്ങളിലും നേരിടുന്ന കുടിവെള്ള ക്ഷാമം വീണ്ടും രൂക്ഷമാകും എന്നതാകും ഫലം. ”

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിഴിഞ്ഞത്തേക്കും കോവളത്തേക്കും വാണിജ്യാടിസ്ഥാനത്തിലാണ് ജലവിതരണം നടത്തുന്നത് എന്നതിനാല്‍ ആവശ്യമുള്ള വെള്ളത്തിന്റെ തുക കണക്കാക്കിയാല്‍ പ്രതിവര്‍ഷം 300 കോടിയെങ്കിലും വരുമെന്ന് കായല്‍ സംരക്ഷണ സമിതി നിരീക്ഷിക്കുന്നുണ്ട്. അത് വെള്ളായണി കായലിന്റെ സംരക്ഷണത്തിനായി വിനിയോഗിക്കണമെന്നാണ് സമിതിയുടെ ആവശ്യം. എന്നാല്‍ തെളിഞ്ഞ ദീര്‍ഘവീക്ഷണത്തോടു കൂടിയല്ലാതെ വിഷയത്തെ സമീപിക്കുന്നത് വിലമതിക്കാനാകാത്ത നഷ്ടങ്ങളാണ് വരുത്തി തീര്‍ക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദ സഞ്ചാരകേന്ദ്രമായി 2042 ഓടെ കോവളത്തെ മാറ്റാനും വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും ഭീമമായ അളവില്‍ വെള്ളമൂറ്റി എടുക്കുന്ന വികസനം, ഒരു വലിയ പ്രദേശത്തെ കുടിവെള്ള ആവശ്യത്തെക്കാള്‍, അവിടുത്തെ ആവാസ വ്യവസ്ഥയെക്കാള്‍ ഒരിക്കലും വലുതല്ലെന്ന് കണ്ട് പ്രവര്‍ത്തിച്ചില്ലെങ്കില്‍, തിരിച്ച് നിറക്കാന്‍ കഴിയാത്ത ഒരു ജലസ്രോതസ്സ് കൂടി നമ്മള്‍ വറ്റിക്കുകയാണ്.

ലോകത്തെ നാലാമത്തെ വലിയ തടാകമായിരുന്ന, അതിന്റെ വലിപ്പം കൊണ്ട് കടല്‍ എന്ന വിളിപ്പേരു കിട്ടിയ അരാല്‍ കടല്‍ 50 വര്‍ഷം കൊണ്ട് മരുഭൂമിയായി മാറിയത് മനുഷ്യര്‍ക്കാകെയുള്ള താക്കീതാണ്. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണുകെട്ടി ഇരിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍