UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാസനാവികൃതിയുടെ കഥാകാരനെ ആരെങ്കിലുമോര്‍ക്കാറുണ്ടോ?

Avatar

ജി. വി. രാകേശ്

‘എഴുതുമ്പോള്‍ നായനാരെപ്പോലെ എഴുതാന്‍ ശീലിക്കണം’ – മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലെഴുതിയ ഒ. ചന്തുമേനോന്‍ മലയാള ചെറുകഥാസാഹിത്യത്തിന്റെ പിതാവ് കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരെപ്പറ്റി മൂര്‍ക്കോത്ത് കുമാരനോട് പറഞ്ഞ വാക്കുകളാണിത്. മഹാകവി ഉള്ളൂര്‍ നായനാരെ അമേരിക്കന്‍ ഫലിതസാഹിത്യകാരനായ മാര്‍ക് ട്വൈനിനോടാണ് ഉപമിച്ചത്. അത്രമേല്‍ ദീര്‍ഘവീക്ഷണവും, മൗലികതയും, സാഹിത്യബോധവും, നര്‍മ്മവും, പരിഹാസവും അടങ്ങിയ സാഹിത്യകാരനാണ് കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍. കൂടാതെ നിയമസഭാംഗവും, സാമൂഹിക പരിഷ്‌കരണവാദിയുമായിരുന്നു.  അദ്ദേഹം ഓര്‍മ്മയായിട്ട് 100 വര്‍ഷം തികയുകയാണ്. നൂറ് വര്‍ഷം മുമ്പ് അതായത്. 1914 നവംബര്‍ 14 നാണ് മദ്രാസ് നിയമസഭയില്‍ പ്രസംഗിക്കാനായി എഴുന്നേറ്റപ്പോള്‍ കുഴഞ്ഞുവീണാണ് ചെറുകഥാ പിതാവ് യാത്രയായത്. അദ്ദേഹം സൃഷ്ടിച്ച ചെറുകഥാ സ്മൃതികളല്ലാതെ അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ മലയാള ഭാഷയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്നവര്‍ ഒന്നും ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മലയാളം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ കേസരി അന്ത്യവിശ്രമം കൊള്ളുന്ന പാണപ്പുഴയിലെ സ്മൃതി മണ്ഡപത്തിനു സമീപം എത്തിയിട്ട് പോലും അവിടം സന്ദര്‍ശിക്കാതെ പോയതും ഇതിനൊരുദാഹരണമാണ്.

1860ല്‍ തളിപ്പറമ്പ് വെരിഞ്ചല്ലൂര്‍ ഗ്രാമത്തിലെ ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് ഹരിദാസന്‍ സോമയാജിപ്പാടിന്റെയും, കുഞ്ഞാക്കമ്മയുടെയും രണ്ടാമത്തെ മകനായാണ് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ ജനിച്ചത്. രണ്ടുപേരും അഭ്യസ്തവിദ്യര്‍. അതുകൊണ്ടുതന്നെ സംസ്‌കൃതത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് തളിപ്പറമ്പിലെ ഇംഗ്ലീഷ് സ്‌കൂളില്‍ ചേര്‍ന്നു. അവിടെനിന്ന് വിട്ടശേഷം കോഴിക്കോട് കേരള വിദ്യാശാലയില്‍ ചേര്‍ന്ന് മെട്രിക്കുലേഷന്‍ പാസ്സായെങ്കിലും എഫ്.എ. പരീക്ഷക്ക് തോറ്റുപോയി. അന്നത്തെ മലബാര്‍ കലക്ടറായിരുന്ന ലോഗന്‍ സായിപ്പിന്റെ നിര്‍ദ്ദേശപ്രകാരം സെയ്ദാപ്പേട്ട കാര്‍ഷിക കോളജില്‍ ചേര്‍ന്ന് കൃഷിശാസ്ത്രത്തില്‍  ബിരുദമെടുത്തു. ശാസ്ത്രീയമായി അഭ്യസിച്ച് കൃഷിയിലേര്‍പ്പെട്ട ഒന്നാമത്തെ മലബാറുകാരന്‍ ജന്മിയും കൃഷിക്കാരനുമാണ് കുഞ്ഞിരാമന്‍ നായനാര്‍. കൃഷിയെക്കുറിച്ച് മാത്രമല്ല ഓട് നിര്‍മ്മാണം, നെയ്ത്ത് തുടങ്ങിയ പരമ്പരാഗതവ്യവസായത്തെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്.


വലിയ കപ്പരട്ടി  വീട്

1879ല്‍ തിരുവിതാംകൂറില്‍ നിന്നും പ്രസിദ്ധീകരിച്ച ‘കേരളചന്ദ്രിക’യിലൂടെയാണ് 18ാം വയസ്സില്‍ നായനാര്‍ സാഹിത്യലോകത്തിലേക്ക് പ്രവേശിക്കുന്നത്. കോഴിക്കോടുനിന്ന് പുറപ്പെട്ടിരുന്ന കേരളപത്രികയില്‍ അദ്ദേഹം മുഖ്യലേഖകനായിരുന്നു. ജന്മി കുടുംബത്തിലെ കാരണവര്‍   കൂടിയായ നായനാര്‍ അനാചാരങ്ങളെ എതിര്‍ത്താണ്  പൊതുരംഗത്തേക്ക് വന്നത്.  നായര്‍ കുടുംബംങ്ങളിലെ കാരണവന്മാര്‍, അഴിമതിക്കാരയ ഉദ്യോഗസ്ഥര്‍ തുടങ്ങിയ പലര്‍ക്കും നായനാരുടെ തൂലികയുടെ പ്രഹരമേറ്റിട്ടുണ്ട് .കേരളസഞ്ചാരി, കേരളപത്രിക എന്നീ പത്രങ്ങളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  കേരളസഞ്ചാരിയില്‍ നായനാര്‍ എഴുതിയ ഒന്നാമത്തെ മുഖപ്രസംഗം ‘ലോകാസമസ്താസുഖിനോ ഭവന്തു’ എന്നാണ്. കേരളസഞ്ചാരിയില്‍ എഴുതുമ്പോഴാണ് ‘കേസരി’ എന്ന തൂലികാനാമം സ്വീകരിച്ചത്. അതിനുപുറമെ ദേശാഭിമാനി, സ്വദേശമിത്രന്‍, വജ്രബാഹു, വജ്രസൂചി എന്നീ  തൂലികാനാമങ്ങളില്‍ ഭാഷാപോഷിണി, മിതവാദി, സരസ്വതി, ജനരഞ്ജിനി, കോഴിക്കോടന്‍ മനോരമ, മലയാള മനോരമ എന്നിവയിലും ലേഖനങ്ങളെഴുതിയിട്ടുണ്ട്.

മലയാളത്തിലെ ആദ്യ ചെറുകഥയായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ  ‘വാസനാവികൃതി’ 1891ല്‍ വിദ്യാവിനോദിനിയിലാണ് പ്രസിദ്ധീകരിച്ചത്. കഥാപാത്ര പ്രധാനവും, നര്‍മ്മരസപൂര്‍ണ്ണവുമാണ്. കഥാനായകന്‍ സ്വാനുഭവം വിവരിക്കുന്നതാണ് ഇതില്‍ സ്വീകരിച്ച ആഖ്യാനരീതി. ‘ഇന്ദുലേഖ’പ്രസിദ്ധപ്പെടുത്തുന്ന രണ്ടു കൊല്ലത്തിനിടയിലാണ്  വാസനാവികൃതിയും പ്രസിദ്ധപ്പെടുത്തിയത്.

കഥാകൃത്ത് ടി.പദ്മനാഭന്‍ കേസരിയെക്കുറിച്ച് പറയുന്നത് ഇങ്ങനെ: “മലയാള ചെറുകഥയിലെ വേരുതന്നെയാണ് കേസരി നായനാര്‍. കേസരിയെ നമ്മള്‍ ഒരിക്കലും മറക്കരുത്. ഇന്നത്തെ ഏത് സാഹിത്യകാരനെക്കാളും ഭാവനാവിലാസം കേസരിക്കുണ്ടായിരുന്നു. ഓരോ കഥയിലും പുതുമയുള്ള വിഷയമാണ് അദ്ദേഹം കൈകാര്യം ചെയ്തത്.’

സംസ്‌കൃത പണ്ഡിതനും, ബ്രഹ്മവിദ്യാപ്രവീണനുമായ മമ്പറം കായലോടിനടുത്ത അറത്തില്‍ കണ്ടേണ്ടാത്ത് കണ്ണന്‍ നമ്പ്യാരുടെ മകള്‍ എ. സി. കല്ല്യാണി അമ്മയെയാണ് നായനാര്‍ കല്ല്യാണം കഴിച്ചത്. അതോടെ പയ്യന്നൂരിനടുത്ത പാണപ്പുഴയിലെ വേങ്ങയില്‍ തറവാട് വീടിനു പുറമെ  തലശ്ശേരിക്കും കതിരൂരിനുമിടയില്‍ കപ്പരട്ടി  എന്ന വീടുണ്ടാക്കി താമസം തുടങ്ങി. അദ്ദേഹത്തിന്റെ സ്മരണയെന്നപോലെ  ‘നായനാര്‍ റോഡ്’ എന്നപേരിലാണ് ഇവിടം  അറിയപ്പെടുന്നത്. തലശ്ശേരി കൂത്തുപറമ്പ് റോഡിലാണിത്.

കപ്പരട്ടി  വീട്
നായനാര്‍ റോഡില്‍ കേസരി രണ്ട് വീട് പണിതു. ആദ്യം നിര്‍മ്മിച്ചത് കപ്പരട്ടിചെറിയ വീടാണ്. 120 വര്‍ഷത്തിലധികം പഴക്കമുള്ള ഈ വീടിന് ഇന്നും ഒരു മാറ്റവും  വരുത്തിയിട്ടില്ല. നിലം പാകിയിരിക്കുന്നത് വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ടൈലുകള്‍കൊണ്ടാണ്. സ്വീകരണമുറി ഉള്‍പ്പെടുന്നപ്രധാന ഭാഗവും,ഇടനാഴിയും, പിന്നെ വടക്കിനിയും. അതുകഴിഞ്ഞാല്‍ കാര്യസ്ഥന്‍, വേലക്കാരന്‍, എന്നിവര്‍ക്കുതാമസിക്കാനുള്ള വീടും കെട്ടിപ്പടുത്ത കുളവും. കുളത്തിന്റെ ചുമരില്‍ ഗജേന്ദ്രമോക്ഷം കഥ കൊത്തുപണിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇവിടെ ഇപ്പൊള്‍ താമസിക്കുന്നത് നായനാരുടെ മകന്‍ പരേതനായ മേജര്‍ ഗോപാലന്‍ നമ്പ്യാരുടെ മകന്‍ കെ. ടി. പ്രഹ്ലാദനും കുടുംബവുമാണ്. നായനാരെ മദിരാശി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വേങ്ങയില്‍ തറവാട്ടിലെ കാര്യസ്ഥന്മാരും, കുടികിടപ്പുകാരും കൊടുത്ത പിച്ചളയിലുള്ള ഫലകം നായനാരുടെ ഛായാചിത്രത്തിന് സമീപം നിധിപോലെ സ്മാരകമായി സൂക്ഷിച്ചിട്ടുണ്ട്.  

ചെറിയ കപ്പരട്ടി വീടിന് സൗകര്യം കുറവാണെന്ന് പറഞ്ഞ് നായനാര്‍ തൊട്ടടുത്തായി വലിയ കപ്പരട്ടി വീട് നിര്‍മ്മിച്ചു. വേങ്ങയില്‍ മഠം എന്നും വിളിക്കും. മൂന്ന് നില വീടായ ഇതിന് ചെറുതും, വലുതുമായി 120ല്‍ അധികം മുറികളുണ്ട്. തച്ചുശാസ്ത്രത്തിന്റെ അദ്ഭുതം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. ഇതിന്റെ പണി പൂര്‍ത്തിയാവുന്നതിനുമുമ്പ്  നായനാര്‍ മരണമടഞ്ഞു.വര്‍ഷങ്ങള്‍ക്ക് ശേഷം ചില പ്രത്യേക സാഹചര്യത്താല്‍ വലിയ കപ്പരട്ടി വീട് ആസ്പത്രിക്ക്  കൈമാറി. അവര്‍ അത് പൊളിച്ചുനീക്കാന്‍ ശ്രമിക്കുന്നതിനിടെ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇടപെട്ട് നിര്‍ത്തിവെച്ചു. പിന്നീട് വലിയ കപ്പരട്ടി വീട് തലശ്ശേരി ബിഷപ്പ് ഏറ്റെടുത്തു. അവരുടെ ചില സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വീട് അതേ പ്രൗഢിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്.


വലിയ കപ്പരട്ടി വീട്ടിലെ ഉള്‍ഭാഗം

പാണപ്പുഴ വീട്
അദ്ദേഹത്തിന്റെ 150-ാം ജന്മ വാര്‍ഷികാഘോഷ ഭാഗമായി 2012 ജനവരിയില്‍ പയ്യന്നൂരിലെ മലയാള ഭാഷ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്‌ക്കരപ്പൊതുവാളും, നായനാരുടെ ബന്ധുക്കളും ചേര്‍ന്ന്  ‘കേസരിയുടെ കര്‍മ്മപഥങ്ങളിലൂടെയുള്ള തീര്‍ത്ഥയാത്ര’ എന്ന പേരില്‍ ഒരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നു.

തീര്‍ത്ഥയാത്രയുടെ ഒന്നാംഘട്ട പരിപാടിയെന്ന നിലയില്‍ പാണപ്പുഴയിലെ തറവാട്ട് വീട്ടില്‍ 2012 ജനവരിയില്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ക്ക് സ്മൃതി മണ്ഡപം നിര്‍മ്മിച്ചു. നായനാര്‍ അന്ത്യ വിശ്രമം കൊള്ളുന്നതും ഇവിടെയാണ്. ദാമോദരന്‍ വെള്ളോറയാണ് സ്മൃതി മണ്ഡപത്തിന്റെ ശില്പി. നായനാര്‍ നിര്‍മ്മിച്ച നാല് കെട്ട് വീടിന്റെ ചെറിയൊരു ഭാഗമേ ഇപ്പോള്‍ നിലവിലുള്ളൂ. നായനാരുടെ മകള്‍ മാധവിയമ്മയുടെ മകന്റെ മകളായഇന്ദിരയമ്മയാണ് ഇവിടെ താമസിക്കുന്നത്.

പുളിയപ്പടമ്പ് ഇല്ലം
കേസരിയുടെ കുട്ടിക്കാലം കഴിച്ചുകൂട്ടിയ അച്ഛന്റെ ഇല്ലമാണ് തളിപ്പറമ്പിനടുത്ത വെരിഞ്ചല്ലൂര്‍ ഗ്രാമത്തിലെ ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് ഇല്ലം. 200 വര്‍ഷത്തിലധികം പഴക്കമുള്ള എട്ടുകെട്ട് ഇല്ലം ഇന്നും അതേപടി നിലനില്‍ക്കുന്നു. നായനാരുടെ അച്ഛനായ ഹരിദാസന്‍ സോമയാജിപ്പാടിന്റെ കാലത്ത് ഇവിടെ സോമയാഗം നടന്നിരുന്നു. അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇന്നും ഇവിടെയുണ്ട്. ഇവിടെ താമസിച്ചാണ് നായനാര്‍ തളിപ്പറമ്പിലെ ഇംഗ്ലീഷ് സ്‌കൂളില്‍ പഠിക്കാന്‍ പോയത്.


നായനാരെ മദിരാശി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വേങ്ങയില്‍ തറവാട്ടിലെ കാര്യസ്ഥന്മാരും, കുടികിടപ്പുകാരും കൊടുത്ത പിച്ചളയിലുള്ള ഫലകം

തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് പോയ ഹരിദാസന്‍ സോമയാജിപ്പാട് ക്ഷേത്രത്തിനകത്ത് നിന്ന് ശീട്ടു  കളിക്കുന്നതിനിടെ പിടികൂടപ്പെടുകയും,  വിശാഖം തിരുനാള്‍  മഹാരാജാവിന് മുന്നിലെത്തിക്കുകയും ചെയ്തു. രാജാവ് ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ ശീട്ടു  കളിക്കുകയല്ല,  ഓരോ ശീട്ടുമെടുത്ത് ഓരോ ഭഗവാനായി സങ്കല്‍പ്പിച്ച് ശ്ലോകം ചൊല്ലുകയാണ്.  ഓരോ ശീട്ടുമെടുത്ത് ശ്ലോകവും, അര്‍ത്ഥവും രാജാവിനും പറഞ്ഞു കൊടുത്തു.  ഇതില്‍ സന്തോഷവാനായ  വിശാഖം തിരുന്നാള്‍ ഒരു വെള്ളിക്കിണ്ടിയും, രണ്ട് പട്ടക്കരയും കല്‍പിച്ചുകൊടുത്തു. അന്ന് കിട്ടിയ വെള്ളിക്കിണ്ടി ഇന്നും ഇല്ലത്ത് ഭദ്രന്മായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കിണ്ടി കിട്ടിയ സംഭവത്തെക്കുറിച്ച് നായനാര്‍ ‘ശീട്ടുകളി’ എന്ന ലേഖനത്തില്‍ വിശദമായി പറയുന്നുണ്ട്. പുളിയപ്പടമ്പ് ഇല്ലത്ത് അഡ്വ. കുബേരന്‍ നമ്പൂതിരിയും കുടുംബവുമാണ് താമസിക്കുന്നത്.

സാമൂഹ്യപ്രവര്‍ത്തകന്‍
1892ല്‍ നായനാര്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ അംഗമായി. 1904ല്‍ തറവാട്ടില്‍ കാരണസ്ഥാനം കിട്ടിയപ്പോള്‍ രണ്ടുകൊല്ലത്തേയ്ക്ക് ഡിസ്ട്രിക്ട് ബോര്‍ഡ് സ്ഥാനം ഉപേക്ഷിച്ചെങ്കിലും 1907 ല്‍ വീണ്ടും അംഗമായി. കോയമ്പത്തൂര്‍ കൃഷി വിദ്യാശാലയില്‍ അനൌദ്യോഗിക അംഗമായും ഇംഗ്ലണ്ടില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുവേണ്ടി രൂപവത്ക്കരിച്ച ഉപദേസകസമിതിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോര്‍ജ്ജ് ചക്രവര്‍ത്തിയുടെ പട്ടാഭിഷേകോത്സവക്കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ കീര്‍ത്തി മുദ്രനല്‍കി നായനാരെ ആദരിച്ചിരുന്നു. ബ്രിട്ടീഷ് വിരോധിയല്ലാതിരുന്ന നായനാര്‍ അവരുടെ സംസ്‌കാരത്തിലെ നന്മകള്‍ ഉപയോഗപ്പെടുത്തി സമുദായപരിഷ്‌കരണത്തിന് ഉപയോഗിച്ചിരുന്നു. ജന്മി വ്യവസ്ഥയിലെ പല അനാചാരങ്ങളെയും പരസ്യമായി എതിര്‍ത്ത വിപ്ലവകാരികൂടിയാണ് നായനാര്‍.


വെള്ളിക്കിണ്ടി

സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹംഏറെ എഴുതി. സ്വന്തം പെണ്‍മക്കളെ കോണ്‍വെന്റിലയച്ച് പഠിപ്പിക്കാനും അദ്ദേഹം തയ്യാറായി. പെണ്‍കുട്ടികള്‍ പഠിച്ചാല്‍ മാത്രം പോരാ  അവര്‍ ഉദ്യോഗത്തില്‍ പ്രവേശിക്കണമെന്നും നായനാര്‍ പറഞ്ഞു.

1912ല്‍ നായനാര്‍ മദിരാശി നിയമസഭയില്‍ അംഗമായി. മലബാര്‍, ദക്ഷിണ കര്‍ണ്ണാടകം, എന്നീ ജില്ലകളിലെ ജന്മിമാരുടെ പ്രതിനിധിയായിട്ടാണ് നിയമസഭാംഗമായി പോയത്. 1914 നവംബര്‍ 14 ന് നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ഹൃദയസ്തംഭനത്താല്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

നായനാരുടെ മക്കള്‍
നാല് ആണ്‍ മക്കളും, നാല് പെണ്‍ മക്കളുമാണുള്ളത്. എ. സി. നാരായണന്‍ നമ്പ്യാര്‍, മാധവന്‍, മേജര്‍ ഗോപാലന്‍ നമ്പ്യാര്‍, ക്യാപ്റ്റന്‍  ബാലകൃഷ്ണന്‍ നമ്പ്യാര്‍, മാധവിയമ്മ, നാരായണിയമ്മ, രോഹിണിയമ്മ, ലക്ഷ്മിയമ. 

സുഭാഷ് ചന്ദ്രബോസിന്റെ ഐ. എന്‍. എ. യില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് സ്വിസര്‍ലാന്‍ഡില്‍ അംബാസിഡറായി പ്രവര്‍ത്തിച്ചിരുന്ന  എ. സി. നാരായണന്‍ നമ്പ്യാര്‍ നെഹ്റുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇന്ദിരാഗാന്ധി ‘നാണുഅങ്കിള്‍’ എന്നാണ് വിളിച്ചിരുന്നത്. ഇദ്ദേഹം സരോജിനി നായിഡുവിന്റെ സഹോദരിയെയാണ് വിവാഹം ചെയ്തത്. ഒരുവര്‍ഷത്തിനു ശേഷം ബന്ധം പിരിഞ്ഞു. പിന്നീട് സ്വിസര്‍ലാന്‍ഡില്‍ കഴിഞ്ഞ നാരായണന്‍ നമ്പ്യാരെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ നേരിട്ട് കണ്ട് ഡല്‍ഹിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മറ്റൊരു മകന്‍ എ. സി. മാധവന്‍ എന്ന അറത്തില്‍ കണ്ടോത്ത് മാധവന്‍ ബ്രിട്ടീഷ് രേഖകളില്‍ കണ്ടോത്ത് എന്നത് കാന്‍ഡത്ത് എന്നായി മാറി. പിന്നെ  എം. എ. കാന്‍ഡത്ത് എന്ന പേരിലാണ് അറിയപ്പെട്ടത്.ഡി. പി. ഐ ആയിരുന്നു.   

ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് ഇല്ലം

നായനാരുടെ കഥകള്‍: വാസനാവികൃതി, മേനോക്കിയെ കൊന്നതാര്? , ദ്വാരക, എന്റെ അനുഭവം, മദിരാശിപ്പിത്തലാട്ടം, ഒരു പൊട്ടഭാഗ്യം, പരമാര്‍ത്ഥം, കഥയൊന്നുമല്ല

പ്രധാന ലേഖനങ്ങള്‍: വൈദ്യം, നാട്ടെഴുത്തച്ഛന്‍, മരിച്ചാലത്തെ സുഖം, കപടവേദാന്തികള്‍, ശീട്ടുകളി, ഭ്രമം, മഹാകവികളുടെ ജീവകാലം, സ്വഭാഷ ആചാരപരിഷ്‌കാരം, കേരള ജന്മിസഭ, കൃഷി പരിഷ്‌കാരം. 

(ചിത്രങ്ങള്‍-ജി വി രാകേശ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍