UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാഠപുസ്തകങ്ങള്‍ക്കും പാഠ്യപദ്ധതികള്‍ക്കുമപ്പുറം ഒരധ്യാപകന്‍റെ ജീവിതം

Avatar

രാകേഷ് നായര്‍

തന്റെ പിതാവിന് അസുഖം കൂടുതലാണെന്നും അദ്ദേഹത്തെ കാണാന്‍ ആഗ്രഹമുണ്ടെന്നും ശിഷ്യന്‍ ഗുരുവിനെ അറിയിച്ചു. അല്‍പ്പനേരം ധ്യാനത്തിലിരുന്ന ഗുരു മെല്ലെ അവിടെ നിന്ന് എഴുന്നേറ്റ് ശിഷ്യനോടായി പറഞ്ഞു- നിനക്കൊപ്പം ഞാനും വരുന്നുണ്ട്, നിന്റെ പിതാവിനെ കാണാനായി. ശിഷ്യന് സന്തോഷമായി. അവരിരുവരും യാത്രയായി. അകലെയുള്ള ഗ്രാമത്തിലാണ് ശിഷ്യന്റെ വീട്. ഏറെ ദൂരം നടക്കാനുണ്ട്. യാത്രയിലുടനീളം ശിഷ്യനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗുരു വളരെ സന്തോഷവാനായാണ് കാണപ്പെട്ടത്. ഒരു സുഹൃത്തിനോടെന്നവണ്ണം അദ്ദേഹം പെരുമാറി. സാധാരണ ഗുരു ആത്മീയോപദേശങ്ങള്‍ മാത്രമാണ് നല്‍കാറ്. മാത്രമല്ല, അദ്ദേഹം വളരെ ഗൗരവപൂര്‍ണമായി മാത്രമെ പെരുമാറുകയുമുണ്ടായിരുന്നുള്ളു. എന്നാല്‍ ആ ഗുരുവിനെയല്ല താനീ യാത്രയില്‍ കാണുന്നത്. തന്റെ കളിക്കൂട്ടുകാരനപ്പോലെ, ചില സമയത്ത് തന്റെ പിതാവിനെപ്പോലെ, ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ആ പഴയ ഗുരുവും ആകുന്നു. ശിഷ്യന് അമ്പരപ്പും ആഹ്ലാദവും മനസ്സില്‍ നിറഞ്ഞു. ഒടുവില്‍ അവര്‍ ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ ശിഷ്യനെ കാത്തിരുന്നത്  പിതാവിന്റെ മരണവാര്‍ത്തയാണ്. സംസ്‌കാരമെല്ലാം കഴിഞ്ഞ് ശിഷ്യന്‍ തന്റെ ഗുരുവിന്റെ സമീപം എത്തി. ദുഃഖം പൂര്‍ണമായി ഒഴിഞ്ഞിരുന്നില്ലെങ്കിലും അവന്റെ മുഖത്ത് ഒരാത്മവിശ്വാസം ഉണ്ടായിരുന്നു. ഗുരുവേ…എന്റെ പിതാവ് മരിച്ചുപോയിരിക്കുന്നു എന്നത് സത്യമാണ്. എന്നാല്‍ അദ്ദേഹം എനിക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന വിശ്വാസമാണ് അങ്ങയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഉണ്ടാവുന്നത്. 

ഈ കഥയില്‍ നിന്ന് ഒരു യഥാര്‍ത്ഥ സംഭവത്തിലേക്ക് പോകാം-ഒരദ്ധ്യാപകന്‍ ഒരു ദിവസം ക്ലാസിലെ കുട്ടിയെ തെറ്റു ചെയ്തതിന്റെ പേരില്‍ ശകാരിച്ചു. ആ ശകാരത്തില്‍ മനം നൊന്താവണം അവള്‍ പിന്നീട് ക്ലാസില്‍ വരാതായി. വിവരം അറിഞ്ഞ അദ്ധ്യാപകന്‍ കുട്ടിയെ തേടി അവളുടെ വീട്ടില്‍ എത്തി. താന്‍ വഴക്കുപറഞ്ഞതില്‍ വിഷമം ഉണ്ടായെങ്കില്‍ തന്നോട് പൊറുക്കാന്‍ പറഞ്ഞു. അവളുടെ വീട്ടുകാരുമായി അദ്ദേഹം കുറെ നേരം ഇടപഴകി. അവളുമൊത്ത് പരിസരമാകെ ചുറ്റിനടന്നു കണ്ടു. കളി പറഞ്ഞും കഥ പറഞ്ഞും അവര്‍ക്കിടയില്‍ സൗഹൃദപരമായൊരു ബന്ധം വളര്‍ന്നു. പിറ്റേദിവസം മുതല്‍ അവള്‍ ക്ലാസില്‍ മുടങ്ങാതെ എത്താന്‍ തുടങ്ങി.

ഈ അദ്ധ്യാപകന്റെ പേര് വി. വേണുകുമാരന്‍ നായര്‍. ഞാറനീലി കാണി യു പി സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്‍. എങ്ങിനെയായിരിക്കണം ഒരദ്ധ്യാപകന്‍ എന്നതിന് വേണു മാഷ് വലിയൊരു തെളിവാണ്.അദ്ധ്യാപക ദിനമായ ഇന്ന് രാഷ്ട്രപതിയുടെ കൈയ്യില്‍ നിന്ന് മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡ് വേണുമാഷ് ഏറ്റുവാങ്ങുമ്പോള്‍ ഈ നേട്ടത്തില്‍ ഒരുനാടും ആഹ്ലാദിക്കുന്നുണ്ട്. ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയിലാണ് വേണുമാഷിനെ ഫോണില്‍ കിട്ടിയത്. അംഗീകാരം ലഭിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മാഷ് ആദ്യം തന്നെ പറഞ്ഞത്- ഈ നേട്ടം എനിക്കുമാത്രമല്ല, ഒരു പ്രദേശത്തിന്റെ, അവശതയനുഭവിക്കുന്ന ഒരു ജനതയുടെ നേട്ടമായി കാണണം.

ഈ മനസാണ് വേണുകുമാരന്‍ നായര്‍ എന്ന അദ്ധ്യാപകനെ വേറിട്ടു നിര്‍ത്തുന്നത്. വേണുമാഷിനെ കുറിച്ച് കൂടുതല്‍ പറയാനുണ്ട്.  അദ്ദേഹത്തിന്റെ ഭൂതകാലത്ത് നിന്ന് തുടങ്ങാം. അവിടെ നിന്ന് അറിഞ്ഞുവന്നാലേ വേണുമാഷിനെ നമുക്ക് ശരിക്ക് മനസ്സിലാകൂ.


മികച്ച അധ്യാപകര്‍ക്കുള്ള പുരസ്കാരം നേടിയ കേരളത്തില്‍ നിന്നുള്ള അധ്യാപകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ക്കൊപ്പം. പിന്‍ നിരയില്‍ ഇടതുഭാഗത്ത് നിന്ന് മൂന്നാമതായി വേണുകുമാരന്‍ നായര്‍.

തിരുവനന്തപുരത്ത് ഭരതന്നൂരിലാണ് കുടുംബം. വലിയൊരു തറവാട്. വേണുകുമാരന്‍ അടക്കം അഞ്ചുമക്കളാണ്. വലിയ തറവാടെന്നൊക്കെ പറയാമെങ്കിലും അട്ടത്ത് പൊതിക്കാതെ കിടക്കുന്നത് ദാരിദ്ര്യതേങ്ങകള്‍ മാത്രമാണ്. കുറച്ച് ഭൂമി ഉണ്ട്, അത്രമാത്രം. പട്ടിണിയെ നടതള്ളിയൊഴിപ്പിക്കാന്‍ പറയത്തക്ക മാര്‍ഗ്ഗങ്ങളൊന്നും കാണാതെ വലഞ്ഞ ആ കുടുംബത്തിലെ എല്ലാവരേയുമെന്നപോലെ വേണുകുമാരനും വിശന്ന വയറിനെ താലോലിച്ച് ജീവിതം മുന്നോട്ടുരുട്ടി. അന്ന് ഉറങ്ങാതെ നേരം വെളുപ്പിക്കുന്ന ചില ദിവസങ്ങളുണ്ട്. ഒന്ന്  ഉത്രാടരാത്രിയാണ്. പിറ്റേന്ന് എങ്ങിനെയെങ്കിലും വീട്ടില്‍ വിശപ്പുമാറാനുള്ള ആഹാരം ഉണ്ടാകും.അതുകൊണ്ട് കൊതിക്കിനാവുകള്‍ കണ്ട് ഉറങ്ങാതെ കിടക്കും. അതുപോലെയാണ് ദീപാവലിത്തലേന്നും. ദീപാവലിക്ക് അരിയും ഉഴുന്നുമരച്ച് ദോശ ഉണ്ടാക്കും. വര്‍ഷത്തില്‍ അന്നൊരു ദിവസം മാത്രമാണ് ഈ വിശിഷ്ട പലഹാരം ഞങ്ങളുടെ വീട്ടിലേക്ക് അതിഥിയായി എത്തുന്നത്. ഇക്കൊല്ലം നാവില്‍ കേറിയ രുചി അടുത്തകൊല്ലം വരെ കളയാതെ സൂക്ഷിക്കാനുള്ള വിദ്യ അന്നത്തെ കുട്ടികള്‍ക്കുണ്ടായിരുന്നു. ജീവിതം ഇത്രമേല്‍ ദുര്‍ഘടവും ദുരിതവുമായിരുന്നതുകൊണ്ടാവാം. വേണുകുമാരന്റെ കുഞ്ഞു മനസ്സില്‍ ചില മോഹങ്ങള്‍ വിത്തൊരുക്കിയത്. പണം ഉണ്ടാക്കണം. വലിയ പണക്കാരനായി തനിക്ക് ഈ കുട്ടിക്കാലത്ത് നഷ്ടപ്പെട്ടതെല്ലാം സ്വന്തമാക്കണം. പണവും പിശുക്കും വേണുകുമാരന്‍ പില്‍ക്കാലത്ത് സമ്പാദിക്കാന്‍ തുടങ്ങി. തന്റെ പണപ്പെട്ടിയില്‍ മാത്രം നോക്കിനിന്ന വേണുകുമാരന് മറ്റുള്ളവന്റെ മടിക്കുത്തിനോട് ദയയൊന്നും തോന്നിയതുമില്ല.

അന്നത്തെ ആ വേണുകുമാരന്‍ നായര്‍ തന്നെയാണോ ഇന്നത്തെ ഈ വേണുമാഷ് എന്ന് ചിലരൊക്കെ അര്‍ത്ഥംവച്ച് നോക്കുന്നതിന്റെ കാരണം ഇതൊക്കെയാണ്.

വേണുമാഷ് ഇപ്പോള്‍ ജോലിനോക്കുന്ന ഞാറനീലി കാണി യു പി സ്‌കൂളില്‍ ഭൂരിഭാഗവും ആദിവാസി ഊരുകളില്‍ നിന്നെത്തുന്ന കുട്ടികളാണ്. ഈ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മൂന്നുനേരം ഭക്ഷണവും, അവര്‍ക്കാവിശ്യമായ പഠനോപകരണങ്ങളും ഇദ്ദേഹം ഒരുക്കുന്നുണ്ട്. അതിനൊക്കെയായി തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും വേണുമാഷ് ചെലവാക്കുകയാണ്. സമ്പൂര്‍ണ്ണ വിദ്യാലയം എന്ന് വിളിക്കാവുന്ന ഞാറനീലി സ്‌കൂളിനെ ഈ നിലയില്‍ എത്തിച്ചതിന്റെ ക്രെഡിറ്റ്- വേണുമാഷ് അവകാശപ്പെടില്ല എങ്കിലും- അദ്ദേഹത്തിനാണ്. ക്ലാസ് മുറികളില്‍ പാഠഭാഗങ്ങള്‍ മുഴക്കുന്നവന്‍ എന്ന നിര്‍വചനത്തിനപ്പുറത്തേക്ക് അദ്ധ്യാപകവൃത്തിയെ കൊണ്ടെത്തിച്ച വേണുമാഷ് പക്ഷേ അദ്ധ്യാപകനാകാനായിരുന്നില്ല ആഗ്രഹിച്ചത്.

എന്റെ സഹോദരങ്ങളില്‍ പലര്‍ക്കും ടെലിഫോണ്‍ വകുപ്പില്‍ ജോലി കിട്ടിയിരുന്നു. അതിനാല്‍ തന്നെ എന്റെ ആഗ്രഹവും ആ വഴിയെ പോകാനായിരുന്നു. ജീവിതം സുരക്ഷിതമാക്കാന്‍ അതാണ് നല്ലതെന്നായിരുന്നു തോന്നല്‍. പിന്നീട് ചില ഇടപെടലുകളാണ് അദ്ധ്യാപനജോലിയിലേക്ക് തിരിക്കുന്നത്. ഒരു ജോലി; അദ്ധ്യാപനം  എനിക്കന്ന് ഒരു ജോലി മാത്രമായിരുന്നു .

പത്തൊമ്പതാമത്തെ വയസ്സിലാണ് വേണുകുമാരന്‍ നായര്‍ അദ്ധ്യാപകനാകുന്നത്. 1985 ല്‍ മലപ്പുത്തെ ഇടപ്പലം എ എം എല്‍ പി എസ്സില്‍ ആയിരുന്നു ആദ്യനിയമനം. മലപ്പുറം വേണുമാഷിനെ സംബന്ധിച്ച് മറ്റൊരു രാജ്യമായിരുന്നു. തിരുവനന്തപുരത്തുകാരന്റെ ഭാഷയല്ല, മലപ്പുറത്തുകാര്‍ക്ക്. അവര്‍ പറയുന്നതെന്താണെന്ന് വേണുമാഷിനോ, മാഷ് പറയുന്നതിന്റെ അര്‍ത്ഥം എന്താണെന്ന് അവിടുത്തുകാര്‍ക്കും തിട്ടംപോരാത്ത അവസ്ഥ. ഒന്നാം ക്ലാസിലെ കുട്ടികളെയാണ് പഠിപ്പിക്കേണ്ടത്. കുട്ടികള്‍ക്കും മാഷിനും ഇടയില്‍ തടസ്സം പിടിക്കാന്‍ പലപ്പോഴും ഭാഷാശൈലി കടന്നുവരുമായിരുന്നു. മലപ്പുറംകാരുടെ മനസ്സ് വലിയൊരു ബിരിയാണി ചെമ്പുപോലെയാണ്. അതിനകത്ത് വേവുന്നത് രുചിയുള്ള സ്‌നേഹമാണ്. മാഷിന്റെ ഈ ബുദ്ധിമുട്ട് തീര്‍ക്കാന്‍  സഹാദ്ധ്യാപകര്‍ സഹായിച്ചു. കുറച്ച് നാള്‍കൊണ്ട് മാഷ് അവിടെയൊരു പൊതുശൈലി ഉണ്ടാക്കിയെടുത്തു- സ്‌നഹത്തിന്റെ ശൈലി. ഞാനവിടെ ചെല്ലുമ്പോള്‍ 50 ഓളം കുട്ടികള്‍ മാത്രമാണ് സ്‌കൂളില്‍. തിരികെ പോരുമ്പോള്‍ ആ കണക്ക് നൂറ്റമ്പതിനും മുകളിലായി- വേണുമാഷ് ഓര്‍ക്കുന്നു. അതിനായി വേണുമാഷ് എത്രമാത്രം പ്രവര്‍ത്തിച്ചു എന്നു അദ്ദേഹം പറഞ്ഞില്ല. ഒന്നു പറഞ്ഞു. ട്രാന്‍സ്ഫര്‍ വന്നപ്പോള്‍ അദ്ധ്യാപകരും നാട്ടുകാരുമൊക്കെ എന്നെ വന്നു കണ്ടു. മാഷ് പോകരുത്. ഞങ്ങള്‍ പിരിവെടുത്ത് മാഷിന് ഇവിടെ പത്തുസെന്റ് മണ്ണ് വാങ്ങിത്തരാം. മാഷിവിടെ ജീവിക്കണം, ഈ സ്‌കൂളില്‍ പഠിപ്പിക്കണം. സ്‌നേഹം കൊണ്ട് ഒരാളെ കീഴ്‌പ്പെടുത്താന്‍ അവിടുത്തുകാര്‍ക്ക് വല്ലാത്തൊരു കഴിവാണെന്ന് മാഷ് വിശ്വസിക്കുന്നു. എന്നാലും വേണുമാഷ് മലപ്പുറത്തോട് യാത്ര പറഞ്ഞു.

മലപ്പുറത്ത് നിന്നെത്തുന്നത്  പേരയം ഗവണ്‍മെന്റ് യു പി എസ്സില്‍ അണ്. അവിടെ നിന്ന് ബീമാപ്പള്ളി ഗവണ്‍മെന്റ് യു പിഎസ്സില്‍. 91 ല്‍ ആണ് ആദ്യമായി ഞാറനീലിയിലെത്തുന്നത്. റിമോട്ട് ഏരിയായിലുള്ള സ്‌കൂളാണെങ്കിലും വീട്ടില്‍ നിന്ന് പതിനാല് കിലോമീറ്ററേയുള്ളൂ. അതൊരു സൗകര്യമാണല്ലോ. യൂസഫ് കുഞ്ഞ് മാഷാണ് ഹെഡ്മാസ്റ്റര്‍. മോഹനന്‍ മാഷ്, അനിത കുമാരി ടീച്ചര്‍, സുധര്‍മണി ടീച്ചര്‍, അമ്പിളി ടീച്ചര്‍, ഗിരിജ ടീച്ചര്‍ തുടങ്ങിയവരാണ് മറ്റ് അദ്ധ്യാപകര്‍. ഇവരെല്ലാം ചെറുപ്പക്കാര്‍. നല്ലൊരു ടീം തന്നെയായിരുന്നു ഞങ്ങള്‍. സഹൃദയനും മനുഷ്യസ്‌നേഹിയുമായ പ്രഥമാദ്ധ്യാപകനായി യൂസഫ് കുഞ്ഞ് മാഷും. ആ സ്‌കൂളില്‍ കൂടുതലും ആദിവാസി കുട്ടികളാണെന്നും ഇവിടെ ആദിവാസി ഊരുകളുണ്ടെന്നുമൊക്കെ മനസ്സിലാക്കുന്നത് അവിടെയെത്തിയശേഷമാണ്. ആദിവാസികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും പഠിക്കാനും ശ്രമിച്ചു. അവരുടെ ദുരിതം, മറ്റുള്ളവര്‍ നടത്തുന്ന ചൂഷണം എന്നിവയെല്ലാം കണ്ടറിഞ്ഞു. അവര്‍ക്കായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് തോന്നി. ചിലതൊക്കെ തുടങ്ങിവയ്ക്കുകയും ചെയ്തു.

അതിനിടയില്‍ ട്രാന്‍സ്ഫര്‍ വന്നു പാലോട് ഗവ.എല്‍ പി എസ്സിലേക്ക്. ഒരു വര്‍ഷം അവിടാരുന്നു. പിന്നെ ഡപ്യൂട്ടേഷനില്‍ ഡിപിഇപിയിലേക്ക്. ഈ സമയത്തൊക്കെ ഞാറനീലി സ്‌കൂളും ആ കുട്ടികളും എന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. അഞ്ചുവര്‍ഷം നീണ്ടുനിന്നു ഡപ്യൂട്ടേഷന്‍. 2011 ജൂണില്‍ വീണ്ടും ഞാറനീലിയിലേക്ക്. ഒരു നിയോഗം എന്ന പോലെ. 

പാഠപുസ്തകങ്ങള്‍ അദ്ധ്യാപകന്റെ കൈയിലെ ഒരു ടൂള്‍ മാത്രമാണ്. അതുമാത്രം ഉപയോഗിച്ചാല്‍ അയാള്‍ ഒരു കൂലിക്കാരന്‍ മാത്രമെ ആകുന്നുള്ളു. സിലബസുകള്‍ ടൈംടേബിള്‍ അനുസരിച്ച് തന്റെ മുന്നിലിരിക്കുന്ന കുട്ടികളുടെ തലച്ചോറിലേക്ക് കുത്തിനിറയ്ക്കുന്നവന് അധ്യാപകന്‍ എന്ന വാക്കിന്റെ പൂര്‍ണ്ണാര്‍ത്ഥത്തിന് അവകാശമില്ല. വേണുമാഷും കുട്ടികളും തമ്മില്‍ പാഠപുസ്തക ബന്ധമല്ലായിരുന്നു. മാഷ് അവര്‍ക്ക് സുഹൃത്തായിരുന്നു, രക്ഷകര്‍ത്താവായിരുന്നു,അദ്ധ്യാപകനുമായിരുന്നു. ഒരു കുഞ്ഞുനാവിന്റെ പിറുപിറുക്കലിനുപോലും അദ്ദേഹം ചെവികൊടുത്തു. മാഷ് വാത്സല്യത്തിന്റെ വടി ഉപയോഗിച്ചിരുന്നതുകൊണ്ട് കുട്ടികള്‍ അതിന്റെ ചൂടറിയാനായി മത്സരിച്ചു. ഞാറനീലി സ്‌കൂളില്‍ എനിക്ക് ചെയ്യാനൊരുപാടുണ്ടായിരുന്നു. പണ്ടേ മനസ്സില്‍ കണക്കുക്കൂട്ടിയിട്ടതും പിന്നീട് കണ്ടെത്തിയതുമായ കാര്യങ്ങള്‍.

തന്റെ ക്ലാസിലെ ഒരു കുട്ടി ക്ലാസില്‍ വരാതായിട്ട് കുറച്ച് ദിവസങ്ങളായെന്ന് ഒരു ദിവസം ക്ലാസ് ടീച്ചര്‍ വന്ന് വേണുമാഷിനോട് പറഞ്ഞു. മൂന്ന് ദിവസം വന്നില്ലെങ്കില്‍ പ്രധാനാദ്ധ്യാപകനെ വിവരം ധരിപ്പിക്കണമെന്നുണ്ട്. അഞ്ച് ദിവസം വരാതിരുന്നാല്‍ ആ കുട്ടിയെ വീട്ടില്‍ പോയി കാണും. അഞ്ച് ദിവസം കഴിഞ്ഞിട്ടും ഈ കുട്ടിയെ കാണാതിരുന്നപ്പോള്‍ വേണുമാഷ് അവളെ തേടിയിറങ്ങി. ആദിവാസി ഊരിലെ കൃഷ്ണന്‍ കാണിയുടെ മകളാണ് ആ കുട്ടി.

ഞാന്‍ ചെന്നു കാണുന്നത് കൃഷ്ണന്‍ കാണിയെയാണ്. മരണത്തിന്റെ ചീട്ട് കുറിച്ചുകൊടുത്ത ഒരു ക്യാന്‍സര്‍ രോഗി. ദയനീയത എന്ന വാക്കിന് എത്രത്തോളം ആഴമുണ്ടോ കൃഷ്ണന്‍ കാണി ആ ആഴത്തിന്റെ അടിപ്പരപ്പിലാണ് കിടന്നിരുന്നത്. അയാളുടെ ഭാര്യ ഒരു പാത്രത്തില്‍ നിന്ന് കഞ്ഞി പകര്‍ന്ന് കൊടുക്കാന്‍ ശ്രമിക്കുകയാണ്. അയാള്‍ അത് കുടിക്കാന്‍ കൂട്ടാക്കാതെ തലയിട്ട് തിരിക്കുന്നു. ഞാനാ കഞ്ഞിപാത്രത്തിലേക്ക് നോക്കി. ആദിവാസികള്‍ക്കുള്ള സര്‍ക്കാര്‍ സഹായം. ഒരു രൂപയ്ക്ക് കിട്ടുന്ന അരി. മരണത്തിന്റെ രുചി തൊട്ടറിയുന്ന നാവിനുപോലും ആ കഞ്ഞിയോട് വിദ്വേഷം തോന്നുന്നു. എനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എന്റെ ഹൃദയം വേദനകൊണ്ട് നുറുങ്ങി.

തിരുവനന്തപുരം ആര്‍സിസി. മരണം വേദനകൊണ്ട് ജീവിതത്തെ വേട്ടയാടുന്നയിടം. ആദിവാസിക്കുടിയില്‍ നിന്ന് മാഷിന്റെ മനസ്സ് ഞൊടിയിടകൊണ്ട് ഓടിയെത്തിയത് അവിടേക്കാണ്. മാഷിന്റെ ഭാര്യ അവിടെയുണ്ട്. ഒരു ക്യാന്‍സര്‍ രോഗിക്ക് കിട്ടേണ്ട ചികിത്സകളെല്ലാം അവള്‍ക്ക് ഏര്‍പ്പെടുത്താന്‍ ഞാന്‍ ഓരോ നിമിഷവും തയ്യാറായിരുന്നു. രക്തത്തിലെ കൗണ്ട് നിലനിര്‍ത്താനായി ആവശ്യമായ പഴവര്‍ഗ്ഗങ്ങളടക്കം ഞാന്‍ കൃത്യസമയത്ത് എത്തിച്ചിരുന്നു. മരണത്തിനു വിട്ടുകൊടുക്കാതെ എന്റെ ഭാര്യയെ, കുട്ടികള്‍ക്ക് അവരുടെ അമ്മയെ; തിരികെ വേണമായിരുന്നു. അതിനുവേണ്ടി ഞാന്‍ ചെയ്യേണ്ടതെല്ലാം ചെയ്തുകൊണ്ടിരുന്നു. എന്റെ കൈയില്‍ പണവുമുണ്ടായിരുന്നു. എന്നാല്‍ ഇവിടെ അതേ ദുരിതം അനുഭവിക്കുന്ന ഒരു മനുഷ്യന്‍, നടന്നുതീര്‍ക്കാന്‍ അധികദൂരമില്ല എന്നിട്ടും രുചിയോടെ ഒരിറ്റു വറ്റിറക്കാന്‍പോലും ഗതിയില്ലാതെ…

സ്‌കൂളില്‍ തിരിച്ചെത്തിയ മാഷ് ഉടനടി ചെയ്തത് തന്റെ കുട്ടികളോട് അവരുടെ സമീപത്ത് എത്രപേര്‍ ഈ രോഗംമൂലം കഷ്ടപ്പെടുന്നുണ്ടെന്ന് തിരക്കി വരാനായിരുന്നു. എതാണ്ട് പതിനഞ്ചോളംപേര്‍ ഉണ്ടെന്ന് കുട്ടികളില്‍ നിന്ന് മനസ്സിലായി. ഞെട്ടിക്കുന്നതായിരുന്നു ആ കണക്ക്. ജീവിക്കാന്‍പോലും ഗതിയില്ലാത്തവര്‍, അവരോടാണ് വിധിയുടെ ക്രൂരത. കളയാന്‍ സമയമില്ലായിരുന്നു. ഓരോ വീടുകളിലേക്കും മാഷ് ചെന്നെത്തി. ആവശ്യമായ സഹായങ്ങള്‍ ചെയ്തു. പാലിയം ഇന്ത്യയുമായും പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സെന്ററുകളുമായൊക്കെ സഹകരിച്ച് ആവശ്യമായ ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ആരോഗ്യസംരക്ഷണത്തെക്കുറിച്ചും ശുചിത്വബോധത്തെക്കുറിച്ചും ആദിവാസി ഊരുകളില്‍ കയറിയിറങ്ങി ബോധവത്കരണം നടത്തി. അതിനെല്ലാം പുറമെ ഞാറനീലി സ്‌കൂളില്‍ 2012 ഒക്ടോബര്‍ മുതല്‍ ക്യാന്‍സര്‍ കൂട്ടായ്മ തുടങ്ങി. മാസത്തിലെ അവസാന ശനിയാഴ്ച്ച പ്രദേശവാസികളായ ക്യാന്‍സര്‍ രോഗികളും അവരുടെ സഹായികളും (ബൈ സ്റ്റാന്‍ഡേഴ്‌സ്) കുട്ടികളുമെല്ലാമടങ്ങുന്ന ഒരു കൂട്ടായ്മ. എല്ലാവരും അവരവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും. ചിലര്‍ കരയും ചിലര്‍ ആശ്വാസം കൊള്ളും. കുട്ടികള്‍ പാട്ടുപാടും, മാഷമ്മാര്‍ കഥകള്‍ പറയും. ഒടുവില്‍ പിരിയുമ്പോള്‍ അരി, ഓട്‌സ്,ഹോര്‍ലിക്‌സ്, ആപ്പിള്‍, മാതളം തുടങ്ങിയ പഴങ്ങള്‍ എന്നിവയെല്ലാം ഈ കൂട്ടായ്മയില്‍ പങ്കെടുക്കുന്നവര്‍ക്ക് വിതരണം ചെയ്യും.സുമനസ്സുകളുടെ സഹായം കൊണ്ടാണ് ഇതൊക്കെ നടപ്പിലാക്കാന്‍ കഴിയുന്നതെന്നാണ് വേണുമാഷ് പറയുന്നത്. തന്റെ പങ്കിനെപ്പറ്റി പറയുന്നതില്‍ അര്‍ത്ഥമില്ല, ഞാനെന്റെ കടമ നിര്‍വഹിക്കുന്നു. കുട്ടികളുടെ പങ്കാളിത്തവും ഞാനിതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 30 പേരടങ്ങുന്ന ഒരു ഗ്രൂപ്പുണ്ട്. അവരാണ് ഈ കൂട്ടായ്മയുടെ കാര്യങ്ങള്‍ നോക്കുന്നത്. രോഗികളെ പാട്ടുപാടിയും കഥകള്‍ പറഞ്ഞും അവര്‍ സന്തോഷിപ്പിക്കും. എല്ലാവരുടെയും വീടുകളില്‍ പോകും. ആവശ്യമായ ഉപകാരങ്ങള്‍ ചെയ്തുകൊടുക്കും. ഈ കുട്ടികളുടെ മനസ്സില്‍ ഞാനെറിഞ്ഞത് മനുഷ്യത്വത്തിന്റെ വിത്തുകളായിരുന്നു. അത്ഭുതപ്പെടുത്തുന്നന വേഗത്തിലാണ് അവ വളര്‍ന്ന് പന്തലിക്കുന്നത്.

വേണുമാഷൊരു പിശുക്കനായിരുന്നു എന്നു പറഞ്ഞല്ലോ, ആ മനുഷ്യന്‍ തന്നെയാണ് മടിശീലനോക്കാതെ ഇപ്പോള്‍ മറ്റുള്ളവര്‍ക്കായി തന്റെ സമ്പാദ്യം ചെലവഴിക്കുന്നത്. മാഷിനെ ഇതിനൊക്കെ പ്രേരിപ്പിച്ചത് ജീവിതത്തില്‍ സംഭവിച്ച വലിയൊരു നഷ്ടമാണ്.

അറുപത് ലക്ഷത്തോളം ചെലവാക്കിയിട്ടും എന്റെ ഭാര്യയുടെ ജീവന്‍ തിരികെപിടിക്കാന്‍ കഴിയാതെപോയവനാണ് ഞാന്‍. കൈയിലുള്ള കാശുകൊണ്ട് മനുഷ്യന് എല്ലാം നേടാമെന്നുള്ള വ്യാമോഹം അവിടെ ഞാനുപേക്ഷിച്ചു. ആര്‍സിസിയിലെ ദിനങ്ങളില്‍ പണ്ട് മലപ്പുറത്തുണ്ടായിരുന്ന സമയത്ത് പരിചയമുള്ള ഒരു വ്യക്തിയെക്കൂടി കാണേണ്ടിവന്നു. അന്നാട്ടിലെ വലിയൊരു കോടീശ്വരന്‍. മരണം ഏതാണ്ട് അടുത്തെത്തി നില്‍ക്കുകയാണ്.  അദ്ദേഹവുമായി സംസാരിച്ചു പിരിയാന്‍ നേരം ആ മനുഷ്യന്‍ എന്റെ കൈക്കൂട്ടിപ്പിടിച്ച് ഒരു യാചന നടത്തി- മാഷേ, ഡോക്ടര്‍മാര്‍ക്ക് അവര്‍ ചോദിക്കുന്ന കോടികള്‍ ഞാന്‍ കൊടിക്കാം, എന്റെ ജീവന്‍ തിരിച്ചുതരാന്‍ അവരോട് പറയണം… മനുഷ്യന്‍ എത്ര നിസ്സഹായനാണെന്ന്  മനസ്സിലായ മറ്റൊരു നിമിഷം.

വാടിവീഴുന്ന ആദിവാസിക്കുരുന്നുകളെക്കുറിച്ച് മാഷ് മനസ്സിലാക്കുന്നത് മറ്റൊരു അവസരത്തിലാണ്. സ്‌കൂള്‍ അസംബ്ലി നടക്കുന്നത് പ്രത്യേകമൊരു ഷെഡിലാണ്. കുട്ടികള്‍ വെയിലത്ത് നില്‍ക്കാതിരിക്കാനാണ് അത്തരമൊരു സംവിധാനമൊരുക്കിയത്. എന്നിട്ടും ചില കുട്ടികള്‍ അസംബ്ലി സമയത്ത് തലചുറ്റി വീഴുന്നു. അതൊരു പതിവായതോടെ ചില സംശയങ്ങള്‍ തോന്നിത്തുടങ്ങി. ഈ സംഭവം ആവര്‍ത്തിച്ച് ഒരുദിനം. മെഡിക്കല്‍ റൂമിലേക്ക് മാറ്റിയ കുട്ടികള്‍ക്ക് ചായയും ബിസ്‌കറ്റുമൊക്കെ കൊടുത്തശേഷം അവരോട് രാവിലെ എന്ത് കഴിച്ചെന്നു ചോദിച്ചു. അവരൊന്നും കഴിച്ചിരുന്നില്ല, തലേദിവസവും ഒന്നും കഴിച്ചിരുന്നില്ല. വിശന്നു തളര്‍ന്നായിരുന്നു ആ കുട്ടികള്‍ തലചുറ്റി വീണിരുന്നതെന്ന സത്യം എനിക്കേറ്റ ഷോക്കായിരുന്നു. ഇവരുടെയൊക്കെ വീട്ടിലെ സ്ഥിതി മനസ്സിലാവുന്നതാണ്. അവര്‍ക്ക് സ്‌കൂളില്‍ നിന്ന് തന്നെ പ്രഭാതഭക്ഷണം കൊടുക്കാനുള്ള വഴി കണ്ടെത്തണം. ആ ചുമതല ഞാന്‍ തന്നെ ഏറ്റെടുത്തു. എന്നാലും ഒറ്റയ്ക്ക് മുമ്പോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടി. ആരുടെയും സഹായം കിട്ടുന്നുമില്ല. ഈ സമയത്താണ് തിരുവനന്തപുരം നഗരത്തിലെ മുറിഞ്ഞപാലത്തെ ജി.ജി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡോ. വേലായുധനെക്കുറിച്ചും അദ്ദേഹം ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നത്. ഡോക്ടറുമായി സംസാരിച്ചു. ഒരു കുട്ടിക്ക് ഒന്നര രൂപ വച്ച് മുടക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. വലിയൊരാശ്വാസമായിരുന്നു. അങ്ങിനെ രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം കുട്ടികള്‍ക്ക് ഉറപ്പാക്കി. വൈകുന്നേരവും എന്തെങ്കിലും ഇവര്‍ക്ക് കൊടുക്കണം എന്നതായി അടുത്ത ആലോചന. അതിനുമൊരു വഴി കാണണമല്ലോ? ആയിടയ്ക്കാണ്  വലിയ മല എല്‍പിയില്‍ ഐസ്ആര്‍ഒയില്‍ നിന്ന് ചില ശാസ്ത്രജ്ഞര്‍ വരുന്നത്. അവര്‍ ഞങ്ങളുടെ സ്‌കൂളിനെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടെയുമെത്തി. എന്തെങ്കിലുമൊക്കെ ഇവിടെയും ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് വൈകുന്നേരം ആഹാരം കൊടുക്കാനുള്ള ആഗ്രഹം ഞാന്‍ അവതരിപ്പിച്ചു. മാസം നാലായിരം രൂപ ഇതിനായി തരാമെന്നു അവര്‍ സമ്മതിച്ചതോടെ ഞാന്‍ ഹാപ്പിയായി. അതോടെ മൂന്നുനേരം ഭക്ഷണം എന്റെ കുട്ടികള്‍ക്ക് ഉറപ്പായി. പ്രഭാത ഭക്ഷണം, ഇഡ്ഡലിയോ ദോശയോ അങ്ങിനെ രണ്ടുകൂട്ടം കാണും. കുട്ടികള്‍ക്ക് ഇഷ്ടമുള്ളത് വിളമ്പി കഴിക്കാം. ഉച്ചയ്ക്ക് ഊണ്. സായാഹ്നഭക്ഷണത്തിന് രാവിലെ ഉണ്ടാക്കി പ്രത്യേകം മാറ്റി വയ്ക്കുന്ന ഭക്ഷണം വിളമ്പും. അവിടെയിരുന്നു കഴിക്കുകയോ, വീട്ടില്‍ കൊണ്ടുപോവുകയോ ചെയ്യാം.പട്ടിണികിടക്കുന്ന അച്ഛനമ്മാമാര്‍ക്കും കുട്ടികള്‍ ഒരുപങ്ക് കൊണ്ടുപോയി കൊടുക്കും. അങ്ങിനെ വിശന്നിരിക്കുന്ന കുട്ടികള്‍ ഞങ്ങളുടെ സ്‌കൂളിന് അന്യരായി.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ അഥവാ ചിരിച്ചു ചിരിച്ചു മരണം
ഒരു സര്‍ക്കാര്‍ സ്കൂളിന്റെ (ജി വി രാജയെ തോല്‍പ്പിച്ച) കഥ
ഞങ്ങളുടെ ചങ്ങാതി മാഷ്
മലാപ്പറമ്പ സ്കൂള്‍ ഇന്ന് തുറക്കുകയാണ്; വീണ്ടും
സ്‌കൂളു പൊളിക്കുന്ന സര്‍ക്കാര്‍

ഭക്ഷണം മാത്രം പോര, പഠാനാവിശ്യങ്ങളിലും ഇവര്‍ക്കും സഹായം വേണം. അവിടെയുള്ള കുട്ടികള്‍ക്ക് ഇന്‍സ്ട്രുമെന്റ് ബോക്‌സ് എന്താണെന്നുപോലും അറിയില്ലായിരുന്നു. അവര്‍ക്കാവിശ്യമായ പഠനോപകരണങ്ങള്‍ ലഭ്യമാക്കാനായി സഹായഹസ്തം പദ്ധതി ആവിഷ്‌കരിച്ചു. നല്ലവരായ മനുഷ്യര്‍ അതിനെന്നെ സഹായിച്ചു.  ബോംബെയിലുള്ള ഒരു ഹരിഹരയ്യര്‍ എല്ലാകുട്ടികള്‍ക്കും ഇന്‍സ്ട്രുമെന്റ് ബോക്‌സ് വാങ്ങിനല്‍കി. പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നല്ല ഭക്ഷണവും കിട്ടിയതോടെ കുട്ടികള്‍ മിടുക്കരായി പഠിക്കാന്‍ തുടങ്ങി. പഠനത്തില്‍ മാത്രമല്ല, മറ്റ് ആക്ടിവിറ്റീസിലും അവര്‍ വ്യാപൃതരായി. തങ്ങള്‍ക്ക് നല്ലൊരു ഭാവി ഉണ്ടാവണമെന്ന ആഗ്രഹം എല്ലാവരിലും ഉണ്ടായിട്ടുണ്ട്.

സ്‌കൂളില്‍ പഠനനിലവാരത്തില്‍ തീര്‍ത്തും മോശമായവരും ശരാശരിക്ക് താഴെ നില്‍ക്കുന്നതമായ കുട്ടികളുണ്ട്. പല സര്‍ക്കാര്‍ സ്‌കൂളുകളിലെയുംപോലെ അവരെ അവഗണിക്കാനല്ല, മറിച്ച് അവരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് വേണുമാഷ് പരിശ്രമിച്ചത്. 70 ഓളം കുട്ടികളാണ് പഠനനിലവാരത്തില്‍ താഴെ നില്‍ക്കുന്നതെന്ന് മനസ്സിലാക്കിയ മാഷ് അവരെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചു. 30 പേര്‍ തീര്‍ത്തും മോശമായവരും ബാക്കി എന്തെങ്കിലുമൊക്കെ അറിയാവുന്നവരും. ഇവര്‍ക്ക് രാവിലെയും വൈകുന്നേരവും സ്‌കൂള്‍ ടൈമിന് മുമ്പും ശേഷവും പ്രത്യേകം ക്ലാസുകള്‍ നടത്തി. അതിലൂടെ അവരുടെ പഠനനിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇപ്പോഴും ഇത്തരം പ്രത്യേക ക്ലാസുകള്‍ നടത്തുന്നുണ്ട്.

വേണുകുമാരന്‍ മാഷ് സ്‌കൂളില്‍ നടപ്പാക്കിയ മറ്റു ചില കാര്യങ്ങളാണ് ശുചിത്വ പോലീസ്, പുസ്തക പോലീസ്, നാട്ടുവൈദ്യം, സുരക്ഷാപദ്ധതി,നാട്ടറിവ് കലാകേന്ദ്രം എന്നിവ. കുട്ടികളില ശുചിത്വം ഉറപ്പുവരുത്താനായാണ് ശുചിത്വ പോലീസ്. കുട്ടികള്‍ തന്നെയാണ് ഈ പോലീസിലുള്ളവര്‍. കുളിക്കാതെയും നഖം വെട്ടാതെയുമൊക്കെ വരുന്നവരെ അപ്പോള്‍ തന്നെ പോലീസ് പൊക്കും. നേരം മാഷിന്റെ മുന്നില്‍ ഹാജരാക്കും. മറ്റൊരു പോലീസ് ഫോഴ്‌സാണ് പുസ്തകപ്പോലീസ്. പാഠപുസ്തകളും നോട്ടുബുക്കുകളും വൃത്തിയായി സൂക്ഷിക്കാത്തവരെയാണ് ഇവര്‍ കുടുക്കുന്നത്. വന്നുവന്ന് ഈ രണ്ടുപോലീസ് ഗ്രൂപ്പുകാര്‍ക്കും ഇപ്പോള്‍ പറയത്തക്ക പണിയൊന്നും ഇല്ലാതായിട്ടുണ്ട്.

വേണുമാഷിന്റെ നേതൃത്വത്തില്‍ നടത്തുന്ന മറ്റൊരു വലിയൊരു പ്രവര്‍ത്തനമാണ് അന്യം നിന്ന് പോകുന്ന ആദിവാസി കലകളെ സംരക്ഷിക്കാനുള്ള നീക്കം. ഒരു തലമുറയുടെ അവസാനത്തോടെ പല കലാരൂപങ്ങളും വേരറ്റുപോകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ആദിവാസികളുടെ തനത് കലകള്‍ അവരുടെ തന്നെ പുതുതലമുറയ്ക്ക് അന്യമാണ്. അവ ഈ കുട്ടികളിലൂടെ ഏറ്റെടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഇവിടെ കാണി സമുദായക്കരാണ് കൂടുതല്‍. അവരുടെ ചാറ്റുപാട്ടും മലമ്പാട്ടുമെല്ലാം പണ്ട് പ്രസിദ്ധമായിരുന്നു. രാമന്‍ കാണിയുടെ നേതൃത്വത്തില്‍ സ്‌കൂളിലെ കുട്ടികളുടെ ഒരു ഗ്രൂപ്പിനെ ചാറ്റുപാട്ട് പഠിപ്പിക്കുന്നുണ്ട്. മലമ്പാട്ട് ഏതാണ്ട് അന്യം നിന്നെന്നു പറയാം. 2004ല്‍ ഫോക്ലോര്‍ അവാര്‍ഡ് നേടിയ മാതി മുത്തിയായിരുന്നു മലമ്പാട്ടിന്റെ അവസാന കണ്ണി. അവരുടെ മരണത്തോടെ അതിനൊരു പിന്‍ഗാമി ഇല്ലാതായി. കുറച്ചൊക്കെ പഠിച്ചെടുക്കാന്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കേരള ഫോക് ലോര്‍ അക്കാദമി അംഗീകരിച്ച സ്‌കൂളുകളില്‍ ഒന്നാണ് ഞാറനീലി കാണി യു പി സ്‌കൂള്‍.

ഈ സ്‌കൂളില്‍ അലോപ്പതി ഗേറ്റിനു പുറത്താണ്. ആയുര്‍വേദമാണ് പഥ്യം. നാട്ടുവൈദ്യം പദ്ധതിയിലൂടെ മാഷ് പ്രചരിപ്പിക്കുന്നതും ആയുര്‍വേദത്തിന്റെ സാധ്യതകളാണ്. അഗസ്ത്യാതി ലേഹ്യം, എണ്ണം, തൈലം എന്നിവയാണ് കുട്ടികള്‍ക്ക് കൊടുക്കുന്നത്. ആദിവാസികള്‍ ഉപയോഗിച്ചിരുന്ന പച്ചമരുന്നുകളെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം. സ്‌കൂള്‍ മുറ്റത്ത് തന്നെ വിവിധയിനം പച്ചമരുന്ന് ചെടികളും വൃക്ഷങ്ങളും ഇവര്‍ നട്ടുപരിപാലിക്കുന്നുണ്ട്. നാടന്‍ വൈദ്യത്തിന്റെ പ്രചരണത്തിനായി 40 കുട്ടികളടങ്ങുന്ന ഒരു ഗ്രൂപ്പുണ്ട്. ഇവര്‍ക്ക് ആവശ്യമായ അറിവുകള്‍ പകരാന്‍ അപ്പുക്കുട്ടന്‍ കാണിയെപ്പോലെ മുഖ്യവൈദ്യന്‍മാരുടെ സഹായവുമുണ്ട്.

സുരക്ഷാപദ്ധതിയാണ് മാഷിന്റെ മറ്റൊരു നേട്ടം.  പാലോട് ജനമൈത്രി പോലീസുമായി ചേര്‍ന്നാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ പദ്ധതി നടത്തിപ്പിനായി പത്തോളം ആദിവാസി ഊരുകളെ കാട്ടിലക്കുഴി, ഇലഞ്ചിയം, ചെമ്പിക്കുന്ന് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചു. അവിടെ ഓരോ കമ്മിറ്റികള്‍ രൂപീകരിച്ചു. പിടിഎയിലെ ഒരു വനിതാ അംഗം, സാമൂഹ്യപ്രവര്‍ത്തകര്‍, കുട്ടികള്‍ എന്നിവരടങ്ങുന്നതാണ് ഓരോ കമ്മിറ്റിയും. പരാതിക്കാര്‍ക്കെല്ലാം ഇവരോട് നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിക്കാം. അതല്ലെങ്കില്‍ ഓരോയിടത്തും സ്ഥാപിച്ചിരിക്കുന്ന പരാതി പെട്ടിയില്‍ പരാതിയെഴുതി നിക്ഷേപിക്കാം. കമ്മിറ്റികള്‍ക്ക് തീര്‍പ്പാക്കാവുന്ന പ്രശ്‌നങ്ങള്‍ അവര്‍ തീര്‍ക്കും. അല്ലാത്തവ വേണുമാഷിന്റെ മുന്നിലെത്തും. മാഷിനെക്കൊണ്ടും പരിഹരിക്കാനാവാത്തവ പോലീസിന് മുന്നിലെത്തും.

വേണുമാഷിനെക്കുറിച്ചും ഞാറനീലി സ്‌കൂളിനെക്കുറിച്ചും പറയാനാണെങ്കില്‍ ഇനിയുമുണ്ട് ഏറെ. ഇതെല്ലാം കൂടികേള്‍ക്കുമ്പോള്‍ സ്വാഭാവികമായി തോന്നുന്നൊരു സംശയമുണ്ട്- ഈ ഓട്ടമെല്ലം വേണുമാഷ് എങ്ങിനെ ഓടിയെത്തുന്നു?

രണ്ട് പെണ്‍കുട്ടികളാണ് എനിക്ക്; മൂത്തവള്‍ അടൂരില്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുകയാണ്, അഭിരാമി വി എസ്. ഇളയവള്‍ അഗ്രജ വി എസ്; തിരുവനന്തപുരം ജവഹര്‍ നവോദായില്‍ പ്ലസ് ടുവിന് പഠിക്കുന്നു. ഇരുവരും ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. അവധി കിട്ടുമ്പോഴൊക്കെ വീട്ടില്‍ വരും. ഞാന്‍ തറവാടിനോട് ചേര്‍ന്ന് തന്നെയാണ് താമസിക്കുന്നത്. രാവിലെ എഴ് മണിക്ക് വീട്ടില്‍ നിന്നിറങ്ങും, രാത്രി ഏതാണ്ട് ഇതേ സമയമാകും സ്‌കൂളില്‍ നിന്ന് ഇറങ്ങാനും. ഈ സ്‌കൂളും അവിടുത്തെ കുട്ടികളും അവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യാമെന്നുമുള്ള ചിന്തകളുമാണ് എന്റെ മനസ്സില്‍. നാളെ ചെയ്യേണ്ട കാര്യങ്ങളുടെ ഒരു സ്‌കെച്ച് തയ്യാറാക്കിയിട്ടാണ് എല്ലാദിവസവും ഞാന്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങുന്നത്. പണവും അതുകൊണ്ട് നേടുന്ന ആര്‍ഭാടങ്ങളുമല്ല ജീവിതമെന്ന് ഞാന്‍ പഠിച്ചു. ആ പാഠമാണ് എന്റെ കുട്ടികള്‍ക്കും പകര്‍ന്നുകൊടുക്കുന്നത്. ഒരു കുട്ടി എന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം; അതാണ് എന്‍റെ അധ്യാപക ജീവിതത്തിന് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍