UPDATES

മുംബയ് ട്രെയിന്‍ സ്‌ഫോടനം: 12 പേര്‍ കുറ്റക്കാര്‍

അഴിമുഖം പ്രതിനിധി

2006 ജൂലൈ 11-ന് മുംബയില്‍ ട്രെയിനുകളില്‍ നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ 12 പേരെ കോടതി കുറ്റക്കാരാണെന്ന് വിധിച്ചു. ഒരാളെ വിട്ടയച്ചു. ശിക്ഷ തിങ്കളാഴ്ച വിധിക്കും. മുംബൈ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. മുംബയിലെ ലോക്കല്‍ ട്രെയിനുകളിലുണ്ടായ സ്‌ഫോടനത്തില്‍ 189 പേരാണ് കൊല്ലപ്പെട്ടത്. 800 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം നടന്ന് ഒമ്പത് വര്‍ഷത്തിനുശേഷമാണ് വിധി പ്രഖ്യാപിച്ചത്. മുംബയുടെ ജീവനാഡിയായ സബ്അര്‍ബന്‍ റെയില്‍വേയിലെ വെസ്റ്റേണ്‍ ലൈനിലാണ് പ്രഷര്‍കുക്കര്‍ ബോംബുകള്‍ സ്ഥാപിച്ചിരുന്നത്. ഏഴ് ബോംബുകളാണ് പൊട്ടിയത്. ജോലി കഴിഞ്ഞ് ലക്ഷക്കണക്കിനുപേര്‍ വീട്ടുകളിലേക്ക് പോകുന്ന വൈകുന്നേരമാണ് സ്‌ഫോടനം ഉണ്ടായത്. സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് (സിമി) എന്ന നിരോധിത സംഘടനയുടെ പ്രവര്‍ത്തകരായ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുംബയ് പൊലീസ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് മാറ്റിയ രാകേഷ് മരിയ ആണ് ഈ കേസ് അന്വേഷിച്ചത്. സ്‌ഫോടനത്തിന്റെ ആസൂത്രകര്‍ അടക്കം 15 പേരെ ഇനിയും പിടികിട്ടാനുണ്ട്. പാക് സ്വദേശികളും ലഷ്‌കര്‍ ഇ തയ്ബ പ്രവര്‍ത്തകരുമാണ് ഇവരെന്ന് പൊലീസ് പറയുന്നു. മക്കോക്ക നിയമപ്രകാരം സ്ഥാപിച്ച പ്രത്യേക കോടതിയാണ് കേസില്‍ വാദം കേട്ടത്. ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ സഹ സ്ഥാപകനായ സാദിഖ് ഷെയ്ഖ് അടക്കം 22 പേരെ മുംബയ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് വിട്ടയിച്ചിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീനാണ് ട്രെയിന്‍ സ്‌ഫോടനം നടത്തിയത് എന്ന് ഷെയ്ഖ്‌ അവകാശപ്പെട്ടുവെങ്കിലും നുണപരിശോധനയില്‍ ഈ വാദം തെറ്റാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. കേസില്‍ മക്കോക്ക ഉള്‍പ്പെടുത്തിയതിന് എതിരെ പ്രതികളില്‍ ഒരാള്‍ 2008-ല്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ വാദം സ്റ്റേ ചെയ്തിരുന്നു. രണ്ടു വര്‍ഷത്തിനുശേഷമാണ് സുപ്രീംകോടതിയുടെ അനുമതിയോടെ വാദം പുനരാരംഭിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍