UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെറിയാട്ടം; യുദ്ധം പിച്ചിചീന്തിയ സ്ത്രീകള്‍

Avatar

ഡോ. രാജേഷ് എം ആര്‍   

യൂറിപ്പിഡിസിന്റെ  ട്രോജന്‍ വുമണ്‍ എന്ന നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എസ്.രാമാനുജം സംവിധാനം ചെയ്ത തമിഴ് നാടകമാണ് വെറിയാട്ടം.യൂറിപ്പിഡിസ്സ് (ഉദ്ദേശം ബി.സി 479-407) യൂറോപ്പിലെ സോഫിസ്റ്റ്മൂവ് മെന്റിന്റെ ഭാഗമായിരുന്നു. ഇവര്‍ ഉന്നത പാണ്ഡിത്യത്തില്‍ വിശ്വസിക്കുന്നവരും നിലവിലിരുന്ന ജീവിതക്രമങ്ങളെയും ആരാധനാരീതികളെയും ആചാരവിധികളെയും നിശിതമായി വിമര്‍ശിച്ചവരായിരുന്നു. യൂറിപ്പിഡിസിന്റെ മനസ്സ്  മാനുഷികഭാവങ്ങളായ ആഗ്രഹം, വെറുപ്പ്, അസൂയ, വേദന എന്നിവകളെ തേടുകയായിരുന്നു. അതുകൊണ്ടായിരിക്കണം പുരുഷന്‍മാരേക്കാളേറെ വികാരജീവികളായ സ്ത്രികള്‍ക്ക് അദ്ദേഹം തന്റെ നാടകങ്ങളില്‍ കൂടുതല്‍ സ്ഥാനം നല്‍കിയത്. ട്രോജന്‍ വുമണ്‍ എന്ന നാടകം യുദ്ധത്തില്‍ പിടിക്കപ്പെടുകയും ബലാല്‍സംഘം ചെയ്യപ്പെടുകയും തടവുകാരാക്കപ്പെടുകയും ചെയ്യുന്ന സ്ത്രികളുടെ കഥയാണ്. വെറിയാട്ടവും ഇത്തരമെരു പ്രമേയത്തെ തന്നെയാണ് തമിഴ് സംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അവതരിപ്പിക്കുന്നത്. യുദ്ധത്തോടും  യുദ്ധാനന്തരഫലങ്ങളോടുമുള്ള സ്ത്രികളുടെ പ്രതിഷേധം ഈ നാടകത്തില്‍ എങ്ങനെ  അവതരിപ്പിക്കുന്നുവെന്ന അന്വേഷണമാണ്  ഇവിടെ നടത്തുന്നത്.

യൂറിപ്പിഡിസിന്റെ നാടകങ്ങളില്‍ ഏറ്റവും പഴക്കം ചെന്നത്  അല്‍സെസ്റ്റിസ് (ബി‌ സി 438) ആണെന്നും പറയപ്പെടുന്നു . ബി.സി 428ല്‍ പുറത്തുവന്ന മീഡിയ രചനാവൈഭവം കൊണ്ട് ശ്രദ്ധേയമാണ്. സമകാലിക മലയാള നാടകവേദിയില്‍ മീഡിയ പുതുഅവതരണങ്ങള്‍ കൈകൊണ്ടിട്ടുണ്ട്. ഹിപ്പോലിറ്റസ്, ഹെക്യൂബ, ഇലക്ട്ര, ഒറസ്റ്റസ്, ടാറിസിലെ ഇഫിജീനിയാ, ബാക്കൊ, അഭയാര്‍ത്ഥികള്‍, ആന്‍ഡ്രോമാക്കി, ഹെറാക്ലിസിന്റെ സന്താനങ്ങള്‍, അയോണ്‍, ഹെലന്‍, ഹെറാക്ലിസിന്റെ ഭ്രാന്ത്, ഫിനിഷ്യന്‍ തരുണികള്‍, ആളിസിലെ ഇഫിജിനിയ, റസസ്, സൈക്ലോപ്‌സ് എന്നി നാടകങ്ങളെല്ലാം ഇദ്ദേഹത്തിന്റെതായുണ്ട്.

ഗ്രീക്കുകാരും ട്രോജന്‍മാരും തമ്മില്‍ നീണ്ട കാലം യുദ്ധംനടന്നപ്പോഴെല്ലാം ഗ്രീക്കുകാര്‍ തോറ്റുകൊണ്ടിരുന്നു. അവസാനം ഗ്രീക്കുകാരുടെ ചാണക്യനായ ഒഡീസിയൂസ് ഒരു തന്ത്രം പ്രയോഗിച്ചു. മരം കെണ്ട് ഒരുവലിയ പൊള്ളയായ കുതിരയെ ഉണ്ടാക്കി അതിനകത്ത് ഗ്രീക്കു വീരന്‍മാരെ ഇരുത്തി ഇലിയം പട്ടണത്തിന്റെ ഗേറ്റില്‍ നിറുത്തി. ട്രോജന്‍മാര്‍ ഈകുതിരയെ കോട്ടയ്ക്കകത്തേക്കു കൊണ്ടുപോയി. അവര്‍ ഉറക്കമായപ്പോള്‍ കുതിരയ്ക്കുള്ളിലെ സൈനികര്‍ യുദ്ധമാരംഭിച്ചു. ഗ്രീക്കു സൈന്യവും ഉടനെയവിടെയെത്തി ട്രോജന്‍മാരെയൊക്കെ കൊന്നെടുക്കി ട്രോജന്‍ സ്ത്രികളെ തടവുകാരാക്കി. ശവങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന ട്രോയ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് യൂറിപ്പിഡിസിന്റെ ട്രോജന്‍ സ്ത്രികള്‍ എന്നനാടകം ആരംഭിക്കുന്നത്.

വെറിനാടിന്റെ ഭടന്‍മാരുടെ വിജയാഹ്ലാദപ്രകടനങ്ങളിലൂടെ  നാടകം ആരംഭിക്കുന്നു. ഈ ഭടന്‍മാര്‍ ഒരുകോറസ്സായി നടന്നു നീങ്ങുമ്പോള്‍ മറിനാടിന്റെ റാണിയായ പെരുംദേവി, തകര്‍ച്ചയുടെ പ്രതിരൂപമായി പ്രത്യക്ഷപ്പെടുന്നു. അരങ്ങില്‍ ഇവരെ കൂടാതെ രണ്ടു സ്ത്രികളും കടന്നുവരുന്നു. എസ്സ്. രാമാനുജത്തിന്റെ വെറിയാട്ടം എന്ന നാടകം ആരംഭിക്കുന്നത് ഇപ്രകാകാരമാണ്. ഒന്‍പതോളം സ്ത്രികള്‍ അഭിനയിച്ച ഈ നാടകത്തിന്റെ ആദ്യ അവതരണങ്ങള്‍ മുപ്പത്തിയഞ്ചുവര്‍ഷം മുമ്പ്(1980)നടന്നിരുന്നു. തമിഴ്‌നാട്ടിലെ ഫോക് കലാവതരണത്തിന്റെ മാത്യകയിലാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്.

തമിഴ്‌നാട്ടില്‍ ആധുനിക നാടകാവതരണത്തിന് തുടക്കം കുറിച്ച ഈ നാടകത്തിന്റെ അന്തര്‍ധാരയായുള്ള കൊടിയ വിഷാദത്തെ തമിഴ് ഗ്രാമീണ ജനതയുടെ ചാവോക്ക് പാട്ടായ ഒപ്പാരിയിലൂടെ പ്രകടിപ്പിക്കാനുള്ള ശ്രമമാണ് നാടകത്തില്‍ നടത്തുന്നത്. ബന്ധുജനങ്ങളുടെ വിയോഗത്താലുണ്ടാകുന്ന തീവ്രദു:ഖം സ്വഭാവികമായി നിര്‍ഗമിക്കുന്ന നാടോടി വിലാപമാണ്  ഒപ്പാരി. ശ്മശാന യാത്രയ്ക്ക് അകമ്പടിയേകുന്ന തപ്പാട്ടെന്ന ന്യത്തച്ചുവടുകളും വിലപിക്കുന്ന സ്ത്രികളും ചേര്‍ന്നൊരുക്കുന്ന രംഗബിംബങ്ങളുടെ സഹായത്തോടെ പുരുഷ മനസ്സിനെ തുറന്നു കാട്ടുകയാണ് വെറിയാട്ടം.

മറിനാടും വെറിനാടും തമ്മിലുള്ള യുദ്ധമാണ് വിഷയം. മറിനാടിന്റെ രാജകുമാരന്‍ മല്ലന്‍ വെറിനാടിന്റെ രാജകുമാരന്റെ സഹധര്‍മ്മിണിയെ തട്ടിക്കൊണ്ടുപോയതാണ് യുദ്ധകാരണം. യുദ്ധത്തില്‍ വെറിനാട് വിജയിക്കുന്നു. മറിനാട്ടിലെ പുരുഷന്‍മാരെയെല്ലാം വെറിനാടിന്റെ ഭടന്‍മാര്‍ കൊന്നൊടുക്കി കഴിഞ്ഞു. സ്ത്രീകളെയെല്ലാം വെപ്പാട്ടികളാക്കുവാനായി കപ്പലില്‍കയറ്റി കൊണ്ടു പോകുവാന്‍ ശ്രമിക്കുകയാണ്. അതിനുമുമ്പ് വെറിനാടിന്റെ ഭടന്‍മാരാല്‍  ചുറ്റപ്പെട്ട സ്ത്രികള്‍ റാണിയെകാണാന്‍ വരുന്നു. ഇനിയെന്താണ് സംഭവിക്കുക എന്ന് സ്ത്രീകള്‍ പരിതപിക്കുന്നു. ഓലക്കീറുകളില്‍ പേരുകളെഴുതി നറുക്കിട്ടെടുത്ത് മറിനാടിന്റെ സ്ത്രികളെ വെറിനാട്ടുകാര്‍ വെപ്പാട്ടികളാക്കുമെന്ന് റാണി പറയുന്നു. നമ്മുടെ വിധി ഇതാണെന്ന് പറഞ്ഞ് റാണിയും സ്ത്രീകളും കരയുന്നു. ഇത്തരം രംഗങ്ങള്‍ സ്റ്റേജില്‍ വന്നു അരങ്ങേറുകയല്ല ചെയ്യുന്നത്. മറിച്ച് അരങ്ങിലെ മൂന്ന് സ്ത്രീകളുടെ ഗാനങ്ങളിലൂടെയും സംഭാഷണത്തിലൂടെയും സംഭവിക്കുന്നതാണ്.

റാണിയുടെ മൂത്തമകള്‍ തുളസി നച്ചിയാര്‍ പ്രവേശിക്കുന്നു. തുളസിക്ക് ഭാവി പ്രവചിക്കാന്‍ കഴിവുണ്ട്.അവിവാഹിതയായി ദൈവവിചാരവുമായി കഴിയാനാണ് അവള്‍ ആഗ്രഹിക്കുന്നത്. അവള്‍ ജനിച്ചപ്പോള്‍ മാവുകള്‍ പൂത്തതും പൂക്കള്‍ വിരിഞ്ഞതും അഭിവൃദ്ധിയുടെ മറ്റ് അടയാളങ്ങള്‍ കണ്ടതും റാണി ഓര്‍ക്കുന്നു. സുന്ദരിയായ നീ കണ്ണെഴുതാതെ പൂ ചൂടാതെ വന്നതെന്ത് എന്ന് റാണി ചോദിക്കുന്നു. വെറിനാടിന്റെ രാജാവ് അവളെ ബലമായി മകന്റെ ഭാര്യയാക്കുകയാണ്. എന്നാല്‍ വെറിനാടിന്റെ ചതിപ്രയോഗത്താല്‍ താനും രാജകുമാരനും അപകടത്തില്‍ പെട്ടു മരിക്കുമെന്ന് തുളസി പ്രവചിക്കുന്നു. മരണം മുന്നില്‍ കിടന്നാടുന്ന വിവാഹമണ്ഡപത്തിലേക്കു പോകാനായി തുളസി അമ്മയുടെ അനുഗ്രഹം തേടുന്നു. അനുഷ്ഠാന ചുവടുകളുമായി തുളസി അപ്രത്യക്ഷയാകുന്നു.

സുന്ദരിയായ രണ്ടാമത്തെ മകളെക്കുറിച്ച് റാണി ഓര്‍ക്കുന്നു. സ്ത്രീകളെയും കൊണ്ട് വെറിനാടിന്റെ ഭടന്‍മാര്‍ പോകുന്ന യാത്ര ശുഭകരമാകുന്നതിന് ഭടന്‍മാര്‍ ഇളയമകളെ ബലിമ്യഗമാക്കുന്നു. യുദ്ധം ആത്യന്തികമായി സ്ത്രികളെ  നരകസമാനമായ ജീവിതത്തിലേക്കാണ് തള്ളിയിടുന്നതെന്നാണ് ഈ നാടകം പറയുന്നത്. യുദ്ധത്തില്‍ പിടിച്ചെടുക്കപ്പെട്ട സ്ത്രീകള്‍ വേശ്യകളായി മാറുന്ന അവസ്ഥയും അവര്‍ ബലിമൃഗങ്ങളായി മാറുന്ന അവസ്ഥയും ഇവിടെ കാണാം. ഈ നാടകത്തിലെ കോറസുകള്‍ സംഗീതത്തിലും കഥാപാത്രാവതരണത്തിലും വളരെ കുറച്ചിടങ്ങളില്‍ പങ്കെടുക്കുന്നതായി കാണാം. കോറസുകള്‍ സാധാരണ കഥാപാത്രങ്ങളെപോലെ പെരുമാറുന്നവരും മറ്റവസരങ്ങളില്‍ സംഗീതംകൊണ്ട് ആഖ്യാനത്തെ നയിക്കുന്നവരുമാണല്ലോ. ഇതിലെ കോറസുകള്‍ ട്രോജന്‍  സ്ത്രീകളെന്ന തടവുകാരികളായി ഇടയ്ക്കിടക്ക് മാറുന്നുണ്ട്.

മറിനാടില്‍ ജീവിച്ചിരിക്കുന്ന ഏക ആണ്‍തരിയായ റാണിയുടെ മരുമകളുടെ കുഞ്ഞിനെ കൊല്ലാന്‍ ഭടന്‍മാര്‍ ഉത്തരവുമായി വരുന്നു. കുഞ്ഞിനെ കൊല്ലുന്നത് ഭീരുത്വമാണെന്ന് റാണിപറയുന്നു. റാണിയുടെ വിലക്ക് അവഗണിച്ച് കുഞ്ഞിനെ അവര്‍ കൊല്ലുന്നു. പ്രതിഷേധത്തിന്റെ സംഗീതമായി രക്തസാക്ഷിയായ കുഞ്ഞിന് താരാട്ട് പാടുവാന്‍ റാണി സ്ത്രീകളോട് പറയുന്നു. കുഞ്ഞിന്റെ ജഡം വെറിനാടിന്റെ രാജാവിന് കാഴ്ച്ചയായി കൊണ്ടുപോയ്‌ക്കെള്ളാന്‍ പറഞ്ഞ് റാണി സൈന്യാധിപന്റെ മുഖത്ത് തുപ്പുന്നു. ഭടന്‍മാര്‍ കുഞ്ഞിന്റെ ശരീരം എടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ കുഞ്ഞിന് ഭാരം കൂടിവരുന്നു. ഭടന്‍മാര്‍ പരാജയപ്പെടുന്നു. ആ സമയത്ത് പ്രതിഷേധത്തിന്റെ സ്വരമായി സ്ത്രികളുടെ താരാട്ട് ഉയരുന്നു.കുട്ടിയുടെ ഭാരം കൂടിവരുന്നത് സ്ത്രീകളുടെ പ്രതിഷേധം കൂടിവരുന്നതിന്റെ സൂചനയാണ്. യുദ്ധം സ്ത്രീകളെ മാത്രമല്ലാ കുഞ്ഞുങ്ങളെയും ഇല്ലാതാക്കുന്നു.

മറിനാടിന്റെ ഏക ആണ്‍കുഞ്ഞിന്റെ മരണശേഷം കോറസ് ഒരു പുതിയനിശ്ചലാവസ്ഥയിലേക്ക് പോകുകയും പിന്നിട് അത് താരാട്ടു പാട്ടിലൂടെ പ്രതിഷേധമായി മാറുന്നതും നാടകത്തിലെ മനോഹരമായ രംഗങ്ങളാണ്. കോറസ് ചിലപ്പോള്‍ കഥാപാത്രങ്ങളായി മാറുന്നെങ്കിലും അവര്‍ മുഖ്യകഥാപാത്രങ്ങളുടെ പ്രതിദ്ധ്വനിയായി മാത്രമേ  നില്‍ക്കുന്നുള്ളു.

ട്രോജന്‍ വുമണ്‍ എന്നനാടകത്തിന് കുമാരദാസ് ടി.എന്‍ പുതിയ കാലഘട്ടത്തിനനുസരിച്ച് ഒരു ദ്യശ്യഭാഷ ഒരുക്കിയിട്ടുണ്ട്. ട്രോജന്‍ വുമണ്‍ എ ലൗസ്റ്റോറി എന്ന നാടകത്തില്‍ അടിമകളായ ട്രോജന്‍ സ്ത്രീകളുടെ അവസ്ഥയാണ് നൂറ്റാണ്ടുകളായി ഇന്ത്യയിലെ ദളിത് സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ചൂണ്ടികാട്ടുന്നു. രാമായണം, മഹാഭാരതം, ഇലിയഡ്, ഒഡീസി എന്നീ കൃതികളിലെല്ലാം, സ്ത്രീകള്‍ യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്നവരായി ചിത്രീകരിക്കുന്നുണ്ട്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ എല്ലാ മേഖലകളില്‍ നിന്നും ദലിത് സ്ത്രീകള്‍ അങ്ങേയറ്റം പിന്തള്ളപ്പെടുകയാണെന്ന പാഠമാണ് ഈ നാടകം പറയാന്‍ ശ്രമിക്കുന്നത്. ആത്യന്തികമായി യുദ്ധത്തിനെതിരെയുള്ള സ്ത്രീകളുടെ പ്രതിഷേധമാണ് ഈ നാടകം.

(തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍ മലയാളം അദ്ധ്യാപകനാണ് ലേഖകന്‍) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍