UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഹങ്കാരിയായ പെണ്‍കുട്ടി അങ്ങനിപ്പം നെറ്റ് നേടേണ്ട; ഒരധ്യാപകന്‍ പറയുന്നതാണ്

Avatar

അഴിമുഖം പ്രതിനിധി

ഒരു വിദ്യാര്‍ത്ഥിയുടെ മാത്രം മാര്‍ക്ക് തെറ്റിച്ച് രേഖപ്പെടുത്തുക, മാര്‍ക്ക്ഷീറ്റ് അയക്കാതെ അയച്ചു എന്ന് കളളം പറയുക, കാരണം ചോദിക്കുമ്പോള്‍ വിദ്യാര്‍ത്ഥി അഹങ്കാരിയാണെന്നും ഗുരു ദൈവമാണെന്ന് ചെകിടത്തടിച്ച് പഠിപ്പിക്കണമെന്നും അഹങ്കാരിയായ അവള്‍ അങ്ങനിപ്പം നെറ്റ് നേടേണ്ട എന്നും വിശദീകരിക്കുന്ന ഒരു ഗൈഡ്. മണ്ണുത്തി വെറ്ററിനറി കോളേജിലാണ് ഗൈഡിന്റെ പിടിവാശിമൂലം ഒരു വിദ്യാര്‍ത്ഥിയുടെ ഭാവി ഇരുളടഞ്ഞു നില്‍ക്കുന്നത്. 

മണ്ണുത്തി വെറ്ററിനറി കോളേജില്‍ 2013 വര്‍ഷത്തെ അഡ്മിഷനില്‍ ഗൈനക്കോളജി വിഭാഗത്തില്‍ മൂന്നു വിദ്യാര്‍ത്ഥികളാണ് MVSC ക്ക് അഡ്മിഷന്‍ നേടിയത്. അതില്‍ രണ്ടു പേരുടെയും റിസള്‍ട്ട് നോട്ടിഫിക്കേഷന്‍ വന്നു. ഗവേഷണം പൂര്‍ത്തിയാക്കി തീസിസ് സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ട് ഒപ്പിട്ട് കൈമാറേണ്ടത് ഗൈഡിന്റെ ചുമതലയാണ്. എന്നാല്‍ മൂന്നുപേരില്‍ ഒരാളുടെ റിസള്‍ട്ട് മാത്രം വന്നിട്ടില്ല. റിസള്‍ട്ട് നോട്ടിഫിക്കേഷന്‍ വരാത്ത വിദ്യാര്‍ത്ഥിനി ICAR- ASRB 2015 നെറ്റ് ക്വാളിഫൈഡ് ആണ്. എന്നാല്‍ റിസള്‍ട്ട് നോട്ടിഫിക്കേഷന്‍ വരാത്ത സ്ഥിതിക്ക് അവരുടെ നെറ്റ് വാലിഡ് ആവില്ല. ഇതിന് കാരണക്കാരനായ അസിസ്റ്റന്റ് പ്രഫസര്‍ക്ക് ആകെ ഈയൊരൊറ്റ വിദ്യാര്‍ത്ഥിനിയെ മാത്രമേ ഗൈഡ് ചെയ്യാനുള്ളൂ. എന്നിട്ടും നവംബറില്‍ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ഫലത്തിന്റെ മാര്‍ക്ക്‌ലിസ്റ്റ് ഒപ്പിട്ട്- ഇതിനെ Course Registration cum Grade Card (CRCG) എന്നാണ് വിളിക്കുക- കൈമാറാന്‍ ഈ അധ്യാപകന്‍ തയ്യാറാവുന്നില്ല. വിദ്യാര്‍ത്ഥിനി ഇത് സംബന്ധിച്ച് അന്വേഷിക്കുമ്പോള്‍ അയച്ചു എന്ന് കള്ളം പറയുന്നു. ഡിപ്പാര്‍ട്ട്‌മെന്റിലെ ലോക്കല്‍ ഡെലിവറി ബുക്കില്‍ ഇത് അയച്ചത് സംബന്ധിച്ച് ഒന്നും കാണാനില്ല. യൂണിവേഴ്‌സിറ്റിയില്‍ ഇത് എത്തിയിട്ടില്ല. ഇതിനെക്കുറിച്ച് വകുപ്പ് തലവനോട് പരാതി പറഞ്ഞുവെങ്കിലും അയാള്‍ അന്വേഷിക്കാമെന്ന് പറഞ്ഞ് മടക്കുന്നു. എന്നാലോ ആരും ഇടപെടുന്നില്ല. ഇതേ സര്‍വ്വകലാശാലയിലാണ് തീസിസ് കോപ്പിയടിയും വാര്‍ത്തയായത്!

ഫെബ്രുവരി 20ന് മുമ്പ് റിസള്‍ട്ട് നോട്ടിഫിക്കേഷന്‍ നല്‍കിയില്ലെങ്കില്‍ നെറ്റ് നഷ്ടപ്പെട്ട് ഹതാശയാവുന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ ഭാവിയാണ് ആ അധ്യാപകന്‍ ഇങ്ങനെ പന്താടുന്നത്. 

എന്താണ് കാരണം? വെറും വ്യക്തിവിരോധമാണ് ഇതിന് പിന്നിലെന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ മനസിലാക്കാന്‍ സാധിച്ചത്. 2013 അഡ്മിഷനില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ മിടുക്കിയായ വിദ്യാര്‍ത്ഥിനിക്കാണ് അധ്യാപകന്റെ അപ്രിയം മൂലം ഈ ദുരവസ്ഥ ഉണ്ടാവുന്നത്. 91 % മാര്‍ക്ക് ലഭിച്ച ഈ വിദ്യാര്‍ത്ഥിനിക്ക് മാത്രമേ റിസള്‍ട്ട് നോട്ടിഫിക്കേഷന്‍ ലഭിക്കാതെയുള്ളൂ. അത് വന്നാലേ പ്രൊവിഷനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് ലഭിക്കുകയുളളൂ. 

ഡിസംബറില്‍ ബാഗ്ലൂരില്‍വെച്ച് നടന്ന നാഷണല്‍ സിമ്പോസിയത്തില്‍ പേപ്പര്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നോട് കണ്‍സള്‍ട്ട് ചെയ്യാതെ അവള്‍ ഇവിടെനിന്ന് പാസാവില്ല എന്ന് ഈ അധ്യാപകന്‍ ഒരു പി എച്ച് ഡി വിദ്യാര്‍ത്ഥിയോട് പറഞ്ഞതായും അറിയുന്നു (ഇതേകാര്യം തന്നെ അധ്യാപകനോട് ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അയാള്‍ ആവര്‍ത്തിക്കുന്നുണ്ട്). കുട്ടി തന്നിഷ്ടപ്രകാരം അഹങ്കാരത്തോടെ പെരുമാറുന്നു എന്നാണിയാളുടെ പരാതി. നെറ്റിന് അപ്ലൈ ചെയ്യുമ്പോള്‍ തന്നെ അറിയിച്ചിട്ടില്ല. നെറ്റ് ലഭിച്ചത് മറ്റുളളവര്‍ പറഞ്ഞാണ് അറിഞ്ഞത്. തന്നോട് പറയാതെ ഇവള്‍ ജയിക്കുന്നതൊന്നു കാണട്ടേ എന്നാണ് അധ്യാപകന്‍ വെല്ലുവിളിക്കുന്നത്. നവംബര്‍ ആറാം തീയതി എക്‌സ്‌റ്റേണല്‍ എക്‌സാമിനേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനി ഡിസംബറില്‍ത്തന്നെ തീസിസ് സമര്‍പ്പിച്ചതാണ്. സാധാരണഗതിയില്‍ ഉടന്‍ തന്നെ റിസള്‍ട്ട് വരേണ്ടതുമാണ്. അങ്ങനെ വരാത്തതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ് അധ്യാപകന്‍ 2014 ആഗസ്റ്റില്‍ നല്‍കിയ CRCG-യില്‍ തെറ്റുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ അത് തിരുത്തി പുതിയ CRCG സമര്‍പ്പിക്കാന്‍ ഈ അധ്യാപകന്‍ തയാറാവുന്നില്ല. 

ഈ അധ്യാപകന്റെ രീതികള്‍ വിചിത്രമാണെന്നാണ് ചില വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയത്. വൈകിട്ട് അഞ്ചുമണിക്ക് ശേഷം തീസിസ് വായിച്ചുകൊടുത്താലേ ഇയാള്‍ തിരുത്തലുകള്‍ പറയൂ. രാത്രി ഒമ്പതുമണിവരെയെക്കെ ഇതു നീളും. സോഫ്റ്റ് കോപ്പി കൊടുത്താല്‍ വായിക്കില്ല. ഈ വിദ്യാര്‍ത്ഥിനി, ജൂണില്‍ത്തന്നെ തീസിസ് സമര്‍പ്പിച്ചതാണ്. വായന കാരണം, 20 തവണ പ്രിന്റ് എടുത്തിട്ടുണ്ട്. തീസിസ് അന്തിമമായി അംഗീകരിച്ചുകിട്ടിയത് ഡിസംബറിലാണ്. അതിനുമുമ്പ് തന്നെ വൈവ പരീക്ഷ നടത്തി. അത് വിദ്യാര്‍ത്ഥിനിയെ സഹായിക്കാനായിരുന്നില്ല; ഇദ്ദേഹത്തിന് പി എച്ച് ഡിക്ക് ചേരാന്‍ വേണ്ടിയായിരുന്നു അത്. ഗൈഡിന്റെ ചില തിരുത്തലുകള്‍ വിദ്യാര്‍ത്ഥിനി ഒഴിവാക്കുകയും ഗൈഡിന്റെ പേരില്ലാതെ സ്വന്തമായി പ്രബന്ധമവതരിപ്പിച്ചതുമാണ് പ്രശ്‌നം രൂക്ഷമാക്കിയത്. തീസിസിനൊപ്പം സമര്‍പ്പിക്കേണ്ട ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരണത്തിനയക്കാഞ്ഞതും ഇവര്‍ തമ്മിലുളള അഭിപ്രായവ്യത്യാസം മൂലമാണ്. അധ്യാപക-വിദ്യാര്‍ത്ഥിബന്ധം നിലനിര്‍ത്താന്‍ താല്‍പര്യമില്ലാത്തയാളാണെന്ന് വിദ്യാര്‍ത്ഥിനിയെ കുറ്റപ്പെടുത്തിയാണ് ഈ അധ്യാപകന്‍ സംസാരിക്കുന്നതും.

നിലവില്‍ കാര്‍ഷികോല്‍പ്പാദനകമ്മിഷണറായ സുബ്രതോ ബിശ്വാസ് ആണ് വെറ്ററിനറി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്നത്. യൂണിവേഴ്‌സിറ്റി ആസ്ഥാനമായ വയനാട്ടില്‍ വൈസ് ചാന്‍സലര്‍ മാസത്തില്‍ രണ്ടോ മൂന്നോ ദിവസം മാത്രമേ ഉണ്ടാവൂ. വി സി ഒപ്പിട്ടാലേ റിസള്‍ട്ട് നോട്ടിഫിക്കേഷന്‍ നിലവില്‍ വരൂ. എങ്കില്‍ മാത്രമേ പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. അതായത് ഇനിയും കടമ്പകള്‍ ബാക്കിയാണ്. 

ഈ വിദ്യാര്‍ത്ഥിനിയുടെ കഷ്ടപ്പാടുകള്‍ ആരംഭിച്ചത് ഗവേഷണവിഷയത്തിന്റെ ഗൈഡ് സ്ഥലം മാറിപ്പോയതോടെയാണ്. പകരക്കാരനായി ഗൈഡ് ചെയ്യാനെത്തിയ ഈ അധ്യാപകന്‍, ഗവേഷണം, വിദ്യാര്‍ത്ഥിനി സ്വയം ചെയ്യേണ്ടകാര്യമാണെന്ന നിലപാടിലായിരുന്നു. അതിനാല്‍ത്തന്നെ തീസിസ് തിരുത്തുന്ന ഒരേയൊരു ജോലി മാത്രമേ, അതീവ വിമുഖതയോടെയാണെങ്കിലും ഇയാള്‍ നിര്‍വ്വഹിച്ചിരുന്നുളളൂ. റിസള്‍ട്ട് തന്നെ തിരുത്തേണ്ടിവന്ന സാഹചര്യവുമുണ്ടായി. ഗവേഷണസംബന്ധമായ സംശയങ്ങള്‍ ദൂരികരിച്ചുതരാന്‍ അധ്യാപകന്‍ തയ്യാറായിരുന്നില്ല. ഗവേഷണ പദ്ധതി തയ്യാറാക്കിയ അധ്യാപകനെത്തന്നെ ആശ്രയിക്കേണ്ടിവന്നിട്ടുമുണ്ട്. എന്നിട്ടും വിദ്യാര്‍ത്ഥിനി എഴുതുന്ന മറ്റു പ്രബന്ധങ്ങളിലും തന്റെ പേരുവെക്കണമെന്ന് ഇയാള്‍ വാശിപിടിച്ചുവത്രെ. ഇതൊന്നും നടക്കാതെ വന്നതിനാലാണ് ഇയാള്‍ മാര്‍ക്ക്‌ലിസ്റ്റിന്റെ പേരില്‍ പ്രതികാരനടപടികള്‍ തുടങ്ങിയത്. 

ഈ വിദ്യാര്‍ത്ഥിനിയുടെ അമ്മയും അധ്യാപകനോട് സംസാരിച്ചിരുന്നു എന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. CRCG അയച്ചെന്നും ഒരു കോപ്പി കൂടി അയക്കാമെന്നുമാണ് അമ്മയോടും ഇദ്ദേഹം പറയുന്നത്. അതോടൊപ്പം കുട്ടി ഉഴപ്പിയതാണെന്നും തീസിസ് സമര്‍പ്പിച്ചതും പോലും താന്‍ വലിയ താല്‍പര്യമെടുത്ത് പ്രവര്‍ത്തിച്ചതുകൊണ്ടാണെന്നും ഭാര്യയുടെയും അമ്മയുടെയും രോഗവും മറ്റു ബുദ്ധിമുട്ടുകളും സഹിച്ചാണ് ഇതൊക്കെ ചെയ്തതെന്നുമുള്ള കുറ്റപ്പെടുത്തലുകളും.

വെറ്റിനറി സര്‍വകലാശാലയിലെ ഈ ‘പ്രതികാരം’ ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതില്ല. നമ്മുടെ സര്‍വകലാശാലകളിലെ ഗവേഷണജീര്‍ണതയെയും ഗൈഡുകളുടെ തന്നിഷ്ടവും താന്‍പ്രമാണിത്തവും അലസതയും പകതീര്‍ക്കലും പലതും വെളിച്ചത്തുവരാതെ  പോവുകയാണ്.

ഈ പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ തെറ്റ് ചെയ്ത ഒരധ്യാപകനെതിരെ എന്തെങ്കിലും നടപടി വരുമെന്നു കണ്ടാല്‍ ഇടതും വലതുമില്ലാതെ എല്ലാവരും ഒത്തുനില്‍ക്കും. അതു തെളിയിക്കുന്നതായിരുന്നു ഈ വിഷയവുമായി ബന്ധപ്പെട്ടപ്പോള്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗമായ അധ്യാപകനേതാവിന്റെ ‘അഴിമുഖത്തില്‍ ന്യൂസ് വരണോ അതോ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വേണോ’ എന്ന ചോദ്യം. CRCG മൂന്ന് കോപ്പികള്‍ അയക്കേണ്ടതാണ്. മാര്‍ക്ക് ലിസ്റ്റ് പൂരിപ്പിച്ച് അക്കാദമിക്ക് ഓഫീസിലേക്ക് അയക്കേണ്ടത് ഗൈഡിന്റെ ചുമതലയാണ്. അത് സെമസ്റ്റര്‍ തീര്‍ന്നാല്‍ ഏഴ് ദിവസത്തിനുള്ളില്‍ അയക്കേണ്ടതാണ്. അത് 2014 ആഗസ്റ്റില്‍ തന്നെ ചെയ്യേണ്ടതാണ്. അഥവ മാര്‍ക്ക് ലിസ്റ്റില്‍ പിശകുണ്ടായാല്‍ അത് തിരുത്താന്‍ വൈകുന്ന ഭാരിച്ച ജോലികള്‍ ഈ അധ്യാപകനില്ല. രണ്ടാമത്തെ സെമസ്റ്ററിന്റെ മാര്‍ക്ക് പൂരിപ്പിച്ചയക്കാതെ ഈ വിദ്യാര്‍ത്ഥിനിയുടെ റിസള്‍ട്ട് വൈകിപ്പിച്ച് വ്യക്തിവിരോധം തീര്‍ക്കാന്‍ തന്നെയാണ് അധ്യാപകന്‍ ശ്രമിക്കുന്നത്.

അതിനിടെ അഴിമുഖം ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധ്യാപകനെയും സംഘടനാനേതാവിനെയും വിളിച്ചന്വേഷിച്ചതിനുശേഷം, വിദ്യാര്‍ത്ഥിനിയുടെ വീട്ടുകാര്‍ തന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥിനി തന്നോട് അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് വകുപ്പ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇതേ അധ്യാപകന്‍. ക്രിമിനല്‍ സ്വഭാവത്തോടെ പരാതിനല്‍കി വിദ്യാര്‍ത്ഥിനിയെ അപകീര്‍ത്തിപ്പെടുത്താനാണിയാളുടെ നീക്കം. ഇതോടെ അധ്യാപന്‍ മാര്‍ക്ക്‌ലിസ്റ്റ് തടഞ്ഞ് വെച്ച് CRCG അയക്കാതെ റിസള്‍ട്ട് വൈകിപ്പിക്കാനുളള ശ്രമം പകപോക്കലാണെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കാനുളള തീരുമാനത്തിലാണ് വിദ്യാര്‍ത്ഥിനിയും.

വാര്‍ത്ത വരരുതെന്നും വന്നാല്‍ റിസള്‍ട്ട് ഇനിയും വൈകുമെന്ന പരോക്ഷഭീഷണി വകവയ്ക്കാതെയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. തന്നോട് ആദരവോ തന്റെ ആവശ്യങ്ങളോട് വഴങ്ങത്താവരോ ആയ വിദ്യാര്‍ത്ഥികളെ അഹങ്കാരികളെന്ന് ആക്ഷേപിക്കുന്നതും പാസായ പരീക്ഷയുടെ റിസള്‍ട്ട് നല്‍കാതെ അലയാന്‍ വിടുന്നതും എത്രയോകാലമായി നമ്മുടെ സര്‍വകലാശാലകളില്‍ നടക്കുന്നു. നമ്മുടെ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പല തരത്തിലുള്ള ചൂഷണങ്ങള്‍ക്കും ഇരയാകുന്നതായി യു.ജി.സി തന്നെ നിയമിച്ച സമിതി ഈയിടെ കണ്ടെത്തിയിരുന്നു. ഒരു വിദ്യാര്‍ത്ഥിനിയെ മാത്രം ഗൈഡ് ചെയ്യുന്ന അധ്യാപകന്റെ അലസതയും പ്രതികാരദാഹവും ഇതാണെങ്കില്‍ മറ്റിടങ്ങളില്‍ എന്താവും? അഹങ്കാരിയായ കുട്ടി അങ്ങനിപ്പം നെറ്റ് നേടണ്ട എന്ന് കല്‍പ്പിക്കാന്‍ ഇവര്‍ക്കെന്തവകാശം? 

 

(മണ്ണുത്തി വെറ്ററിനറി കോളേജില്‍ നടക്കുന്ന ഈ സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന്‍ വിശദാംശങ്ങള്‍ക്ക് വേണ്ടി അഴിമുഖം ഇവിടെയുള്ള പലരുമായും ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. വാര്‍ത്ത പുറത്തുകൊണ്ടുവരികയും അതുവഴി നീതി നിഷേധിക്കപ്പെട്ടു എന്നു ഞങ്ങള്‍ കരുതുന്ന വിദ്യാര്‍ഥിനിക്ക് അത് ലഭിക്കുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം; അതുകൊണ്ടു തന്നെ ഇതില്‍ ഉള്‍പ്പെട്ടവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല- എഡിറ്റര്‍)  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍