UPDATES

സിനിമ

മലയാള സിനിമ അധികം കണ്ടിട്ടില്ലാത്ത ‘വേട്ട’യുടെ വഴികള്‍

Avatar

സഫിയ ഒ സി

മരണത്തിലും സസ്പെന്‍സ് നിലനിര്‍ത്തിയായിരുന്നു ‘വേട്ട’യുടെ സംവിധായകന്‍ രാജേഷ് പിള്ളയുടെ വിടവാങ്ങല്‍. സിനിമയുടെ ആദ്യ പ്രദര്‍ശനം നടക്കുമ്പോള്‍ ആശുപത്രിയുടെ തീവ്ര പരിചരണ മുറിയുടെ തണുപ്പിലേക്ക് കയറിപ്പോയ രാജേഷ് ഏതൊരു സംവിധായകനും കാണാന്‍ കൊതിക്കുന്ന തന്റെ സിനിമയുടെ പ്രേക്ഷക പ്രതികരണം എന്ന സസ്പെന്‍സിന് കാത്തു നില്‍ക്കാതെയാണ് വിടവാങ്ങിയത്. അതിനിടയില്‍ മരണ വാര്‍ത്തയില്‍ വന്ന ആശയ കുഴപ്പങ്ങള്‍ സിനിമാ ലോകത്തെയും പ്രേക്ഷകരെയും മുള്‍മുനയില്‍ നിര്‍ത്തി. തിരുവനന്തപുരം കൈരളി തിയറ്ററില്‍ ആദ്യ ദിനം തന്നെ ‘വേട്ട’യുടെ സെക്കണ്ട് ഷോ കാണുമ്പോള്‍ ഇതിന്‍റെ സ്രഷ്ടാവ് മരണത്തിന്റെ വേട്ടയാടലില്‍ നിന്നു ജീവിതത്തെ രക്ഷിക്കാനുള്ള അവസാന ശ്രമത്തിലാണ് എന്ന ചിന്ത മനസില്‍ തികട്ടി നിന്നിരുന്നു. 

‘വേട്ട’യും മരണവും ജീവിതവും തമ്മിലുള്ള ചില കള്ളക്കളികളാണ്. ആരുടെ തിരക്കഥയിലാണ് ഓരോരുത്തരുടെയും മരണം എഴുതപ്പെടുന്നത് എന്ന കൌതുകകരമായ ആലോചന. വേണമെങ്കില്‍ പൊതുവെ എല്ലാവരും പറയുന്നതുപോലെ ആ ശക്തിയെ ദൈവമെന്ന് വിളിക്കാം. പക്ഷേ ‘വേട്ട’യില്‍ അതങ്ങനെയല്ല. 

രാജേഷ് പിള്ള-മഞ്ജു വാര്യര്‍-കുഞ്ചാക്കോ ബോബന്‍-ഇന്ദ്രജിത്ത് ചിത്രം വേട്ടയെ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന നിലയിലാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതൊരു ഒരു മൈന്‍ഡ് ഗെയിം ആണെന്നാണ് സംവിധായകന്‍ തന്റെ അഭിമുഖങ്ങളില്‍ പറഞ്ഞത്. പ്രമേയതലത്തില്‍ ആ അവകാശ വാദത്തോട് അവര്‍ പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിട്ടുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 

‘യവനിക’, ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്’, ‘ഈ കണ്ണികൂടി’ (കെ ജി ജോര്‍ജ്ജ്) ‘കരിയിലക്കാറ്റുപോലെ’ (പത്മരാജന്‍) തുടങ്ങി സി ബി ഐ സീരീസിലൂടെ കെ മധുവും ഇങ്ങേയറ്റത്ത് ‘മെമ്മറീസ്’ എന്ന ചിത്രത്തിലൂടെ ജീത്തു ജോസഫ് വരെ സസ്പെന്‍സിന്റെ സാധ്യതകളിലൂടെ നമ്മളെ കൊണ്ടുപോയ സംവിധായകരാണ്. മോഹന്റെ ‘മുഖ’വും ജോഷിയുടെ ‘ഈ തണുത്തവെളുപ്പാന്‍ കാലത്തും’ നമുക്ക് മറക്കാന്‍ കഴിയില്ല. മലയാളത്തിലെയും എക്കാലത്തെയും മികച്ച സൈക്കോളജിക്കല്‍ ത്രില്ലറ് എന്നു പറയാവുന്ന ഫാസിലിന്റെ ‘മണിചിത്രത്താഴ്’ സസ്പെന്‍സിന്റെ ഭാരമില്ലാതെ തന്നെ ഇന്നും നമ്മള്‍ കണ്ടാസ്വദിക്കുന്ന ചിത്രമാണ്. (അതിനു ശേഷം അദ്ദേഹം അതേ പാത തുടര്‍ന്നപ്പോഴാണ് പ്രേക്ഷകര്‍ കൈവിട്ടത്- ‘മാനത്തെ വെള്ളിത്തേര്’,  ‘വിസ്മയത്തുമ്പത്ത്’) ഇങ്ങനെ നോക്കുമ്പോള്‍ സസ്പെന്‍സ് ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന എണ്ണം പറഞ്ഞ സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ആ കൂട്ടത്തിലാണ് വേട്ടയുടെ സ്ഥാനം. 

രാജേഷ് പിള്ള; മലയാള സിനിമയുടെ ട്രാഫിക് ബ്ളോക്ക് മാറ്റിയ സംവിധായകന്‍

തുടക്കത്തില്‍ കാണിക്കുന്ന രണ്ട് ക്രൈമിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് കഥ. ആ അന്വേഷണത്തില്‍ പ്രതിയും അന്വേഷണ ഉദ്യോഗസ്ഥരും ഒടുവിലെ കണ്ടെത്തലും എന്ന സാധാരണ ട്രാക്കില്‍ നിന്നും മാറി സഞ്ചരിക്കുന്നു എന്നതാണ് ‘വേട്ട’യുടെ പ്രത്യേകത. അത് ചില മനഃകണക്കുകളിലൂടെയുള്ള ഏറ്റുമുട്ടലുകളും ഒളിസഞ്ചാരങ്ങളും ആകുന്നു.  ചിലപ്പോള്‍ മുന്‍കൂര്‍ പദ്ധതികളായും അല്ലെങ്കില്‍ യാദൃശ്ചികതകളായും അതുമല്ലെങ്കില്‍ പ്രേക്ഷകരെ ‘പറ്റിക്കുന്ന’ കഥാഖ്യാന സങ്കേതങ്ങളായും ട്വിസ്റ്റുകളില്‍ നിന്നു ട്വിസ്റ്റുകളിലേക്ക് സിനിമ സഞ്ചരിക്കുന്നു. സിനിമയുടെ ആഖ്യാന തലം നിരവധി ഹെയര്‍പിന്‍ വളവുകളുള്ള കോടമഞ്ഞു മൂടിയ ഒരു ചുരം കയറ്റമായി മാറുന്നു.

കഥാതലത്തിലുള്ള ഈ സങ്കീര്‍ണ്ണമായ കുഴമറിച്ചില്‍ തന്നെയാണ് ഒരു വേള സംവിധായകന് വെല്ലുവിളിയായി വരുന്നത് (അവസാന മിക്സിങ്ങിന്റെ സമയത്ത് രാജേഷ് പിള്ള പൂര്‍ണ്ണമായും അവശനായിരുന്നു എന്നാണ് വാര്‍ത്തകള്‍.) ട്രാഫിക്കില്‍ കണ്ട ചടുലത എവിടെയൊക്കെയോ നഷ്ടമായി പോയിട്ടുണ്ട്.  ഒരു അന്വേഷണ ചിത്രമായാല്‍ പോലീസ് ഓഫീസര്‍ വെള്ള ബോര്‍ഡില്‍ നീല മാര്‍ക്കര്‍ വെച്ച് ചില കാര്യങ്ങള്‍ എഴുതണമെന്നും, പ്രതിയെ തേടിപ്പോകുന്ന പോലീസുകാര്‍ ജീപ്പിന് ചുറ്റും വട്ടം കൂടിയിരുന്നു അവസാന ഘട്ട പ്ലാനിംഗ് നടത്തണമെന്നതുപോലുള്ള ക്ലീഷേ ദൃശ്യങ്ങളും അത്ര സുഖകരമല്ലാത്ത പശ്ചാത്തല സംഗീതവും, (പ്രതി)നായകന്റെ തത്വചിന്താപരമായ ഡയലോഗുകളും ഒക്കെ ചേര്‍ന്ന് പലപ്പോഴും കഥാഖ്യാനത്തിന്റെ വേഗവും ചടുലതയും നഷ്ടപ്പെടുന്നുണ്ട്.

രാജേഷ്, നിങ്ങളുടെ ‘വേട്ട’ അതിലും എത്രയോ ഉയരെയാണ്; മഞ്ജു വാര്യരുടെ ഓര്‍മ്മ

മഞ്ജു വാര്യരുടെ ശ്രീബാല ഐ പി എസും, കുഞ്ചാക്കോ ബോബന്റെ മെല്‍വിനും ഇന്ദ്രജിത്തിന്‍റെ സൈലക്സ് അബ്രഹാം എന്ന പോലീസ് ഓഫീസറും മികച്ച പ്രകടനത്തിലൂടെ സിനിമയോട് നീതി പുലര്‍ത്തി. എഡിറ്റിംഗിലും ശബ്ദ സംവിധാനത്തിലും അല്പം കൂടി ശ്രദ്ധ കൊടുക്കാന്‍ സംവിധായകന് സാധിച്ചിരുന്നെങ്കില്‍ വേട്ട മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൈക്കോളജിക്കല്‍ സസ്പെന്‍സ് ചിത്രങ്ങളില്‍ ഒന്നായി മാറുമായിരുന്നു. രാജേഷ് പിള്ളയ്ക്ക് മികച്ച വിടവാങ്ങല്‍ സമ്മാനവും.  

അടിക്കുറിപ്പ്: സസ്പെന്‍സ് ത്രില്ലര്‍ സിനിമകള്‍ ഒരു റിവ്യൂവറെ സംബന്ധിച്ചിടത്തോളം ദുഃസ്വപ്നങ്ങളാണ്. കഥയുടെ ഏത് കോണില്‍ തൊട്ടാലും സസ്പെന്‍സ് പൊളിച്ചേ എന്ന നിലവിളി എങ്ങുനിന്നും ഉയരും. അത് ഒരു കണക്കിന് ശരിയുമാണ്. സസ്പെന്‍സ് നിറഞ്ഞ പരിണാമഗുപ്തിക്കു വേണ്ടിയുള്ള പ്രേക്ഷകരുടെ അടങ്ങാത്ത ദാഹത്തെ നമ്മള്‍ ഗൌനിക്കുക തന്നെ വേണം. കൂടാതെ സിനിമയുടെ സാമ്പത്തിക ഭദ്രത തകര്‍ക്കലാണ് ഈ സസ്പെന്‍സ് പൊളിക്കല്‍ പരിപാടി.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് സഫിയ)  

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍