UPDATES

വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

വിഎച്ച്പിയുടെ മുതിര്‍ന്ന നേതാവ് അശോക് സിംഗാള്‍ (89) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഗുഡ്ഗാവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. 20 വര്‍ഷത്തിലേറെ വിഎച്ച്പിയുടെ അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റായിരുന്നു. ഇപ്പോഴത്തെ വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയാണ് മരണം സ്ഥിരീകരിച്ചത്. ആരോഗ്യ സംബന്ധമായ കാരണങ്ങളാല്‍ 2011 ഡിസംബറിലാണ് സിംഗാള്‍ സ്ഥാനം ഒഴിഞ്ഞത്. രാമജന്‍മഭൂമി പ്രസ്ഥാനത്തിന്റെ മുഖ്യ ആസൂത്രകനുമായിരുന്നു സിംഗാള്‍.

1984-ല്‍ വിഎച്ച്പി നടത്തിയ ധര്‍മ്മ സന്‍സദിന് നേതൃത്വം നല്‍കിയതും സിംഗാളാണ്. രാമജന്‍മഭൂമി പ്രസ്ഥാനത്തിന്റെ ആരംഭം ഇവിടെ നിന്നായിരുന്നു.

1926 സെപ്തംബര്‍ 15-നാണ് സിംഗാള്‍ ആഗ്രയില്‍ ജനിച്ചത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് ടെക്‌നോളജിയില്‍ നിന്നും മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ അദ്ദേഹം 1942 മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. ബിരുദ പഠനത്തിന് ശേഷം പൂര്‍ണസമയ പ്രചാരകന്‍ ആകുകയായിരുന്നു. ഉത്തര്‍പ്രദേശിലെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സിംഗാള്‍ ദല്‍ഹിയുടേയും ഹരിയാനയുടേയും പ്രാന്ത പ്രചാരകും ആയിരുന്നു.

1980-ലാണ് സിംഗാള്‍ പ്രവര്‍ത്തന തട്ടകം വിഎച്ച്പിയിലേക്ക് മാറുന്നത്. ജോയിന്റ് സെക്രട്ടറിയായിട്ടാണ് വിഎച്ച്പിയിലെ തുടക്കം. 1984-ല്‍ ജനറല്‍ സെക്രട്ടറിയും പിന്നീട് വര്‍ക്കിങ് പ്രസിഡന്റുമായി. ഹിന്ദുസ്ഥാനി സംഗീതവും സിംഗാളിന് വഴങ്ങുമായിരുന്നു. പണ്ഡിറ്റ് ഓംകാര്‍നാഥ് താക്കൂറില്‍ നിന്നാണ് സിംഗാള്‍ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍