UPDATES

ഇതരസംസ്ഥാനക്കാര്‍ ശത്രുക്കളല്ല, തൊഴിലെടുത്ത് ജീവിക്കുന്നവരാണ്; നിമിഷയുടെ പിതൃസഹോദരനെ രക്ഷിച്ച അബ്ബാസ് എന്ന ചുമട്ടുതൊഴിലാളി പറയുന്നത് (വീഡിയോ)

ബംഗാളി കുറ്റം ചെയ്യുന്നതുപോലെ മലയാളിയും ചെയ്യാറുണ്ട്. അതുകൊണ്ട് ഇതരസംസ്ഥാനക്കാരെ ഇനിയിവിടെ തൊഴിലെടുക്കാനോ ജീവിക്കാനോ അനുവദിക്കില്ലെന്ന് നമുക്ക് പറയാന്‍ കഴിയില്ല.

പെരുമ്പാവൂര്‍ പൂക്കാട്ടുപടി എടത്തിക്കാട് നിമിഷ എന്ന ബിരുദവിദ്യാര്‍ത്ഥിയെ പശ്ചിമബംഗാള്‍ സ്വദേശി ബിജു മുഹമ്മദ് കൊലപ്പെടുത്തിയതിനു പിന്നാലെ ഈ മേഖലയില്‍ തൊഴിലെടുക്കുകയും താമസിക്കുകയും ചെയ്തുപോരുന്ന എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും നാട്ടില്‍ നിന്നും പുറത്താക്കണമെന്ന തരത്തിലുള്ള പ്രചരണം വ്യാപകമായുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ മേഖലയില്‍ അഴിമുഖം സംസാരിച്ച സ്ത്രീകള്‍ അടക്കമുള്ളവര്‍ ഇങ്ങനെയൊരു വികാരം പങ്കുവയ്ക്കുന്നവരുമാണ്. ആ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം: നിമിഷയുടെ കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായ രോഷം അടങ്ങുന്നില്ല; എന്ത്‌ സുരക്ഷയാണുള്ളതെന്ന് സ്ത്രീകള്‍

നിമിഷയുടെ കൊലപാതകിയെ പിടികൂടിയെങ്കിലും നാട്ടുകാരുടെ രോഷം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത രീതിയില്‍ പേടിച്ചാണ് ഇവിടെയുള്ള ഇവിടെയുള്ള ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും ജീവിക്കുന്നത്. പുറത്തിറങ്ങാന്‍ തന്നെ ഇവര്‍ ഭയപ്പെടുന്നു. തങ്ങളുടെ നാട്ടിലെ സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ മെച്ചപ്പെട്ട നീതിനിര്‍വഹണ സംവിധാനമാണ് കേരളത്തില്‍ ഉള്ളതെങ്കിലും പുതിയ സാഹചര്യത്തില്‍ അവര്‍ക്ക് ആ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല: ആ റിപ്പോര്‍ട്ട്“ഞങ്ങളെ ആരെങ്കിലും കൊല്ലുമോ?” ഭയമുണ്ട്, പക്ഷേ കേരളം വിടില്ലെന്ന് പെരുമ്പാവൂരിലെ ഇതര സംസ്ഥാനത്തൊഴിലാളികള്‍

അതേസമയം, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കടന്നുകൂടി കേരളത്തില്‍ എത്തുന്ന ക്രിമിനലുകളെ തിരിച്ചറിഞ്ഞ് അവരെ ശിക്ഷിക്കുകയാണ് വേണ്ടതെന്നും ജീവിക്കാന്‍ വേണ്ടി തൊഴില്‍ തേടിയെത്തുന്ന എല്ലാവരേയും അതിന്റെ പേരില്‍ ശിക്ഷിക്കരുതെന്നുമാണ് പൂക്കാട്ടുപടിക്കാരനായ കെ അബ്ബാസ് എന്ന ചുമട്ടു തൊഴിലാളി പറയുന്നത്. നിമിഷയുടെ ഘാതകനെ പിടികൂടാനും അയാളുടെ രണ്ടാമത്തെ ഇരയായി ഏലിയാസ് (നിമിഷയുടെ പിതൃസഹോദരന്‍) കൊല്ലപ്പെടുന്നത് തടയാനും മുഖ്യകാരണമായത് അബ്ബാസിന്റെ സമയോചിതമായ ഇടപെടലാണ്. അതിക്രൂരമായ ഒരു സംഭവത്തിന് സാക്ഷിയാകേണ്ടി വന്നിട്ടും അത് ചെയ്ത കുറ്റവാളി ശിക്ഷിക്കപ്പെടണമെന്നും എല്ലാവരെയും അതിന്റെ പേരില്‍ ഇരകളാക്കരുതെന്നും അബ്ബാസ് ഉറപ്പിച്ചു പറയുന്നു. കൃത്യമായ രേഖകളും സര്‍ക്കാര്‍ നിബന്ധനകളും അനുസരിച്ച് ഇവിടെ തൊഴിലെടുത്തു ജീവിക്കാന്‍ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഈയൊരു സംഭവം ഒരുതരത്തിലും തിരിച്ചടിയാകരുതെന്നും അബ്ബാസ് അഴിമുഖത്തോട് വ്യക്തമാക്കുന്നു.

വര്‍ഷങ്ങളായി ഇവിടെ തൊഴിലെടുത്ത് ജീവിക്കുന്ന പല ഇതരസംസ്ഥാനക്കാരെയും തനിക്ക് പരിചയമുണ്ടെന്നും അവരില്‍ പലരും തന്റെ സുഹൃത്തുക്കളാണെന്നും അബ്ബാസ് പറയുന്നു. “എന്നാല്‍ ഈ സംഭവത്തിനു പിന്നാലെ ഇവര്‍ ഉള്‍പ്പെടെയുള്ളവരെല്ലാം തന്നെ ഭീതിയിലാണ്. നാട്ടുകാര്‍ക്ക് ഇവരുടെ മേല്‍ ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. കാരണം, ഈ പ്രദേശം ഇത്തരമൊരു നിഷ്ഠൂര കൊലപാതകത്തിന് ആദ്യമായാണ് സാക്ഷ്യം വഹിക്കുന്നത്. പരിധി കടന്നുള്ള അക്രമങ്ങള്‍ പോലും പരിചയമില്ലാത്ത നാട്ടുകാര്‍ക്ക് ഒരു കൊച്ചുപെണ്‍കുട്ടി കഴുത്ത് മുറിച്ച് കൊല്ലപ്പെട്ടത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല, അതിന്റെ വേദനയും രോഷവും അവര്‍ പ്രകടിപ്പിക്കും. എന്നാല്‍ അത് അതിരുകടക്കാതെ നോക്കണം. ഒരാള്‍ ചെയ്ത തെറ്റിന്റെ പേരില്‍ നിരപരാധികള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗത്തെ ശിക്ഷിക്കരുത്. അതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ നോക്കണം. ഇതരസംസ്ഥാനക്കാരില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ആ സംഭവത്തിനുശേഷം പുറത്തിറങ്ങുന്നതും ജോലിക്കു പോകുന്നതും, ബാക്കിയുള്ളവരെല്ലാം തന്നെ ഒളിച്ചെന്നപോലെ കഴിയുകയാണ്. കൃത്യമായ തിരിച്ചറിയില്‍ രേഖകളോ മറ്റോ ഇല്ലാതെ ഇവര്‍ക്കിടയില്‍ താമസിക്കുന്നവരുണ്ട്, അവരില്‍ ക്രിമിനലുകള്‍ ആയവരുമുണ്ട്. നിമിഷയെ കൊലപ്പെടുത്തിയ ആള്‍ ഒരു ക്രിമിനല്‍ തന്നെയാണ്. മോഷണശ്രമത്തിനിടയില്‍ സംഭവിച്ച അബദ്ധമൊന്നും അല്ല. രക്ഷപ്പെട്ടുപോകാനല്ല, തന്നെ തടയാന്‍ എത്തിയവരെ ക്രൂരമായി കൊല ചെയ്യുകയാണ് അയാള്‍ ചെയ്തത്. നിമിഷയെ മാത്രമല്ല, ഏലിയാസിനെയും കഴുത്ത് അറുത്ത് തന്നെ കൊല്ലാനായിരുന്നു പ്ലാന്‍. അതെനിക്ക് തടയാനായി. അവിടെ എനിക്ക് എത്താനായതുകൊണ്ട്. അല്ലായിരുന്നെങ്കില്‍ രണ്ടുപേരെയും കൊന്നിട്ട് പോകുമായിരുന്നു. അങ്ങനെ ചെയ്യാന്‍ ഒരു ക്രിമിനലിനു മാത്രമെ കഴിയൂ. ഇയാളെ പോലുള്ളവര്‍ ഇനിയും ഇവര്‍ക്കിടയില്‍ കാണും. അതിനര്‍ത്ഥം ഇവിടെയുള്ള എല്ലാവരും അത്തരക്കാരാണ് എന്നല്ല, ഒരു പത്തുശതമാനം പേര്‍ അങ്ങനെയുള്ളവരായിരിക്കും. അവരെ കണ്ടെത്താന്‍ കഴിയണം. അതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം. അതിനു മുന്നേ കമ്പനികളും മറ്റു തൊഴില്‍ശാലകളും ലാഭക്കൊതി മൂത്ത് ഇതരസംസ്ഥാനക്കാരെ ഒരു രേഖയും വിവരവും ഒന്നുമില്ലാതെ തന്നെ ഉപയോഗിക്കുന്നത് നിര്‍ത്തണം. തങ്ങള്‍ക്ക് വേണ്ട ജോലിക്കാരെ മാത്രം ഉപയോഗിക്കുക, അവരുടെയെല്ലാം രേഖകളും രജിസ്‌ട്രേഷനും എല്ലാം പരിശോധിക്കുക. കോണ്‍ട്രാക്ടറുമാര്‍ നടത്തുന്ന ചതിപ്രയോഗങ്ങള്‍ തടയുക. കഴിയുമെങ്കില്‍ തങ്ങളുടെ ജോലിക്കാരായവര്‍ക്ക് താമസസൗകര്യം ഏര്‍പ്പാടാക്കുക, അവരെ കഴിയുന്നതുപോലെ നിരീക്ഷിക്കുക. ഇതൊന്നും ചെയ്യാതിരിക്കുന്നവരും ഇത്തരം കൊലപാതകങ്ങളില്‍ പരോക്ഷമായി പങ്കുവഹിക്കുന്നുണ്ട്.

ഇതരസംസ്ഥാന തൊഴിലാളികളോടു ഞാന്‍ ഇപ്പോള്‍ ഉപദേശിക്കുന്നത് നിങ്ങളുടെ കൂട്ടത്തിലുള്ള ക്രിമിനലുകളെ നിങ്ങള്‍ തന്നെ ചൂണ്ടിക്കാണിക്കുക എന്നാണ്. അവരത് ചെയ്യാറില്ല. പത്തു മലയാളി തൊഴിലാളികള്‍ ജോലി ചെയ്യുന്നിടത്ത് ഒരാള്‍ കുറ്റം ചെയ്താല്‍ അവനെതിരേ സാക്ഷിപറയാന്‍ രണ്ടുപേരെങ്കിലും തയ്യാറാകും. പക്ഷേ ഇവര്‍ക്കിടയില്‍ അത്തരം ചൂണ്ടിക്കാട്ടലുകളോ സാക്ഷി പറയലുകളോ ഇല്ല. കുറ്റം ചെയ്തവനെ കൊന്നാല്‍ പോരെ എന്നുമാത്രമാണ് അവര്‍ ചോദിക്കുന്നത്. ആ ബോധത്തില്‍ നിന്നും അവരെ തിരുത്തണം.

ഈ ഇന്ത്യാ രാജ്യത്ത് ഏറ്റവും സ്വാതന്ത്ര്യത്തോടെ തൊഴിലെടുത്ത് ജീവിക്കാന്‍ സൗകര്യമുള്ളത് നമ്മുടെ കേരളത്തില്‍ തന്നെയാണ്. ഇവിടെ ജോലി തേടിയും ജീവിതം തേടിയും വരുന്നവരെ ഞങ്ങളൊക്കെ സഹോദരന്മാരായി തന്നെയാണ് കാണുന്നത്. ക്രിമിനലുകള്‍ക്ക് ബംഗാളിയെന്നോ മലയാളിയെന്നോ തമിഴനെന്നോ വേര്‍തിരിവ് ഇല്ല. ബംഗാളി കുറ്റം ചെയ്യുന്നതുപോലെ മലയാളിയും ചെയ്യാറുണ്ട്. അതുകൊണ്ട് ഇതരസംസ്ഥാനക്കാരെ ഇനിയിവിടെ തൊഴിലെടുക്കാനോ ജീവിക്കാനോ അനുവദിക്കില്ലെന്ന് നമുക്ക് പറയാന്‍ കഴിയില്ല. എന്നാല്‍ ക്രിമിനലുകളെ, കൊലപാതകികളെ, മോഷ്ടാക്കാളെ, സത്രീകളെ ഉപദ്രവിക്കുന്നവരെ ഒന്നും നമ്മുടെ നാട്ടില്‍ കൊണ്ടുവരാതിരിക്കാന്‍ നമുക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും,” അബ്ബാസ്‌ പറയുന്നു.

നിമിഷയുടെ കൊലപാതകത്തിനു പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരേ നടക്കുന്ന പ്രചാരണങ്ങളില്‍ തനിക്ക് സമൂഹത്തോട് പറയാനുള്ള ഒരു ആവശ്യം എന്ന നിലയില്‍ കെ എ അബ്ബാസ് ചില കാര്യങ്ങള്‍ കൂടി ഈ വീഡിയോയില്‍ പങ്കുവയ്ക്കുന്നു;

ഞങ്ങളെ ആരെങ്കിലും കൊല്ലുമോ? ഭയമുണ്ട്, പക്ഷേ കേരളം വിടില്ലെന്ന് പെരുമ്പാവൂരിലെ ഇതര സംസ്ഥാനത്തൊഴിലാളികള്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ വരുന്നതിന് മുന്‍പ് കേരളം കുറ്റവാളികള്‍ ഇല്ലാത്ത കിണാശ്ശേരി ആയിരുന്നില്ല

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍