UPDATES

വീഡിയോ

“പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ളതുപോലെ”- രാമലീല ടീസറില്‍ ദിലീപ്

മുകേഷിന്റെ ശബ്ദത്തില്‍ “തെളിവുകള്‍ തീരുമാനിക്കും പ്രതി ആരാകണമെന്ന്” എന്ന ഡയലോഗും ടീസറിലുണ്ട്

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ഗൂഡാലോചനാ കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീലയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് 30 സെക്കന്റുള്ളള ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

പ്രധാനമായും രണ്ട് ഡയലോഗുകളാണ് പുതിയ ടീസറിലുള്ളത്. മുകേഷിന്റെ ശബ്ദത്തില്‍ “തെളിവുകള്‍ തീരുമാനിക്കും പ്രതി ആരാകണമെന്ന്” എന്ന ഡയലോഗും കണ്ണീരൊഴുക്കി നില്‍ക്കുന്ന ദിലീപിനെ കാണിച്ചതിനു ശേഷമുള്ള “പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ളതുപോലെ” എന്ന ഡയലോഗുമാണ് ടീസറിലുള്ളത്.

മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, വിജയരാഘവന്‍, രാധിക ശരത് കുമാര്‍, ലെന, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിച്ചിരിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടു പോവുകയും ലൈംഗികമായി ആക്രമിക്കുകയും ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്ത പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ ഗൂഡാലോചനയ്ക്കു പിന്നില്‍ ദിലീപാണെന്ന് തെളിവുകള്‍ കിട്ടിയതോടെയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജാമ്യം നിഷേധിക്കപ്പെട്ട ദിലീപ് ഈ മാസം 25 വരെ കസ്റ്റഡിയിലാണ്. ഇപ്പോള്‍ ആലുവ സബ് ജയിലിലാണ് ദിലീപുള്ളത്.

ദിലീപ് അറസ്റ്റിലായതോടെ അദ്ദേഹം അഭിനയിച്ച സിനിമകളുടേയും ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ചിത്രങ്ങളുടേയും ഭാവി അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി ദിലീപിന് അനുകൂലമായ വിധത്തില്‍ പി.ആര്‍ പണികള്‍ നടക്കുന്നതായി വ്യാപകമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ജനാഭിപ്രായം ദിലീപിന് അനുകൂലമായി രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. പുതിയ ടീസറും ഇതിന് സമാനമായ വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ദിലീപ് അകത്താണെങ്കിലും രാമലീല ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചനകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍