UPDATES

വീഡിയോ

ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഡിജിറ്റല്‍ പോലീസ് സ്റ്റേഷനായ ജുമൈരയിലുള്ള കിയോസ്‌കുകളില്‍ മലയാള ഭാഷയും / വീഡിയോ

മനുഷ്യ സാന്നിധ്യമില്ലാതെ പൂര്‍ണ്ണമായും ഓട്ടോമേഷന്‍ സംവിധാനത്തിലാണ് ഈ സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്.

ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഡിജിറ്റല്‍ പോലീസ് സ്റ്റേഷനായ ദുബായ് ജുമൈരയിലുള്ള കിയോസ്‌കുകളില്‍ മലയാള ഭാഷയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ദുബായ് ജുമൈറയിലെ സ്മാര്‍ട്ട് പോലീസ് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ മലയാളം ഭാഷ ഉള്‍പ്പെടുത്താന്‍ ദുബായ് പോലീസ് തീരുമാനിച്ചു. ഇതോടെ സ്മാര്‍ട്ട് സ്റ്റേഷനിലെ കിയോസ്‌കിലെ ആദ്യത്തെ ഇന്ത്യന്‍ ഭാഷയാവുകയാണ് മലയാളം.

പോലീസ് സേവനങ്ങള്‍ക്ക് വേണ്ടിയുള്ള ലോകത്തിലെതന്നെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഡിജിറ്റല്‍ പോലീസ് സ്റ്റേഷന്‍ ആണ് ദുബായ് ജുമൈരയിലെത്. സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ ദുബായ് പോലീസ് ഉദ്യോഗസ്ഥര്‍ വിവരിച്ചു. സ്റ്റേഷനിലെ ഈ സേവനങ്ങള്‍ മാതൃകാപരമാണ്. മനുഷ്യ സാന്നിധ്യമില്ലാതെ പൂര്‍ണ്ണമായും ഓട്ടോമേഷന്‍ സംവിധാനത്തിലാണ് ഈ സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. ദുബായ് പോലീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. പോലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതികള്‍ ബോധിപ്പിക്കാനും ഏത് പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാനും തീര്‍പ്പു കല്പിക്കാനും സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ മുഖേന സാധിക്കും.

ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ സംവിധാനങ്ങളോടെയാണ് ഈ പോലീസ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. ഇവിടെ എത്തുന്നവര്‍ക്ക് സിനിമ കാണാനും ട്രെഡ് മില്ലില്‍ പരിശീലനം നടത്താനും സൗജന്യമായി ചായകുടിക്കാനും അധികൃതര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. യുഎഇയിലെ താമസക്കാര്‍ക്ക് മാത്രമല്ല, ഈ രാജ്യത്ത് എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് പരാതി നല്‍കാനും ഇവിടെ സംവിധാനമുണ്ട്.

ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ്. മേജര്‍ ജനറല്‍ അബ്ദുള്ള ഖലിഫ ഒബൈദ് അല്‍ മാരിയുടെ ക്ഷണപ്രകാരമായിരുന്നു ദുബായ് ജുമൈറയിലെ സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം. അദ്ദേഹത്തോടൊപ്പം ദുബായ് പോലീസ് ബ്രിഗേഡിയര്‍ അബ്ദുള്ള ഖാദിം, കേണല്‍ ഹുസൈന്‍ ബിന്‍ ഖലിറ്റ , മേജര്‍ അഹമ്മദ് ബിന്‍ ഫഹദ് എന്നിവരും ചേര്‍ന്ന് സ്വീകരിച്ചു. നോര്‍ക്ക വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസ് എന്നിവരും കൂടെയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍