UPDATES

വൈറല്‍

ഗുജറാത്ത് തെരഞ്ഞെടുപ്പ്: മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു

വിജയങ്ങള്‍ക്കായി എന്ത് ഹീനപ്രവര്‍ത്തി ചെയ്യാനും ബിജെപി മടിക്കില്ല എന്നുള്ളതിന്റെ മറ്റൊരു തെളിവായി ഈ വീഡിയോ മാറുന്നു

തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കായി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന സംഘപരിവാര്‍ തന്ത്രം ഗുജറാത്തിലും ആവര്‍ത്തിക്കപ്പെടുന്നു. രാഷ്ട്രീയ കക്ഷികളെല്ലാം എതിരാളികളെ ഇകഴ്ത്തിക്കാണിക്കുന്നതിന് സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കുന്ന ഇക്കാലത്ത്, ആരും പിതൃത്വം ഏറ്റെടുക്കാനില്ലാത്ത ഒരു വീഡിയോ ആണ് മുസ്ലീങ്ങളെ ഭീകരരായി ചിത്രീകരിച്ചുകൊണ്ട് പ്രചരിക്കുന്നത്. ഒരു പെണ്‍കുട്ടി ഭീതിയോടെ തെരുവിലൂടെ നടക്കുമ്പോള്‍, പശ്ചാത്തലത്തില്‍ നിസ്‌കാരത്തിനുള്ള ആഹ്വാന ശബ്ദം മുഴങ്ങുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. സന്ധ്യയ്ക്ക് ഏഴ് മണിക്ക് ശേഷം ഗുജറാത്തില്‍ ഇത് സംഭവിക്കാം എന്ന് എഴുതിക്കാണിക്കുകയും ചെയ്യുന്നുണ്ട്.

പെ്ണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ ആകാംഷയോടെ വീട്ടില്‍ കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് പിന്നീട് വരുന്നത്. ഇവിടെ പശ്ചാത്തലത്തില്‍ കൃഷ്ണന്റെ പ്രതിമ ദൃശ്യമാകുന്നു. വീട്ടിലെത്തുന്ന പെണ്‍കുട്ടി തിരക്കിട്ട് കോളിംഗ് ബെല്‍ അമര്‍ത്തുന്നു. വാതില്‍ തുറക്കുന്ന അമ്മയെ പെണ്‍കുട്ടി ആശ്വാസത്തോടെ ആശ്ലേഷിക്കുമ്പോള്‍ പിതാവ് അവളുടെ നെറ്റിയില്‍ തലോടുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ക്യാമറയിലേക്ക് തിരിഞ്ഞ് ഇങ്ങനെ പറയുന്നു: ‘ഒരു നിമിഷം, ഗുജറാത്തില്‍ ഇങ്ങനെ സംഭവിക്കുന്നു എന്ന് കാണുമ്പോള്‍ എന്തിനാണ് ആശ്ചര്യപ്പെടുന്നത്?’ പിന്നീട് പിതാവിന്റെ ഊഴമാണ്. ’20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ സംഭവിച്ചിരുന്നു. ആ ആളുകള്‍ മടങ്ങിവരുകയാണെങ്കില്‍ ഇനിയും സംഭവിക്കാം,’എന്നാണ് അദ്ദേഹത്തിന്റെ മഹദ്വചനം. പെണ്‍കുട്ടിയും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ‘പക്ഷെ ആശങ്കപ്പെടേണ്ടതില്ല. ആരും വരില്ല. കാരണം മോദി ഇവിടെയുണ്ട്, ‘എന്ന് അവള്‍ പ്രതിവചിക്കുന്നു.

1.15 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയുടെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും തയ്യാറായിട്ടില്ല. പക്ഷെ സന്ദേശം വ്യക്തമാണ്. അങ്ങേയറ്റം ഹീനമായ താല്‍പര്യങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോയ്‌ക്കെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. വോട്ടുകള്‍ ഭിന്നിപ്പിക്കാനും മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം വര്‍ദ്ധിപ്പിക്കാനും കാരണമാകും എന്നതിനാല്‍ വീഡിയോയുടെ പ്രചാരണം നിരോധിക്കണമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് ലോ നെറ്റ്വര്‍ക്ക് എന്ന മനുഷ്യാവകാശ സംഘടനയുടെ പ്രവര്‍ത്തകന്‍ ഗോവിന്ദ് പര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഗുജറാത്ത് പോലീസിനും കത്തയച്ചിട്ടുണ്ട്. വീഡിയോയില്‍ കാണുന്ന വ്യക്തികള്‍ക്കും അതിന്റെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനും അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ചിനും നല്‍കിയ പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷ സമുദായാംഗങ്ങളില്‍ മുസ്ലീം പേടി വളര്‍ത്തിക്കൊണ്ട് വോട്ടുകള്‍ ധ്രൂവീകരിക്കരിക്കാനുള്ള ശ്രമമാണ് വീഡിയോയിലൂടെ നടത്തുന്നതെന്ന് പാര്‍മര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍, ഇതുവരെ ഇത്തരത്തിലുള്ള ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് അഡീഷണ്‍ ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ എല്‍പി പഡാലിയ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ കുറ്റപ്പെടുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കിലും വീഡിയോ മുലം ഗുണം ലഭിക്കുന്ന ഏക പാര്‍ട്ടി ബിജെപി ആയതിനാല്‍ അവരുടെ ഗുഢപ്രചാരണത്തിന്റെ ഭാഗമാകാം ഇതെന്ന് ഗുജറാത്ത് കോണ്‍ഗ്രസിന്റെ ഐടി സെല്‍ മേധാവി റോഹന്‍ ഗുപ്ത പറഞ്ഞു. എന്നാല്‍, ചില മുട്ടുന്യായങ്ങള്‍ പറഞ്ഞ് വീഡിയോയെ ന്യായീകരിക്കാനാണ് രാജ്യവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടി ചെയ്യുന്നത്. തങ്ങള്‍ ഇത്തരത്തിലുള്ള ഒരു വീഡിയോ നിര്‍മ്മിച്ചിട്ടില്ലെന്നും പാര്‍ട്ടിയുടെ അഭ്യൂദയകാംക്ഷികളാരെങ്കിലും നിര്‍മ്മിച്ചതാവാം അതെന്നുമാണ് ബിജെപിയുടെ ഗുജറാത്ത് സാമൂഹിക മാധ്യമ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന പങ്കജ് ശുക്ല പറയുന്നത്. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കായി എന്ത് ഹീനപ്രവര്‍ത്തി ചെയ്യാനും ബിജെപി മടിക്കില്ല എന്നുള്ളതിന്റെ മറ്റൊരു തെളിവായി ഈ വീഡിയോ മാറുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍