UPDATES

വീഡിയോ

പക്ഷപാതം കാണിക്കുക തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്‌ – ദ ടെലിഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാല്‍ (വീഡിയോ)

‘കാശ്മീര്‍ പാര്‍ട്ടീഷന്‍’ എന്ന് തലക്കെട്ടില്‍ പ്രതിഷേധിച്ച് പലരും ഞങ്ങളുടെ പത്രം നിര്‍ത്തി. ശബരിമല സംഭവത്തില്‍ ഞങ്ങളുടെ തലക്കെട്ടില്‍ പ്രതിഷേധിച്ച് കല്‍ക്കട്ട മലയാളി സമാജത്തിലുള്ളവരടക്കം ഞങ്ങളുടെ പത്രം വരുത്തുന്നത് നിര്‍ത്തി.

അടിയന്തരാവസ്ഥക്കാലത്ത് ഞങ്ങളില്ലായിരുന്നു, ഇന്നായിരുന്നുവെങ്കില്‍ ഞങ്ങള്‍ ശക്തമായി പ്രതികരിച്ചേനെ എന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പോള്‍ കാശ്മീരില്‍ അങ്ങനെയൊരു സാഹചര്യമുണ്ടായിട്ട് ആരെങ്കിലും പ്രതികരിച്ചോ എന്ന് ദ ടെലിഗ്രാഫ് പത്രത്തിന്റെ എഡിറ്ററും മലയാളിയുമായ ആര്‍ രാജഗോപാല്‍. കാലടി സംസ്‌കൃത സര്‍വകലാശാലയുടെ ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ‘ന്യൂസ് റൂമുകളിലേക്ക്, ക്ഷണിക്കാതെ ഇന്ത്യന്‍ വാര്‍ത്താമാധ്യമങ്ങളുടെ സമീപകാല സമസ്യകള്‍’ എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു ആര്‍ രാജഗോപാല്‍. ദുരിതബാധിതരെ ആശ്വസിപ്പിക്കുക, സുഖമായി കഴിയുന്ന മറ്റുപലര്‍ക്കും ദുരിതമുണ്ടാക്കുക എന്നതാണ് പത്രധര്‍മ്മം എന്നാണ് സങ്കല്‍പ്പം എന്ന് രാജഗോപാല്‍ പറഞ്ഞു.

മാധ്യമങ്ങളില്ലാതായി എന്നത് കൊണ്ട് ഒരു പാര്‍ട്ടിയും – കോണ്‍ഗ്രസോ ബിജെപിയോ മറ്റേത് പാര്‍ട്ടിയായാലും ദുഖിക്കാന്‍ പോകുന്നില്ല. അവര്‍ക്ക് ഏറ്റവും നല്ലതും അത് തന്നെയാണ്. കാശ്മീരില്‍ സംഭവിച്ചത് പോലെ. വായനക്കാര്‍ കൂടുന്നത്, സര്‍ക്കുലേഷന്‍ കൂടുന്നത് ഇതൊന്നും ഒരു പത്രത്തിനും നേട്ടമാകാന്‍ പോകുന്നില്ല. സര്‍ക്കുലേഷന്‍ കൂടുന്നു എന്നതിനര്‍ത്ഥം ആ പത്രം പരസ്യദാതാക്കളോട് കൂടുതല്‍ വിധേയത്വം പുലര്‍ത്തുന്നു എന്നാണ്. 1991ല്‍ ഒരു പത്രം പെട്ടെന്ന് തീരുമാനിച്ചു, വില കുറക്കാന്‍. The Leader guards the Reader എന്നായിരുന്നു അവരുടെ പരസ്യവാചകം. അവിടെ തൊട്ടാണ് ഇന്ത്യന്‍ മാധ്യമരംഗത്തിന്റെ അധ:പതനം തുടങ്ങിയത്. വാര്‍ത്തയില്‍ നിന്ന്, വസ്തുതകളില്‍ നിന്ന് വായനക്കാരന്റെ ശ്രദ്ധ തിരിക്കുക എന്ന രീതി. News is Cheap എന്നായി വിപണന വാക്യം.

പല സാധനങ്ങളുടേയും വില കൂടുന്നതാണ് നല്ലത്. പത്ര മാധ്യമങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. വില കുറയുമ്പോള്‍ ഉല്‍പ്പന്നത്തിന്റെ മൂല്യം കുറയുക എന്ന പ്രശ്‌നമുണ്ടാകുന്നുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്റെ ഡിജിറ്റല്‍ സബ്‌സ്‌ക്രിപ്ഷന്‍ കൂടി, ഓണ്‍ലൈന്‍ വായന കൂടി എന്ന് പറയുന്നത് പോലൊരു സ്ഥിതി ഇന്ത്യയിലില്ല. ഇന്ത്യയില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏതൊക്കെയാണ് എന്ന് പരിശോധിച്ചാല്‍ ഇത് മനസിലാകും.

മാധ്യമങ്ങള്‍ അതിന്റെ ഓഡിയന്‍സിനെ ഭീതിയോടെയാണ് കാണുന്നത്. എന്നാല്‍ അതില്‍ എന്തെങ്കിലും തരത്തിലുള്ള ബഹുമാനമില്ല. അത് ഒരു അക്രമിക്കൂട്ടത്തെ ഭയക്കുന്ന പോലെയാണ്. ഒരു കൂട്ട ബഹിഷ്‌കരണം, ഫോണ്‍ വിളിച്ചുള്ള ഭീഷണി, റെക്കോഡ് ചെയ്ത് വാട്‌സ് ആപ്പില്‍ ഓഡിയോ പ്രചരിപ്പിക്കല്‍ തുടങ്ങിയ കേരളത്തില്‍ പ്രത്യേകമായി കണ്ടുവരുന്ന രീതികള്‍ ഇതിനെയൊക്കെ മാധ്യമങ്ങള്‍ ഭയക്കുന്നുണ്ടാകാം. എന്നാല്‍ ആളെ കൊല്ലാന്‍ വരുന്ന ഒരു കൂട്ടത്തെ ഭയക്കുന്ന പോലെയാണിത്. അതില്‍ ആര്‍ക്കും അഭിമാനിക്കാന്‍ ഒന്നുമില്ല.

അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട കൊലകള്‍ക്കെതിരായി ഒരു പൊതുപ്രസ്താവനയില്‍ ഒപ്പുവച്ച് സര്‍ക്കാരിന് നല്‍കി. ഞങ്ങളുടെ പത്രമടക്കം മിക്ക പത്രങ്ങളും ഇത് വാര്‍ത്തയാക്കി. ഇതില്‍ ഒപ്പ് വച്ചവരില്‍ ഭൂരിഭാഗവും പ്രശസ്തരാണ്. ഒരു പ്രത്യേക മത മുദ്രാവാക്യം വിളി കൊലയാളി സംഘങ്ങള്‍ ഉപയോഗിക്കുന്നതിനെപ്പറ്റി ഇവരുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മറ്റ് 60 പേരുടെ പ്രസ്താവന വന്നു. പലരും അത്ര അറിയപ്പെടുന്നവരൊന്നുമല്ല. അവര്‍ ഈ മത മുദ്രാവാക്യം അനിവാര്യമാണ് എന്നാണ് പറയുന്നത്. നേരത്തെ 49 പേരുടെ പ്രസ്താവന പ്രസിദ്ധീകരിച്ച പലരും ഈ 60 പേരുടെ പ്രസ്താവന പ്രസിദ്ധീകരിച്ചു. എന്റെ പത്രത്തില്‍ ഇത് പ്രസിദ്ധീകരിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല. പലരും നിങ്ങള്‍ക്ക് പക്ഷപാതമുണ്ട് എന്ന് വിമര്‍ശിച്ചു. അതെ, പക്ഷപാതം കാണിക്കേണ്ടത് തന്നെയാണ് ഈ ജോലി. അല്ലാതെ ഒരു കൂട്ടര്‍ പറയുന്നതും മറ്റവര്‍ പറയുന്നതും പ്രസിദ്ധീകരിക്കുക എന്നതല്ല. ഈ 60 പേര്‍ പിന്തുണക്കുന്ന പാര്‍ട്ടി രാജ്യത്ത് ഏറ്റവുമധികം സംഭാവന ലഭിച്ച പാര്‍ട്ടിയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യദാതാക്കളാണ്. ഞങ്ങള്‍ക്കാണ് ഏറ്റവുമധികം പ്രചാരം എന്ന് ഒരു പത്രം അവകാശപ്പെടുമ്പോള്‍ അത് എങ്ങനെയാണ് അവര്‍ നേടിയത്, നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടാണോ അതോ ജനപ്രീണനത്തിലൂടെയാണോ എന്നത് പരിശോധിക്കപ്പെടണം.

ചിദംബരത്തെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം രാത്രി 10.20ഓടെയാണ്. 10.25ന് ഇത് സംബന്ധിച്ച് ട്രോളുകള്‍ വരുകയാണ്. ഇതെല്ലാം കണ്ടിട്ട് രാവിലെ നിങ്ങളെന്തിന് ചിദംബരം അറസ്റ്റില്‍ എന്ന് പത്രത്തില്‍ വായിക്കണം. വ്യത്യസ്തമായി എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് പ്രശ്‌നം. ചോദ്യങ്ങളോ, ചര്‍ച്ചകളോ സംവാദങ്ങളോ ഉണ്ടാകുന്നില്ല. അതേസമയം ആര്‍ക്കും സമയമില്ല എന്ന വസ്തുതയുണ്ട്. എല്ലാ തൊഴില്‍ മേഖലകളിലും ജോലി തന്നെ ആളുകള്‍ക്ക് നഷ്ടമാകുന്നു എന്ന പ്രശ്നമുണ്ട്. ഞങ്ങളുടെ സ്ഥാപനം തന്നെ നിരവധി പേരെ പിരിച്ചുവിട്ടു.

‘കാശ്മീര്‍ പാര്‍ട്ടീഷന്‍’ എന്ന് തലക്കെട്ട് നല്‍കിയതില്‍ പ്രതിഷേധിച്ച് പലരും ഞങ്ങളുടെ പത്രം നിര്‍ത്തി. ശബരിമല സംഭവത്തില്‍ ഞങ്ങളുടെ തലക്കെട്ടില്‍ പ്രതിഷേധിച്ച് കല്‍ക്കട്ട മലയാളി സമാജത്തിലുള്ളവരടക്കം ഞങ്ങളുടെ പത്രം വരുത്തുന്നത് നിര്‍ത്തി. പ്രധാനമന്ത്രിക്ക് ശേഷം ഏറ്റവും പ്രധാനപ്പെട്ടയാള്‍ എന്നാണ് എഡിറ്ററെ ഒരു കാലത്ത് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് എന്നെ പലരും വിളിക്കുന്നത് ‘ആന്റി നാഷണല്‍’ (ദേശ വിരുദ്ധന്‍) എന്നാണ്. മാധ്യമപ്രവര്‍ത്തകരെ ആന്റി നാഷണല്‍ എന്നും പ്രെസ്റ്റിറ്റ്യൂട്ട് (മാധ്യമവേശ്യ) എന്നുമെല്ലാമാണ് വിളിക്കുന്നത്. ഇത്തരത്തിലുള്ള സാഹചര്യങ്ങളെ നേരിടാന്‍ തയ്യാറായേ മാധ്യമപ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനാവൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍