UPDATES

വീഡിയോ

കടലിനടിയില്‍ നിന്ന് മിസൈല്‍ വിക്ഷേപിക്കുന്ന ഐഎന്‍എസ് കാല്‍വരി എസ് 50 (വീഡിയോ)

കടലിനടിയിലേയ്ക്ക് ഊളിയിട്ടതിന് ശേഷം ലക്ഷ്യമായ വസ്തുവിനെ എങ്ങനെ കപ്പല്‍ വേധ മിസൈല്‍ കൊണ്ട് തകര്‍ക്കുന്നു എന്നാണ് വീഡിയോ കാണിച്ചുതരുന്നത്.

സേനയുടെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ നേവി പുറത്തുവിട്ടിരിക്കുന്ന വീഡിയോ ഫൂട്ടേജ് ശ്രദ്ധേയമാവുകയാണ്. ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും കരുത്തുറ്റ സ്‌കോര്‍പിയോണ്‍ ക്ലാസ് അന്തര്‍വാഹിനിയായ ഐഎന്‍എസ് കാല്‍വരി എസ് 50 സമുദ്രത്തിനടിയില്‍ മിസൈല്‍ വിക്ഷേപിക്കുന്ന ദൃശ്യമാണ് പുറത്തുവിട്ടിരിക്കുന്നത്. മിസൈല്‍ പരീക്ഷണങ്ങളുടെ ഭാഗമായാണ് ഇത്. ഈ മാസമാണ് ഫ്രഞ്ച് നിര്‍മ്മിത മുങ്ങിക്കപ്പല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്തത്. മുംബയ് മസഗോണ്‍ ഡോക്കിലാണ് ഐഎന്‍എസ് കാല്‍വരി നിര്‍മ്മിച്ചത്. ടൈഗര്‍ ഷാര്‍ക്ക് എന്നും ഈ ആക്രമണകാരി അറിയപ്പെടുന്നു.

കടലിനടിയിലേയ്ക്ക് ഊളിയിട്ടതിന് ശേഷം ലക്ഷ്യമായ വസ്തുവിനെ എങ്ങനെ കപ്പല്‍ വേധ മിസൈല്‍ കൊണ്ട് തകര്‍ക്കുന്നു എന്നാണ് വീഡിയോ കാണിച്ചുതരുന്നത്. സബ്ടിക്‌സ് (സബ്മറൈന്‍ ടാക്ടിക്കല്‍ ഇന്റഗ്രേറ്റഡ് കോംബാറ്റ് സിസ്റ്റം) ആണ് ഐഎന്‍എസ് കാല്‍വരിയ്ക്കുള്ളത്. സോണാറുകള്‍ ഉപയോഗിച്ച് ടാര്‍ഗറ്റുകളെ കണ്ടെത്തുകയും ടോര്‍പ്പിഡോകള്‍ അല്ലെങ്കില്‍ മിസൈലുകള്‍ അയയ്ക്കുകയുമാണ് ചെയ്യുന്നത്. വെള്ളത്തിനടിയില്‍ ജലോപരിതലത്തിന് മുകളിലും കാല്‍വരി മിസൈല്‍ വിക്ഷേപിക്കും. ഇന്ത്യന്‍ നേവിയുടെ ആണവേതര മുങ്ങിക്കപ്പലുകളില്‍ ഏറ്റവും ആധുനിക സാങ്കേതികവിദ്യയുള്ളതാണ് ഐഎന്‍എസ് കാല്‍വരി. ശബദം തീരെ കുറഞ്ഞ് ഡീസല്‍ ഇലക്ട്രിക് മോട്ടറാണ് ഇതിനുള്ളത്. ശത്രുക്കള്‍ക്ക് കണ്ടെത്താന്‍ പ്രയാസം. ഭാരമേറിയ ടോര്‍പിഡോകളും കപ്പല്‍ വേധ മിസൈലുകളുമാണ് ഐഎന്‍എസ് കാല്‍വരി വഹിക്കുക.

നേവിയുടെ പ്രോജക്ട് 75ന്റെ ഭാഗമായി ആറ് സ്‌കോര്‍പിയോണ്‍ മുങ്ങിക്കപ്പലുകളാണ് മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിക്കുക. ബാക്കിയുള്ള അഞ്ച് മുങ്ങിക്കപ്പലുകള്‍ മസഗോണ് ഡോക്ക് 2020നകം നേവിയ്ക്ക് കൈമാറും. ഇന്ത്യന്‍ നേവിയ്ക്ക് നിലവില്‍ 15 മുങ്ങിക്കപ്പലുകളാണുള്ളത്. ഇതില്‍ റഷ്യന്‍ നിര്‍മ്മിത കിലോ ക്ലാസ് അന്തര്‍വാഹിനികളും ജര്‍മ്മന്‍ നിര്‍മ്മിത എച്ച്ഡിഡബ്ല്യു മോഡലുകളുമുണ്ട്. ഇന്ത്യയുടെ ആദ്യ മുങ്ങിക്കപ്പലായ ആദ്യത്തെ കാല്‍വരി 1967ല്‍ കമ്മീഷന്‍ ചെയ്യുകയും 1996ല്‍ ഡീകമ്മീഷന്‍ ചെയ്യുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍