UPDATES

വീഡിയോ

ആ സംഭവത്തോടെ നാസിലിന്‍റെ വാപ്പ കിടപ്പിലായി, തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുത്തത് ഗതികേട് കൊണ്ട്; മാതാവ് റാബിയ

തുഷാറിന്‍റെ അറസ്റ്റിനെ തുടര്‍ന്ന് പൊലീസ് നാസിലിന്‍റെ വീട്ടിലെത്തിയിരുന്നു. മാതാവും ചലനശേഷി നഷ്ടപ്പെട്ട പിതാവും മാത്രമാണ് ഈ വീട്ടിലുള്ളത്

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

ഗതികേട് കൊണ്ടാണ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുത്തതെന്ന് നാസില്‍ അബ്ദുള്ളയുടെ മാതാവ് റാബിയ. തുഷാറിന്‍റെ കോണ്‍ട്രാക്റ്റ് അനുസരിച്ചുള്ള പണികള്‍ നടത്താനായി കടം വാങ്ങിയ നാസില്‍, തുഷാര്‍ പണം നല്‍കാതായതോടെയാണ് ജയിലില്‍ പോകേണ്ടി വന്നതെന്നും മാതാവ് പറയുന്നു. ‘നാട്ടിലെ സ്ഥലം വിറ്റാണ് വീട്ടില്‍ വന്നിരുന്ന കടക്കാര്‍ക്ക് പൈസ നല്‍കിയത്. ഈ സംഭവത്തോടെ നാസിലിന്‍റെ വാപ്പ അബ്ദുള്ള കിടപ്പിലായി. നാട്ടില്‍ വരാന്‍ പോലുമാകാതെ കുടുങ്ങിക്കിടക്കുയാണ് നാസില്‍.’ റാബിയ വേദനയോടെ വിവരിച്ചു.

“പഠിപ്പ് കഴിഞ്ഞ ഉടനെ നാസില്‍ ഗള്‍ഫില്‍ പോയി. ചെറിയ ജോലിയാണ് ആദ്യം കിട്ടിയത്. പിന്നെ കണ്‍സ്ട്രകഷ്ന്‍ വര്‍ക്ക് ബിസിനസ് ചെയ്യാന്‍ വിചാരിച്ചു. ആദ്യം കുറച്ചൊക്കെ ചെയ്തു. തുഷാറിന്‍റെ വര്‍ക്ക് കിട്ടിയപ്പോള്‍ അത് എടുത്തു. അതില്‍ കുറച്ച് കാശ് കിട്ടിയിട്ടുണ്ടാകും. ഇവന്‍ കടമായിട്ടൊക്കെ സാധനങ്ങള്‍ വാങ്ങിയാണ് പണി നടത്തിയത്. പൈസ കിട്ടാതായപ്പോള്‍ ഇവന്‍ തന്നെ ചെക്ക് കൊടുത്തു. പൈസയില്ലാതെ ചെക്ക് മടങ്ങി കേസായാണ് അവന്‍ ജയിലില്‍ കിടന്നത്. തുഷാറിന്‍റെ പൈസ കിട്ടാതായപ്പോഴാണ് ജയിലില്‍ പോയത്.

കുറേപ്പേര്‍ വീട്ടില്‍ വന്നിരുന്നു. ഇവന്‍ എടുത്ത കമ്പനിയിലെ പണിക്കാരൊക്കെ ശമ്പളം കിട്ടാതെ ഇവിടേക്ക് വന്നു. വാപ്പ സ്ഥലം വിറ്റൊക്കെ കുറേ പൈസ അവര്‍ക്ക് കൊടുത്തു.

മാനം മര്യാദയായി ജീവിച്ചിരുന്നതാണ് ഞങ്ങള്‍. വാപ്പ ഗള്‍ഫില്‍ പോയി ഉണ്ടാക്കിയതാണ് ഞങ്ങളുടെ വീട്. വാപ്പ നാട്ടിലെത്തിയിട്ടും ജീവിതത്തിന് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. മൂന്ന് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചു. നാസിലിനെ പഠിപ്പിച്ചു. അവസാനം ഈ ഒരു പ്രശ്നം കൊണ്ട് വാപ്പാക്കും വയ്യാതായി. ഇപ്പൊ ഒന്നിനും തരമില്ല.

ഇനിയും കടങ്ങള്‍ ഒരുപാട് കൊടുക്കാനുണ്ട്. അത് കൊടുക്കാന്‍ പറ്റാത്തത് കൊണ്ട് അവന് നാട്ടില്‍ വരാനാകുന്നില്ല. തീരെ മുട്ടിയപ്പോഴാണ് ഇങ്ങനെയൊരു കേസ് കൊടുത്തത്. കേസ് കൊടുക്കാന്‍ ഇഷ്ടമുണ്ടായിട്ടില്ല. ഒരുപാട് ചോദിച്ചിട്ടും കിട്ടാതായപ്പോള്‍ ചെയ്തതാണ്.”

തൃശ്ശൂര്‍ മതിലകത്ത് അബ്ദുള്ളയുടേയും റാബിയയുടേയും മകനാണ് നാസില്‍ അബ്ദുള്ള. രണ്ട് വര്‍ഷം മുമ്പാണ് നാസില്‍ അവസാനമായി നാട്ടിലെത്തുന്നത്.

പത്ത് വര്‍ഷം മുമ്പ് അജ്മാനില്‍ ബോയിങ്ങ് എന്ന പേരില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി നിര്‍മ്മാണ കമ്പനി നടത്തിയിരുന്നു. അന്ന് ഉപകരാര്‍ ഏല്‍പ്പിച്ചതാണ് നാസിലിനെ. ഈ പ്രവൃത്തികള്‍ക്കായി വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത്. പത്തൊമ്പതര കോടി രൂപയുടേതാണ് ചെക്ക്. ഇതിനിടയില്‍ നാട്ടിലേക്ക് വന്ന തുഷാര്‍ രാഷ്ട്രീയരംഗത്ത് സജീവമാകുകയും നാസിലിന്‍റെ പണം കൊടുക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറുകയുമായിരുന്നു.

തുഷാറിന്‍റെ അറസ്റ്റിനെ തുടര്‍ന്ന് പൊലീസ് നാസിലിന്‍റെ വീട്ടിലെത്തിയിരുന്നു. മാതാവും ചലനശേഷി നഷ്ടപ്പെട്ട പിതാവും മാത്രമാണ് ഈ വീട്ടിലുള്ളത്.

Read More: എന്‍ഡിഎ ആയതുകൊണ്ടുമാത്രം ‘നികൃഷ്ടരല്ലാത്ത’ പലരുണ്ട് സിപിഎമ്മിന്, തുഷാറുമാര്‍ക്ക് വേണ്ടി തുടിക്കുന്ന ഇടതു ഹൃദയങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍