അഴിമുഖം പ്രതിനിധി
ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവു ചാടിയ എട്ടു സിമി പ്രവര്‍ത്തരെയും പൊലീസ് വധിച്ചത് വ്യാജ ഏറ്റുമുട്ടലിലോ? വലിയൊരു വിവാദത്തിനു കാരണമായേക്കാവുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ ഇത്തരമൊരു സംശയത്തിനു കാരണമായിരിക്കുന്നത്. താഴെ വീണുകിടക്കുന്ന സിമി പ്രവര്‍ത്തകരില്‍ ഒരാള്‍ക്കു നേരെ നിറയൊഴിക്കുന്നതിന്റെതുള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോ ഫൂട്ടേജില്‍ ഉള്ളത്. മരിച്ചു കിടക്കുന്ന ഒരാളുടെ അരയില്‍ നിന്നും കത്തിപോലത്തെ ഒരായുധം പൊലീസ് കണ്ടെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജയില്‍ ചാടിയവരും പൊലീസുമായി നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഇവര്‍ വെടിയേറ്റു കൊല്ലപ്പെട്ടതാണെന്ന പൊലീസിന്റെ വാദത്തെ ചോദ്യം ചെയ്യാവുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വീണു കിടക്കുന്ന ഒരാളുടെ അരയില്‍ നിന്നും കത്തിപോലുള്ള ഒരായുധം കണ്ടെടുക്കന്നതൊഴിച്ചാല്‍ മറ്റൊരായുധവും സിമി പ്രവര്‍ത്തകരുടെ സമീപത്ത് ഉള്ളതായും ദൃശ്യങ്ങളില്‍ കാണുന്നില്ല. എന്നാല്‍ ഐ ജി യോഗേഷ് ചൗധരി പറയുന്നത് സിമി പ്രവര്‍ത്തകരുടെ പക്കല്‍ ആയുധമുണ്ടായിരുന്നുവെന്നും ഇവര്‍ പൊലീസിനോട് ഏറ്റമുട്ടല്‍ നടത്തിയെന്നുമാണ്.
ദേശീയ ചാനലായ ന്യൂസ് 18 പുറത്തുവിട്ട ഈ ദൃശ്യങ്ങള്‍ ആധികാരികമാണെങ്കില്‍ മധ്യപ്രദേശ് പൊലീസ് നടത്തിയതു വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്നു കരുതേണ്ടി വരും. ഒരു തവണ കൂടി എന്ന് ആരോ വിളിച്ചു പറയുമ്പോള്‍ തോക്കേന്തിയ ഒരു പൊലീസുകാരന്‍ തറയില്‍ വീണു കിടക്കുന്ന ഒരാളെ പോയിന്റ് ബ്ലാങ്കില്‍ നിന്നും വെടിവയ്ക്കുന്നത് കൂടുതല്‍ സംശയങ്ങള്‍ക്ക് വക നല്‍കുന്നുണ്ട്.
ഇന്നു പുലര്‍ച്ചെയാണ് എട്ടു സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയത്. സുരക്ഷാജീവനക്കാരനെ സ്പൂണും തകരപാത്രവും കൊണ്ട് കഴുത്തു മുറിച്ച് കൊലപ്പെടുത്തിയശേഷമാണ് ഇവര്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടതെന്നാണു പൊലീസ് പറഞ്ഞത്.
മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പും കാന്ദ്വാ ജയിലില്‍ നിന്നും ഏഴു സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയിരുന്നു. ഇവരില്‍ രണ്ടുപേരെ പിന്നീട് തെലുങ്കാനയില്‍ വച്ച് പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. ഈ ജയില്‍ ചാട്ടത്തിനുശേഷമാണ് തടവിലുള്ള സിമി പ്രവര്‍ത്തകരെ കൂടുതല്‍ സുരക്ഷയുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.