UPDATES

വീഡിയോ

പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ വിഷ ചികിത്സക മാത്രമല്ല, ഒരു കവി കൂടിയാണ് (വീഡിയോ)

‘നിറതോക്കിന്‍ കുഴലുകള്‍ മാരക വിഷം ചീറ്റും ബോംബുകള്‍, ഗ്രനേഡുകള്‍, മറ്റുമായുധങ്ങളാല്‍ സോദര രക്തം ചീന്തി കൊലയാടിത്തിമര്‍ക്കും പൈശാച ശക്തികള്‍’

കാടറിവുകളുടെ അക്ഷയഖനിയാണ് പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ. ആദിവാസി വൈദ്യത്തിലും വിഷ ചികിത്സാ രംഗത്തും ഉള്ള പ്രാഗത്ഭ്യമാണ് അവരെ ലോകത്തിന്റെ മുന്‍പില്‍ എത്തിച്ചത്. എട്ടാം തരം വരെ മാത്രം പഠിച്ചിട്ടുള്ള തിരുവനന്തപുരം കല്ലാര്‍ സ്വദേശിയായ ഈ വൃദ്ധ ഒഴിവ് സമയങ്ങളില്‍ നോട്ട് പുസ്തകങ്ങളില്‍ ചെറു കവിതകള്‍ കുത്തിക്കുറിക്കുമായിരുന്നു. ലക്ഷ്മിക്കുട്ടിയുടെ കവിത വായിച്ച് കവികളായ സുഗതകുമാരിയും അന്തരിച്ച ഡി വിനയചന്ദ്രനും അഭിനന്ദിച്ചിട്ടുണ്ട്. കാട് വിട്ടു പുറത്തെങ്ങും അധികം പോകാത്ത ഈ വയോവൃദ്ധയുടെ കവിതകള്‍ നിറയെ ലോകത്തെ കുറിച്ചുള്ള ആകുലതകളാണ്.

ലക്ഷ്മിക്കുട്ടി എഴുതിയ ‘വഴിയോരക്കാഴ്ചകള്‍’ എന്ന കവിത

ഒരുനാള്‍ കണ്ടൊരാ വഴിയോരക്കാഴ്ചകള്‍
പലനാള്‍ കൊണ്ടെന്‍റെ ഹൃദയം പിളര്‍ക്കുന്നു
ഒരു തുണ്ടുകയറില്‍ തൂങ്ങിയാടും മാംസ പിണ്ഡങ്ങള്‍
ചുടുനിണമൊഴുകിപ്പിടഞ്ഞടിയും മര്‍ത്യജന്മങ്ങള്‍
അമ്മ പെങ്ങന്‍മാരെ ചതിയില്‍ കാശാക്കും കാപാലികന്‍മാര്‍
ഇവിടെയുണരുമോ വീണ്ടുമാ – മാനിഷാദാ
കാട്ടാളനല്ല കാണ്‍ക, വില്ലേന്തി നില്‍പ്പവന്‍
ധര്‍മ്മ ചക്രാങ്കിതമാം കൊടി പാറുന്നു വെങ്കിലും
കര്‍മ്മച്യുതിയാല്‍ യുവത്വം ദയനീയമേന്തി നില്‍പ്പൂ
വില്ലല്ല – കാണ്‍ക – നിറതോക്കിന്‍ കുഴലുകള്‍
മാരക വിഷം ചീറ്റും ബോംബുകള്‍, ഗ്രനേഡുകള്‍
മറ്റുമായുധങ്ങളാല്‍ സോദര രക്തം ചീന്തി –
യരും കൊലയാടിത്തിമര്‍ക്കും പൈശാച ശക്തികള്‍
അശാന്തിയാം വിഷബീജം പരക്കെ വളര്‍ത്തുമ്പോള്‍
ശാന്തിയാം കുളിര്‍ജലം പകരാനിനിയാരുണ്ടെന്നോര്‍ത്ത്
അമ്മമാരുതിര്‍ക്കും ചുടുകണ്ണീര്‍ പ്രവാഹമാ-
യൂരുകിയൊഴുകും കരളിന്‍റെ വേദന മാറ്റുവാന്‍
എന്താണ് തര്‍പ്പണം ചെയ്യേണ്ടത് നാം?
ഏവരുമെങ്ങെങ്ങ് തീര്‍ത്ഥമാടേണ്ടൂ…

‘ഒന്നാണേ ഞങ്ങള്‍ ഒന്നാണേ’ എന്നു തുടങ്ങുന്ന മറ്റൊരു കവിത

കാടറിവുകളുടെ അമ്മ, കല്ലാറിലെ ലക്ഷ്മിക്കുട്ടിയമ്മ ഇനി പത്മശ്രീ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍