UPDATES

വീഡിയോ

തോമസ് പിക്കറ്റിയുടെ ‘മൂലധനം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ’; ഡോക്യുമെന്ററി ട്രെയിലര്‍

പ്രമുഖ സംവിധായകന്‍ ജസ്റ്റിൻ പെംബെർട്ടണാണ് മൂലധനം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സംവിധാനം ചെയ്തിരിക്കുന്നത്.

‘മൂലധനം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ’ (Capital in the 21st Century) എന്ന ഡോക്യുമെന്‍ററിയുടെ ആദ്യ ട്രെയിലർ പുറത്ത്. ആഗോളതലത്തില്‍ പെരുകിവരുന്ന സാമ്പത്തിക അസമത്വത്തിന്‍റെ രൂക്ഷതയിലേക്ക് ലോകത്തിന്‍റെ ശ്രദ്ധയെ ആനയിച്ച, തോമസ് പിക്കറ്റി അതേ പേരിൽ എഴുതിയ, പുസ്തകത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ സിഡ്‌നി, മെൽബൺ ചലച്ചിത്രമേളകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നുവെങ്കിലും ഔദ്യോഗികമായി എന്നു റിലീസ് ചെയ്യുമെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ട്രാൻസ്മിഷൻ ഫിലിംസാണ് ഡോക്യുമെന്‍ററി നിര്‍മ്മിച്ചിരിക്കുന്നത്.

വ്യാവസായിക വിപ്ലവത്തിനു ശേഷം അസമത്വത്തിന്‍റെ വളര്‍ച്ച എങ്ങനെയാണ് സംഭവിച്ചതെന്നും, കുറച്ചാളുകളുടെ കയ്യിലേക്ക് മാത്രമായി സമ്പത്ത് എങ്ങിനെ കേന്ദ്രീകരിക്കപ്പെട്ടുവെന്നുമാണ് പുസ്തകവും ഡോക്യുമെന്‍ററിയും ചര്‍ച്ചചെയ്യുന്നത്. ‘മൂലധനത്തിന്‍റെ കേന്ദ്രീകരണം സാമൂഹിക പുരോഗതിയുമായി കൈകോർക്കുന്നുവെന്ന ജനകീയ ധാരണയെ തകർക്കുന്ന, നമുക്ക് ചുറ്റുമുള്ള ലോകത്തിലേക്കും വർദ്ധിച്ചുവരുന്ന അസമത്വങ്ങളിലേക്കും പുതിയൊരു വെളിച്ചം വീശുന്ന, സാമ്പത്തിന്‍റെയും അധികാരത്തിന്‍റെയും വഴികളിലൂടെയുള്ള കണ്ണുതുറപ്പിക്കുന്ന യാത്രയാണ്’ മൂലധനം ഇരുപത്തൊന്നാം നൂറ്റാണ്ടിലെന്ന് വിശേഷിപ്പിക്കപ്പെടുന്നു.

നമ്മെ ഭയപ്പെടുത്തിയേക്കാവുന്ന, ഒരിക്കലും നാം കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത, എന്നാല്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ട നഗ്ന സത്യങ്ങളിലേക്കാണ് ഇത്തരം ഡോക്യുമെന്‍ററികള്‍ ഇറങ്ങിച്ചെല്ലുന്നത്. പ്രമുഖ സംവിധായകന്‍ ജസ്റ്റിൻ പെംബെർട്ടണാണ് മൂലധനം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സംവിധാനം ചെയ്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍