ലോകത്തെ സ്വാധീനിച്ച നൂറു സ്ത്രീകളുടെ പട്ടികയില്‍ വിജിയുടെ പേരു വന്നത് തങ്ങളോരോരുത്തര്‍ക്കുമുള്ള അംഗീകാരമായി കരുതുന്ന ഒരു കൂട്ടം തൊഴിലാളി സ്ത്രീകളുടെയിടയിലാണ് ഇപ്പോഴുമവര്‍.
കോഴിക്കോട് കോര്‍ട്ട് റോഡിലുള്ള ഐശ്വര്യ സ്റ്റിച്ച് വര്‍ക്ക്‌സ് എന്ന ചെറിയ കടമുറിയിലേക്ക് ഒരിക്കലെങ്കിലും കടന്നുവന്നിട്ടില്ലാത്ത സ്ത്രീതൊഴിലാളികള്‍ മിഠായിത്തെരുവിലില്ല. ഇടുങ്ങിയ ഇടനാഴി കണക്കുള്ള ഊടുവഴി കടന്ന് പടികള്‍ കയറിയെത്തുന്ന ഓരോരുത്തര്‍ക്കും തൊഴിലിടങ്ങളില്‍ നേരിടുന്ന പലവിധമായ പ്രശ്‌നങ്ങളുടെ കെട്ടുകള്‍ അഴിക്കാനുണ്ടാകും. അവരെ കേട്ട്, അവര്‍ക്കൊപ്പം നടന്ന്, ആ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതു വരെ വിശ്രമിക്കാത്ത വിജി പെണ്‍കൂട്ട് എന്ന സ്ത്രീയുടെ തയ്യല്‍ക്കടയാണത്. ആദ്യം പെണ്‍കൂട്ടിന്റെയും പിന്നീട് അസംഘടിത മേഖലാ തൊഴിലാളി യൂണിയന്റേയും ഓഫീസുമുറി കൂടിയായി മാറിയ അതേ തയ്യല്‍ക്കട.
ലോകമറിയുന്നതിനുമെത്രയോ മുന്നെ കോഴിക്കോട്ടുകാര്‍ക്ക് വിജിയുടെ സമരവഴികളറിയാം. തൊഴിലാളികളില്‍ സ്ത്രീ തൊഴിലാളികളെന്നും പുരുഷ തൊഴിലാളികളെന്നും വേര്‍തിരിവുണ്ടെന്ന അപ്രിയ സത്യം വിളിച്ചു പറഞ്ഞും, സ്ത്രീകളുടെ പ്രശ്‌നം അഭിമുഖീകരിക്കേണ്ട രീതികള്‍ വ്യത്യസ്തമാണെന്ന് അവരെത്തന്നെ ബോധ്യപ്പെടുത്തിയും, ഈ നഗരത്തിലെ അവകാശപ്രശ്‌നങ്ങളുടെ പരിസരങ്ങളില്‍ വിജി പെണ്‍കൂട്ട് എന്ന വിജിയേച്ചി എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. ലോകത്തെ സ്വാധീനിച്ച നൂറു സ്ത്രീകളുടെ പട്ടികയില്‍ വിജിയുടെ പേരു വന്നത് തങ്ങളോരോരുത്തര്‍ക്കുമുള്ള അംഗീകാരമായി കരുതുന്ന ഒരു കൂട്ടം തൊഴിലാളി സ്ത്രീകളുടെയിടയിലാണ് ഇപ്പോഴുമവര്‍.
സ്ത്രീ തൊഴിലാളികള്‍ക്ക് ഉപയോഗിക്കാന്‍ ശുചിമുറികളില്ലെന്നും, തുണിക്കടകളിലെ സ്ത്രീകള്‍ മണിക്കൂറുകളോളം ഇരിക്കാതെയാണ് ജോലി ചെയ്യുന്നതെന്നും പ്രബുദ്ധ കേരളത്തെ അറിയിക്കാന്‍ ധാരാളം കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട് വിജിക്കും കൂട്ടര്‍ക്കും. മൂത്രപ്പുര സമരവും ഇരിപ്പു സമരവും മുഖ്യധാരാ കേരളം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അതിനു പിറകിലെ പ്രതിബന്ധങ്ങളുടെ കഥകള്‍ക്കൂ കൂടി ചെവികൊടുക്കേണ്ടതുണ്ട്. അമ്പതാം വയസ്സില്‍ ബിബിസി പട്ടികയില്‍ ഇടം നേടുന്നതിനും പതിറ്റാണ്ടുകള്‍ക്കു മുമ്പേ തന്നെ തുടങ്ങിവയ്ക്കപ്പെട്ട ചെറുത്തു നില്‍പ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് വിജി, ഐശ്വര്യയിലെ ചെറിയൊരു മുറിയിലെ പെണ്‍കൂട്ടിന്റെ ഓഫീസിലിരുന്നു കൊണ്ട്. ഡോക്യൂമെന്ററി കാണാം..