UPDATES

വീഡിയോ

‘വീട്ടിലോട്ട് കയറാന്‍ പേടിയാണ്. എല്ലാം നശിച്ചു. ഇനി ഞങ്ങള് മാത്രമേയുള്ളൂ ബാക്കി.. ‘

‘താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ഒന്ന് നിവര്‍ന്ന് നില്‍ക്കണമെങ്കില്‍ ഇനിയും രണ്ടടി വെള്ളം ഇറങ്ങണം പ്രത്യേകിച്ച് ഈ പാടശേഖരത്തില്‍ നിന്ന് വെള്ളം ഇറങ്ങാന്‍ പാടാണ്.’

‘വീട്ടിലോട്ട് കയറാന്‍ പേടിയാണ്. എല്ലാം നശിച്ചു. ഇനി ഞങ്ങള് മാത്രമെയുള്ളൂ ബാക്കി..വെള്ളം കയറിയപ്പോള്‍ പാറപ്പള്ളിയില്‍ പോയതാണ് ഞങ്ങള്‍. തിരിച്ചു വന്നപ്പോള്‍ വീട്ടില്‍ കയറാന്‍ പേടിയാ.. കണ്ടില്ലേ വീടെല്ലാം പൊളിഞ്ഞ് നില്‍ക്കുന്നത്. അകത്ത് കയറുന്നത് പോയിട്ട്, അരികത്ത് കൂടെ നടക്കാന്‍ പോലും ഭയമാണ്. എപ്പോഴാണ് ഇതെല്ലാം ഞങ്ങടെ മേലേക്ക് വീഴുക എന്നറിയില്ല. ഒരു പുതിയ വീട് വയ്ക്കാന്‍ ഒന്നും ശേഷിയില്ല. തല്‍ക്കാലം ഒരു ഷെഡ്ഡ് ഉണ്ടാക്കി, അതിലാണ് ഞങ്ങളിപ്പോ.. പഠിക്കുന്ന രണ്ട് കൊച്ചുങ്ങളുണ്ട്. പെണ്‍പിള്ളാരല്ലേ.. എങ്ങനെ അവരെയും കൊണ്ട് ഇവിടെ..’

എടത്വാ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കൊടുപ്പുന്നയിലെ അനിലിന്റെ വീടാണിത്. കുട്ടനാട്ടിലെ പലരുടെയും അവസ്ഥ ഇതുതന്നെയാണ്. രണ്ടുമാസത്തോളമായി കുട്ടനാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇവിടുത്തെ ജനങ്ങള്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങി എത്തിയത്. അവിടെ അവര്‍ ഒരായുസ്സ്‌കൊണ്ട് കെട്ടിപ്പെടുത്തതെല്ലാം നശിച്ചു. പലര്‍ക്കും കേറികിടക്കാനും സ്വന്തമെന്ന് പറയാനുമുള്ള വീടുകള്‍ പോലും ഭയപ്പെടുത്തുന്ന അവസ്ഥയിലാണ്.

കുട്ടാനാട്ടിലെ നാല് നാല്‍പ്പത്ത് പാടശേഖരത്തിന്റെ കിഴക്കെ ചിറയില്‍ താമസിക്കുന്ന ശ്രീകുമാറിന് പറയാനുള്ളത്- ‘താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ഒന്ന് നിവര്‍ന്ന് നില്‍ക്കണമെങ്കില്‍ ഇനിയും രണ്ടടി വെള്ളം ഇറങ്ങണം പ്രത്യേകിച്ച് ഈ പാടശേഖരത്തില്‍ നിന്ന് വെള്ളം ഇറങ്ങാന്‍ പാടാണ്. കൃഷിയുണ്ടായിരുന്ന പാടശേഖരമായിരുന്നു ഇത്. അതെല്ലാം നശിച്ചു. ഏതാണ്ട് മുക്കാല്‍ഭാഗത്തോളം പണിയെല്ലാം കഴിഞ്ഞതായിരുന്നു ഈ പാടത്തെ.. എല്ലാം പോയി.’ ശ്രീകുമാര്‍ വിശദീകരിക്കുന്നു.

‘ആദ്യ തവണ വെള്ളപൊക്കത്തില്‍ കുട്ടനാട്ടിലെ കൃഷി മൊത്തതില്‍ നശിച്ചു. അടുത്തവെള്ള പൊക്കത്തോട് കൂടി ആളുകളുടെ വസ്തുവകകള്‍, വീട്.. എല്ലാം നശിച്ചു. ഇനി ഞങ്ങള്‍ക്ക് ഒന്ന് ജീവിക്കണമെങ്കില്‍ ഒന്ന് നിവര്‍ന്ന് നില്‍ക്കണമെങ്കില്‍ കുറെ വര്‍ഷം എടുക്കുമെന്നാണ് കൊടുപ്പുന്ന പഞ്ചായത്ത് മെമ്പര്‍ ദീപ പറയുന്നത്.

സ്വന്തം വീട് മുങ്ങികിടക്കുമ്പോഴും പ്രളയത്തിലകപ്പെട്ടവരെ രക്ഷിച്ച പ്രശാന്ത്, പ്രവീണ്‍, സുജിത്ത്- ‘നെഞ്ചക്കം വെള്ളത്തില്‍ (നെഞ്ച് വരെ പോക്കത്തില്‍ വെള്ളം) അമ്മമാരെയും പ്രായമുള്ളവരെയും രക്ഷിച്ചത് കസേര വെള്ളത്തിലിട്ട് ചവിട്ടി താഴ്ത്തി അവരെ അതില്‍ ഇരുത്തി എടുത്ത് വള്ളത്തില്‍ കയറ്റുകയായിരുന്നു. ഇനി ഒന്നേ എന്ന് പറഞ്ഞ് എല്ലാം തുടങ്ങണം. ഇപ്പോ എങ്ങനെ തുടങ്ങണമെന്ന് അറിയില്ല. ഒരു ഐഡിയയും ഇല്ലാത്തെ നില്‍ക്കുവാണ്. വീട്ടിലെ അവസ്ഥ ആലോചിക്കുവാനെ വയ്യാ.. അത്രക്ക് വെള്ളം കയറി നശിച്ചു.’

(*വീഡിയോ/ ചിത്രങ്ങള്‍- വിഷ്ണു നമ്പൂതിരി)

വിഷ്ണു നമ്പൂതിരി

വിഷ്ണു നമ്പൂതിരി

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍