UPDATES

വൈറല്‍

വീണ്ടും യുപി; യുവതിക്ക് നാട്ടുകൂട്ടത്തിന്റെ ശിക്ഷ മരത്തില്‍ കെട്ടിയിട്ട് അടി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്നും തുടരുന്ന ഖാപ്പ് പഞ്ചായത്തുകളുടെ നീതി നടത്തിപ്പിന്റെ ഏറ്റവും പുതിയ സംഭവമാണ് ഇത്.

കാമുകനൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് യുവതിക്ക് നാട്ടുകൂട്ടം വിധിച്ച ശിക്ഷ പരസ്യമായി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദനം. യുപിയിലെ ബുലന്ദ്ഷഹര്‍ ജില്ലയിലുള്ള ലൗംഗ ഗ്രാമത്തില്‍ ഈ മാസം 10-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് ഇത് പുറംലോകമറിഞ്ഞത്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ്, മുന്‍ പഞ്ചായത്ത് മുഖ്യന്‍, അയാളുടെ മകന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

73 സെക്കന്റ് നീളുന്ന വീഡിയോ ദൃശ്യത്തില്‍ യുവതിയുടെ കൈകള്‍ മരത്തിനു മുകളിലേക്ക് കെട്ടിയിട്ട് ലെതര്‍ ബെല്‍റ്റ് കൊണ്ട് തല്ലുന്ന ദൃശ്യങ്ങളാണുള്ളത്. ഓരോ അടിക്കും യുവതി കരയുന്നതും കേള്‍ക്കാം. സംഭവസ്ഥലത്തുണ്ടായിരുന്ന ആരോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതാണ് ദൃശ്യം. വലിയ ജനക്കൂട്ടം ഇത് നോക്കി നില്‍ക്കുന്നുണ്ടെങ്കിലും ആരും ഇടപെടുകയോ തടയുകയോ ചെയ്യുന്നുമില്ല.

ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്ന യുവതി തന്റെ പരാതിയില്‍ പറഞ്ഞിരിക്കുന്നത് താന്‍ അയല്‍ക്കാരനായ മറ്റൊരാള്‍ക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ച് ഒരു ബന്ധുവിന്റെ വീട്ടില്‍ ജീവിക്കുകയായിരുന്നു എന്നാണ്. എന്നാല്‍ പ്രശ്‌നങ്ങള്‍ സമാധാനമായി പറഞ്ഞു തീര്‍ക്കാം എന്നു വിശ്വസിപ്പിച്ച് ഭര്‍ത്താവും മുന്‍ പഞ്ചായത്ത് മുഖ്യനും ചേര്‍ന്ന് യുവതിയെ ഗ്രാമത്തിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഗ്രാമത്തിനും സമുദായത്തിനും ‘ചീത്തപ്പേരുണ്ടാക്കിയ’ യുവതിയെ ഒരു പാഠം പഠിപ്പിക്കണമെന്നും തുടര്‍ന്ന് പഞ്ചായത്ത് ചേര്‍ന്ന് പരസ്യമായി ശിക്ഷിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഇത്തരത്തില്‍ ശിക്ഷിക്കുന്നതിനെ ഒരുവിഭാഗം എതിര്‍ത്തെങ്കിലും മുന്‍ മുഖ്യന്‍ ഷേര്‍ സിംഗ്, അയാളുടെ മകന്‍ ശ്രാവണ്‍, ഭര്‍ത്താവ് സൗധാന്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന് ഇവരെ അധിക്ഷേപിക്കുകയും ഓടിക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. പരസ്യമായി മര്‍ദ്ദിച്ചതിനു ശേഷം ഷേര്‍സിംഗും കുട്ടരും യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. 18 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും 12 പേരെ തിരിച്ചരിഞ്ഞെന്നും ബുലന്ദ്ഷഹര്‍ എസ്പി പ്രവീണ്‍ രഞ്ജന്‍ സിംഗ് പറഞ്ഞു.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്നും തുടരുന്ന ഖാപ്പ് പഞ്ചായത്തുകളുടെ നീതി നടത്തിപ്പിന്റെ ഏറ്റവും പുതിയ സംഭവമാണ് ഇത്. ദുരഭിമാന കൊലകള്‍ ഇല്ലാതാക്കാന്‍ സുപ്രീം കോടതി അടക്കം മുന്നോട്ടു വന്നിട്ടും ഇന്നും പ്രാകൃതമായ നിയമ നടപടികളും ശിക്ഷാരീതികളുമാണ് ഈ ഗ്രാമങ്ങളില്‍ അടക്കം നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍