UPDATES

വീഡിയോ

കോടതി വരാന്തയിലെ കാളിമൂപ്പന്‍; ദൈവങ്ങള്‍ ഉപേക്ഷിച്ച ഒരു പോരാളിയുടെ ജീവിതം / ഡോക്യുമെന്ററി

കാളിമൂപ്പന്‍ പണത്തിനോ ഭീഷണികള്‍ക്കോ മദ്യത്തിനോ വഴങ്ങിയിട്ടില്ല. ഭൂമി ആര്‍ക്കും വിട്ടു കൊടുത്തിട്ടുമില്ല. കോടതി കയറാന്‍ പൊതുവില്‍ ആദിവാസികള്‍ മടിക്കുന്ന ഒരു നാട്ടില്‍ അയാള്‍ ദശകങ്ങളായി നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ നിയമ യുദ്ധത്തിലാണ്.

കെ.എ ഷാജി

കെ.എ ഷാജി

എത്ര വയസ്സായി എന്ന ചോദ്യത്തിന് കാളിമൂപ്പന്റെ മറുപടി അറുപത്തിരണ്ട് എന്നായിരുന്നു. എണ്‍പതിന് മുകളില്‍ എന്ന് കൂടെ ഉണ്ടായിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ കെ ശിവദാസന്‍ തിരുത്തി. സമയത്തിനും കാലത്തിനും അതീതമായി കാളിമൂപ്പന്‍ യാത്ര തുടങ്ങിയിട്ട് കുറച്ചധികം കാലമായി. പോലീസ് സ്റ്റേഷനിലും സര്‍ക്കാര്‍ ഓഫീസ് വരാന്തകളിലും വക്കീല്‍ ഓഫീസുകളിലും കോടതി മുറിയുടെ പുറത്തുമായി അയാളുടെ പകലുകള്‍ ഉരുകി തീരാന്‍ തുടങ്ങിയിട്ടും നാളുകള്‍ ഏറെയായി. ഓടിയോടി ഇപ്പോള്‍ കാലുകള്‍ മാത്രമല്ല ശരീരം മൊത്തം തളര്‍ന്നിരിക്കുന്നു. മനസ്സിനും നാവിനും മാത്രം ക്ഷീണമില്ല. അതിനാലയാള്‍ ക്ഷോഭത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്നു.

അട്ടപ്പാടിയിലെ ഭൂതിവഴി ആദിവാസി കോളനിയുടെ തലവനായ മൂപ്പന്‍ എന്തുകൊണ്ട് ഭൂമി നഷ്ടപ്പെട്ട ഇതര ആദിവാസികളില്‍ നിന്നും വ്യത്യസ്തനാണ് എന്ന് ചോദിച്ചാല്‍ കാരണമുണ്ട്. മദ്യത്തിനും ചെറിയ തുകയ്ക്കും പ്രലോഭനത്തിനും ഭീഷണിയ്ക്കും വഴങ്ങിയാണ് പല ആദിവാസികളും സ്വന്തം ഭൂമി ശക്തരായ കരനാഥന്‍മാര്‍ക്ക് അടിയറ വയ്ക്കുന്നത്. ഇവിടെ കാളിമൂപ്പന്‍ പണത്തിനോ ഭീഷണികള്‍ക്കോ മദ്യത്തിനോ വഴങ്ങിയിട്ടില്ല. ഭൂമി ആര്‍ക്കും വിട്ടു കൊടുത്തിട്ടുമില്ല. കോടതി കയറാന്‍ പൊതുവില്‍ ആദിവാസികള്‍ മടിക്കുന്ന ഒരു നാട്ടില്‍ അയാള്‍ ദശകങ്ങളായി നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ നിയമ യുദ്ധത്തിലാണ്. പട്ടിണി കിടന്നും പശുക്കളെയും ആടുകളെയും വിറ്റും അയാള്‍ നിയമ യുദ്ധം നടത്തി. വിധികള്‍ അനുകൂലമെങ്കിലും അവ നടപ്പാക്കപ്പെടാത്ത അവസ്ഥയാണുള്ളത്.

മൂപ്പന്റെ പിതാവ് കാടന് ഒന്‍പത് ഏക്കറും പത്ത് സെന്റും ഭൂമി ഉണ്ടായിരുന്നു. പൈതൃകമായി മൂപ്പനും സഹോദരന്മാരായ മുള്ളൂരാനും ബോളനും അവകാശപ്പെട്ടത്. മൂന്നു ദശകങ്ങള്‍ക്ക് മുന്‍പ് ഉന്നത ജാതിക്കാരനായ അയല്‍ക്കാരന്‍ ആ ഭൂമി ബലമായി കൈവശപ്പെടുത്തി. ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും പച്ചക്കറിയും കൃഷി ചെയ്തിരുന്ന ആ മണ്ണ് തമിഴ്‌നാട്ടിലെ ആലാംതുറയില്‍ നിന്നുള്ള ഗൗണ്ടര്‍ എല്ലാ നിയമങ്ങളും ലംഘിച്ചു കയ്യേറിയപ്പോള്‍ ഒരു പ്രതിഷേധവും ഉയര്‍ത്താതെ മൂപ്പന്റെ സഹോദരങ്ങള്‍ ഭയന്ന് പിന്‍വാങ്ങി. എന്നാല്‍ മൂപ്പന്‍ പൊരുതാന്‍ ഉറച്ചു. ഒറ്റയ്ക്ക് തന്നെ പോരാടി.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറു മുതല്‍ മൂപ്പന്‍ നിയമ യുദ്ധത്തിലാണ്. വലിപ്പത്തില്‍ ആലപ്പുഴ ജില്ലയുടെ അത്ര വിസ്താരം ഉണ്ട് പാലക്കാട് ജില്ലയിലെ വികസന ബ്ലോക്ക് ആയ അട്ടപ്പാടിയ്ക്ക്. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി മേഖല. പ്രാക്തന ജനവിഭാഗങ്ങള്‍ നിവസിക്കുന്ന ഇടം. അവരുടെ ഭൂമിയും വെള്ളവും വിഭവങ്ങളും തുടര്‍ച്ചയായി കയ്യേറ്റം ചെയ്യപ്പെടുന്നതിന്റെ നിയമ ലംഘനങ്ങള്‍. എന്നിട്ടും അട്ടപ്പാടിയില്‍ ഒരു കോടതി പോലുമില്ല. അതുകൊണ്ട് തന്നെ നിയമം നടപ്പായി കിട്ടാന്‍ നിരക്ഷരനായ കാളിമൂപ്പന് ആശ്രയിക്കേണ്ടി വന്നത് ഒറ്റപ്പാലത്തും മണ്ണാര്‍ക്കാടും ഉള്ള കോടതികളെയാണ്. ഒരു ഘട്ടത്തില്‍ മൂപ്പനെ കയ്യേറ്റക്കാരനും ഗുണ്ടകളും അടിച്ചു ശരിപ്പെടുത്തി. ആശുപതിയിലായ മൂപ്പനെതിരെ കൊലപാതക ശ്രമത്തിനാണ് കൈക്കൂലിക്കാരായ പോലീസുകാര്‍ കേസ് ചാര്‍ജ് ചെയ്തത്. കള്ളക്കേസില്‍ മൂപ്പന്‍ ജയിലിലായത് ഏറെ ദൂരെയുള്ള ജില്ലാ ആസ്ഥാനമായ പാലക്കാട്. ജയില്‍ വിമോചനത്തിനുള്ള നടപടികളും എടുക്കേണ്ടി വന്നത് പാലക്കാട്. പുലര്‍ച്ചെ അഞ്ചര മണിക്ക് ബസ് പിടിച്ചാല്‍ മാത്രമേ മൂപ്പന് പതിനൊന്ന് മണിക്ക് കേസ് വിളിക്കുന്ന കോടതിയില്‍ ഏതാണ കഴിയൂ.

ഒറ്റപ്പാലത്തെ റവന്യൂ കോടതിയിലെത്താന്‍ ഭൂതിവഴിയില്‍ നിന്ന് അറുപത്തി മൂന്നു കിലോമീറ്റര്‍ സഞ്ചരിക്കണം. ക്രിമിനല്‍ കോടതിയും സിവില്‍ കോടതിയും മണ്ണാര്‍ക്കാട് ആണ്. അവിടേയ്ക്ക് മുപ്പത്തിയെട്ടു കിലോമീറ്റര്‍. സൈലന്റ് വാലി വനത്തിലൂടെയുള്ള ചുരം റോഡില്‍ വളരെ ദുഷ്‌കരമായി വേണം യാത്ര ചെയ്തു കോടതിയിലെത്താന്‍,” മൂപ്പന്‍ പറയുന്നു. അട്ടപ്പാടിയില്‍ കോടതി അനുവദിക്കുക എന്ന ദശകങ്ങള്‍ നീണ്ട ആവശ്യം ഇപ്പോഴും ഹൈക്കൊടതിയുടെയും സര്‍ക്കാരിന്റെയും പരിഗണനയിലാണ്. നാല് വക്കീലന്മാരാണ് നാളിതുവരെ മൂപ്പന്റെ കേസുകളില്‍ ഹാജരായത്. നാമമാത്രമായ ഫീസ് മാത്രമേ അവര്‍ വാങ്ങിയിട്ടുള്ളൂ എങ്കിലും അത് പോലും നിലവില്‍ ഭൂരഹിതനായ മൂപ്പന് വലുതായിരുന്നു. ഒരു ഡസന്‍ പശുക്കളും മൂന്നു ഡസന്‍ ആടുകളും ഉണ്ടായിരുന്ന മൂപ്പന്റെ കൈവശം ഇപ്പോള്‍ അവയില്‍ ഒന്ന് പോലും ഇല്ല. എല്ലാം കേസിനായി വിറ്റുകളഞ്ഞു.

ഭഭകാടന്റെ നേരവകാശിയാണ് കാളിമൂപ്പന്‍. ഒരു തുണ്ട് ഭൂമി അയാള്‍ വിറ്റിട്ടില്ല. സഹോദരങ്ങളും വിട്ടിട്ടില്ല. കൃത്രിമ രേഖകള്‍ അന്നത്തെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചമച്ചാണ് മൂപ്പന്റെ ഭൂമി അവര്‍ തട്ടിയെടുത്തത്. മൂപ്പന്റെ സഹോദരന്‍ ഭൂമി വിറ്റതായാണ് രേഖ. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി റവന്യൂ വകുപ്പു ആ രേഖകള്‍ അംഗീകരിച്ചു. കയ്യേറ്റത്തിനു സാധുത നല്‍കി,” ഇടതു പാര്‍ട്ടിയായ സി പി ഐ (എം എല്‍) റെഡ് ഫ്‌ലാഗ് നേതാവ് പി രാജാമണി പറയുന്നു. ഭൂസമരത്തില്‍ മൂപ്പന് ഒപ്പം നില്‍ക്കുകയും സഹായം നല്‍കുകയും ചെയ്ത ഏക രാഷ്ട്രീയ പാര്‍ട്ടിയാണ് അത്. രണ്ടായിരത്തി അഞ്ചില്‍ മൂപ്പനും ബന്ധുക്കളും ഒരു നിരാഹാര സമരം നടത്തി. അഗളി വില്ലേജ് ഓഫീസിനു മുന്നില്‍ ആയിരുന്നു അത്. പതിമൂന്നു ദിവസം നീണ്ട സമരത്തിന്റെ ആവശ്യം ഭൂനികുതി സ്വീകരിക്കണം എന്നും ഉടമസ്തതാ അവകാശം കൈമാറണം എന്നതും ആയിരുന്നു. ഒന്നും നടന്നില്ല. അന്നത്തെ മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസര്‍ അനുഭവ പൂര്‍ണമായ നിലപാട് സ്വീകരിക്കുകയും ഭൂമി തിരികെ നല്കാന്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ ഉത്തരവ് ഇടുകയും ചെയ്തതാണ്. അതെല്ലാം വെറുതെയായി.

സമരത്തിന് ഒരാഴ്ചയ്ക്ക് ശേഷം മൂപ്പന്‍ ആ ഭൂമിയില്‍ കൃഷിയിറക്കി. കയ്യേറ്റക്കാരന്‍ ഗുണ്ടകളെ കൂട്ടി ക്രൂരമായി മൂപ്പനെ ആക്രമിച്ചു. വലിയ മുറിവുകളോടെ മൂപ്പന്‍ ആശുപത്രിയിലായി. എന്നിട്ടും കയ്യേറ്റക്കാരനെ കൊള്ളാന്‍ ശ്രമിച്ചു എന്ന കള്ളക്കേസ് മൂപ്പന് എതിരെ ചാര്‍ജ് ചെയ്യപ്പെട്ടു. ആശുപത്രി കിടക്കയില്‍ നിന്നും പോലീസ് അറെസ്റ്റ് ചെയ്തു. പാലക്കാട് സബ് ജയിലില്‍ അടയ്ക്കപ്പെട്ടു. ലീഗല്‍ സര്‍വീസ് അതോറിറ്റിയിലെ ഒരു വക്കീല്‍ കാരുണ്യം തോന്നി വാദിച്ചപ്പോള്‍ ആണ് കോടതിയില്‍ കള്ളക്കേസ് പൊളിഞ്ഞതും മൂപ്പന്‍ കുറ്റവിമുക്തനായതും.

രണ്ടായിരത്തിയേഴില്‍ അയാള്‍ മറ്റൊരു വട്ടം കൂടി ഒറ്റപ്പാലം റവന്യൂ കോടതിയെ സമീപിച്ചു. അഞ്ച് ഏക്കര്‍ എഴുപത് സെന്റ്‌റ് ഭൂമി ഉടന്‍ മൂപ്പന് നല്‍കാനും ശേഷിക്കുന്ന ഭൂമിയില്‍ കൂടുതല്‍ തെളിവെടുപ്പുകള്‍ക്ക് ശേഷം ഉടമസ്ഥത നിര്‍ണ്ണയിക്കാനും കോടതി വിധിച്ചു. വിജയം ഭാഗികം മാത്രം ആയിരുന്നു എങ്കിലും മൂപ്പന്‍ അതും സ്വീകരിച്ചു. എന്നിട്ടും വിധി നടപ്പാക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ എടുത്തില്ല. ജില്ലാ കളക്ടറെ നേരില്‍ സമീപിച്ചിട്ടും ഫലം ഉണ്ടായില്ല. മൂപ്പന്റെ പോരാട്ടങ്ങള്‍ സംബന്ധിച്ച് വന്ന ഒരു പത്ര വാര്‍ത്തയെ തുടര്‍ന്ന് അന്നത്തെ പട്ടിക ജാതി-വര്‍ഗ ക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി നേരില്‍ ഇടപെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഭൂമി തിരികെ കൊടുക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ സാങ്കേതികത പറഞ്ഞു ഉദ്യോഗസ്ഥര്‍ ആ ഉത്തരവും നടപ്പാക്കിയില്ല.

പിന്നീടുള്ള യുദ്ധം മണ്ണാര്‍ക്കാട് സിവില്‍ കോടതിയിലായി. ഹാജരായ ഉദ്യോഗസ്ഥര്‍ മൂപ്പന്റെ ആവശ്യം ന്യായം എന്ന് സമ്മതിച്ചു. എന്നാല്‍ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചു പിടിക്കുന്നത് അട്ടപ്പാടിയില്‍ വലിയ വൈകാരിക പ്രശ്‌നമാണ് എന്നും കയ്യേറ്റക്കാര്‍ കായികമായി പ്രതിരോധിക്കുമെന്നും അതിനെതിരെ വലിയ സുരക്ഷാ സന്നാഹങ്ങള്‍ വേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. കോടതിയ്ക്ക് പുറത്തു പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ഉള്ള സാദ്ധ്യതകള്‍ നോക്കാം എന്നും അവര്‍ അവിടെ പറഞ്ഞു.

എന്നിട്ടും കോടതി മൂപ്പന് ഒപ്പം നിന്നു. ഉടന്‍ വിധി നടപ്പാക്കാന്‍ തന്നെ ആയിരുന്നു നിര്‍ദേശം. എന്നാല്‍ കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി പാലിക്കപെടാതെയും മൂപ്പന് ഭൂമി ലഭ്യമാകാതെയും ഉള്ള സ്ഥിതി തുടരുകയാണ്. ഭഭആരും കോടതി വിധി നടപ്പാക്കില്ല എന്ന് പറയില്ല. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ട്. അവ പരിഹരിച്ചു ഉടന്‍ നടപ്പാക്കാം എന്ന് പറയും. ചിലപ്പോള്‍ എന്റെ മരണം വരെ ഇങ്ങനെ പറഞ്ഞു നീട്ടി നീട്ടി കൊണ്ടുപോകാന്‍ ആകും അവരുടെ പദ്ധതി,” മൂപ്പന്‍ പറഞ്ഞു.

ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോള്‍ ഭൂമി വീണ്ടെടുത്ത് കൊടുക്കാന്‍ ഉള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു എന്നായിരുന്നു മറുപടി. രേഖകളും കോടതി ഉത്തരവും പരിശോധിച്ച് വരികയാണ് അത്രേ.പട്ടിക വര്‍ഗ ക്ഷേമ മന്ത്രി എ കെ ബാലന്റെ ഓഫീസ് വിഷയത്തില്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട് എന്നും മൂപ്പനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ എപ്പോള്‍ ഭൂമി തിരിച്ചു കൊടുക്കും എന്നത് സംബന്ധിച്ച് റവന്യൂ വകുപ്പിന് മറുപടിയില്ല. ജില്ലയില്‍ സ്ഥലം മാറി വന്നിട്ട് അധികം ആയില്ലെന്നും വിഷയം വൈകാതെ പഠിച്ചു നടപടി എടുക്കും എന്നുമായിരുന്നു ജില്ലാ കലക്ടര്‍ ഡി ബാലമുരളിയുടെ മറുപടി. സംയോജിത ആദിവാസി വികസന പദ്ധതിയുടെ ഉദ്യോഗസ്ഥര്‍ പറയുന്നത് വിഷയം തങ്ങളുടെ പരിധിയില്‍ വരുന്നില്ല എന്നാണ്.

കോടതി വരാന്തയിലെ കാളിമൂപ്പന്‍ / ഡോക്യൂമെന്ററി

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍