UPDATES

വിദേശം

കാശ്മീര്‍ പ്രശ്നത്തില്‍ ഏഴു വര്‍ഷത്തിനു ശേഷം ഇറാനും; കാശ്മീരികളെ സഹായിക്കണമെന്ന് അയത്തൊള്ള ഖൊമൈനി

ഖൊമൈനിയുടെ പരാമര്‍ശങ്ങളോട് പരസ്യമായി പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല

കഴിഞ്ഞ ഏഴ് വര്‍ഷത്തിടയില്‍ ആദ്യമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമൈനി കാശ്മീര്‍ പ്രശ്‌നത്തെ നേരിട്ട് പരാമര്‍ശിച്ചതായി സൂചന. യമനിലെയും ബഹറിനിലെയും അതേ സ്ഥിതിയാണ് ജമ്മു കാശ്മീരില്‍ ഉള്ളതെന്നും എല്ലാ ‘മുസ്ലീം രാജ്യങ്ങളും’ അവിടുത്തെ ജനങ്ങളെ സഹായിക്കണമെന്നും ഖൊമൈനി ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താശകലത്തില്‍ പറയുന്നു. സമാനമായ ഒരു ആഹ്വാനം അദ്ദേഹത്തിന്റേതെന്ന് പറയപ്പെടുന്ന ട്വിറ്റര്‍ പേജില്‍ പ്രത്യേക്ഷപ്പെട്ടിട്ടുണ്ടെങ്കിലും പേജിന്റെ ആധികാരികത ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല.

ഈദ്-ഉല്‍-ഫിത്തര്‍ പ്രസംഗത്തിലാണ് ഇറാന്റെ പരമോന്നത നേതാവ് ഈ പരാമര്‍ശം നടത്തിയതെന്നാണ് പറയപ്പെടുന്നത്. ഇസ്ലാമികലോകം മുറിവുകളാല്‍ മൂടപ്പെട്ടിരിക്കുകയാണെന്നും മുസ്ലീം ലോകത്തിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ആവശ്യമാണെന്നും ഖൊമൈനി പറഞ്ഞു. യെമനെതിരെ റംസാന്‍ മാസത്തില്‍ നടന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പരസ്യപ്രതിഷേധം ഉയരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. യെമന്‍ പോലെ തന്നെ അടിച്ചമര്‍ത്തപ്പെടുന്ന രാജ്യങ്ങള്‍ക്ക് മുസ്ലീം ലോകത്തിന്റെ പിന്തുണ ആവശ്യമാണ്. ഇത് ബഹറനിലെയും കാശ്മീരിലെയും ജനങ്ങള്‍ സംബന്ധിച്ചും സത്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ കാശ്മീരിനെ കുറിച്ച് ഖൊമൈനി നേരിട്ടുള്ള പരാമര്‍ശം നടത്തുന്നത് ആദ്യമായാണ്. ഇസ്ലാമിക മുറിവുകള്‍ തുറന്നിടാനുള്ള പ്രവണതയാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പിന്തുടരുന്നതെന്ന് 2016 നവംബര്‍ 22ന് സ്ലോവേനിയന്‍ പ്രസിഡന്റ് ബോറൂട്ട് പഹോറുമായുള്ള ഒരു സംഭാഷണത്തില്‍ പരാമര്‍ശിക്കവെ അദ്ദേഹം കാശ്മീരിനെ കുറിച്ച് പറഞ്ഞിരുന്നു. ഇറാഖിലെ ഡായേഷ് തീവ്രവാദികളെ നശിപ്പിക്കാന്‍ അമേരിക്ക ഒരു ശ്രമവും നടത്തുന്നില്ലെന്ന് അന്നദ്ദേഹം ആരോപിച്ചിരുന്നു. കാശ്മീര്‍ പ്രശ്‌നത്തില്‍ ഒരു പരിഹാരം കാണുന്നതിന് ബ്രിട്ടണ്‍ ശ്രമിക്കാതിരുന്നതിന് സമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാശ്മീര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ബ്രിട്ടണ്‍ നേരത്തെ ശ്രമിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാവില്ലായിരുന്നുവെന്നായിരുന്നു അദ്ദേഹം സ്വീകരിച്ച നിലപാട്. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് വിശാലശ്രദ്ധ നേടും എന്ന മുന്നറിയിപ്പ് മാത്രമാണ് അന്നദ്ദേഹം നല്‍കിയതെന്ന് വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

ആയത്തോള്ള ഖൊമൈനി കാശ്മീരില്‍ പ്രസംഗിക്കുന്നതിന്റെതെന്ന് പറയുന്ന ഫോട്ടോ (1980കളുടെ ആദ്യം)

കാശ്മീരിനെ കുറിച്ച് ഖൊമൈനി ഏറ്റവും അക്രമാസക്തമായ അഭിപ്രായ പ്രകടനം നടത്തിയത് 2010ലായിരുന്നു. അന്ന് ഗാസയിലും അഫ്ഗാനിസ്ഥാനിലും മുസ്ലീം ജനത പോരാടുന്നതിന് സമാനമാണ് കാശ്മീരിലെയും അവസ്ഥയെന്ന് ഈദ്-ഉല്‍-ഫിത്തര്‍ സന്ദേശത്തില്‍ ഖൊമൈനി പറഞ്ഞിരുന്നു. കൂടാതെ, യുഎസില്‍ ഖുറാന്‍ കത്തിച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ പ്രതിഷേധനം നടത്തുന്നതിനായി കശ്മീരില്‍ പ്രകടനം നടത്തിയവര്‍ക്ക് നേരെ വെടിവെച്ചതിന് ഇന്ത്യന്‍ ഗവണ്‍മെന്റിനെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം 2010 സെപ്തംബര്‍ 18ന് വിമര്‍ശിച്ചിരുന്നു. ഈ രണ്ട് പരാമര്‍ശങ്ങളിലുമുള്ള പ്രതിഷേധം അറിയിക്കുന്നതിനായി അന്ന് ന്യൂഡല്‍ഹിയിലെ ഇറാന്‍ സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുകയും ചെയ്തു എന്നാല്‍ പിന്നീട് ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സില്‍ ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയപ്പോള്‍ ഇന്ത്യ വിട്ടുനിന്നിരുന്നു. ഇന്ത്യ-യുഎസ് ആണവ കരാറിലുള്ള ഇറാന്റെ ആശങ്കയാണ് ഖൊമൈനി, കാശ്മീര്‍ പ്രശ്‌നം ഉന്നയിക്കാന്‍ കാരണമായതെന്ന് അന്ന് വിലയിരുത്തപ്പെട്ടിരുന്നു. 2012ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇറാന്‍ സന്ദര്‍ശിക്കുകയും ഖൊമൈനിയെ കാണുകയും ചെയ്തിരുന്നു.

എന്നാല്‍ ഖൊമൈനിയുടെ ഇപ്പോഴത്തെ പരമാര്‍ശം ഈ സന്ദര്‍ഭത്തിന് യോജിക്കുന്നതല്ലെന്നാണ് സിംഗപ്പൂരിലെ എസ് രാജരത്‌നം സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ഇന്ത്യ-ഇറാന്‍ നയതന്ത്ര വിദഗ്ധ സുമിത എന്‍ കുട്ടി പറയുന്നത്. ഛബാര്‍ തുറമുഖം പോലെയുള്ള തന്ത്രപരമായ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടയിലാണ് ഖൊമൈനിയുടെ പരാമര്‍ശം വന്നിരിക്കുന്നത് എന്നത് ആശങ്കാജനകമാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഖൊമൈനിയുടെ പരാമര്‍ശങ്ങളോട് പരസ്യമായി പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. ട്വീറ്റിന്റെയും വാര്‍ത്തയുടെയും ആധികാരികത പരിശോധിക്കേണ്ടിയിരിക്കുന്നവെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ thewire.in നോട് പറഞ്ഞത്.

ഇസ്ലാമിക വിപ്ലവത്തിന് ശേഷം 1980ലോ 1981ലോ ഖൊമൈനി കാശ്മീര്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഖൊമൈനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും കാശ്മീരിലെ വിപ്ലവ പ്രവര്‍ത്തകന്‍ എന്ന് അവകാശപ്പെടുന്ന ഖല്‍ബി ഹുസൈന്‍ റിസ്വി കാശ്മീരി എന്ന ആളുടെ ശേഖരത്തിലും ഇത് സംബന്ധിച്ച സൂചനകളുണ്ട്. അന്ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഷിയാക്കള്‍ തടിച്ചുകൂടിയതായും കാശ്മീരി പറയുന്നു. സുന്നികളുടെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഖൊമൈനി 15 മിനിട്ടോളം പ്രസംഗിച്ചു. ആദ്യമായിട്ടായിരുന്നു കശ്മീരില്‍ ഒരു ഷിയ പുരോഹിതന്‍ സുന്നി ആരാധാനാലയത്തില്‍ പ്രാര്‍ത്ഥന നടത്തുന്നു. അതിന് ശേഷമാണ് കശ്മീരില്‍ ഷിയാക്കളും സുന്നികളും പരസ്പരം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആരംഭിച്ചതെന്നും കശ്മീരി പറയുന്നു. പിന്നീട് ഇറാനിലേക്ക് കുടിയേറിയ കാശ്മീരി, 2015ല്‍ അന്തരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍