UPDATES

വിദേശം

യുദ്ധം തുടങ്ങിയിട്ടേ ഉള്ളൂ, സിഐഎയ്ക്ക് എതിരായ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും: ജൂലിയന്‍ അസാഞ്ജ്

ഏഴ് വര്‍ഷം നീണ്ട പീഡനാത്മകമായ നാടുകടത്തല്‍ ഭീഷണി തല്‍ക്കാലം ഒഴിഞ്ഞെങ്കിലും അസാഞ്ജിന്റെ ഭാവിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.

യഥാര്‍ത്ഥ യുദ്ധം ആരംഭിച്ചിട്ടേ ഉള്ളവെന്ന് തനിക്കെതിരായ ബലാത്സംഗ കേസ് ഉപേക്ഷിക്കപ്പെട്ട ശേഷം ജൂലിയന്‍ അസാഞ്ജ് പ്രതികരിച്ചു. ഇന്നലെയാണ് അസാഞ്ജിനെതിരെയുള്ള ബലാത്സംഗ കേസ് ഉപേക്ഷിക്കാന്‍ സ്വീഡിഷ് പ്രോസിക്യൂട്ടര്‍മാര്‍ തീരുമാനിച്ചത്. ഇതോടെ ഏഴ് വര്‍ഷം നീണ്ട പീഢനാത്മകമായ നാടുകടത്തല്‍ ഭീഷണി തല്‍ക്കാലം ഒഴിഞ്ഞെങ്കിലും അസാഞ്ജിന്റെ ഭാവിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഇപ്പോള്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ് വിക്കിലീക്‌സ് സ്ഥാപകന്‍ അസാഞ്ജ് (45).

സ്വീഡനിലേക്ക് നാട് കടത്തപ്പെടാതിരിക്കുന്നതിനായി 2012ല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയും തേടിയ അസാഞജ്, വെള്ളിയാഴ്ചത്തെ തീരുമാനം പ്രധാനപ്പെട്ട വിജയമാണെന്ന് വിശേഷിപ്പിച്ചു. ചാരവൃത്തിയുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാനുള്ള യുഎസ് നീക്കം ചെറുക്കുമെന്ന് പറഞ്ഞ അദ്ദേഹം, സിഐഎയ്‌ക്കെതിരായ കൂടുതല്‍ വിവരങ്ങള്‍ വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കി. എന്നാല്‍ എംബസിയില്‍ നിന്നും പുറത്തുവന്നാല്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ അസാഞ്ജിന് അറസ്റ്റ് ചെയ്യുമെന്ന് ലണ്ടന്‍ മെട്രോപൊലീറ്റണ്‍ പൊലീസ് സ്ഥിതീകരിച്ചിട്ടുണ്ട്.

2010ല്‍ സ്‌റ്റോക്ക്ഹോമിലെ ഒരു വനിത അസാഞ്ജിനെതിരെ നടത്തിയ ബലാത്സംഗം ആരോപണത്തില്‍ തുടരന്വേഷണം വേണ്ട എന്ന അപ്രതീക്ഷിത തീരുമാനം സ്വീഡന്റെ ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍ മരിയാന നൈ ഇന്നലെയാണ് പ്രഖ്യാപിച്ചത്. കുറ്റമോ നിരപരാധിത്വമോ അല്ല തീരുമാനത്തിന് പിന്നിലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണം തുടരാനുള്ള സാധ്യതകള്‍ അടഞ്ഞതായി ഒരു സംഘം പ്രോസിക്യൂട്ടര്‍മാര്‍ വിധിയെഴുതിയതാണ് തീരുമാനത്തിന് പിന്നിലെന്നും നൈ വിശദീകരിച്ചിട്ടുണ്ട്.

ഏഴ് വര്‍ഷം തന്നോട് കാണിച്ചത് കൊടിയ അനീതിയാണെന്നും തന്റെ മക്കള്‍ തന്നെ കൂടാതെയാണ് വളര്‍ന്നതെന്നും വെള്ളിയാഴ്ച വൈകിട്ട് ഇക്വഡോര്‍ എംബസിയുടെ മട്ടുപ്പാവില്‍ നിന്നുകൊണ്ട് അസാഞ്ജ് പറഞ്ഞു. ഇത് തനിക്ക് പൊറുക്കാന്‍ സാധിച്ചേക്കാമെങ്കിലും ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും ഓസ്‌ട്രേലിയന്‍ പൗരനായ അസാഞ്ജ് വ്യക്തമാക്കി. ഇതിനിടെ തീരുമാനത്തിനെതിരെ ആരോപണം ഉന്നയിച്ച യുവതിയുടെ അഭിഭാഷക രംഗത്ത് വന്നിട്ടുണ്ട്. ബലാല്‍സംഗം ആരോപിക്കപ്പെടുന്ന ഒരു വ്യക്തിക്ക് നിയമത്തിന്റെയും അതുവഴി വിചാരണയുടെയും വഴികളില്‍ നിന്നും രക്ഷപ്പെടാനാവുമെന്നാണ് ഈ മാനഹാനികരമായ തീരുമാനം തെളിയിക്കുന്നതെന്ന് വാദിയുടെ അഭിഭാഷക എലിസബത്ത് മാസി ഫ്രിറ്റ്‌സ് പറഞ്ഞു. തന്റെ കക്ഷി ഞെട്ടലിലാണെന്നും ഈ തീരുമാനം തന്റെ കക്ഷിയെ അസാഞ്ജ് ബലാല്‍സംഗം ചെയ്തു എന്ന വസ്തുതയെ മറയ്ക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

കേസ് ഉയര്‍ന്ന് വന്നതിനെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നിന്നും സ്വീഡനിലേക്ക് നാടുകടത്തപ്പെടുന്നത് ഒഴിവാക്കുന്നതിനുള്ള കോടതി യുദ്ധങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് 2012ല്‍ അസാഞ്‌ജെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. അസാഞ്‌ജെയ്‌ക്കെതിരെ മറ്റൊരു ബലാല്‍സംഗ ആരോപണവും ഉയര്‍ന്നെങ്കിലും അന്വേഷണത്തില്‍ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വീഡിഷ് അധികൃതര്‍ 2015ല്‍ തന്നെ ഈ കേസ് ഉപേക്ഷിച്ചിരുന്നു. രണ്ട് ആരോപണങ്ങളും നേരത്തെ അസാഞ്‌ജെ നിഷേധിച്ചിരുന്നു.

അസാഞ്ജിനേയും വിക്കിലീക്‌സ് ജീവനക്കാരും നിയമപരമായ യാതൊരു അവകാശവും അര്‍ഹിക്കുന്നില്ലെന്ന് സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോയും യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സും നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ താന്‍ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ തന്നെ സിഐഎയ്‌ക്കെതിരെ കൂടുതല്‍ രേഖകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ എന്താണ് ഭാവി സാധ്യതകള്‍ ആരായുന്നതിന് യുകെ അധികൃതരുമായി ബന്ധപ്പെടാന്‍ തന്റെ നിയമസഹായികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അസാഞ്ജ് കൂട്ടിച്ചേര്‍ത്തു. അങ്ങേയറ്റം പ്രകോപനപരമായ പ്രഖ്യാപനങ്ങളാണ് യുഎസ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെങ്കിലും, നടന്ന സംഭവങ്ങളെ സംബന്ധിച്ച് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റുമായി ചര്‍ച്ച നടത്താന്‍ താന്‍ സന്നദ്ധനാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

അസാഞ്ജിനെ വിട്ടുകിട്ടണമെന്ന ആവശ്യം യുഎസ് ഉന്നയിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. നിശ്ചിത വ്യക്തിയെ അറസ്റ്റ് ചെയ്യാതെ ഇത് സ്ഥിതീകരിക്കാനോ നിഷേധിക്കാനോ തങ്ങള്‍ തയ്യാറല്ലെന്നാണ് ബ്രിട്ടീഷ് അധികൃതരുടെ നിലപാട്. യുഎസില്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് വിചാരണ നേരിടേണ്ടിവരും എന്ന ആശങ്കയിലാണ് അസാഞ്ജ് ഇക്വഡോര്‍ എംബസിയില്‍ അഭയം നേടിയതെന്നും ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണെന്നും അസാഞ്്‌ജെയുടെ നിയമസംഘത്തിലെ ഒരു അംഗം മെലിന്‍ഡ ടെയ്‌ലര്‍ പറഞ്ഞു. അസാഞ്ജിനെ അറസ്റ്റ് ചെയ്യില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ അദ്ദേഹം എംബിസിയില്‍ നിന്നും പുറത്തുവരാന്‍ സാധ്യതയുള്ളോ എന്ന ചോദ്യത്തിന് അത്തരത്തില്‍ ഒരുറപ്പ് തരാന്‍ തനിക്കാവില്ലെന്ന് അവര്‍ പറഞ്ഞു. അനിശ്ചിതകാലം അദ്ദേഹത്തിന് എംബസിയില്‍ അഭയം ലഭിക്കില്ല. എന്നാല്‍ പുറത്തുവരണമെന്ന് നിര്‍ബന്ധിക്കാന്‍ തനിക്കാവില്ലെന്നും ടെയ്‌ലര്‍ വിശദീകരിച്ചു.

സ്വീഡന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത ഇക്വഡോര്‍ വിദേശകാര്യമന്ത്രി ഗുല്യേമെ ലോംഗ്, ഇനി അസാഞ്ജ് സുരക്ഷിതമായ ഒരു പാത തുറന്നു കൊടുക്കാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. സ്വിഡീഷ് പ്രോസിക്യുട്ടര്‍മാരുടെ നിഷേധ സമീപനം മൂലമാണ് തീരുമാനം ഇത്രയും വൈകിയതെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണം മരിവിപ്പിക്കാനുള്ള തീരുമാനത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ബ്രിട്ടീഷ് ഹോം ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. അസാഞ്ജിനെതിരായ യൂറോപ്യന്‍ അറസ്റ്റ് വാറണ്ട് വെള്ളിയാഴ്ച ലണ്ടന്‍ കോടതിയും പിന്‍വലിച്ചിരുന്നു. എംബസി വിടുകയാണെങ്കില്‍ അസാഞ്ജിനെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പൊലീസാണെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നിലപാട്.

അസാഞ്ജിന്റെ വിഷയം പൊന്തിവന്നതിന് ശേഷം സ്വീഡനും ഇക്വഡോറും തമ്മില്‍ ദീര്‍ഘമായ നിയമപ്രതിസന്ധി നിലനിന്നിരുന്നു. കാലതാമസത്തിന് ഇരുവിഭാഗവും പരസ്പരം ആരോപണങ്ങള്‍ മുഴക്കിയിരുന്നു. അസാഞ്ജ് ചോദ്യം ചെയ്യലിന് സ്വീഡനില്‍ എത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടെങ്കിലും യുഎസ് അറസ്റ്റിനുള്ള സാധ്യത ചൂണ്ടിക്കാട്ടി അദ്ദേഹം അത് തുടര്‍ച്ചയായി നിരാകരിക്കുകയായിരുന്നു. എന്നാല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് സ്വീഡനില്‍ തന്നെ സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ലണ്ടനില്‍ വച്ച് അസാഞ്ജിനെ ചോദ്യം ചെയ്യാന്‍ സ്വീഡിഷ് അധികൃതര്‍ സമ്മതിക്കുകയായിരുന്നു. നവംബറില്‍ സ്വീഡിഷ് ഡപ്യൂട്ടി പ്രോസിക്യൂട്ടര്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ വച്ച് അസാന്ജിനെ ചോദ്യം ചെയ്തിരുന്നു.

ചെല്‍സിയ മാനിംഗിനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ച അതേ ആഴ്ച തന്നെയാണ് സ്വീഡന്റെ വിധി വരുന്നത് എന്ന് കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നതായി അസാഞ്ജ് പറഞ്ഞു. സിഐഎ രേഖകള്‍ അവിടുത്തെ താല്‍ക്കാലിക ജീവനക്കാരിയായ ചെല്‍സിയ മാനിംഗാണ് വിക്കിലീക്‌സിന് ചോര്‍ത്തി നല്‍കിയതെന്നായിരുന്നു കേസ്. ഇതിന് 2013ല്‍ ഇവരെ ശിക്ഷിച്ചിരുന്നു. എന്നാല്‍ കേബിള്‍ഗേറ്റ് എന്ന് അറിയപ്പെടുന്ന കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ബാരക് ഒബാമ അവരുടെ ശിക്ഷ ഇളവ് ചെയ്തതിനെ തുടര്‍ന്ന് മാനിംഗിനെ മേയ് 17ന് വിട്ടയച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍