UPDATES

വിദേശം

ഹിലാരിയെ തറപറ്റിക്കാന്‍ റഷ്യന്‍ സഹായം: ആരോപണങ്ങള്‍ ശരി വച്ച് ട്രംപിന്റെ മകന്റെ ഇ-മെയിലുകള്‍

തിരഞ്ഞെടുപ്പിലുള്ള റഷ്യയുടെ അവിഹിതമായ ഇടപെടലുകളെ സംബന്ധിച്ചും അതില്‍ നിന്നും നേട്ടം കൊയ്യാന്‍ ഡൊണാള്‍ഡ് ട്രംപ് ശ്രമിച്ചതിനെ കുറിച്ചുമുള്ള നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഹിലരി ക്ലിന്റന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ തകര്‍ക്കാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കാമെന്ന റഷ്യന്‍ ഗവണ്‍മെന്റിന്റെ വാഗ്ദാനത്തെ അത്യാവേശത്തോടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയര്‍ സ്വീകരിച്ചതെന്ന് വിവരം. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അദ്ദേഹത്തിന്റെ പഴയ ഇ-മെയില്‍ സന്ദേശങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ, ഒരു വിദേശശക്തിയുടെ നിഗൂഢ വാഗ്ദാനത്തെ കുറിച്ച് അദ്ദേഹം എന്തുകൊണ്ടാണ് അധികാരികള്‍ക്ക് വിവരങ്ങള്‍ കൈമാറാതിരുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് പുതിയ വെളിപ്പെടുത്തലുകളോടെ ഉയര്‍ന്ന് വരുന്നത്.

ഹിലരിയെ കുറ്റാരോപിതയാക്കാനും റഷ്യയുമായുള്ള അവരുടെ ഇടപാടുകളിലേക്ക് വെളിച്ചം വീശാനും സഹായിക്കുന്ന ചില ഔദ്യോഗിക രേഖകളും വിവരങ്ങളും ട്രംപ് പ്രചാരകര്‍ക്ക് കൈമാറാനുള്ള ഒരു വാഗ്ദാനം റഷ്യന്‍ പ്രോസിക്യൂട്ടര്‍ നല്‍കിയിട്ടുണ്ട് എന്ന് സംഗീത പ്രചാരകനായ റോബ് ഗോള്‍സ്‌റ്റോണ്‍ ട്രംപ് ജൂനിയറിന് അയച്ച ഇ-മെയിലില്‍ പറയുന്നു. ഇത് അദ്ദേഹത്തിന്റെ പിതാവിന് ഏറെ ഗുണം ചെയ്യുമെന്നും മെയിലില്‍ സൂചിപ്പിച്ചിട്ടുണ്ട്. താങ്കള്‍ പറഞ്ഞത് ശരിയാണെങ്കില്‍ വേനല്‍ക്കാലത്തിന്റെ അവസാനം അത് വലിയ ഗുണം ചെയ്യും എന്ന് പതിനാറ് മിനുട്ടിന് ശേഷം ട്രംപ് ജൂനിയര്‍ തിരികെ മെയില്‍ അയച്ചതായും പുറത്തുവന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

ഒബാമ ഗവണ്‍മെന്റില്‍ സ്‌റ്റേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ ഔദ്യോഗിക മെയിലുകള്‍ അയയ്ക്കുന്നതിന് ഹിലരി സ്വകാര്യ സര്‍വറുകള്‍ ഉപയോഗിച്ചു എന്നായിരുന്നു തിരഞ്ഞെടുപ്പുകാലത്ത് അവര്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രധാന ആരോപണം. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രോട്ടോക്കോളിന് എതിരാണ് ഇതെന്നായിരുന്നു അവര്‍ നേരിട്ട പ്രധാന വിമര്‍ശനം. ഇതിന്റെ പേരില്‍ അവര്‍ ‘കള്ളി’യാണെന്ന് ട്രംപ് തിരഞ്ഞെടുപ്പ് കാലത്ത് ആരോപിച്ചിരുന്നു. ഹിലരിയുടെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ ഇ-മെയില്‍ ചോര്‍ച്ച നിര്‍ണായക പങ്ക് വഹിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ട്രംപിന്റെ പ്രചാരകര്‍ റഷ്യയുടെ സഹായം തേടിയിരുന്നുവെന്നും റഷ്യ, അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ അവിഹിതമായി ഇടപെട്ടുവെന്നുമുള്ള ആരോപണങ്ങള്‍ ശക്തമായിരിക്കെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.

റഷ്യന്‍ അറ്റോണി ജനറല്‍ നതാലിയ വെസെല്‍നിറ്റ്‌സ്‌കായയുമായി കൂടിക്കാഴ്ച നടത്താമെന്ന ഒരു നിര്‍ദ്ദേശം പിന്നീടുള്ള മെയിലുകളില്‍ കാണുന്നുണ്ട്. കൂടിക്കാഴ്ചയ്ക്ക് ട്രംപ് ജൂനിയര്‍ സമ്മതിക്കുന്നുണ്ടെങ്കിലും കൂടെ ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവ് ജാരെദ് കുഷ്‌നറും ആ സമയത്ത് ട്രംപിന്റെ പ്രചാരണ തലവനായിരുന്ന പോള്‍ മാനഫോര്‍ട്ടും ഉണ്ടായിരിക്കുമെന്ന് അറിയിക്കുക കൂടി ചെയ്തിട്ടുണ്ട്. വെസെല്‍നിറ്റ്‌സ്‌കോയുമായി ജൂണ്‍ ഒമ്പതിന് നടന്ന കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഈ മെയിലുകളെല്ലാം കുഷ്‌നര്‍ക്കും മാനഫോര്‍ട്ടിനും അയച്ചിരുന്നതായി പുറത്തുവന്ന രേഖകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്കായി ഇരുവരെയും താന്‍ ക്ഷണിച്ചിരുന്നുവെന്നും വിശദാംശങ്ങള്‍ പറഞ്ഞിരുന്നില്ലെന്നുമാണ് ഞായറാഴ്ച ട്രംപ് ജൂനിയര്‍ പറഞ്ഞത്. ട്രംപ് ജൂനിയര്‍ അയച്ച മെയിലുകളുടെ ഏറ്റവും അടിയില്‍ ഉണ്ടായിരുന്ന മെയിലുകള്‍ മാനഫോര്‍ട്ട് വായിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഒരു സഹായി ചൊവ്വാഴ്ച വെളിപ്പെടുത്തി. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ജാരെദ് കുഷ്‌നറുടെ അഭിഭാഷകര്‍ തയ്യാറായില്ല.

ഒരു വിദേശ ശത്രുവിന്റെ ഇടപെടലുകളെ കുറിച്ച് അധികാരികള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിന് പകരം ട്രംപിന്റെ ഈ മൂന്ന് സുപ്രധാന സഹായികള്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറായത് എന്തുകൊണ്ടാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യം. ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ കമ്മിറ്റിയുടെ ഇ-മെയിലുകള്‍ ചോര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹിലാരിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നതുള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ കൈകടത്തല്‍ ഉണ്ടായിട്ടുണ്ടെന്നുള്ള ആരോപണങ്ങളെ കുറിച്ച് സെനറ്റിന്റെയും ജനപ്രതിനിധിസഭയുടെയും വിവിധ കമ്മിറ്റികളും പ്രത്യേക കോണ്‍സല്‍ റോബര്‍ട്ട് മുള്ളറും അന്വേഷണം നടത്തിവരികയാണ്.

സമീപ ദിവസങ്ങളില്‍ തന്റെ പ്രവൃത്തിയെ കുറിച്ചുള്ള വിശദീകരണങ്ങളില്‍ തകിടംമറിച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഫോക്‌സ് ന്യൂസ് സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന ഒരുഭിമുഖത്തില്‍ പ്രശ്‌നം താന്‍ കൂടുതല്‍ പക്വതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്ന് ട്രംപ് ജൂനിയര്‍ സമ്മതിച്ചുവെന്നാണ് അറിയാന്‍ കഴിയുന്നത്. തന്റെ പിതാവിന് കൂടിക്കാഴ്ചയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, തന്റെ പുത്രന്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ആളാണെന്നും അദ്ദേഹത്തിന്റെ സുതാര്യതയെ അഭിനന്ദിക്കുന്നുവെന്നും ഡൊണാള്‍ഡ് ട്രംപ് ന്യായീകരിച്ചു. ഇപ്പോള്‍ ഉണ്ടാവുന്ന വിവാദങ്ങളില്‍ ട്രംപ് അസ്വസ്ഥനാണെന്നാണ് അദ്ദേഹത്തിന്റെ വക്താവ് സാറ ഹക്കബീ സാന്റേഴ്‌സ് പറയുന്നത്. സാമ്പത്തികം, ആരോഗ്യരക്ഷ, നികുതി പരിഷ്‌കരണങ്ങള്‍, പശ്ചാത്തലസൗകര്യം തുടങ്ങിയ വിഷയങ്ങളിലേക്കാണ് ചര്‍ച്ചകള്‍ തിരിയേണ്ടതെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ഹക്കബീ സാന്റേഴ്‌സ് വിശദീകരിച്ചു.

ഇ-മെയിലുകളെ കുറിച്ചും കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒമ്പതിന് നടന്ന കൂടിക്കാഴ്ചയെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും എന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇ-മെയില്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ട്രംപ് ജൂനിയര്‍ നിര്‍ബന്ധിതനായത്. എന്നാല്‍ റഷ്യന്‍ അഭിഭാഷകയുമായുള്ള കൂടിക്കാഴ്ചയെ സംബന്ധിച്ച പരസ്പരവിരുദ്ധമായ ന്യായീകരണങ്ങളാണ് ട്രംപ് ജൂനിയര്‍ നിരത്തുന്നത്. റഷ്യന്‍ കുട്ടികളെ അമേരിക്കക്കാര്‍ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനാണെന്നാണ് ആദ്യം വിശദീകരിച്ചത്. തൊട്ടുപിന്നാലെ ഹിലരിയെ കുറിച്ചുള്ള വിവരങ്ങളില്‍ തത്പരനായിരുന്നു എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മാധ്യമങ്ങളുടെയും ഡെമോക്രാറ്റുകളുടെയും നിരാശയില്‍ നിന്നാണ് ഒരു വര്‍ഷം മുമ്പ് നടന്ന കൂടിക്കാഴ്ചയെ കുറിച്ച് ഇപ്പോള്‍ വിവാദങ്ങള്‍ ഉണ്ടാവുന്നതെന്നാണ് ട്രംപിന്റെ മൂത്ത മകന്‍ വിശദീകരിക്കുന്നത്.

എന്നാല്‍ പോപ് താരം എമിന്‍ അഗ്ലാറോവിന്റെ പിതാവും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ അരാശ് അഗ്ലാറോവിന്റെ താത്പര്യപ്രകാരമാണ് ഈ കൂടിക്കാഴ്ചയ്ക്ക് താന്‍ കളമൊരുക്കിയതെന്നാണ് ഗോള്‍ഡ്‌സ്‌റ്റോണ്‍, അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞത്. വ്‌ളാഡിമിര്‍ പുടിനുമായി അടുത്ത ബന്ധം പുര്‍ത്തുന്ന ആളായാണ് അഗ്ലാറോവ് അറിയപ്പെടുന്നത്. ഹോട്ടല്‍ വ്യവസായ പദ്ധതിയില്‍ ഡൊണാള്‍ഡ് ട്രംപുമായി കൂട്ടുകച്ചവടം നടത്തുകയായിരുന്നു താത്പര്യം. 2013ല്‍ ലോകസുന്ദരി മത്സരം മോസ്‌കോയില്‍ എത്തിക്കുന്നതിന് അരസ് അഗ്ലാറോവിനെ ട്രംപ് സഹായിച്ചിരുന്നു. ഹിലരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനല്ല താന്‍ കൂടിക്കാഴ്ചയ്ക്ക് പോയതെന്ന് വെസെല്‍നിറ്റ്കായയും പറയുന്നു. അവര്‍ക്ക് വളരെ വിലപ്പെട്ടതായതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ട്രംപ് ജൂനിയറും കൂട്ടരും ശ്രമിച്ചിട്ടുണ്ടാകാം എന്നും അവര്‍ എന്‍ബിസിയോട് പറഞ്ഞു.

അതേസമയം, കൂടിക്കാഴ്ചയെ നിസാരമായി തള്ളിക്കളയാനാണ് യുഎസിലെ റഷ്യന്‍ അംബാസിഡര്‍ സെര്‍ജി കിസ്ലാക് ശ്രമിച്ചത്. റഷ്യയും യുഎസുമായുള്ള ബന്ധങ്ങളില്‍ കൂടുതല്‍ ഗൗരവതരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്ന് അദ്ദേഹം ഗാര്‍ഡിയന്‍ പത്രത്തോട് പറഞ്ഞു. എന്നാല്‍ റഷ്യയുമായുള്ള ട്രംപിന്റെ തിരഞ്ഞെടുപ്പ് സഖ്യത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് ട്രംപ് ജൂനിയറിന്റെ വെളിപ്പെടുത്തല്‍ കൂടുതല്‍ ഗൗരവം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

‘വ്യാജം’ എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ആരോപണത്തെ വിശേഷിപ്പിച്ചത്. വിഷയത്തില്‍ വ്യക്തമായി പ്രതികരിക്കാന്‍ റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ വിമുഖത കാണിക്കുന്നതും പ്രധാന സൂചനയായി കാണേണ്ടി വരും. സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിക്ക് മുന്നില്‍ ട്രംപ് ജൂനിയര്‍ ഹാജരാകേണ്ടി വരുമെന്നാണ് യുഎസ് തിരഞ്ഞെടുപ്പിലുള്ള റഷ്യന്‍ ഇടപെടലിനെ കുറിച്ച് അന്വേഷിക്കുന്ന സെനറ്റ് കമ്മിറ്റിയിലെ റിപബ്ലിക്കന്‍ അംഗങ്ങളായ ജോണ്‍ കോര്‍നിയനും ജെയിംസ് ലാങ്ക്‌ഫോര്‍ഡും പ്രതികരിച്ചത്. കൂടിക്കാഴ്ചയെ കുറിച്ച് നിരവധി സൂചനകളും കഥകളും ആശയവിനിമയങ്ങളും പുറത്തുവന്നിരുന്നതായി ട്രംപ് ഭരണകൂടത്തിന്റെ വിമര്‍ശകനായ ജോണ്‍ മക്കെയ്ന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എന്തെങ്കിലും പ്രതികരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ റിപബ്ലിക്കന്‍ തലവന്‍ റിച്ചാഡ് ബര്‍ പറഞ്ഞു. എന്നാല്‍ ട്രംപുമായി ബന്ധപ്പെട്ടവര്‍ കമ്മിറ്റിക്ക് മുന്നില്‍ ഒരുപാട് വിശദീകരണങ്ങള്‍ നല്‍കേണ്ടി വരുമെന്ന് ഡെമോക്രാറ്റിന്റെ സെനറ്റ് അന്വേഷണ കമ്മിറ്റി തലവന്‍ മാര്‍ക്ക് വാര്‍നര്‍ പറഞ്ഞു. റഷ്യന്‍ ബന്ധങ്ങളെ നേരത്തെ നിഷേധിച്ചിരുന്ന ട്രംപിന്റെ നിലപാടിന് കടകവിരുദ്ധമായ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഏതായാലും തിരഞ്ഞെടുപ്പിലുള്ള റഷ്യയുടെ അവിഹിതമായ ഇടപെടലുകളെ സംബന്ധിച്ചും അതില്‍ നിന്നും നേട്ടം കൊയ്യാന്‍ ഡൊണാള്‍ഡ് ട്രംപ് ശ്രമിച്ചതിനെ കുറിച്ചുമുള്ള നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്നാണ് പൊതുവിലയിരുത്തല്‍. ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങള്‍ നിയമപരമായ നടപടിക്ക് പര്യാപ്തമാണെന്നും എന്നാല്‍ അന്വേഷണം അവസാനിക്കുന്നത് വരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും പ്രസിഡന്റ് ബാരക് ഒബാമയുടെ ഭരണത്തിന് കീഴില്‍ ധാര്‍മ്മിക കമ്മിറ്റിയുടെ മേധാവിയായിരുന്ന രോം ഐസന്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തിലുള്ള അവസാന വെളിപ്പെടുത്തലാവില്ല ഇതെന്നും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം സൂചന നല്‍കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍