UPDATES

വിദേശം

ഖത്തറിനെതിരായ നീക്കവും അമേരിക്കയുടെ അറേബ്യന്‍ മണ്ടത്തരവും

അറബ് മേഖലയില്‍ യുഎസ് സെന്‍ട്രല്‍ കമാന്റിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നും പ്രധാനപ്പെട്ട ഇന്റലിജന്‍സ് ഹബ്ബും ഖത്തറിലാണുള്ളത്. അമേരിക്കയുടേയും സഖ്യകക്ഷികളുടേയും പ്രധാന വ്യോമസേനാ താവളങ്ങളിലൊന്നായ അല്‍ ഉദൈദ്, ഖത്തറിലാണ്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്ക ഫസ്റ്റ് പോളിസി ഗള്‍ഫ് മേഖലയില്‍ തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയാണ്. സൗദി അറേബ്യയും മറ്റ് നാല് സുന്നി ഭൂരിപക്ഷ രാജ്യങ്ങളുമായി (യുഎഇ, ബഹ്‌റൈന്‍, യെമന്‍, ഈജിപ്റ്റ്) ചേര്‍ന്ന് ഖത്തറിനെ ഒറ്റപ്പെടുത്താനാണ് ട്രംപിന്റെ ശ്രമം. മേഖലയിലെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിന് പകരം മൂര്‍ച്ഛിപ്പിക്കുന്നതിന് മാത്രം സഹായകമായ നീക്കം. സുന്നിരാജ്യങ്ങളുടെ മുഖ്യ ശത്രുവായ ഷിയാ രാജ്യം ഇറാനുമായി ഖത്തര്‍ പുലര്‍ത്തുന്ന ബന്ധമാണ് പ്രധാന പ്രശ്‌നങ്ങളിലൊന്ന്.

അമേരിക്കയുമായുള്ള സംഘര്‍ഷം ലഘൂകരിക്കുകയും ബന്ധം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഇറാനുമായുള്ള അകല്‍ച്ച പല വിധത്തിലും തുടരുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ ശക്തമായ നിലപാടാണ് ഇറാന്‍ സ്വീകരിക്കുന്നത്. ഇന്നലെ 12 പേര്‍ കൊല്ലപ്പെട്ട ഇറാന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഒബാമ ഗവണ്‍മെന്റ് മെച്ചപ്പെടുത്തിയ ഇറാനുമായുള്ള ബന്ധം അതേരീതിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ആണവ കരാറിലും താല്‍പര്യമില്ലെന്നാണ് ട്രംപ് പറയുന്നത്.

അതേസമയം ഇറാനെ ലക്ഷ്യം വച്ച് ഖത്തറിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതും സൗദി അടക്കമുള്ള രാജ്യങ്ങളെ ഇതിനായി ഉപയോഗപ്പെടുത്തുന്നതും അമേരിക്കയെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കും. ഖത്തര്‍ അമേരിക്കയെ സംബന്ധിച്ച് അത്രയും പ്രധാനപ്പെട്ടതാണ്. യുഎസ് സെന്‍ട്രല്‍ കമാന്റിന്റെ കേന്ദ്രവും പ്രധാനപ്പെട്ട ഇന്റലിജന്‍സും ഹബും ഖത്തറിലാണുള്ളത്. അമേരിക്കയുടേയും സഖ്യകക്ഷികളുടേയും പ്രധാന വ്യോമസേനാ താവളങ്ങളിലൊന്നായ അല്‍ ഉദൈദ് ബേസ് ഇവിടെയാണുള്ളത്. സിറിയയില്‍ ഐഎസിന്റെ തലസ്ഥാനമായി അറിയപ്പെടുന്ന റാഖയില്‍ അമേരിക്കയും സഖ്യകകളും വ്യോമാക്രമണത്തിന് ഒരുങ്ങുമ്പോള്‍ ഖത്തറിനെതിരെ നീക്കം നടത്താന്‍ ഒട്ടും ഉചിതമായ സമയമല്ല ഇപ്പോള്‍.

ഖത്തറിനെതിരായ സൗദിയുടെ തീവ്ര നിലപാട് മയപ്പെടുത്താന്‍ യുഎസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലും ട്വിറ്ററില്‍ ഖത്തറിനെ ഒറ്റപ്പെടുത്തുന്നത് സംബന്ധിച്ച് അവകാശവാദങ്ങളുമായി മുന്നോട്ട് പോവുകയാണ് ട്രംപ്. തന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനിടെ ഭീകരസംഘടനകള്‍ക്കുള്ള ഫണ്ടിംഗ് തടയുന്നതിനെ കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ട്രംപ് ചൂണ്ടിക്കാട്ടി. ഖത്തറിനെതിരെ ഭീകരബന്ധം ആരോപിക്കുന്ന സൗദിയും ഇതേ ആരോപണം നേരിടുന്നുണ്ടെന്നതാണ് വസ്തുതയും വൈരുദ്ധ്യവും. സിറിയയും ലിബിയയും അടക്കമുള്ള അറബ് രാജ്യങ്ങളിലെ സായുധ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നതായുള്ള ആരോപണം ഖത്തറിനെതിരെയുണ്ട്. ഇതേ ആരോപണം സൗദിയും നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ സൗദിക്കും ഖത്തറിനുമിടയില്‍ ഒരു സന്തുലിത നിലപാട് സ്വീകരിക്കുന്നതിന് പകരം ഇത്തരത്തിലുള്ള സമീപനം എടുക്കുന്നത് ബുദ്ധിശൂന്യമാണെന്ന് വിലയിരുത്തപ്പെടുന്നു.

മേഖലയിലെ സംഘര്‍ഷങ്ങളില്‍ ഖത്തര്‍ നടത്തുന്ന മദ്ധ്യസ്ഥ ശ്രമങ്ങളും അവര്‍ സ്വീകരിക്കുന്ന സ്വതന്ത്ര വിദേശനയവും സൗദി അടക്കമുള്ള രാജ്യങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. ജനാധപത്യ പ്രക്ഷോഭങ്ങളോട് ഖത്തര്‍ പൊതുവെ പുലര്‍ത്തുന്ന അനുകൂല മനോഭാവവും സൗദിക്ക് ആശങ്കയുണ്ടാക്കുന്നതാണ്. 2011ല്‍ ടുണീഷ്യയിലും ഈജിപ്റ്റിലുമായി തുടങ്ങിയ അറബ് വസന്തമെന്ന് അറിയപ്പെട്ട ജനാധിപത്യ പ്രക്ഷോഭങ്ങള്‍ സൗദിയെ അസ്വസ്ഥമാക്കിയിരുന്നു. ഖത്തര്‍ ചാനലായ അല്‍ ജസീറ, പ്രക്ഷോഭം വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചതായാണ് സൗദിയുടെ വിലയിരുത്തല്‍.

ഇസ്രയേലുമായി നയതന്ത്ര ബന്ധം പുലര്‍ത്തുമ്പോള്‍ തന്നെ പാലസ്തീന്‍ സായുധ സംഘം ഹമാസുമായി ഖത്തര്‍ ബന്ധപ്പെട്ടു. ഇസ്രയേലി ഉദ്യോഗസ്ഥരേയും ഹമാസ് നേതാക്കളേയും ഖത്തര്‍ സ്വീകരിച്ചു. അമേരിക്കയ്ക്ക് സൈനിക താവളം അനുവദിച്ചവര്‍ തന്നെ അഫ്ഗാന്‍ താലിബാന് ദോഹയില്‍ ഓഫീസ് തുറക്കാന്‍ അനുമതി നല്‍കി. അമേരിക്കയും താലിബാനുമായുള്ള ചര്‍ച്ചകള്‍ ഇവിടെയാണ് നടന്നത്. ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തി. അതേസമയം ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ക്കെതിരെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കുന്നുണ്ട്. ഇറാനുമായി സഖ്യത്തിലുള്ള സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തിനെതിരെ വിമത സായുധ ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ സഹായം നല്‍കുന്നു. ഇത്തരത്തില്‍ ഏറെ സങ്കീര്‍ണമാണ് ഖതത്തറിന്റെ വിദേശ നയം. ഏതായാലും ട്രംപ് ഗവണ്‍മെന്റിന്റെ വിദേശനയത്തേക്കാളും ഏറെ മെച്ചപ്പെട്ടതും ബുദ്ധിപരവുമാണത്.

ഭീകരസംഘടനകള്‍ക്കുള്ള ഫണ്ട് നീക്കം തടയുന്നതിലും ഫണ്ടിംഗിന് ഉത്തരവാദിത്തപ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിലും സ്വത്ത് മരവിപ്പിക്കുന്നതിലും ഖത്തര്‍ ഏറെ മുന്നേറിയതായാണ് യുഎസ് അംബാസഡര്‍ ഡാന ഷെല്‍ സ്മിത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. അതേസമയം ഈജീപ്റ്റിലെ യാഥാസ്ഥിതിക മുസ്ലീം ബ്രദര്‍ഹുഡിന് ഖത്തര്‍ നല്‍കുന്ന സഹായവും പ്രശ്‌നമാണ്. രാഷ്ട്രീയ ഇസ്ലാമിന്റെ ക്രിയാത്മക മാതൃകയായി ബ്രദര്‍ഹുഡിനെ ഖത്തര്‍ വിലയിരുത്തുമ്പോള്‍, രാജഭരണത്തിനും അറബ് മേഖലയുടെ സുരക്ഷയ്ക്കും ഭീഷണിയായിട്ടാണ് അവരെ സൗദി കാണുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ വലിയ പ്രകൃതി വാതക ശേഖരം ഇറാനുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ഖത്തറിനെ പ്രേരിപ്പിക്കുന്ന പ്രധാന കാരണമാണ്.

ഗള്‍ഫിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നീക്കങ്ങളാണ് ഇപ്പോള്‍ ട്രംപ് നടത്തുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. 110 ബില്യണ്‍ ഡോളറിന്റെ ആയുധ കരാര്‍ അടക്കം വിമര്‍ശിക്കപ്പെടുന്നുണ്ട്. യുഎസ് കോണ്‍ഗ്രസില്‍ ഈ കരാറിനുള്ള തടസങ്ങള്‍ തുടരുകയാണ്. യെമന്‍ ആഭ്യന്തരയുദ്ധത്തില്‍ സൗദി ചര്‍ച്ചകള്‍ക്ക് തയ്യാറാവുകയും ഖത്തറുമായു്ള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുകയും ചെയ്യുന്നത് വരെ അവര്‍ക്ക് ആയുധം നല്‍കരുതെന്ന നിലപാടാണ് അമേരിക്കയില്‍ ശക്തിപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍