UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അഡ്വ. വിദ്യ സംഗീതിന് സ്വാര്‍ഥതാത്പര്യം; ശോഭ മാത്രമല്ല പാടം നികത്തിയത്’ – ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്

Avatar

ശോഭ സിറ്റിയുടെ പുഴയ്ക്കല്‍ പാടം നികത്തലിനെതിരെ അഡ്വ. വിദ്യ സംഗീത് നടത്തിയ ഇടപെടലിനെക്കുറിച്ചും അതിനെ തുടര്‍ന്നുവന്ന കോടതി വിധിയെക്കുറിച്ചും പുഴയ്ക്കല്‍ പാടം ഉള്‍പ്പെടുന്ന പേരാമംഗലം ഡിവിഷനില്‍ നിന്നുള്ള തൃശൂര്‍ ജില്ലാ  പഞ്ചായത്ത് പ്രതിനിധിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര പ്രതികരിക്കുന്നു. വിദ്യാ സംഗീതിന്‍റെ നിയമ പോരാട്ടത്തെക്കുറിച്ച് നേരത്തെ അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു(അവള്‍ക്ക് മുന്‍പില്‍ മുട്ടുവിറച്ച് ഭരണകൂടവും കോര്‍പ്പറേറ്റുകളും; അഡ്വ. വിദ്യ സംഗീതിന്‍റെ പോരാട്ടത്തിന്‍റെ കഥ).  

“തൃശൂര്‍ കോലാഴി പഞ്ചായത്തിലെ പുഴയ്ക്കല്‍ പാടത്ത് പത്തൊമ്പത് ഏക്കര്‍ പിഎന്‍സി മേനോന്റെ ശോഭ ഡെവലപ്പേഴ്‌സും അതിന്റെ ഉപകമ്പനികളും ചേര്‍ന്ന് നികത്തിയെടുത്ത് അനധികൃതമായി ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുന്നുവെന്ന പരാതിയില്‍ ഹൈക്കോടതയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും അതിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ കളക്ടര്‍ ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയും ഈ മാസം പതിനെട്ടിനകം പാടം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും വാര്‍ത്തകളുണ്ട്. തൃശൂര്‍ ജില്ലാ പഞ്ചായത്തിലെ മുളങ്കുന്നത്തുകാവ് ഡിവിഷനില്‍ നിന്നുള്ള അംഗം അഡ്വക്കേറ്റ് വിദ്യ സംഗീതാണ് പാടത്ത് അനധികൃത നിര്‍മ്മാണം നടത്തുന്നുവെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കുന്നതും അനുകൂലമായ വിധി സമ്പാദിക്കുന്നതും. കളക്ടര്‍ ഉള്‍പ്പെട ഈ വിഷയത്തില്‍ കൃത്യവിലോപം കാണിച്ചെന്നും വിവിധരാഷ്ട്രീയപ്പാര്‍ട്ടികളും അവയുടെ നേതാക്കളും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഇക്കാര്യത്തില്‍ ജനാധിപത്യവിരുദ്ധ നിലപാടാണ് സ്വീകരിച്ചതതെന്നും വിദ്യ ആക്ഷേപിക്കുകയുണ്ടായി. ഈയവസരത്തില്‍ ചില കാര്യങ്ങള്‍ പ്രസ്തുത വിഷയത്തില്‍ പറയേണ്ടി വന്നിരിക്കുകയാണ്. പുഴയ്ക്കല്‍ പാടം വരുന്നത് ഞാന്‍ പ്രതിനിധാനം ചെയ്യുന്ന പേരാമംഗലം ഡിവിഷന്റെ കീഴിലാണെന്നുള്ളതുകൊണ്ടും അടച്ചാക്ഷേപിക്കുന്ന രീതിയാണ് വിദ്യ നടത്തുന്നതെന്നുള്ളതുമാണ് ഈ പ്രതികരണത്തിന് ആധാരം. വ്യക്തമായി ഒന്നു പറയട്ടെ, ഇതൊരിക്കലും വിദ്യ സംഗീതിനുള്ള മറുപടിയായി കണക്കക്കാരുത്. ഞാന്‍ മനസ്സിലാക്കിയ ചില വസ്തുതകളും ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നതിലെ ചില പൊരുത്തക്കേടുകളുമാണ് എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളത്. 

പുഴയ്ക്കല്‍ പാടം നികത്താന്‍ അനുമതി നല്‍കുന്നത് 1997-ലെ ഇ കെ നായനാര്‍ മന്ത്രിസഭയുടെ കാലത്താണ്. കൃഷ്ണന്‍ കണിയാമ്പറമ്പില്‍ കൃഷിവകുപ്പും ഇ.ചന്ദ്രശേഖരന്‍ നായര്‍ റവന്യൂവകുപ്പും ഭരിക്കുന്ന കാലത്താണ് പാടം നികത്തി വില്‍ക്കാനുള്ള അനുമതി കിട്ടുന്നത്. ആദ്യമായി പുഴയ്ക്കല്‍ പാടം നികത്തി കെട്ടിട്ടം നിര്‍മ്മിച്ചവരില്‍ ദേശാഭിമാനി ഉള്‍പ്പെടുന്നുണ്ട്. പിഎന്‍സി മേനോനോ ശോഭഡെവലപ്പേഴ്‌സോ അല്ല ആദ്യമായി പുഴയ്ക്കല്‍ പാടം നികത്തുന്നതെന്ന് വ്യക്തമാക്കാനാണ് ഈകാര്യങ്ങള്‍ പറഞ്ഞത്. പല പ്രമുഖരും പാടം നികത്തിയ സ്ഥലം വാങ്ങിയിട്ടുണ്ട്. കൃഷി പല കാരണങ്ങളാലും ലാഭകരമല്ലാതാവുകയും മുന്നോട്ട് നടത്തിക്കൊണ്ട് പോകാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തിടത്താണ് പാടം നികത്താനും വില്‍ക്കാനും തീരുമാനമുണ്ടാകുന്നത്. ഈ ഭാഗത്തെ കര്‍ഷകരില്‍ പലരും ഇന്ന് വലിയ കാശുകാരാണ്. അത് കൃഷി ചെയ്ത് ഉണ്ടാക്കിയതല്ല, അവരുടെ കൃഷിസ്ഥലം വിറ്റുകിട്ടിയ പണമാണ്. ഇരുപത്തിയഞ്ചും മുപ്പതും ലക്ഷമാണ് ഇന്നിവിടെ സെന്റിന് വില. ഈയൊരു സാഹചര്യത്തില്‍ ഒരു വ്യക്തിക്കെതിരെ മാത്രം ആരോപണം ഉന്നയിക്കുന്നതും അദ്ദേഹമാണ് എല്ലാ കയ്യേറ്റങ്ങള്‍ക്കും കാരണമെന്നു വിളിച്ചു പറയുന്നതിനും പിന്നില്‍ എന്തെങ്കിലും സ്വാര്‍ത്ഥ ലക്ഷ്യമുണ്ടാകണം.

ഈ കാര്യത്തില്‍ ഞാനറിഞ്ഞ ചില വസ്തുതകളുണ്ട്. ശോഭാ ഡവലപ്പേഴ്‌സിനെതിരെയുള്ള കേസും ആരോപണവും തികച്ചും വ്യക്തിപരമായ ഉദ്ദേശത്തോടെയാണ്. ഇതിനു പിന്നില്‍ ഒരു വ്യക്തിയുടെ കച്ചവടക്കണ്ണാണ്. ശോഭ ഡവലപ്പേഴ്‌സിന്റെ ഉപകമ്പനികള്‍ വാങ്ങിയ ഭൂമിയോട് ചേര്‍ന്ന് ഇദ്ദേഹത്തിന്റെ സ്ഥലവുമുണ്ട്. ആ ഭൂമി കൂടി ഈ പറഞ്ഞ കമ്പനികള്‍ വാങ്ങിയാല്‍ തീരുന്നതേയുള്ളൂ ഇവിടുത്തെ പ്രശ്‌നങ്ങള്‍. അതിന് അവര്‍ തയ്യാറാകാതിരുന്നിടത്താണ് മേല്‍പ്പറഞ്ഞ വ്യക്തി പഞ്ചായത്തംഗത്തെ സമീപിക്കുന്നതും പിന്നീടത് വലിയ വാര്‍ത്തയാകുന്നതും. പാടത്ത് അനധികൃത നിര്‍മ്മാണം നടക്കുന്നതായി സമീപവാസികള്‍ വന്ന് തന്നോട് പരാതി പറയുകയായിരുന്നുവെന്നാണ് ബഹുമാനപ്പെട്ട പഞ്ചായത്തംഗം പറഞ്ഞിരിക്കുന്നത്. ആ പ്രദേശത്തെ മെംബര്‍ അല്ലെങ്കില്‍പ്പോലും അവരുടെ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായത് ഉത്തരവാദിത്വപ്പെട്ടവര്‍ ഈ ജനങ്ങളെ കൈയൊഴിഞ്ഞതുകൊണ്ടാണെന്നും മെംബര്‍ ആരോപിക്കുന്നു. സമീപവാസികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതാരെയൊക്കെയാണ്? എത്രപേര്‍ പരാതിയുമായി മെംബറെ സമീപിച്ചു? ഇവരൊക്കെ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവരാണോ? ആണെങ്കില്‍ അവരോട് കൈയിലടിച്ചു പറയുന്നു- നിങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ വേണ്ട സഹായം ഞാന്‍ ചെയ്തുതരാം. ഒരു കര്‍ഷക കുടുംബത്തില്‍ ജനിക്കുകയും കൃഷി ചെയ്യുകയും ചെയ്തിട്ടുള്ള ആളാണ് ഞാന്‍. ആ നാടിനെ വളരെ നന്നായി അറിയാവുന്നൊരാളും. ഒരു വ്യക്തിയുടെ സ്വാര്‍ത്ഥലക്ഷ്യത്തോടെയുള്ള പരാതിയാണ് ഒരു ജനതയുടെ അപേക്ഷയായി ചിത്രീകരിക്കുന്നത്. ബഹുമാനപ്പെട്ട മെംബര്‍ക്ക് ഇതിലുള്ള പങ്ക് എന്താണെന്ന് വ്യക്തമാകുന്നതിവിടെയാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം 

വികസനത്തിന്‍റെ വേറിട്ട വഴികള്‍
ആദര്‍ശ് മോഡല്‍ ഫ്ളാറ്റ് കുംഭകോണം കൊച്ചിയിലും – അഴിമുഖം അന്വേഷണം
കാതിക്കുടം : അനീതി പെരുമഴ പോലെ പെയ്യുമ്പോള്‍
ഒരു ജനതയെ ഇല്ലാതാക്കുമ്പോള്‍ : റോസ് മലക്കാരുടെ ജീവിതം
സര്‍ക്കാര്‍ അറിയുന്നതിന് : ഇടുക്കി തീറെഴുതാന്‍ വരട്ടെ

പാടത്തെ അനധികൃതനിര്‍മ്മാണത്തില്‍ കളക്ടറെയും കുറ്റക്കാരിയാക്കുന്നുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കളക്ടര്‍ അനുമതി കൊടുത്തു എന്നാണ് ആക്ഷേപം. ഇന്ത്യയില്‍ എവിടെയും അതാത് പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ ഭരണസ്ഥാപനങ്ങളാണ് അനുമതി കൊടുക്കുന്നതും നിര്‍മ്മാണം അനധികൃതമാണെങ്കില്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തവിടുന്നതും. ആ നിലയ്ക്ക് കോലാഴി പഞ്ചായത്തിനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാതെ കളക്ടറെ ഇതിലേക്ക് വലിച്ചിഴച്ചതിലെ യുക്തി എന്താണ്? തണ്ണീര്‍ത്തട നിയമമനുസരിച്ച് കളക്ടര്‍ നടപടിയെടുത്തില്ലെന്നാണ് വാദിക്കുന്നത്. 1997 മുതല്‍  ആ പാടം നികത്തുന്നുണ്ട്. അങ്ങിനെയാണെങ്കില്‍ത്തന്നെ ആദ്യം സമീപിക്കേണ്ടത് കോലാഴി പഞ്ചായത്തിനെയല്ലേ? എന്തുകൊണ്ട് പഞ്ചായത്തിന്റെ കാര്യം ഒരിടത്തും പരാമര്‍ശിച്ചു കാണുന്നില്ല. അനധികൃതമായിട്ടാണ് നിര്‍മ്മാണം നടക്കുന്നതെങ്കില്‍ പഞ്ചായത്തിനെ അതു ബോധ്യപ്പെടുത്തി  നിര്‍മ്മാണം നിര്‍ത്തിവയ്പ്പിക്കാവുന്നതേയുള്ളൂ. പക്ഷേ ഉത്തരവാദിത്വം മുഴുവന്‍ കളക്ടര്‍ക്കാണെന്നാണ് പറയുന്നത്.

ശോഭ ഡവലപ്പേഴ്‌സും അതിന്റെ ഉപകമ്പനികളും ചേര്‍ന്ന് 19 ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്നുവെന്നാണല്ലോ ആരോപിക്കുന്നത്. ഭൂനിയമം അനുസരിച്ച് ഒരു കമ്പനിക്ക് തോട്ടമൊഴികെ പതിനഞ്ച് ഏക്കര്‍ ഭൂമിയെ കൈവശം വയ്ക്കാന്‍ പാടുള്ളൂ. അതില്‍ കൂടുതലുണ്ടെങ്കില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ കണ്ടെത്തും. എന്നിരിക്കിലും ശോഭാ ഡെവലപ്പേഴ്‌സ് 19 ഏക്കര്‍ കൈവശം വച്ചിരിക്കുന്നു എന്ന് ആരോപിക്കുന്നതിലെ കഴമ്പ് എന്താണ്? ഇവര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ നാല് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ മിച്ചഭൂമിയായി കണ്ടെത്തേണ്ടതല്ലേ!

ഇനി പ്രധാനപ്പെട്ടൊരു കാര്യം ചൂണ്ടിക്കാണിക്കാനുള്ളത്, ഒക്ടോബര്‍ 18നകം അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നു പറയുന്ന പാടം പൂര്‍വ്വസ്ഥിതിയിലാക്കണമെന്നാണല്ലോ പറഞ്ഞിരിക്കുന്നത്? ഈ പറയുന്ന പ്രദേശത്ത് ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടന്നിട്ടില്ല എന്നതാണ് വാസ്തവം. പിന്നെ പൂര്‍വ്വസ്ഥിതിയിലാക്കണമെന്നൊക്കെ പറയുന്നതില്‍ എന്തുകാര്യമിരിക്കുന്നു! ഇവര്‍ ആരോപണമുന്നയിക്കുന്ന പത്തൊമ്പത് ഏക്കറില്‍ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് അവിടെ ചെന്നുകണ്ടാല്‍ ബോധ്യമാകുന്നതാണ്. ഫ്ലാറ്റ് നിര്‍മ്മാണം നടക്കുന്നുണ്ടെങ്കില്‍ അത് ശോഭാ ഡവലപ്പേഴ്‌സിന്റെ മാറിയുളള ഭൂമിയിലാണ്. ആ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനോ അത് അനധികൃതമായി നടത്തുന്നതാണെന്നോ ആരും പറഞ്ഞിട്ടില്ല. ഒന്നും ചെയ്യാതെ കിടക്കുന്ന ഭൂമിയില്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുകയാണെന്ന് പറയുന്നത് ആരെ പറ്റിക്കാനാണ്.

എന്റെ അറിവില്‍ ഒരു കമ്പനി ഫ്ലാറ്റ് നിര്‍മ്മാണം തുടങ്ങുന്നത്, മുന്‍കൂര്‍ ബുക്കിംഗോടു കൂടിയായിരിക്കും. അല്ലാതെ ഫ്ലാറ്റ് പണിതിട്ടിട്ട് പിന്നെ ആവശ്യക്കാരെ തേടി നടക്കുകയല്ല. അങ്ങിനെയുള്ളപ്പോള്‍ പുഴയ്ക്കല്‍ ഫ്ലാറ്റ് നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നവര്‍ അതിന്റെ എല്ലാ നിയമ വ്യവസ്ഥകളും പാലിച്ചിരിക്കണമല്ലോ. അതല്ലാതെ കസ്റ്റമേഴ്‌സിനോട് എങ്ങനെ അഡ്വാന്‍സ് വാങ്ങിക്കും? പണം കൊണ്ട് എന്തും സാധിക്കാമെന്നാണെങ്കില്‍ എന്തുകൊണ്ട് മരടില്‍ ശോഭ ഡെവലപ്പേഴ്‌സിന്റെ പ്രൊജക്ട് തുടങ്ങാന്‍ താമസം നേരിടുന്നു? എല്ലാകാര്യങ്ങളിലും ക്ലിയറന്‍സ് ലഭിച്ചിട്ടില്ലാത്തതുകൊണ്ട് തന്നെ. തൃശ്ശൂരില്‍ നടത്തിയ സ്വാധീനം മരടില്‍ എന്തുകൊണ്ട് അവര്‍ക്ക് നടത്താന്‍ കഴിഞ്ഞില്ല?

ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു പൊതുപ്രവര്‍ത്തകനാണ് ഞാനും. തെറ്റുകള്‍ കണ്ടാല്‍ എതിര്‍ക്കാനും അതിനെതിരെ പോരാടാനും യാതൊരു മടിയുമില്ല. എന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട് എന്നതിന് തെളിവാണ് ഏറ്റവും അധികം ഭൂരിപക്ഷമുള്ള ഒരു പഞ്ചായത്തംഗമായി എനിക്ക് തെരഞ്ഞെടുക്കപ്പെടാന്‍ കഴിഞ്ഞത്. ഒരു വ്യക്തിക്കെതിരായോ സ്ഥാപനത്തിനെതിരായോ ആരുടെയെങ്കിലും സ്വാര്‍ത്ഥ താല്‍പര്യം സംരക്ഷിക്കാനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല. പിഎന്‍സി മേനോനോടോ അദ്ദേഹത്തിന്റെ ബിസിനസ്സ് സ്ഥാപനത്തോടോ എനിക്ക് വിധേയത്വം ഇല്ല. എന്നാല്‍ അവാസ്തവികമായ കാര്യങ്ങളാല്‍ ഒരാളെ ഉപദ്രവിക്കുന്നത് ശരിയല്ലെന്ന പക്ഷമെനിക്കുണ്ട്. പിഎന്‍സി മേനോന്‍ എന്ന പേര് പരാമര്‍ശിക്കുന്നതില്‍പ്പോലും ഔചിത്യക്കുറവുണ്ട്. കാരണം അദ്ദേഹം ഇപ്പോള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലാണ് സജീവമായി ഇടപെടുന്നത്. മക്കളാണ് ബിസിനസ്സിന്റെ പിന്നില്‍. ആ നിലയ്ക്ക് ആ മനുഷ്യന്‍ അന്യായം കാണിച്ചു എന്നു പറയുന്നതില്‍ തന്നെ പൊരുത്തക്കേടുണ്ട്.

ഞാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ ശരിയാണോ തെറ്റാണോ എന്ന് പ്രസ്തുത സ്ഥലം സന്ദര്‍ശിച്ച് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കൂട്ടത്തില്‍ കോലഴി പഞ്ചായത്തിലും സമീപവാസികളോടും വിവരങ്ങള്‍ തിരക്കാം. നീതിയാണ് ജയിക്കേണ്ടത്, നീതികേടല്ല; അതാരു കാണിച്ചാലും”.

തയ്യാറാക്കിയത്- രാകേഷ് നായര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍