UPDATES

കേരളം

അവള്‍ക്ക് മുന്‍പില്‍ മുട്ടുവിറച്ച് ഭരണകൂടവും കോര്‍പ്പറേറ്റുകളും; അഡ്വ. വിദ്യ സംഗീതിന്‍റെ പോരാട്ടത്തിന്‍റെ കഥ

2010ല്‍ മുളങ്കുന്നത്തുകാവ് ഡിവിഷനില്‍ നിന്ന് വിജയിക്കുമ്പോള്‍ വിദ്യക്ക് രാഷ്ട്രീയപ്രവര്‍ത്തനം എന്താണെന്നുപോലും അറിയില്ലായിരുന്നു.

എനിക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന സമൂഹത്തിന്റെ നിസ്സംഗമായ മാനസികാവസ്ഥയ്ക്കുള്ള മറുപടിയാണ് അഡ്വ. വിദ്യ സംഗീത്. തനിക്ക് ചെയ്യാന്‍ കഴിയുന്നതൊക്കെ വിദ്യ ചെയ്തപ്പോള്‍ മുട്ടുമടക്കിയത് ഭരണകൂടവും കോര്‍പ്പറേറ്റുകളുമാണ്. കൂടെ നില്‍ക്കുമെന്ന്‍ കരുതിയവര്‍ പോലും കണ്ണടച്ചുകൊടുക്കുന്ന രാഷ്ട്രീയസേവനത്തിന്റെ വക്താക്കളായപ്പോള്‍, തന്റെ പോരാട്ടത്തില്‍ ഒപ്പമാരെയും പ്രതീക്ഷിക്കാതെ ഒറ്റയ്ക്കു തന്നെ മുന്നോട്ട് പോവുകയായിരുന്നു വിദ്യ.

പണവും സ്വാധീനവുമുള്ളവന് നാട്ടിലെ ഏതു നിയമവും തന്റെ വരുതിയില്‍ കൊണ്ടുവരാമെന്നുള്ള ധാര്‍ഷ്ഠ്യത്തെയും അതിന് കുടപിടിച്ചുകൊടുക്കുന്ന അധികാരി വര്‍ഗ്ഗത്തെയുമാണ് വിദ്യ വെല്ലുവിളിച്ചത്. തൃശ്ശൂര്‍ കോലാഴി പഞ്ചായത്തിലെ പുഴയ്ക്കല്‍ പാടത്ത് 19 ഏക്കര്‍ നെല്‍വയല്‍ പിഎന്‍സി മേനോന്റെ കമ്പനിയും അദ്ദേഹത്തിന്റെ ഉപകമ്പനികളും ചേര്‍ന്ന് നികത്തി ഫ്‌ളാറ്റുകളും വില്ലകളും നിര്‍മ്മിക്കുന്നതിനെതിരെ തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ വിദ്യ നടത്തിയ നിയമ പോരാട്ടം ഇപ്പോള്‍ വിജയം കണ്ടിരിക്കുകയാണ്.

പുഴയ്ക്കല്‍ പാടത്ത് നടക്കുന്ന അനധികൃത നിലം നികത്തലിനെതിരെ വിദ്യയോട് ആദ്യം പരാതി പറയുന്നത് സമീപവാസികളാണ്, ഈ പ്രദേശം വിദ്യയുടെ ഡിവിഷന്‍ പരിധിയില്‍ പെടുന്നതല്ല. എന്നാല്‍ തങ്ങള്‍ക്കുവേണ്ടി ആരും രംഗത്തുവരാതിരുന്നതിനെ തുടര്‍ന്നാണ് അന്നാട്ടുകാര്‍ വിദ്യയെ തേടിയെത്തുന്നത്. പ്രസ്തുത സ്ഥലം കണ്ടശേഷം വിദ്യ സമീപവാസികളെക്കൊണ്ട് കളക്ടര്‍ക്ക് പരാതി കൊടുപ്പിക്കുകയാണ് ആദ്യം ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ ആര്‍ ഡി ഒയെക്കൊണ്ട് അന്വേഷിപ്പിക്കുകയും രണ്ട് കമ്പനികള്‍ക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കുകയും ചെയ്തു. മൂന്നാമത്തെ കമ്പനിയുടെ സ്ഥലം ഐഡന്റിഫൈ ചെയ്യാന്‍ കഴിയാത്തതിനാല്‍ അവര്‍ക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കാന്‍ കഴിയില്ലെന്നായിരുന്നു വാദം. എന്നാല്‍ സ്ഥലത്തിന്റെ പൂര്‍ണ സ്കെച്ച് കൈവശം വച്ചുകൊണ്ടാണ് ഇത്തരമൊരു വാദത്തിന് ബന്ധപ്പെട്ടവവര്‍ തയ്യാറായത്.

സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ നടക്കുന്ന സ്ഥിതിയായിരുന്നു തുടര്‍ന്നും. ഇതേ തുടര്‍ന്ന് വിദ്യ നേരിട്ട് കളക്ടറെ കണ്ട് പരാതി നല്‍കി. പരാതി കൊടുക്കാന്‍ ചെന്ന വിദ്യയോട് കളക്ടര്‍ എ എം ജയയ്ക്ക് പരിഹാസമായിരുന്നു. രാഷ്ട്രീയക്കാര്‍ വെറുതെ പ്രശ്‌നമുണ്ടാക്കുന്നതാണെന്നായിരുന്നു കളക്ടറുടെ കണ്ടെത്തല്‍. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങളുള്‍പ്പെടെ വിദ്യ തെളിവുകള്‍ നിരത്തിയപ്പോള്‍ കളക്ടര്‍ വിയര്‍ത്തു. ഉടന്‍ തന്നെ  അന്വേഷണത്തിനുള്ള നടപടികള് കൈകൊള്ളാന്‍ ആവശ്യപ്പെടുകയും അതിന്‍പ്രകാരം പാടം നികത്താന്‍ മണ്ണടിച്ചുകൊണ്ടിരുന്ന രണ്ട് ലോറികള്‍ പിടികൂടുകയും ചെയ്തു. എന്നാല്‍  ഈ കാട്ടിക്കൂട്ടലുകള്‍  കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രങ്ങള്‍ മാത്രമായിരുന്നു. രാത്രിയും പകലുമെന്നില്ലാതെ നിലം നികത്തല്‍ തകൃതിയായി നടന്നു. ഈ കാര്യം ശ്രദ്ധയില്‍പ്പെടുത്താനായി വിദ്യ കളക്ടറെ ഫോണ്‍ ചെയ്തു. നിങ്ങള്‍ ഡിവിഷന്‍ മെംബറല്ലേ, പോയി പോലീസില്‍ പരാതി കൊടുക്കു. ഞാന്‍ തന്നെ അവിടെ വന്ന് നില്‍ക്കണമെന്ന് എന്താ നിര്‍ബന്ധം- ഇതായിരുന്നു കളക്ടറുടെ പരിഹാസത്തോടെയുള്ള മറുപടി. തണ്ണീര്‍ത്തട നിയമമനുസരിച്ച് ഈ വിഷയങ്ങളില്‍ പരാതി ലഭിച്ചിട്ടില്ലെങ്കില്‍പ്പോലും നടപടിയെടുക്കാന്‍ അധികാരപ്പെട്ടതാണ് ജില്ലാ കളക്ടര്‍, അതും കളക്ടറേറ്റിന് ഒരു കിലോമീറ്റര്‍ ചുറ്റളവളില്‍ നടക്കുന്ന ഒരു അനധികൃത നിര്‍മ്മാണത്തിനെതിരെ; അങ്ങിനെയുള്ള കളക്ടര്‍ ആരുടെ ഭാഗത്താണ് നില്‍ക്കുന്നതെന്ന് അതോടെ വിദ്യയ്ക്ക് ബോധ്യമായി. ആ ബോധം വിദ്യയിലെ പോരാളിയെ കൂടുതല്‍ ആവേശഭരിതയാക്കി.

ജൂലൈ 22ന് കേരള ഹൈക്കോടതിയില്‍ ഒരു റിട്ട് ഫയല്‍ ചെയ്തു. ഹൈക്കോടതിയില്‍ നിന്നുപോലും കോര്‍പ്പറേറ്റ് സ്വാധീനത്തിന്റെ പ്രതിഫലനങ്ങള്‍ വിദ്യയ്ക്ക് നേരിടേണ്ടി വന്നു. ചീഫ് ജസ്റ്റീസായിരുന്ന മഞ്ജുള ചെല്ലൂരിന്റെ ചില ചോദ്യങ്ങളില്‍ നിന്നാണ് വിദ്യയ്ക്ക് അതു മനസ്സിലായത്. നിയമം അറിയാവുന്ന വിദ്യയുടെ ഉറച്ച നിലപാടുകള്‍ തന്നെയാണ് അവിടെയും വിജയം കണ്ടത്. ആഗസ്ത് 19ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് ഹൈക്കോടതി സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ പലരും വിയര്‍ക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ ആധി കൂടിയത് കളക്ടര്‍ക്ക് തന്നെയായിരുന്നു. തനിക്കെതിരെ ഉണ്ടായേക്കാവുന്ന നടപടികള്‍ അവരെ ഭയപ്പെടുത്തി. കോടതി വിധി വരുന്നതിനും ഒരു മാസം മുമ്പ് ആര്‍ഡിഒ അനധികൃത നിര്‍മ്മാണത്തെ കുറിച്ച് അന്വേഷിച്ച് സമര്‍പ്പിച്ച ഫയല്‍ മുക്കിവച്ചിരുന്ന കളക്ടര്‍ക്ക് അതേ ഫയല്‍ സ്വയം പൊക്കിയെടുത്ത് കോടതിയില്‍ ചെല്ലേണ്ടി വന്നു. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനൊപ്പം പുഴയ്ക്കല്‍ പാടത്ത് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി നികത്തിയ 19 ഏക്കര്‍ വയല്‍ രണ്ട് മാസത്തിനകം പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള ഉത്തരവും കോടതിയില്‍ ഹാജരാക്കി. ഈ ഉത്തരവിന്‍പ്രകാരം ഒക്ടോബര്‍ 18-നകം വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കണം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ സ്ഥലത്തെ വില്ലേജ് ഓഫിസര്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും തൃശ്ശൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ പൊലീസ് സഹായത്തോടെ മണ്ണ് നീക്കം ചെയ്ത് ചെലവ് ഉടമകളില്‍ നിന്ന് ഈടാക്കണമെന്നും നിര്‍ദേശിക്കുന്നു.

ഇവിടെ വിദ്യയുടെ പോരാട്ടത്തിന്റെ ഒരു ഘട്ടം വിജയം കാണുകയായിരുന്നു. എന്നാല്‍ വിദ്യ പൂര്‍ണ്ണ തൃപ്തയായിരുന്നില്ല. ഇതുകൊണ്ട് മാത്രം എല്ലാം അവസാനിക്കുന്നില്ല. ഇപ്പോഴത്തെ നടപടി ഒരു സാമൂഹിക പ്രശ്‌നത്തിന്റെ പരിഹാരം മാത്രം ആവുകയാണ്. എന്നാല്‍ ഈ കുറ്റങ്ങള്‍ക്കെല്ലാം കൂട്ടുനിന്നവരും ലാഭം മാത്രം നോക്കി പ്രകൃതിയെയും മനുഷ്യരെയും ചൂഷണം ചെയ്തവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. അവര്‍ അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കണം- വിദ്യ പറയുന്നു. കളക്ടര്‍, ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഇതിനകത്ത് കൃത്യവിലോപം കാണിച്ചിട്ടുണ്ട് അവര്‍ക്കെല്ലാം എതിരെ വിജിലന്‍സ് ഡയറക്ടറെക്കൊണ്ട് അന്വേഷണം നടത്തിക്കണം. അതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാണ് ഞാന്‍ സമര്‍പ്പിച്ച റിട്ടില്‍ പ്രധാനമായും പറയുന്നത്. അതിനാല്‍ ഈ കേസ് തീര്‍ന്നെന്ന് ആരും വിചാരിക്കണ്ട. നീതി പൂര്‍ണ്ണമായി നടപ്പാകുന്നതുവരെ ഇത് തുടരും.

ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷന്റെ ഭാര്യ രഞ്ജനയുടെ പേരിലുള്ള തൃശ്ശൂര്‍ വില്ലേജിലെ പാട്ടുരയ്ക്കലില്‍ റോഡരികിലുള്ള 40 സെന്റ് ഭൂമിയുടെ ന്യായവില നേര്‍പകുതിയാക്കി കുറച്ച് നല്‍കിയ കളക്ടറുടെ നടപടിയെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നത് വിദ്യയായിരുന്നു. കളക്ടറുടെ നിയമ വിരുദ്ധമായ നടപടി അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.

അധികാരമുള്ളവനും പണവുള്ളവനും എന്തും ചെയ്യാമെന്നുള്ളതിന് തെളിവുകളാണിത്. ഇവിടെ സമൂഹം നിശബ്ദമായാല്‍ ഇനിയും ഇത്തരം അക്രമങ്ങള്‍ ഏറുകയേയുള്ളൂ. ഒരു പാവപ്പെട്ടവനാണ് ഒരു സെന്റ് സ്ഥലം നികത്തുന്നതെങ്കിലോ? ഈ പറയുന്ന കളക്ടര്‍ തന്നെ പട്ടാളത്തെയും കൂട്ടിച്ചെന്ന് അവനെ ഇല്ലാതാക്കില്ലേ? ചീഫ് സെക്രട്ടറി പോലുള്ള ഉന്നതപദവയിലിരുന്ന് സേവനം ചെയ്യേണ്ട വ്യക്തി തന്നെതിരിമറി നടത്തിയാല്‍ പൊതുജനത്തിന് എവിടെയാണ് നീതി കിട്ടുക? എന്റെ രാഷ്ട്രീയപ്രവര്‍ത്തനം ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയാണ്. ആ ഉത്തരങ്ങള്‍ ഞാന്‍ കണ്ടെത്തുക തന്നെ ചെയ്യും.

2010ല്‍ മുളങ്കുന്നത്തുകാവ് ഡിവിഷനില്‍ നിന്ന് വിജയിക്കുമ്പോള്‍ വിദ്യക്ക് രാഷ്ട്രീയപ്രവര്‍ത്തനം എന്താണെന്നുപോലും അറിയില്ലായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിന്റെ രക്തം മണക്കുന്ന ഓര്‍മ്മകള്‍ വിദ്യയുടെ മനസ്സില്‍ ആറാതെയുണ്ടായിരുന്നു. അച്ഛനെപറ്റിയാണ് ആ ഓര്‍മ്മകള്‍. ചങ്കൂറ്റമുള്ള കമ്യൂണിസ്റ്റുകാരനായിരുന്നു എന്റെ അച്ഛന്‍ നാരായണന്‍. 1983ല്‍ അച്ഛനെ ശത്രുക്കള്‍ കൊലപ്പെടുത്തി. ഡിവൈഎഫ് ഐ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കെ പി പോളിന്റെ പിതൃസഹോദരന്‍ ഒരു ചാരായക്കേസില്‍ കുടുങ്ങി ജയിലനകത്തായി. അന്ന് കോടതിയില്‍ 800 രൂപ കെട്ടിവച്ച് അച്ഛനാണ് അയാളെ പുറത്തിറക്കിയത്. ഈ കാലത്ത് അച്ഛനെതിരെ വധഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ, ഒന്നിനെയും കൂസുന്ന സ്വഭാവമായിരുന്നില്ല അദ്ദേഹത്തിന്. ജയിലില്‍ നിന്നിറക്കിയ ആളെ താമസസ്ഥലത്താക്കി വരുന്ന വഴിക്കാണ് ഇരുപതോളം ആളുകള്‍ അച്ഛനെ ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുന്നത്. എനിക്കന്ന് അഞ്ച് വയസ്സായിരുന്നു- വിദ്യ ആ സംഭവം ഓര്‍ത്തെടുത്തു. അച്ഛന്റെ ജീവിതം ഞങ്ങളില്‍ രാഷ്ട്രീയത്തിന്റെ കയ്‌പ്പേറിയ ഓര്‍മ്മകളാണ് നിറച്ചത്. അതിനാല്‍ ആ വഴിയില്‍ നിന്ന് ബോധപൂര്‍വം തന്നെ ഞാന്‍ മാറി നടന്നു. എന്നാല്‍ അച്ഛന്റെ അതേ ചങ്കുറപ്പും തന്റേടവും തന്റെയുള്ളിലും കിടന്നു തിളയ്ക്കുന്നുണ്ടെന്ന് വിദ്യക്ക് മനസ്സിലായി. അതിന് കാരണമായത് ഭര്‍ത്താവ് അഡ്വക്കേറ്റ് സംഗീതാണ്. സ്വപ്നത്തില്‍പ്പോലും ചിന്തിക്കാതിരുന്ന തിരഞ്ഞെടുപ്പ് രംഗത്തേക്ക് വിദ്യയെ നിര്‍ബന്ധിച്ച് കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. സിഎംപി ജില്ലാ സെക്രട്ടറിയായിരുന്നു എം കെ കണ്ണന്‍ പ്രസിഡന്റായിരുന്ന ബാങ്കിന്റെ ലീഗല്‍ അഡ്വൈസര്‍ ആയിരുന്നു ഞാന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് ഒരു സീറ്റ് സിഎംപിക്ക് ലഭിച്ചു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റിയൊരാളെ അവര്‍ക്ക് കിട്ടിയിരുന്നില്ല. ആ സാഹചര്യത്തിലാണ് എം കെ കണ്ണന്‍ എന്റെ കാര്യം പറയുന്നത്. അവര്‍ എന്റെ ഭര്‍ത്താവിനെ സമീപിച്ചു. അദ്ദേഹമാണ് എന്നെ നിര്‍ബന്ധിച്ചത്. വക്കീല്‍ പണി ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. രണ്ടും ജനസേവനം തന്നെയാണെന്നും അധികാരത്തിന്റെ കൂടി ബലത്തില്‍ ജനങ്ങള്‍ക്കായി സേവനംചെയ്യാന്‍ ഇത് നിന്ന് സഹായിക്കുമെന്ന് അദ്ദേഹം ഉപദേശിച്ചപ്പോഴാണ് രാഷ്ട്രീയത്തിന്റെ വഴിയിലേക്ക് ഞാന്‍ ഇറങ്ങാന്‍ തീരുമാനിക്കുന്നത്.

സിപിഎമ്മിന്റെ കോട്ടയായിരുന്ന മുളങ്കുന്നത്തുകാവ് ഡിവിഷനില്‍ നിന്ന് അന്നാട്ടുകാരിപോലുമല്ലാതിരുന്ന വിദ്യ ജയിച്ചു ജില്ലാ പഞ്ചായത്തംഗമായി. ഒരു സ്ത്രീയെ നിര്‍ത്തി മത്സരിപ്പിക്കുന്നവര്‍ അവള്‍ ജയിച്ചുവരുമ്പോള്‍ പിന്‍സീറ്റ് ഡ്രൈവിംഗിന് തയ്യാറെടുക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആ നടപ്പ് രീതിയെ ആദ്യം തന്നെ തച്ചുടയ്ക്കുകയായിരുന്നു വിദ്യ ചെയ്തത്. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി വിദ്യ തെരഞ്ഞെടുക്കപ്പെട്ടു. ഈ ചുമതല കൈയില്‍ വന്നപ്പോള്‍ വിദ്യ ആദ്യം ചെയ്തത് പൊതുമരാമത്ത് മാന്വല്‍ വായിച്ചു മനസ്സിലാക്കുകയായിരുന്നു. എന്തൊക്കെയാണ് നടക്കുന്നതെന്ന് ഞാനും കൂടി അറിഞ്ഞിരിക്കണമല്ലോ. ഒരോ കരാര്‍ നല്‍കുമ്പോഴും ആ പ്രവര്‍ത്തി നിശ്ചയിക്കുന്ന സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. അതിനായില്ലെങ്കില്‍ കരാറുകാരനില്‍ നിന്ന് പിഴയീടാക്കാന്‍ വകുപ്പുണ്ട്. ഒരു വര്‍ഷം തന്നെ മുപ്പത് ലക്ഷത്തോളം രൂപയാണ് ഇങ്ങിനെ പിഴയിനത്തിലായി ഞാന്‍ കരാറുകാരില്‍ നിന്ന് ഈടാക്കിയത്.

ജനോപകാരപ്രദമായ നടപടികളായിരുന്നു വിദ്യ നടത്തിയതെങ്കിലും അതില്‍ എല്ലാവരും തൃപ്തരായിരുന്നില്ല. പലര്‍ക്കും വിദ്യ ഒരു ശല്യമായി. അവരില്‍ സ്വന്തം മുന്നണിയും പാര്‍ട്ടിയും എല്ലാമുണ്ടായിരുന്നു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങാണ് ജില്ലാ പഞ്ചായത്തെന്ന് എനിക്ക് മനസ്സിലായി. അവരൊരു സംഘടിത വര്‍ഗ്ഗവുമാണ്. പക്ഷേ, നോക്കിനില്‍ക്കാന്‍ ഞാന്‍ തയ്യാറായില്ല. എന്നെക്കൊണ്ടാവുന്നപോലെയൊക്കെ പൊരുതി. ഒറ്റപ്പെടുത്തലുകളും മാനസിക പീഡനങ്ങളും എനിക്കെതിരെ ഉണ്ടായി. ആദ്യകാലത്ത് ഞാനിതിനെക്കുറിച്ച് സിഎംപി നേതാവായ സിപി ജോണിനോട് പറഞ്ഞിരുന്നു. എനിക്ക് പിന്തുണ തരണമെന്ന് പറഞ്ഞ എന്നോട് സി പി ജോണ്‍ പറഞ്ഞത് – ഇതൊക്കെ രാഷ്ട്രീയമല്ലെ, കണ്ണടച്ചു കൊടുത്തേക്കണം എന്നായിരുന്നു. എന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധമായിരുന്നു ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായത്.  ഞാന്‍ തിരഞ്ഞടുപ്പില്‍ നില്‍ക്കുന്ന സമയത്ത് എം വി രാഘവന്‍ സാര്‍ ആരോഗ്യവാനാണ്. അദ്ദേഹം എനിക്കുവേണ്ടി പ്രചരണത്തിനൊക്കെ വന്നിരുന്നു. അദ്ദേഹത്തോട് ബഹുമാനമാണ്. എന്നാല്‍ ആ മനുഷ്യന്റെ വീഴ്ചയോടെ പാര്‍ട്ടി ഇവരൊക്കെ കൂടി കടിച്ചുകീറിയെടുത്തു. ഇപ്പോള്‍ രണ്ടു വിഭാഗം സിഎംപിക്കാരും എന്റെ വീട്ടില്‍ വന്ന് അവരുടെ ഭാഗത്ത് നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കാറുണ്ട്. പാര്‍ട്ടിയില്‍ ഞാന്‍ അംഗത്വമൊന്നുമെടുത്തിരുന്നില്ല. ഇതുപോലൊരു സംവിധാനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് എന്ത് ജനസേവനം ചെയ്യാനാണ്?   യുഡിഎഫിനോടും ഇതേരീതിയില്‍ എന്റെ പോരാട്ടത്തിന് സഹായമഭ്യര്‍ത്ഥിച്ചിരുന്നു. ആരും എന്നെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഞാന്‍ നിരാശയായില്ല. എറ്റവും വലിയ ശക്തിയായ ജനങ്ങളുടെ പിന്തുണ എനിക്ക് അപ്പോഴേക്കും കിട്ടിയിരുന്നു.

എതിരാളികള്‍ ശക്തരായിരുന്നതിനാല്‍ ഭീഷണികള്‍ക്കും മുട്ടുണ്ടായില്ല. മരണത്തെപ്പോലും കൂസാതെ നടന്നൊരു അച്ഛന്റെ മകളാണ് ഞാന്‍. ഭീഷണികള്‍ക്ക് മുന്നില്‍ ഭയപ്പെട്ടാല്‍ അതെന്റെ അച്ഛന്റെ രക്തസാക്ഷിത്വത്തിനോട് കാണിക്കുന്ന അനീതിയാകും. എന്റെ ഭര്‍ത്താവും കുടുംബവും എനിക്ക് വേണ്ടുന്ന പിന്തുണ നല്‍കുന്നുണ്ട്. പിന്നെ ഞാന്‍ ആരെയാണ് ഭയക്കേണ്ടത്?  എനിക്കോ എന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉതത്തരവാദികള്‍ പിഎന്‍സി മേനോനടക്കമുള്ളവര്‍ ആയിരിക്കും. അതിനുള്ള നിയമ നടപടികളൊക്കെ ഞാന്‍ സ്വീകരിച്ചിട്ടുമുണ്ട്. ഭയം കൊണ്ടല്ല; എന്നെയില്ലാതാക്കിയാലും അവര്‍ രക്ഷപ്പെടരുത്. ഭീഷണിക്ക് ഞാന്‍ വഴങ്ങില്ലെന്ന് മനസ്സിലായതുകൊണ്ടാകാം പ്രലോഭനങ്ങള്‍ക്ക് അവര്‍ മുതിര്‍ന്നത്. എന്റെ ഭര്‍ത്താവ് അന്തസ്സായി ജോലി ചെയ്ത് എന്നെ പോറ്റുന്നുണ്ട്. അതിനാല്‍ വഴിവിട്ട രീതിയില്‍ കിട്ടുന്നതൊന്നും ഞങ്ങള്‍ക്കാവിശ്യമില്ല. പിഎന്‍സി മേനോന്റെ ദൂതര്‍ എന്നെ സമീപിച്ചിരുന്നു. സോഷ്യല്‍ മീഡിയായിലൂടെ ഞാന്‍ നടത്തുന്ന പ്രചാരണങ്ങള്‍ അവരെ നാണം കെടുത്തുന്നുവെന്നും അതില്‍ നിന്ന് പിന്തിരിയണമെന്നുമായിരുന്നു ആവശ്യം. ഇവിടുത്തെ വന്‍കിട മാധ്യമങ്ങള്‍ കോര്‍പ്പറേറ്റ് ഭീമനുവേണ്ടി എന്റെ വാര്‍ത്തകള്‍ ബോധപൂര്‍വം തമസ്‌കരിച്ചപ്പോള്‍ ഞാന്‍ ആശ്രയിച്ചത് സോഷ്യല്‍ മിഡിയയെയാണ്. ജനങ്ങളോട് നേരിട്ട് സംവദിക്കാന്‍ എനിക്കത് ഏറെ ഉപകരിക്കപ്പെടുന്നു. ഞാന്‍ പറയുന്നതും ചെയ്യുന്നതും തെറ്റാണെങ്കില്‍ എനിക്കെതിരെ പരാതി കൊടുക്കാമല്ലോ, അല്ലെങ്കില്‍ വിദ്യ സംഗീതിന്റെ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് അവര്‍ക്ക് തെളിയിക്കാമല്ലോ. അതൊന്നും അവര്‍ ചെയ്യുന്നില്ലെങ്കില്‍ എന്താണ് അര്‍ത്ഥം? അവര്‍ തെറ്റു ചെയ്തിട്ടുണ്ടെന്ന് തന്നെയല്ലേ.

നിലവിലെ രാഷ്ട്രീയ നിലപാട് എന്താണെന്ന് വിദ്യ വ്യക്തമാക്കുന്നുണ്ട്. ഇടതുപക്ഷം നല്ലൊരു ഓപ്ഷനാണ്. പക്ഷേ ഇന്നത്തെ പാര്‍ട്ടി സംവിധാനത്തോട് എനിക്ക് എതിര്‍പ്പാണ്. അവരിലും പുഴുക്കുത്തുണ്ട്.  എന്നാല്‍ വി എസ് എന്റെ ധൈര്യമാണ്. അദ്ദേഹത്തെപ്പോലൊരു നേതാവിന്റെ, ഈ പ്രായത്തിലും ജനങ്ങള്‍ക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങളോട് എനിക്ക് മതിപ്പാണ്. എന്നോട് വലിയ വാത്സല്യമാണ്. ശോഭ ഡെവലപ്പേഴ്‌സിനെതിരെ അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. എന്റെ പോരാട്ടത്തിനു പിന്തുണയും തന്നിരുന്നു. പക്ഷേ, വിഎസ്സിനെപ്പോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത പാര്‍ട്ടിയാണ് അദ്ദേഹത്തിന്റെത്. ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ഇപ്പോള്‍ ആലോചനയിലില്ല. ഇപ്പോള്‍ ജനകീയപക്ഷത്തു നിന്നുള്ള പോരാട്ടമാണ് എന്റേത്.

നമ്മള്‍ തെറ്റ് ചെയ്യുന്നില്ലെങ്കില്‍ കണ്‍മുന്നില്‍ കണുന്ന ഏത് തെറ്റിനെയും എതിര്‍ക്കാന്‍ നമ്മള്‍ ഭയപ്പെടേണ്ട കാര്യമില്ല. ന്യായം വിജയിക്കുക തന്നെ ചെയ്യുമെന്നുമാണ് എന്റെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. അതിനായി നല്ലരീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് മാത്രം. അതിന് തയ്യാറായി കൂടുതല്‍ പേര്‍ മുന്നോട്ട് വന്നാല്‍ ഈ സമൂഹത്തില്‍ നമുക്ക് മാറ്റങ്ങള്‍ ഉണ്ടാക്കാം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍