UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൈക്കൂലി കൊടുത്ത് ഗര്‍ഭിണിയായി, വധശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു

അഴിമുഖം പ്രതിനിധി

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റത്തിന് മരണശിക്ഷ വിധിക്കുന്ന രാജ്യമാണ് കമ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന വിയറ്റ്‌നാം. നൂറു ഗ്രാമില്‍ കൂടുതല്‍ മയക്കുമരുന്ന് ഉത്പന്നം കൈവശം വയ്ക്കുകയോ കടത്തുകയോ ഉത്പാദിക്കുകയോ ചെയ്താല്‍ മരണശിക്ഷയാണ് കുറ്റവാളിക്ക് വിധിക്കുന്നത്.

ഇത്തരമൊരു കേസില്‍ വധശിക്ഷ കാത്തു കിടന്ന ഗുയേന്‍ തി ഹ്യു എന്ന 42 കാരി പക്ഷേ നിയമത്തിന്റെ ആനുകൂല്യം മുതലെടുത്ത് തന്റെ ജീവന്‍ രക്ഷിച്ചെടുത്തു. തടവില്‍ കിടന്നുകൊണ്ടു തന്നെ ഗര്‍ഭിണിയായി. വിയറ്റ്‌നാം നിയമം അനുസരിച്ച് ഗര്‍ഭിണികളെയും മൂന്നുവയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ മാതാവിനെയും വധശിക്ഷയ്ക്ക് വിധേയരാക്കാന്‍ പാടില്ല. ഈ ആനുകൂല്യം തന്നെയാണ് ഹ്യുവും മുതലെടുത്തത്. ശിക്ഷവിധിക്കപ്പെട്ട് ജയില്‍ അടയ്ക്കപ്പെടുമ്പോള്‍ ഹ്യു ഗര്‍ഭിണിയായിരുന്നില്ല. പിന്നെയെങ്ങനെ എന്നല്ലേ.

കൈക്കൂലി കൊടുത്താണ് കാര്യം സാധിച്ചത്.

തടവു പുള്ളികളിലൊരാള്‍ക്ക് 15,64000 ഇന്ത്യന്‍ രൂപയ്ക്കടുത്ത് കൈക്കൂലി കൊടുത്ത് അയാളുടെ ശുക്ലം വാങ്ങിക്കുകയായിരുന്നു. ലക്ഷങ്ങള്‍ പാരിതോഷികമായി കിട്ടിയ 27 കാരനായ ആ തടവു പുള്ളി രണ്ടു തവണയായി തന്റെ ശുക്ലം ശേഖരിച്ചു, ഒരു സിറിഞ്ചും വളരെ രഹസ്യമായി ഹ്യൂവിന് കൈമാറുകയായിരുന്നു. ഇതുപയോഗിച്ചാണ് ഹ്യൂ ഗര്‍ഭം ധരിച്ചത്.

2012 ല്‍ ആയിരുന്നു മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഹ്യു പിടിക്കപ്പെടുന്നത്. 2014 ല്‍ ഇവരെ വധശിക്ഷയ്ക്ക് വിധിച്ചു. ഇതിനെതിരെ ഹ്യു സമര്‍പ്പിച്ച അപ്പീല്‍ കോടതി അതേ വര്‍ഷം തന്നെ തള്ളുകയുമുണ്ടായി. രക്ഷപ്പെടാന്‍ പിന്നീട് ഒരു വഴിയും മുന്നില്‍ ഇല്ലാതിരുന്നപ്പോഴാണ് ഇത്തരമൊരു സൂത്രം പ്രയോഗിക്കാന്‍ ഹ്യൂ തയ്യാറായത്.

എന്തായാലും ഹ്യൂവിന്റെ ശ്രമം വിജയം കണ്ടു. രണ്ടു മാസം ഗര്‍ഭിണിയായ അവരുടെ വധശിക്ഷ ഇളവു ചെയ്ത് ജീവപര്യന്തമാക്കി.

പക്ഷേ ഇത്തരമൊരു നീക്കം കണ്ടുപിടിക്കാന്‍ കഴിയാതെ പോയതിന്റെ കുറ്റത്തിന് നാലു ജയില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഇതാദ്യമായല്ല വിയറ്റ്‌നാം സ്ത്രീകള്‍ ഗര്‍ഭം ഉപയോഗിച്ച് വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നത്. 2006 ഗുയേന്‍ തി ഒവാങ് എന്ന യുവതിയും ഇതേ തന്ത്രം ഉപയോഗിച്ചിട്ടുണ്ട്. ഒവാങ്ങിന്റെ സഹോദരിയാണ് ഇത്തവണ രക്ഷകയായത്. അവര്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കി ഒരു തടവുകാരനെ ഒവാങ്ങിന്റെ സെല്ലിലേക്ക് അയയ്ക്കുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍