UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബന്ധുനിയമന കേസ് വിജിലന്‍സ് അവസാനിപ്പിച്ചു; പിന്നില്‍ ജേക്കബ് തോമസ് ആയിരുന്നെന്ന് ജയരാജന്‍

ഹൈക്കോടതി തള്ളാനിരുന്ന കേസാണ് ഇപ്പോള്‍ വിജിലന്‍സ് അവസാനിപ്പിക്കുന്നതെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

ഇപി ജയരാജനെതിരായ ബന്ധു നിയമന കേസ് വിജിലന്‍സ് അവസാനിപ്പിച്ചു. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കില്ലെന്നും കേസ് അവസാനിപ്പിക്കുന്നതായും അറിയിച്ച് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഹൈക്കോടതിയേയും നിലപാട് അറിയിക്കും. വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജന്റെ രാജിയിലേയ്ക്ക് നയിച്ചത് സ്വജനപക്ഷപാതത്തിന്റെ പേരിലുള്ള ബന്ധു നിയമനമായിരുന്നു. കണ്ണൂര്‍ എംപി പികെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ എന്റര്‍പ്രസൈസിന്റെ എംഡിയായി നിയമിച്ചതാണ് ജയരാജന്റെ രാജിയിലേയ്ക്കും വിജിലന്‍സ് അന്വേഷണത്തിലേക്കും നയിച്ചത്. സാമ്പത്തികനേട്ടം ഉണ്ടാക്കാത്തതിനാല്‍ ജയരാജനെതിരെ അഴിമതിക്കുറ്റം നിലനില്‍ക്കില്ലെന്ന നിലപാടാണ് നേരത്തെ തന്നെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. വിജിലന്‍സ് കേസ് അവസാനിപ്പിക്കാന്‍ പോകുന്നതായി നേരത്തെ തന്നെ വാര്‍ത്തയുമുണ്ടായിരുന്നു.

അതേസമയം തനിക്കെതിരായ കേസിന് പിന്നില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് ആണെന്ന് ഇപി ജയരാജന്‍ ആരോപിച്ചു. ഹൈക്കോടതി തള്ളാനിരുന്ന കേസാണ് ഇപ്പോള്‍ വിജിലന്‍സ് അവസാനിപ്പിക്കുന്നതെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. 13 ദിവസത്തോളം ഇടതുപക്ഷ മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ തന്നെ തേജോവധം ചെയ്തതായും ജയരാജന്‍ കുറ്റപ്പെടുത്തി. നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകൻ പി.കെ. സുധീർ സ്ഥാനമേറ്റെടുത്തില്ല, പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല, ഉത്തരവിറങ്ങി മൂന്നാം ദിവസംതന്നെ മന്ത്രി പിൻവലിച്ചു എന്നൊക്കെയാണ് കേസ് നിലനില്‍ക്കില്ല എന്ന് പറയാന്‍ വിജിലൻസ് മുന്നോട്ട് വയ്ക്കുന്ന കാരണങ്ങൾ. വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം ഹൈക്കോടതിയെയും തീരുമാനം അറിയിക്കും.

ജയരാജന്റെ ഭാര്യാസഹോദരി കൂടിയായ പി.കെ. ശ്രീമതിയുടെ മകൻ പി.കെ.സുധീർ നമ്പ്യാരെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എംഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രോഡക്ട്സിന്റെ ജനറൽ മാനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതേത്തുടർന്ന് ജയരാജൻ വ്യവസായ മന്ത്രിപദവി രാജിവച്ചിരുന്നു. 2016 ഒക്ടോബർ ഒന്നിന് നിയമന ഉത്തരവിറക്കിയെങ്കിലും മൂന്നാം ദിവസം ജയരാജൻ അതു റദ്ദാക്കാൻ കുറിപ്പു നൽകുകയും 13നു നിയമനം റദ്ദാക്കി സർക്കാർ ഉത്തരവിറക്കുകയും ചെയ്തുവെന്ന് വിജിലൻസ് വ്യക്തമാക്കി.

വിജിലന്‍സ് നിലപാട് സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. മന്ത്രിസ്ഥാനത്തേയ്ക്ക് അദ്ദേഹം തിരിച്ചുവരണോ എന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്്ത് തീരുമാനിക്കേണ്ട കാര്യമാണെന്നും കോടിയേരി പ്രതികരിച്ചു. ഇപി ജയരാജന്റെ ബന്ധുനിയമനം വിവാദമായ സമയത്ത്, സ്വജനപക്ഷപാതം കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ചേര്‍ന്ന നടപടിയല്ലെന്നായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. സ്വജനപക്ഷപാതത്തെ അഴിമതിക്ക് തുല്യമായി തന്നെയാണ് സിപിഎം കാണുന്നത്. ജയരാജനും ബന്ധിനിയമനത്തെ ന്യായീകരിച്ച് പ്രസ്താവന നടത്തിയ പികെ ശ്രീമതിക്കും എതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ശാസനയിലും താക്കീതിലും ഒതുങ്ങി. ഇരുവരും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. 2016 മേയ് 25ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജയരാജന്‍ ഒക്ടോബര്‍ 14ന് രാജി വച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍