UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയമം നിയമത്തിന്റെ വഴിക്കും ബാബു ബാബുവിന്റെ വഴിക്കും പോകുമ്പോള്‍

Avatar

അഴിമുഖം പ്രതിനിധി

ഒടുവില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ആപ്തവാക്യം ബാബു മന്ത്രിയുടെ കാര്യത്തിലും സംഭവിച്ചു. നിയമം അതിന്റെ വഴിക്ക് പോവുകയും ബാബു ബാബുവിന്റെ പാട്ടിന് പോവുകയും ചെയ്തു. ഇത്രയും വിജിലന്റായ ഒരു വിജിലന്‍സ് ഉള്ളപ്പോള്‍ ഈ നാട്ടില്‍ ഇതും ഇതിനപ്പുറവും സംഭവിക്കും. കോഴ വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണെന്നോ മറ്റോ ആണ് വയ്പ്പ്. ഒരാള്‍ പറയുന്നു ഞാന്‍ കോഴ കൊടുക്കുക എന്ന കുറ്റകൃത്യം ചെയ്തുവെന്ന്. അതിന് സാക്ഷിയുമുണ്ട്. പക്ഷെ സംഭവത്തിന് തെളിവില്ല എന്ന് നമ്മുടെ വിജിലന്റായ വിജിലന്‍സ് ദ്രുതപരിശോധനയിലൂടെ കണ്ടെത്തി. ഇനിയെന്താണ് തെളിവ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അവര്‍ തന്നെ ഉത്തരം നല്‍കുമായിരിക്കും.

ഉമ്മന്‍ചാണ്ടിയുടെ ബുദ്ധിയാണ് ബുദ്ധി. ചുമ്മാതല്ല മുത്തൂറ്റുകാരും മനോരമയും ഒന്നും അത്രവേഗം പുള്ളിയെ തള്ളിക്കളയാത്തത്. തിങ്കളാഴ്ച നിയമസഭ തുടങ്ങിയ ദിവസം തന്നെ അത് നിറുത്തി വച്ചില്ലായിരുന്നെങ്കില്‍ ഇന്നെന്താവുമായിരുന്നു പുകില്‍? നിയമം നടക്കുന്ന വഴികള്‍ കൃത്യമായി അറിയാവുന്ന ആളാണ് നമ്മെ ഭരിക്കുന്ന മുഖ്യമന്ത്രി. അതുകൊണ്ട് തന്നെ ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് എന്ന വ്യാജേന കേരളത്തിലെ നൂറ്റിനാല്‍പത് എംഎല്‍എമാര്‍ക്കും ജൂണ്‍ 28 വരെ അവധി കൊടുത്തു. ഇതില്‍ എത്ര പേര്‍ അരുവിക്കരയില്‍ പോയിട്ട് ഈ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടാകും എന്നൊന്നും ചോദിച്ചേക്കരുത്. അത് കെ എസ് ശബരിനാഥന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കെ എസ് യുക്കാര്‍ കെപിസിസി പ്രസിഡന്റിനെഴുതിയ കത്ത് പോലെയുള്ള തമാശയായിരിക്കും.

ബാബു ബാബുവിന്റെ വഴിക്കും നിയമം നിയമത്തിന്റെ വഴിക്കും പോയില്ലെങ്കില്‍ കളി മാറുമെന്ന് മന്ത്രി ബാബു തന്നെ നേരത്തെ പറഞ്ഞിരുന്നു. തനിക്കെതിരെ എഫ്‌ഐആര്‍ ഇട്ടാല്‍ അന്ന് രാജി വച്ചുകളയും എന്ന് ബാബു നേരത്തെ തന്നെ പറഞ്ഞു. മാണിക്കില്ലാത്ത ഒരു നട്ടെല്ലായിരുന്നു അത്. കാരണം കാശു മേടിച്ചത് ഞാന്‍ ഒറ്റയ്ക്കല്ല. എനിക്കെതിരെ കേസ് വന്നാല്‍ രാജി വച്ച് കൂട്ടുകാരെയെല്ലാം ഞാന്‍ കാണിച്ചുകൊടുക്കും എന്ന വ്യംഗ്യം ആ പ്രസ്താവനയില്‍ ഉണ്ടായിരുന്നു. ആ പരസ്യ പ്രസ്താവന പൊതുജന സമക്ഷം അല്ലെന്നും തന്നോടാണെന്നും മനസിലാക്കാനുള്ള ബുദ്ധിയില്ലായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി എന്നേ കേരള മുഖ്യമന്ത്രി പദത്തില്‍ നിന്നും ഇറങ്ങിയേനെ.

മാണിയും അന്നേ ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയിരുന്നെങ്കില്‍ ഒരു എഫ്‌ഐആറും ഉണ്ടാവുമായിരുന്നില്ല. സാധാരണ പാലക്കാരുടെ ബുദ്ധി കാലത്തിന് മുമ്പിലാണ് പ്രവര്‍ത്തിക്കുക. ഇത്തവണ ഒന്നു തെറ്റിയത് എന്താണെന്ന് മനസിലാവുന്നില്ല. തനിക്കെതിരെ കേസ് വന്നാല്‍ വിവരം അറിയും എന്ന് വൈകിവന്ന ബുദ്ധിയില്‍ പ്രസ്താവിച്ചത് നേരത്തെ പറഞ്ഞിരുന്നെങ്കിലോ? ബാബു ശൈലിയില്‍ തനിക്കെതിരെ എഫ്‌ഐആര്‍ ഇട്ടാല്‍ വിവരം അറിയും എന്ന് പറഞ്ഞിരുന്നെങ്കിലോ? കൂട്ടിലിടാത്ത തത്തയും സുകേശനും അന്നേ കേസും മടക്കിക്കെട്ടി കാശിക്ക് പോകില്ലായിരുന്നോ? പോയ ബുദ്ധി പിടിച്ചാല്‍ കിട്ടില്ലല്ലോ…

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചില വീട്ടുകാര്യങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ഒരു ഉപതിരഞ്ഞെടുപ്പാണ് വരുന്നത്. പതിവ് മുദ്രാവാക്യം മുന്‍കൂട്ടി അടിച്ചു കഴിഞ്ഞു. സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കും അരുവിക്കര ഉപതിരഞ്ഞെടുപ്പെന്ന്. പറയാന്‍ നമ്മളെ കൊണ്ട് പ്രേരിക്കിപ്പിക്കുന്നത് പിറവത്ത് ബാബു കളിച്ച കളിയും നെയ്യാറ്റിന്‍കരയില്‍ പിസി ജോര്‍ജ്ജ് കളിച്ച കളിയുമാണ്. പോരെങ്കില്‍ വിശ്വസിക്കാവുന്ന കൂട്ടരാണ് അപ്പുറത്തുള്ളത്. നമുക്ക് ദോഷമാവുന്നതൊന്നും അവര്‍ ചെയ്യില്ല. പറ്റുന്നിടത്തോളം സഹായിക്കുകയും ചെയ്തിട്ടുണ്ട്. അല്ലെങ്കില്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഈ കസേരയില്‍ നിന്നും ഇറങ്ങേണ്ടി വരുമായിരുന്നു.

കാര്യം എന്ത് പറഞ്ഞാലും പിണറായി നല്ലൊരു മനുഷ്യനാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു കാര്യവുമില്ലാതെ വീരേന്ദ്ര കുമാറിനെ ഇറക്കിവിട്ടത് മാത്രമല്ലല്ലോ അദ്ദേഹം ചെയ്യുന്ന പുണ്യപ്രവര്‍ത്തനങ്ങള്‍. ലോക്‌സഭ തിരഞ്ഞെടുപ്പായപ്പോള്‍ നമ്മളെ ജയിപ്പിക്കാന്‍ അദ്ദേഹം അനുഭവിച്ച കഷ്ടപ്പാട് ചില്ലറയാണോ? ആര്‍എസ്പിയെ ചവിട്ടി പുറത്താക്കി തന്നു എന്ന് മാത്രമല്ല, അവസാന നിമിഷം ബേബി എങ്ങാനും ജയിച്ചാലോ എന്നൊരു സന്ദേഹം വന്നപ്പോള്‍ കൃത്യമായി പരനാറി പ്രയോഗവുമായി രംഗത്തെത്തുകയും ചെയ്തു.

അരുവിക്കരയിലും അദ്ദേഹം തന്നെയാണ് അവരെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ചെയ്യാവുന്ന സഹായങ്ങള്‍ എല്ലാം ചെയ്യും. അത് അവരുടെ പ്രചാരണ കണ്‍വെന്‍ഷന്റെ ഉദ്ഘാടനത്തില്‍ തന്നെ കണ്ടതുമാണ്. ഉഴവൂര്‍ വിജയന്‍. ആര്‍ ബാലകൃഷ്ണപിള്ള, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയ പ്രതിഭാധനന്മാരുടെ അഴിഞ്ഞാട്ടമായിരുന്നല്ലോ അവിടെ. കാനം രാജേന്ദ്രനോ മറ്റോ അവിടെ ഉണ്ടായിരുന്നു അത്രെ.

നിലം പിണറായി ഉഴുതിട്ടുണ്ട്. ഇനി വിത്ത് വിതയ്ക്കുകയേ വേണ്ടു. അതിന് ബാബു വേണം. ആ സാങ്കേതികവിദ്യ അറിയാവുന്ന മറ്റേ പുള്ളി സ്വന്തം സ്ഥാനാര്‍ത്ഥിയുമായി ഇറങ്ങിയിരിക്കുകയാണ്. വിനാശകാലേ ഈരാറ്റുപേട്ട എന്നോ മറ്റോ ആണ് അതിന്റെ അന്വയം. പറഞ്ഞു വന്നത് അപ്പോള്‍ ബാബു വേണം. കാര്യങ്ങള്‍ പിറവത്തെ പോലെ ആവണം. പശ്ചാത്തലം നമ്മള്‍ ഒരുക്കി കൊടുത്തിട്ടുണ്ട്. മണ്ഡലത്തില്‍ ആര്യനാട്ടും വിതുരയിലുമല്ലാതെ ഒരിടത്തും നിയമം വഴി മദ്യം കിട്ടില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. അവിടെയാണ് ബാബുവിന്റെ കളിക്കളം. അപ്പോഴാണത്രെ കൈക്കൂലി എന്ന് പറയുന്ന തമാശ. എറണാകുളത്തുകാര് പറയുന്നത് പോലെ ഒന്ന് പോപ്പ.

ഈ തത്തയെ കൂട്ടിലടിച്ചിട്ടില്ല. തുറന്ന് വിട്ടിരിക്കുകയാ. പറക്കാനാ. അല്ലാതെ പ്രാവിനെ പോലെ തെളിവും കൊത്തിപ്പെറുക്കി നടക്കാനല്ല. പുണ്യപുരാതന തോമാസ്ലീഹയും എസ് വളവുള്ള പിച്ചാത്തിപ്പിടിയുടെ ഉപജ്ഞാതാവുമായ വിന്‍സന്റ് എം പോള്‍ സാര്‍ ദയവായി ഒരു സംശയം തീര്‍ത്തു തരണം. എന്താണ് സര്‍ തെളിവ്? അത് കാരി സതീഷിന്റെ ‘എസ്’ കത്തിയോളം വരുന്നതാണോ അതോ മുത്തൂറ്റുകാര്‍ തീരുമാനിക്കുന്നതാണോ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍