UPDATES

അനധികൃത സ്വത്ത്: ടോം ജോസ് ഐഎഎസ് നിയമക്കുരുക്കുകളിലേക്കോ?

അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ വിശദീകരണത്തില്‍ തൃപ്തിവരാതെ വിജിലന്‍സ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ വിശദീകരണത്തില്‍ തൃപ്തിവരാതെ വിജിലന്‍സ്. ഇന്നലെ കൊച്ചിയില്‍ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഓഫീസില്‍ 9 മണിക്കൂറോളമായിരുന്നു ടോം ജോസിനെ ചോദ്യം ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ നവാസ് തായിക്കര വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ ടോം ജോസിന്റെ സ്വത്തിന്റെ 63 ശതമാനവും അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അനധികൃത സ്മ്പാദ്യവുമായി ബന്ധപ്പെട്ട് 170-ഓളം രേഖകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്നായിരുന്നു ടോം ജോസിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചത്.

ടോം ജോസിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍

1984 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ടോം ജോസിനെതിരെ ധാരാളം അഴിമതി ആരോപണങ്ങളുണ്ട്. തൊഴില്‍വകുപ്പ് സെക്രട്ടറിയായിരുന്നപ്പോള്‍ അനധികൃത സ്വത്ത് സമ്പാദനം, അഴിമതി; കൊച്ചി മെട്രോയുടെ ചുമതലയിലിരുന്നപ്പോള്‍ അഴിമതി, ഗൂഢാലോചന തുടങ്ങി ടോം ജോസ് സേവനം അനുഷ്ഠിച്ച പല വകുപ്പുകളിലും ആരോപണം വന്നിട്ടുണ്ട്. പൊതുമരാമത്ത് സെക്രട്ടറിയും തൊഴില്‍വകുപ്പ് സെക്രട്ടറിയുമായിരുന്ന കാലത്ത് ടോം ജോസ് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് പറഞ്ഞ് പഴയ വിജിലന്‍സ് ഡയറക്ടര്‍ അന്നത്തെ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് നല്‍കിയ രഹസ്യ റിപ്പോര്‍ട്ട് നല്‍കിയതു മുതലാണ് അഴിമതി കുരുക്കില്‍ ടോം ജോസ് ഉള്‍പ്പെടുന്നത്. പിന്നെ കൊച്ചി മെട്രോ എംഡി ആയിരിക്കെ മഗ്‌നീഷ്യം ഇടപാടിലൂടെ 1.21 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടായിയെന്നും പറഞ്ഞുള്ള കേസ്, അതു കൂടാതെ മെട്രോമാന്‍ ഇ ശ്രീധരനെ അതില്‍ നിന്ന് ഒഴിവാക്കാന്‍ അയച്ച കത്തും വിവാദമായിരുന്നു. അവസാനം ഇപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഇരിക്കുമ്പോഴാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പഴയ കേസുമായി എത്തിയിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടിഒ സൂരജിന്റെ അനധികൃത സ്വത്ത് സമ്പാദന വിവരങ്ങള്‍ പുറത്തു വന്നതിന് തൊട്ടുപിന്നാലെ ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും അന്നത്തെ തൊഴില്‍വകുപ്പ് സെക്രട്ടറിയുമായ ടോം ജോസും അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി രേഖകള്‍ സഹിതമായി വിജിലന്‍സ് എത്തിയത്. ടോം ജോസ് കേരളത്തിനകത്തും പുറത്തും കോടിക്കണക്കിന് രൂപ വിലയുള്ള ഭൂമി വാങ്ങിക്കൂട്ടിയതായി വിജിലന്‍സ് ഡയറക്ടര്‍ അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷണ് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ടോം ജോസ് 2010 ഓഗസ്റ്റ് 10-ന് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്ഗാ ജില്ലയില്‍ ഗീറോഡ് വില്ലേജില്‍ ദോദ് മാര്‍ഗ്ഗ് താലൂക്കില്‍ 19.15 ഹെക്ടര്‍ കൃഷിഭൂമി 1.63 കോടി രൂപയ്ക്ക് വാങ്ങിയെന്നായിരുന്നു ആക്ഷേപം. സന്തോഷ് നകുല്‍ ദമാസ്‌കര്‍ എന്ന വ്യക്തിയില്‍ നിന്നാണ് സര്‍വ്വേ നമ്പര്‍ 46/27 എ-യില്‍പ്പെട്ട ഭൂമി വാങ്ങിയത്. ഇതിനായി തിരുവനന്തപുരം നിറമണ്‍കരയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 1.32 കോടി വായ്പയെടുത്തെന്നാണ് ടോം ജോസ് ചീഫ് സെക്രട്ടറിക്കു നല്‍കിയ മറുപടിയില്‍ പറയുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനകം തന്നെ ഈ തുക തിരിച്ചടച്ചു. അമേരിക്കയിലെ ഡോ.അനിതാ ജോസ്, ഡോ. ജോസ്, ടോം ജോസിന്റെ ഭാര്യാ പിതാവ് പി.ജെ ഡേവിഡ് എന്നിവരില്‍ നിന്നും വായ്പ വാങ്ങിയാണ് തിരിച്ചടവ് നടത്തിയതെന്നുമാണ് ടോം ജോസ് വിശദീകരണത്തില്‍ പറഞ്ഞത്.

കൂടാതെ കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ 2008-ലും തിരുവനന്തപുരം തൈക്കാട് വില്ലേജില്‍ 2010-ലും ഭൂമി വാങ്ങിയതായും വിജിലന്‍സ് റിപ്പോര്‍ട്ടുണ്ട്. 2011-ല്‍ എറണാകുളം എളംകുളത്ത് ഫ്‌ളാറ്റ് വാങ്ങുന്നതില്‍ അനിതാ ജോസ് സാമ്പത്തിക സഹായം നല്‍കിയെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. 96 ലക്ഷം രൂപ നല്‍കി ടോം ജോസിന്റെ ഭാര്യ സോജ ജോസിന്റെ പേരിലാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്തത്. പക്ഷെ രേഖകള്‍ പ്രകാരം പണം നല്‍കിയത് അനിതയാണ്. രജിസ്‌ട്രേഷന്‍ പ്രകാരം സോജയുടെയും അനിതയുടെയും പേരിലാണ് ഫ്‌ളാറ്റ്. ടോം ജോസ് നല്‍കിയ ആസ്തി ബാധ്യതാ വിവരങ്ങള്‍ വസ്തുതകള്‍ക്കു നിരക്കാത്തതാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി മുമ്പ് കത്ത് അയച്ചിരുന്നു. അന്ന് ആ കത്ത് ടോം ജോസ് തന്റെ സ്വാധീനത്തില്‍ മറച്ചുവെന്നും ആരോപണങ്ങളുണ്ട്.

ഇത് കൂടാതെ കൊച്ചി മെട്രോ എംഡി ആയിരിക്കെ ടോം ജോസ് മഗ്‌നീഷ്യം ഇടപാടിലൂടെ 1.21 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടാക്കിയെന്ന് ഒരു പരാതിയുണ്ട്. ഇതിന്റെ പേരില്‍ ടോം ജോസിനിനെതിരെ വിജിലന്‍സ് എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോഴത്തെ കേസില്‍ വിജിലന്‍സ് മഗ്‌നീഷ്യം ഇടപാട് കൊണ്ടുവന്നിട്ടില്ല. പക്ഷെ അനധികൃത സ്വത്ത് സമ്പാദ്യവുമായി ബന്ധപ്പെട്ട അന്വേഷത്തിന്റെ മുമ്പോട്ടുള്ള ഘട്ടത്തില്‍ മഗ്‌നീഷ്യം ഇടപാടും ഉയര്‍ന്നു വന്നേക്കാം.

മഹാരാഷ്ട്രയിലെ ഭൂമിയിടപാടിലും എറണാകുളത്തെ ഫ്‌ളാറ്റ് ഇടപാടിലും ടോം ജോസ് മുമ്പ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ താമസിക്കുന്ന കോട്ടയം, രാമപുരം സ്വദേശിനി അനിതാ ജോസുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് വ്യക്തമായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ഇന്നലെ വിജിലന്‍സ് ടോം ജോസിനോട് കൂടുതലും ചോദിച്ചത്. അനിതാ ജോസിന്റെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ തനിക്ക് പവര്‍ ഓഫ് അറ്റോര്‍ണി ലഭിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഡിവൈ എസ്പി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ടോം ജോസ് നല്‍കിയ വിവരങ്ങള്‍ വിജിലന്‍സ് മുഖവിലക്കെടുക്കുന്നില്ലാത്ത സ്ഥിതിക്ക് കൂടുതല്‍ അന്വേഷണമായിരിക്കും അദ്ദേഹത്തിന് ഇനി നേരിടേണ്ടി വരുക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍