UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരുഗ്രന്‍ ഓണത്തല്ല്, വിജിലന്‍സ് വക; അഴിമതിക്കാര്‍ക്ക് മാത്രം

Avatar

കെ എ ആന്റണി

ഇത്തവണത്തെ ഓണം തകര്‍ത്താഘോഷിക്കുന്നതു നമ്മുടെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും അദ്ദേഹത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റുമാണ്. എന്തൊക്കെയിനങ്ങളാണ് ഈ ഓണക്കാലത്ത് അവര്‍ ഒരുക്കിയിരിക്കുന്നത്! സത്യത്തില്‍ ഈ വക ഐറ്റങ്ങള്‍ക്കു മുമ്പില്‍ ഓണത്തല്ലും തിരുവാതിരകളിയും പുലിക്കളിയും ഒന്നും ഒന്നുമേയല്ല.

മുന്‍മന്ത്രിമാരായ കെ ബാബുവിനും കെ എം മാണിക്കുമെതിരെ എത്രകൂട്ടം കേസുകളാണ് വിജിലന്‍സ് എടുത്തിരിക്കുന്നത്. കള്ളു മുതല്‍ കോഴിവരെ എന്ന നിലയൊക്കെ മാറി മാണിസാറിനെതിരെയുള്ള കേസ് കൂമ്പാരം. സമൂഹ വിവാഹം മുതല്‍ കോട്ടയത്തെ ഒരു നസ്രാണി വ്യവസായിയെ അകമഴിഞ്ഞു സഹായിച്ചതിന്റെ പേരില്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടം സംസ്ഥാന ഖജനാവിന് വരുത്തിവച്ചു എന്ന കേസുകെട്ടും കൂടി ചേര്‍ത്തുവച്ചാല്‍ നിലവിലെ കേസുകളുടെ എണ്ണം ആറു കവിഞ്ഞു. ഇനി വിജിലന്‍സ് ഡയറക്ടറുടെ ഡയറിയില്‍ നിന്നും എത്ര കേസുകെട്ടുകള്‍കൂടി പുറത്തുവരുമെന്ന് ഇപ്പോള്‍ പറയാന്‍ ആവില്ല. ചിത്രഗുപ്തന്റെ കണക്കുപുസ്തകം പോലെയാണ് ജേക്കബ് തോമസിന്റെ കേസ് ഡയറി. ഓണം കഴിഞ്ഞാലും ഓണവില്ലു മീട്ടുന്നതില്‍ തെറ്റൊന്നുമില്ല. അങ്ങനെയായാല്‍ മാവേലി തമ്പുരാന്റെ സന്ദര്‍ശനം കഴിഞ്ഞും പുതിയ കേസുകെട്ടുകള്‍ മലയോര കര്‍ഷകരുടെ കാള്‍ മാര്‍ക്‌സിനെ ചുറ്റിവരിഞ്ഞേക്കാം.

ഇപ്പോള്‍ മാണിസാര്‍ വിചാരിക്കുന്നുണ്ടാവും യുഡിഎഫ് വിടേണ്ടിയിരുന്നില്ലെന്ന്. ആകെ ഒറ്റപ്പെട്ടുപോയ ഒരുവസ്ഥ. പാര്‍ട്ടിയെ തൊടുപുഴക്കാരന്‍ ജോസഫ് കൊണ്ടുപോയേക്കുമോയെന്ന ഭയം ചില്ലറയൊന്നുമല്ല. മാണി സാറിന്റെ കേരള കോണ്‍ഗ്രസ് നേരത്തെ തന്നെ യുഡിഎഫ് വിടാന്‍ തീരുമാനിച്ചിരുന്നൂവെന്നും നിയമസഭ തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരുന്നതാണെന്നുമൊക്കെ വിവരിക്കുന്ന ഒരു പാര്‍ട്ടി രേഖ ഇതിനിടയില്‍ ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. മാണി സാറിനെ ബാര്‍കോഴക്കേസില്‍ കുടുക്കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി നിയോഗിച്ച സമിതിയുടേതാണത്രേ ഈ റിപ്പോര്‍ട്ട്. സമിതി ചെയര്‍മാന്‍ സി എഫ് തോമസ് അങ്ങനെയൊരു റിപ്പോര്‍ട്ട് ഇല്ല എന്നു പറഞ്ഞു കഴിഞ്ഞു. സമിതിയംഗമായിരുന്ന ആന്റണി രാജു ഇപ്പോള്‍ ഒരു അഴകൊഴമ്പന്‍ സമീപനം സ്വീകരിച്ചതുപോലുണ്ട്. എങ്കിലും അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടായിരുന്നൂവെന്നാണ് ആന്റണി രാജു പറയാതെ പറയുന്നത്.

ബാര്‍ കോഴയില്‍ അഴിമതിയാരോപണം നേരിട്ട തന്നെ ക്രൂശിച്ചപ്പോള്‍ ബാബുവിനു നീതി കിട്ടിയെന്നതായിരുന്നു മാണിസാറിന്റെ മുഖ്യ ആരോപണം. തന്നെ കുടുക്കിയതില്‍ മുഖ്യപങ്കു വഹിച്ചത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ആയിരുന്നുവെന്ന് മാണിസാര്‍ എവിടെയും പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മുഖപത്രമായ പ്രതിച്ഛായയും യുവജനവിഭാഗമായ യൂത്ത് ഫ്രണ്ടും നേരത്തെ തന്നെ ആരോപിച്ചിരുന്നു. തീയില്ലാതെ പുകയുണ്ടാകില്ലല്ലോ എന്ന മാണിസാറിന്റെ പ്രസ്താവന ഇരുതല മൂര്‍ച്ഛയുള്ള ഒന്നാണ്. രണ്ട് അര്‍ത്ഥത്തില്‍ വായിക്കാം. അതു തത്കാലം വായനക്കാര്‍ക്ക് വിടുന്നു.

യുഡിഎഫ് വിട്ടിരുന്നില്ലായിരുന്നെങ്കില്‍ തന്നെ സംരക്ഷിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നേനെ എന്ന ചിന്ത മാണിസാറിനെ വല്ലാതെ വേട്ടയാടുന്നുണ്ടാകണം. എന്നാല്‍ കെ ബാബുവിന്റെ സ്ഥിതി ഇതല്ല. ആയകാലം അത്രയും അപ്പാവി ചമഞ്ഞു നടന്ന ഒരാളിപ്പോള്‍ വല്ലാത്തൊരു ഗതികേടിലാണ്. സത്യത്തില്‍ ബാബുവിനെ സംബന്ധിച്ചിടത്തോളം വാരിക്കുഴി തന്നെയാകാനാണു സാധ്യത. തുറക്കുന്ന ലോക്കറുകളും തുറക്കപ്പെടാനിരിക്കുന്ന ലോക്കറുകളും ബിനാമി ബന്ധങ്ങളും സൂചിപ്പിക്കുന്നത് ഇതു തന്നെയാണ്. ഇതിനിടയില്‍ കേള്‍ക്കുന്ന മറ്റൊരു അടക്കം പറച്ചില്‍ ബാബുവിനെതിരെ പേരില്ലാ പരാതികള്‍ അയച്ചിരുന്ന ആള്‍ ബാബുവിനാല്‍ വഞ്ചിക്കപ്പെട്ട ഒരു പഴയ ബിനാമിയാണെന്നതാണ്.

വിജിലന്‍സിന്റെ ഈ ഓണാഘോഷ പരിപാടി കേവലം ബാബുവിലോ മാണിയിലോ ഒതുങ്ങുന്നില്ല. കള്ളപ്പണ നിക്ഷേപമുള്ള സകലമാന രാഷ്ട്രീയക്കാര്‍ക്കും എതിരെയുള്ള അന്വേഷണമാണ് വിജിലന്‍സ് ഡയറക്ടര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വകാര്യപണമിടപാട് സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ചില രാഷ്ട്രീയക്കാര്‍ക്ക് ഗള്‍ഫ് നാടുകളിലുള്ള അറിയപ്പെടാത്ത ബിസിനസ് സംരംഭങ്ങളും അന്വേഷണപരിധിയില്‍ വരും. ഉള്ളതുപറഞ്ഞാല്‍ നികുതിദായകരായ കേരളത്തിലെ പാവം വോട്ടര്‍മാര്‍ക്ക് ആഹ്ളാദത്തിനു വക നല്‍കുന്ന ഒട്ടേറെ ഐറ്റങ്ങള്‍ വിജിലന്‍സിന്റെ പക്കലുണ്ടെന്നു സാരം.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍