UPDATES

ഈ ഉദ്യോഗസ്ഥനെ ഇനിയും വച്ചുവാഴിക്കണോ? ചോദ്യം പിണറായിയോടാണ്

പഴയ സർക്കാരിന്റെ തുടർച്ച തന്നെയാവണം പുതിയതും എന്ന കാര്യത്തിൽ തര്‍ക്കമില്ലാത്ത ഏക വിഭാഗവും അധികാര കസേരകളിൽ ഞെളിഞ്ഞു അമർന്നിരുന്നു പൊതു ജനത്തിനെ പാഷാണ കഞ്ഞി കുടിപ്പിക്കുന്ന ഇത്തരം ചില വിരുതന്മാർ തന്നെയാണ്

കെ എ ആന്റണി

കെ എ ആന്റണി

“അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ കേസില്‍ സര്‍ക്കാരിന് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം. അഴിമതിക്കാരനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. വിജിലന്‍സ് അന്വേഷണ ശുപാര്‍ശകളില്‍ ചീഫ് സെക്രട്ടറി നടപടി എടുത്തില്ലെന്നും കോടതി കുറ്റപ്പെടുത്തി. ചീഫ് സെക്രട്ടറിക്ക് 10 കത്തുകള്‍ ഇതുമായി ബന്ധപ്പെട്ട് അയച്ചിട്ടുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു. രണ്ട് കേസുകളിലായി 2.4 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്കെതിരായ ഹര്‍ജി ഫെബ്രുവരി ആറിന് കോടതി വീണ്ടും പരിഗണിക്കും”.

മേൽ ഉദ്ധരിച്ച കാര്യങ്ങൾ വിജിലൻസ് കോടതി അഡിഷണൽ ചീഫ് സെക്രട്ടറി ടോം ജോസുമായി ബന്ധപ്പെട്ട് ഇന്ന് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തയിൽ നിന്നാണ്. ഒരു പൊതു താല്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്. ടോം ജോസിന്‍റെ മാത്രമല്ല സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതി സംബന്ധിയായ പരാതികൾ മുക്കുന്നു എന്ന ആരോപണം നേരിടുന്ന കേരളത്തിന്റെ ചീഫ് സെക്രട്ടറിക്കും അതുവഴി സംസ്ഥാന സർക്കാരിന് എതിരെയും കൂടിയാണ് കോടതിയുടെ ഈ രൂക്ഷ വിമര്‍ശനം.

കോടതിയുടെ വിമര്‍ശനം കാര്യമാക്കേണ്ടതില്ല എന്ന് വാദിക്കുന്ന ചില വക്കീൽ കം മാധ്യമ വിശാരദന്മാരെ ഇത് സംബന്ധിയായ ചാനൽ ചർച്ചകളിൽ നമുക്ക് പ്രതീക്ഷിക്കാവുന്നതേയുള്ളു. കോടതിയിൽ നേരാം വണ്ണം കേസ് വാദിച്ചു ജയിക്കാൻ പറ്റാത്ത പാറ വക്കീലന്മാരും ഇത്തരം തുടർ ചർച്ചകളിൽ ഉണ്ടാവും എന്ന കാര്യത്തിൽ തർക്കം വേണ്ട.

അത്തരക്കാരെ താത്ക്കാലം പടിക്കു പുറത്തുനിറുത്തിക്കൊണ്ടു തികച്ചും ജനകീയവും സ്വതന്ത്രവുമായി ഈ വിഷയത്തെ സമീപിക്കേണ്ടതുണ്ടെന്നു തോന്നുന്നു. കോടതി നടത്തിയ വിമർശനം തന്നെ എടുക്കുക. അഴിമതിക്കാരനായ ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ എന്തിനു വെച്ച് വാഴിക്കുന്നു എന്നതാണ് കോടതി പ്രധാനമായും ഉന്നയിച്ചിരിക്കുന്ന ചോദ്യം. ഈ ഉദ്യോഗസ്ഥൻ ചില്ലറക്കാരൻ അല്ലെന്നു കോടതിക്ക് അറിയായ്കയല്ല. കേരളത്തിലെ ഐ എ എസ് ലോബിയെ അദ്ദേഹം എങ്ങനെ കൊണ്ടുനടക്കുന്നുവെന്നും കോടതിക്ക് അറിയാതിരിക്കാൻ ഇടയില്ല. എന്നു കരുതി ടിയാൻ കുറ്റവാളിയാണ് എന്നൊന്നും കോടതി പറഞ്ഞിട്ടില്ല. കോടതിയുടെ ചോദ്യം ഇത്ര മാത്രമേയുള്ളു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ എന്തുകൊണ്ട് മാറ്റിനിര്‍ത്തി ഒരു അന്വേഷണത്തിന് ഉത്തരവ് ഇടുന്നില്ല എന്ന വളരെ ലളിതമായ ഒരു ചോദ്യം മാത്രമാണത്.

സർക്കാരുകൾ വരും പോകും. പക്ഷെ ഭരണ സിരാകേന്ദ്രം അടക്കി വാഴുന്ന സിവിൽ സർവീസുകാർ അപ്പോഴും അല്ലറ ചില്ലറ മാറ്റങ്ങളോടെയോ അല്ലെങ്കിൽ മാറ്റങ്ങൾക്കു വിധേയരാവാതെയോ ജനത്തെയും സർക്കാരിനെയും ഒരേപോലെ ഭരിച്ചും രസിച്ചും തുടരും. പണി അറിയുന്നവർ ഉണ്ടായാലേ പണി കൃത്യമായും വെടിപ്പായും നടുക്കൂ എന്നത് ഒരു പൊതുതത്വമാണ്. എം എൽ എ ആകാൻ പൊതുജനസമ്മതി മാത്രം മതി. മന്ത്രിയാവാൻ പാർട്ടിയുടെയും മുന്നണിയുടെയും പിന്തുണ കൂടി വേണം. ഒരു രാഷ്ട്രീയക്കാരന് ഭരണ കേന്ദ്രങ്ങളിൽ എത്താന്‍ ഇത്രയേ വേണ്ടൂ. അവിടെ എത്തുമ്പോൾ കയ്യും കാലും വിറക്കുന്നവരാണ് നമ്മുടെ ജനപ്രതിനിധികളിൽ ഭൂരിഭാഗവും. അപ്പോൾ അവർക്കും ഐ എ എസ് – ഐ പി എസ് വിഭാഗത്തിൽ പെട്ട ചില കൂർമ്മ ബുദ്ധികളെ ആവശ്യം വരും. ചിലർക്ക് അവർ ആസ്ഥാന കവികളും ചിലർക്ക് അവർ ചാണക്യ തലയുള്ളവരും ആകും. സർക്കാർ മാറിയാലും ഇത്തരക്കാർ ഭരണ സിരാകേന്ദ്രങ്ങളിൽ തുടരുന്നതിന്റെ പിന്നിലെ രഹസ്യം ഇത്ര മാത്രമെന്ന് ആർക്കാർക്കാണ് അറിയാത്തത്.

പഴയ സർക്കാരിന്റെ തുടർച്ച തന്നെയാവണം പുതിയതും എന്ന കാര്യത്തിൽ തര്‍ക്കമില്ലാത്ത ഏക വിഭാഗവും അധികാര കസേരകളിൽ ഞെളിഞ്ഞു അമർന്നിരുന്നു പൊതുജനത്തിനെ പാഷാണ കഞ്ഞി കുടിപ്പിക്കുന്ന ഇത്തരം ചില വിരുതന്മാർ തന്നെയാണ്. ഒരു സർക്കാരിനെ മടുക്കുമ്പോൾ വെയിലെന്നോ മഴയെന്നോ നോക്കാതെ വോട്ടു ചെയ്തു മറ്റൊരു കൂട്ടരെ അധികാരത്തിൽ എത്തിക്കുന്നവന്റെ ഗതികേട് ഭരിക്കുന്നവർക്കു മനസ്സിലാവുന്നില്ലെങ്കിലും ചില കോടതികൾക്കെങ്കിലും മനസ്സിലാവുന്നുണ്ട് എന്നതിന്റെ സൂചന ആയി തന്നെ വേണം ഇന്നത്തെ ഈ വിമർശനത്തെയും കാണാൻ.

ഇത് ആദ്യമായല്ല സർക്കാരിന് എതിരെ കോടതി ഇങ്ങനെ ഒരു വിമര്‍ശനം ഉന്നയിക്കുന്നത്. മുൻ സർക്കാരിനും അതിനും മുൻപ് അധികാരത്തിൽ ഇരുന്നവർക്കെതിരെയും ഇത്തരത്തിലുള്ള വിമര്‍ശനം ഉയർന്നിരുന്നു. അന്ന് കാണിക്കാത്ത ജാഗ്രത എന്തിനു പുതിയ സർക്കാർ കാട്ടണം എന്ന് ചോദിക്കുന്നവർ ഉണ്ടായേക്കാം. എന്നാൽ ഇവിടുത്തെ പ്രശ്നം അത്ര ലളിതമല്ലല്ലോ. അഴിമതി പൂർണമായും തുടച്ചുമാറ്റും എന്ന് വീരവാദം മുഴക്കി അധികാരത്തിൽ വന്ന ഒരു സർക്കാർ ഭരിക്കുന്ന കാലത്താണ് ഇത്തരത്തിൽ ഒരു വിമര്‍ശനം ഉണ്ടായിരിക്കുന്നത് എന്നത് നിസ്സാരവൽക്കരിക്കാൻ പറ്റുന്ന ഒന്നാണെന്ന് തോന്നുന്നില്ല.

ഒരു പക്ഷെ തനിക്കും തന്റെ സർക്കാരിനും മുൻപേ ഉടലെടുത്ത ഐ എ എസ് – ഐ പി എസ് തർക്കം അവർ തമ്മിൽ അടിച്ചു തീർക്കട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നുണ്ടാവാം. എങ്കിൽ അദ്ദേഹത്തിന് തെറ്റി. ശ്രീകൃഷ്ണന്റെ കാലത്തെ യാദവകുലം പരസ്പരം കൊന്നും ചത്തും ഒടുങ്ങി എന്ന പഴം പുരാണത്തിൽ വിശ്വാസം അർപ്പിച്ചിരുന്നാൽ കേരളത്തിലെ ഈ ഐ പി എസ് – ഐ എ എസ് കലഹം ഇന്ന് യു പി യിൽ കാണുന്ന യാദവ പോരുപോലെ തുടരുന്നത് കാണാനാവും വിധി.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍