മുതിര്‍ന്ന ഉദ്യോഗസ്ഥരെ വേട്ടയാടാന്‍ വിജിലന്‍സ് തങ്ങളുടെ അധികാര പരിധി ലംഘിക്കുന്നതിന്റെ തെളിവുകള്‍ പുറത്ത്
മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലോടെ അവസാനിച്ചുവെന്ന് കരുതുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം ഏത് നിമിഷവും വേണമെങ്കിലും വീണ്ടും പുറത്തു ചാടാവുന്ന ഒരു ഭൂതം മാത്രമാണ്. അഴിമതി ഒഴിവാക്കാന്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സിന് സ്വാതന്ത്ര്യം ആവശ്യമാണെന്നത് ഒരു സത്യം തന്നെയാണ്. എങ്കില്‍ മാത്രമേ വിജിലന്‍സിന്റെ പ്രവര്‍ത്തനം സുഗമവും ഫലപ്രദവുമാക്കാന്‍ സാധിക്കൂ.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍, പോലീസിന് നല്‍കുന്നത് പോലെ വിജിലന്‍സിനും നല്‍കുന്ന അമിത സ്വാതന്ത്ര്യം തന്നെയാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നതാണ് സത്യം. പ്രമുഖ വാരികയിലെ കോളത്തിലൂടെയും അല്ലാതെയും തങ്ങള്‍ക്ക് ലഭിക്കുന്ന പരാതികള്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കുന്ന പരാതികള്‍ വിജിലന്‍സ് സ്വന്തം നിലയില്‍ അന്വേഷിക്കാന്‍ പാടില്ലെന്നും പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി അവിടെ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമേ അന്വേഷിക്കാവൂവെന്നാണ് സര്‍ക്കാര്‍ ഉത്തരവ് (GO (P) No.6592Vigilance). ഈ ഉത്തരവ് വിജിലന്‍സ് തുടര്‍ച്ചയായി ലംഘിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് തൊഴില്‍ വകുപ്പ് സെക്രട്ടറി ടോം ജോസിനെതിരെ ത്വരിത പരിശോധന നടത്താനുള്ള വിജിലന്‍സ് തീരുമാനം. സര്‍ക്കാര്‍ അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് ഉത്തരവിട്ട കേസായിരുന്നു ഇത്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ അന്വേഷിച്ച് അടിസ്ഥാനരഹിതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് അവസാനിപ്പിച്ചത്.
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗയില്‍ ടോം ജോസ് അനധികൃതമായി ഭൂമി വാങ്ങിയെന്ന ആരോപണം നളിനി നെറ്റോയുടെ അന്വേഷണത്തില്‍ അടിസ്ഥാനരഹിതമെന്ന് കണ്ട് സര്‍ക്കാര്‍ എഴുതി തള്ളിയതിന്റെ രേഖകള്‍ അക്കാലത്ത് തന്നെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. 2015 സെപ്തംബര്‍ നാലിന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവിലാണ് ഇത് സംബന്ധിച്ച് പരാമര്‍ശം ഉള്ളത്. ‘അന്വേഷണം പൂര്‍ത്തിയാക്കി നളിനി നെറ്റോ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച സര്‍ക്കാര്‍ ഈ കേസ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചു’. എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
ടോം ജോസ് സര്‍ക്കാരിനെ അറിയിക്കാതെ 1.68 കോടി രൂപയുടെയും, 1.41 കോടി രൂപയുടെയും കാര്‍ഷിക വായ്പ്പകളും സ്വകാര്യ വായ്പ്പകളും തരപ്പെടുത്തി സിന്ധുദുര്‍ഗയിലെ ഗിരോഡ് ഗ്രാമത്തില്‍ 19.15 ഹെക്ടര്‍ ഭൂമി വാങ്ങിയെന്ന ആരോപണമാണ് നളിനി നെറ്റോ അന്വേഷിച്ചത്. എന്നാല്‍ ടോമിന് സ്വകാര്യ വായ്പ്പകള്‍ ലഭിച്ചത് ഭാര്യപിതാവില്‍ നിന്നും അടുത്ത കുടുംബസുഹൃത്തുക്കളില്‍ നിന്നുമാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. അതേസമയം കേസില്‍ പുതിയ ആരോപണങ്ങളൊന്നും ഉന്നയിക്കാതെ സ്വകാര്യ വ്യക്തി നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അതായത് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍ വിജിലന്‍സ് സ്വന്തം തീരുമാനത്തിലെടുക്കുന്നുവെന്നാണ് അന്ന് മുതല്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ വാദിക്കുന്നത്. വിജിലന്‍സിന്റെ നീക്കം ചട്ടവിരുദ്ധമാണെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ സമര പ്രഖ്യാപനത്തില്‍ വരെയെത്തിയത്. ഉദ്യോഗസ്ഥരുടെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സംവിധാനം വേണമെന്നിരിക്കെ സര്‍ക്കാരിനെ മറികടന്ന വിജിലന്‍സ്, സൂപ്പര്‍ പവര്‍ ആയി നിന്ന് തീരുമാനമെടുക്കുന്നതിന് കടിഞ്ഞാണിടുന്നത് വരെ വിജിലന്‍സ്-ഐഎഎസ് ഉദ്യോഗസ്ഥ പോര് അവസാനിച്ചതായി കണക്കാക്കാന്‍ സാധിക്കില്ല.