UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്നെ തടഞ്ഞുവെച്ചവര്‍ മല്ല്യയെ പറത്തിവിട്ടു; ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ള സംസാരിക്കുന്നു

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ സര്‍ക്കാരിന്റെ രസകരമായ ഒരു ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കട്ടെ. 7000 കോടിയോളം ബാങ്കുകള്‍ക്ക് വായ്പ തിരിച്ചടവുള്ള വിജയ് മല്യ ഇന്ത്യ വിട്ടുപോയിരിക്കുന്നു. മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജില്‍ വാദം കേള്‍ക്കുമ്പോഴാണ് അറ്റോര്‍ണി ജനറല്‍ കോടതിയോട് പറയുന്നത്, മല്യ മാര്‍ച്ച് രണ്ടിന് തന്നെ രാജ്യം വിട്ടിരിക്കുന്നുവെന്ന്. 

ആരും അറിയാതെ മദ്യരാജാവ് നാടുവിട്ടു. സിബിഐ ലുക്ക് ഔട്ട് നോട്ടീസ് ഒട്ടിച്ചു തുടങ്ങിയപ്പോഴേക്കും മല്യ ഇംഗ്ലണ്ടില്‍ വിമാനം ഇറങ്ങിയിരുന്നു. നമ്മുടെ നിയമത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

എന്താണിതില്‍ ഇരട്ടത്താപ്പ് എന്നല്ലേ! ഒരു വര്‍ഷം മുമ്പുള്ളൊരു കാര്യം പറയാം.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്‍ഡോ-ബ്രിട്ടീഷ് ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പിനെ (Indo-British All Patry Parliamentary Group-APPG) അഭിസംബോധന ചെയ്യാന്‍ 2015 ജനുവരി 11 ന് ലണ്ടനിലേക്ക് പോകും വഴി ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് അധികൃതര്‍ ഗ്രീന്‍ പീസ് പ്രവര്‍ത്തക പ്രിയ പിള്ളയുടെ യാത്ര തടഞ്ഞു. അവരെ വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു. അവരുടെ കയ്യില്‍ ആവശ്യമായ എല്ലാ യാത്രരേഖളും ഉണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ടവരുടെ യാത്ര തടസപ്പെട്ടു? കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉത്തരം; അവര്‍ ദേശീയ താത്പര്യത്തിന് എതിരായി പ്രവര്‍ത്തിക്കും എന്നായിരുന്നു.

എന്താണാ ദേശീയതാത്പര്യത്തിന് എതിരായ കാര്യങ്ങള്‍?

ഇന്ത്യയിലെ ആദിവാസികളെ കുറിച്ചും പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ചും ലോകത്തോട് വിശദീകരിക്കുമത്രേ…

എഴായിരം കോടി കടക്കാരന് ഒരു തടസവുമില്ലാതെ നാടുവിടാം. എല്ലാ രേഖകളുമായി യാത്രയ്‌ക്കെത്തിയ മറ്റൊരാള്‍ വിമാനത്താവളത്തില്‍ അപമാനിക്കപ്പെടുന്നു. ഇതു തന്നെയാണ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്.

എഴായിരത്തിലധികം കോടി പൊതുപണം വെട്ടിച്ച ഒരു കോര്‍പ്പറേറ്റിന് ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കെ തന്നെ രാജ്യം വിടാന്‍ എല്ലാ സൗകര്യങ്ങളും അനുവദിച്ചിരിക്കുന്നു. ഒരു വര്‍ഷം മുമ്പ് ഈ രാജ്യത്തെ ആദിവാസികളുടെയും പരിസ്ഥിതിയുടെയും പ്രശ്‌നങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം വിനിയോഗിക്കാന്‍ എല്ലാ വിധ യാത്രാരേഖകളുമായി വിമാനത്താവളത്തില്‍ എത്തിയ എന്നെയവര്‍ പോകാന്‍ അനുവദിച്ചില്ല. 2015 ജനുവരി ഒമ്പതിനായിരുന്നു ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് യാത്ര തീരുമാനിച്ചിരുന്നതിന്റെ ഒരു ദിവസം മുമ്പു മാത്രം. പക്ഷേ കൃത്യമായി ആസൂത്രണം നടത്തി. ഞാന്‍ രാജ്യത്തിന്റെ പുറത്തുപോകാതിരിക്കാന്‍ അവര്‍ അതീവ ശ്രദ്ധാലുക്കളായിരുന്നു. ഇത് എന്താണ് കാണിക്കുന്നത്? എന്നെയവര്‍ തടയാന്‍ കാണിച്ച ശുഷ്‌കാന്തി മല്യയുടെ കാര്യത്തില്‍ ഉണ്ടായില്ല. ഞങ്ങളില്‍ ആരാണ് കുറ്റവാളി? ഇതാണ് സര്‍ക്കാര്‍ തുടരുന്ന ഇരട്ടത്താപ്പ്. ഒരു പരിസ്ഥിതി പ്രവര്‍ത്തകനെ, അല്ലെങ്കില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനെ തടയാനുള്ള വ്യഗ്രത ഒരിക്കലും കോര്‍പ്പറേറ്റിന്റെ കാര്യത്തില്‍ സര്‍ക്കാരിനില്ല; പ്രിയ പിള്ള ചൂണ്ടിക്കാണിക്കുന്നു.

പ്രിയ പിള്ളയുടെ കാര്യത്തിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ വലിയ വാര്‍ത്തകളായി. എന്നാല്‍ അത് ആദ്യത്തേതായിരുന്നോ? കൂടംകുളം സമരനായകന്‍ ഉദയകുമാറിനെയും സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്. നേപ്പാളില്‍ പോകാനായി എയര്‍പോര്‍ട്ടില്‍ എത്തിയശേഷമാണ് അദ്ദേഹത്തെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞത്.

രാജ്യത്തെ ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ തെരഞ്ഞെുപിടിച്ച് നിശബ്ദരാക്കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാനും സര്‍ക്കാരിന് വലിയ താത്പര്യമാണ്. ഇതിനു വേണ്ടി എല്ലാ മെഷിനറിയും മെക്കാനിസവും സര്‍ക്കാര്‍ ഉപയോഗിക്കുന്നു. അതേസമയം വിജയ് മല്യയെ പോലൊരു കോര്‍പ്പറേറ്റ് തട്ടിപ്പുകാരനെ സുഖമമായി രാജ്യം വിട്ടുപോകാന്‍ അനുവദിക്കുകയും ചെയ്യുന്നു.

രാജ്യത്തെ സര്‍വകലാശാലകളിലെ സംഭവവികാസങ്ങളെ കുറിച്ച് സംസാരിക്കുമ്പോളെല്ലാം സര്‍ക്കാര്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നതെന്താണ്? രാജ്യത്തെ നികുതിദായകരുടെ പണമെടുത്ത് ദുര്‍വ്യയം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന്. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളും ഗ്രാന്റും പൊതുപണമാണെന്നും അവ പാഴാക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നില്ലേ സര്‍ക്കാര്‍ വിളിച്ചു പറഞ്ഞത്. ദേശീയത, കള്ളപ്പണം, പൊതുസമ്പത്ത്; സര്‍ക്കാര്‍ ഇക്കാലത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചിഹ്നങ്ങളാണിവ. വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയാല്‍ നികുതിദായകര്‍ നല്‍കുന്ന പണം ഉപയോഗിച്ചു പഠിക്കുന്നവര്‍ സമരം ചെയ്യുന്നത് തെറ്റാണെന്നവര്‍ വിളിച്ചു പറയുന്നു. അവിടെയവര്‍ക്ക് വിദ്യാര്‍ത്ഥികളെ നിശബ്ദരാക്കാന്‍ നികുതിപണം മൂല്യമുള്ളതാണ്. എന്നാല്‍ ഇവിടുത്തെ ജനങ്ങളുടെ പണം തന്നയല്ലേ ഒരു കോര്‍പ്പറേറ്റ് വെട്ടിച്ചത്. മല്യ അധികവും വായ്പ എടുത്തിരിക്കുന്നത് പൊതുമേഖല ബാങ്കുകളില്‍ നിന്നാണ്. ബാങ്കുകള്‍ നല്‍കുന്ന വായ്പ്പ ഇവിടെയുള്ള നികുതിദായകരുടെ പണം തന്നെയാണ്. എന്നിരിക്കെയാണ് ആ കോര്‍പ്പറേറ്റിനെ രക്ഷപെടാന്‍ അനുവദിക്കുന്നത്. ഈ സമയത്ത് ഇവരാരും രാജ്യസ്‌നേഹത്തെക്കുറിച്ചോ ദേശതാത്പര്യത്തെക്കുറിച്ചോ സംസാരിച്ചു കേട്ടില്ല.

ഒരു വിഭാത്തെ  അവര്‍ നിയമം പറഞ്ഞു ചവിട്ടിയിടുന്നു. മറ്റൊരു വിഭാഗത്തിന് നിയമത്തിന്റെ വലയില്‍ നിന്നും രക്ഷപ്പെട്ടുപോകാന്‍ വഴിയൊരുക്കി കൊടുക്കുന്നു ; പ്രിയ ചൂണ്ടിക്കാണിക്കുന്നു.

മല്യ രക്ഷപ്പെട്ടത് തങ്ങള്‍ അറിയാതെയാണെന്നും അദ്ദേഹത്തെ തിരികെ രാജ്യത്തേക്ക് കൊണ്ടുവരുമെന്നുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉറപ്പ് നല്‍കുന്നത്. എങ്ങനെ കൊണ്ടുവരാന്‍ കഴിയുമെന്നത് കാത്തിരുന്നു കാണണം. ഭോപ്പാല്‍ വാതകദുരന്തത്തിന്റെ മുഖ്യകാരണക്കാരന്‍ വാറന്‍ ആന്‍ഡേഴ്‌സന്റെ കഥ നമുക്കറിയാം. ആന്‍ഡേഴ്‌സന്‍ എങ്ങനെ രാജ്യം വിട്ടെന്നുമറിയാം. തിരിച്ചു കൊണ്ടുവരുമെന്ന് പലരും പറയുന്നതും കേട്ടു. ലളിത് മോഡിയുടെ കാര്യത്തിലോ? സാമ്പത്തിക തട്ടിപ്പ് നടത്തിയ കുറ്റവാളിയായിട്ടും ലളിത് മോഡിയും നാടുവിട്ടു. മോഡിക്കെതിരെ ഇപ്പോഴും കേസ് നടക്കുന്നൂ. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞിട്ടെന്തായി? ഈ കൂട്ടത്തിലേക്ക് ഒരു വിജയ് മല്യ കൂടി ചേരുന്നു എന്നുമാത്രം.

വിജയ് മല്യ രാജ്യം വിട്ടത് ആരും അറിഞ്ഞില്ലെന്നാണോ? എന്റെ കാര്യത്തില്‍ സംഭവിച്ചതെന്താണ്. ഇമിഗ്രേഷന്‍ ബ്യൂറോയില്‍ എത്തിയശേഷം എന്റെ പേര് സെര്‍ച്ച് ചെയ്യുമ്പോള്‍ അവര്‍ പറയുന്നത് ഞാന്‍ ലുക്ക് ഔട്ട് സര്‍ക്കുലറില്‍ ഉള്‍പ്പെട്ടയാള്‍ ആണെന്നാണ്. രാജ്യം വിട്ടുപോകാന്‍ അനുവാദം ഇല്ലാത്തവരുടെ ലിസ്റ്റില്‍പ്പെട്ടയാളാണ് ഞാനെന്ന്. അതിനാവശ്യമുള്ള ഡേറ്റകള്‍ അവരുടെ കൈയിലുണ്ടത്രേ. എന്റെ പേര് എന്റര്‍ ചെയ്തപ്പോള്‍ തന്നെ എന്നെക്കുറിച്ചുള്ള ഡേറ്റകള്‍ കിട്ടുന്നു. എന്റെ കാര്യത്തില്‍ സംഭവിച്ചത് മല്യയുടെ കാര്യത്തില്‍ എന്തുകൊണ്ട് നടന്നില്ല? മുകളില്‍ നിന്നുമുള്ള നിര്‍ദേശം അനുസരിക്കുക മാത്രമെ ഞങ്ങള്‍ക്ക് വഴിയുള്ളൂവെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അന്നെന്നോട് സ്വകാര്യമായി പറഞ്ഞിരുന്നു. മല്യയുടെ കാര്യത്തില്‍ മുകളില്‍ നിന്നും ഒരു നിര്‍ദേശവും ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിരുന്നില്ലേ? വിജയ് മല്യയുടെ പേര് അവര്‍ യാത്രാനുമതി നല്‍കേണ്ടതില്ലാത്തവരുടെ ലിസ്റ്റില്‍ എന്തുകൊണ്ട് ചേര്‍ത്തില്ല? മല്യയുടെ യാത്ര തടയാന്‍ ഞങ്ങളുടെ മെക്കാനിസത്തിന് സാധിച്ചില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നത്. ഒരിക്കലുമങ്ങനെയല്ല. മല്യക്കു പോകാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുകയായിരുന്നു. ഇനിയവര്‍ക്ക് എന്താ പറയാന്‍ കഴിയുക, എത്രയും വേഗം മല്യയെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന്. അതൊരു ഉപായം പറച്ചിലാണ്. ജനങ്ങളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍…അവര്‍ക്കുവേണ്ടപ്പെട്ടവരെ രക്ഷപ്പെടുത്തുന്നു, അതു കാണിക്കുന്നത് സര്‍ക്കാരിന് എന്താണ് പ്രധാനപ്പെട്ടതെന്നാണ്. അവര്‍ ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് ;പ്രിയ പിള്ള പറയുന്നു .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍