UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മല്യയുടെ തുരുമ്പെടുക്കുന്ന ജെറ്റുകള്‍ക്ക് പറയാനുള്ളത്

Avatar

അനുരാഗ് കോടോകി
(ബ്ലൂംബര്‍ഗ്)

ദക്ഷിണേന്ത്യയിലെ ഒരു വ്യോമതാവളത്തില്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഏഴു വിമാനങ്ങള്‍ തുരുമ്പെടുക്കുന്നു. ഒരു മുന്‍ കോടീശ്വരന്റെ ഉല്‍ക്കര്‍ഷേച്ഛയുടെ അവശിഷ്ടങ്ങള്‍.  ഒപ്പം   ഇന്ത്യന്‍ വ്യോമയാനരംഗത്തെ തടസപ്പെടുത്തുന്ന സങ്കീര്‍ണമായ നിയന്ത്രണങ്ങളുടെ പ്രതീകങ്ങളും.

ചെന്നൈയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് തുരുമ്പിക്കുന്ന ഈ വിമാനങ്ങള്‍ ഒരിക്കല്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയുടെ ഭാഗമായിരുന്നു. കിങ് ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യ തിരിച്ചടയ്ക്കാനുള്ള 1.36 ബില്യണ്‍ ഡോളര്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുകയാണ് അധികൃതര്‍. അതേസമയം 2012ല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍ ഇല്ലാതായശേഷവും ലോകത്തില്‍ ഏറ്റവുമധികം വേഗം വളരുന്ന വ്യേമഗതാഗത വിപണിയിലെ നിയന്ത്രണങ്ങളില്‍ വേണ്ടത്ര മാറ്റങ്ങളില്ലെന്ന് നിരീക്ഷകര്‍ പറയുന്നു.

കഴിഞ്ഞ ഏഴുവര്‍ഷങ്ങളില്‍ 10 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാക്കിയ വ്യോമഗതാഗത മേഖലയില്‍ എണ്ണവില കുറഞ്ഞത് ചില വിമാനക്കമ്പനികളെ ലാഭം പുനഃസ്ഥാപിക്കാന്‍ സഹായിച്ചുവെങ്കിലും മല്യ നീക്കം ചെയ്യാന്‍ ശ്രമിച്ച നിയന്ത്രണങ്ങള്‍ ഇന്നും മേഖലയെ മന്ദഗതിയിലാക്കുന്നു. ഇന്ത്യയിലെ ജെറ്റ് ഇന്ധനവില ഏഷ്യയിലെ ഏറ്റവും ഉയര്‍ന്നതാക്കുന്ന നികുതികളും പുതുതായി വരുന്ന എയര്‍ലൈനുകള്‍ക്ക് രാജ്യാന്തര റൂട്ടുകളിലുള്ള നിയന്ത്രണങ്ങളുമാണിവ.

‘നയപരവും നിര്‍വഹണപരവുമായ മാര്‍ഗതടസങ്ങളും നെഗറ്റീവായ നികുതിഘടനയും ഉയര്‍ന്ന ഇന്ധനവിലയും ചേര്‍ന്നാണ് കിങ്ഫിഷറിന് ഗുരുതരമായ സാമ്പത്തിക, അതിജീവന പ്രതിസന്ധിയുണ്ടാക്കിയത്,’ കാപാ സെന്റര്‍ ഫോര്‍ ഏവിയേഷനിലെ സൗത്ത് ഏഷ്യ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ കപില്‍ കൗള്‍ പറയുന്നു. ‘ ആ പ്രശ്‌നങ്ങളില്‍ ചിലത് ഇന്നും നിലനില്‍ക്കുന്നു.’

സാമ്പത്തികനേട്ടമുണ്ടാക്കുന്നതിനു വിഘാതം നില്‍ക്കുന്ന നികുതികളും താരിഫുകളും അതേപടി നിലനിര്‍ത്തുകയാണ് പുതിയ വ്യോമയാനനയം ചെയ്തതെന്ന് ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) അഭിപ്രായപ്പെടുന്നു. ഇതിനൊപ്പം ഇന്ധനവില ഏതുസമയവും ഉയരാമെന്ന ഭീഷണിയും.

നഷ്ടത്തിന്റെ അഞ്ചുവര്‍ഷങ്ങള്‍ക്കും കൂടിവന്ന കടത്തിനുമൊടുവില്‍ 2012ല്‍ ജോലിക്കാര്‍ ശമ്പളം കിട്ടാത്തതിനെതിരെ പ്രതിഷേധിക്കുകയും കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള കടം കൊടുത്തവരുടെ ശ്രമം പരാജയപ്പെടുകയും ചെയ്തതോടെയാണ് കിങ്ഫിഷര്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. ആഡംബര യാത്ര എന്ന സങ്കല്‍പം ഇന്ത്യയിലെത്തിക്കാന്‍ ശ്രമിച്ച എയര്‍ലൈനിന്റെ പ്രവര്‍ത്തനച്ചെലവ് ഭീമമായിരുന്നു. കിങ്ഫിഷറില്‍ നിന്ന് 82 എ3230കള്‍ക്കും എ 330കള്‍ക്കുമുള്ള ഓര്‍ഡര്‍ ഇപ്പോഴും എയര്‍ബസ് ഗ്രൂപ്പിനുമുന്നിലുണ്ട്. എ380 സൂപ്പര്‍ജംബോകളെ ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്.

ഏതാനും വര്‍ഷം മുന്‍പുവരെ മദ്യ, ബീര്‍ വ്യവസായ പ്രമുഖനായിരുന്ന മല്യ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ‘സാമ്പത്തികഘടകങ്ങളും സര്‍ക്കാര്‍ നയങ്ങളും കൊണ്ട് ഉണ്ടായ നിര്‍ഭാഗ്യകരമായ വ്യവസായ പരാജയ’മാണെന്നു പറഞ്ഞിരുന്നു. എന്നാല്‍ കൗള്‍, അമേരിക്കന്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് മുന്‍ ഡയറക്ടര്‍ റോബര്‍ട്ട് മാന്‍ തുടങ്ങിയ വിദഗ്ധര്‍ നടത്തിപ്പിലെ പിടിപ്പുകേടുകൂടി പരാജയകാരണമായി ചൂണ്ടിക്കാട്ടുന്നു.

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 240 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 1740 പുതിയവിമാനങ്ങള്‍വേണ്ടിവരുമെന്ന് ബോയിങ് കമ്പനി പ്രതീക്ഷിക്കുന്ന വിപണിയുടെ വളര്‍ച്ചയ്ക്കുവേണ്ടി സര്‍ക്കാര്‍ ഒക്ടോബറില്‍ വ്യോമഗതാഗതനിയമങ്ങളില്‍ വിപുലമായ മാറ്റങ്ങള്‍ വരുത്തി. മോണ്‍ട്രിയാല്‍ ആസ്ഥാനമായ അയാട്ടയുടെ അഭിപ്രായത്തില്‍ കഴിഞ്ഞ വര്‍ഷം 20 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയുടെ വ്യോമഗതാഗത വിപണിയില്‍ ഉണ്ടായത്. ആഗോളതലത്തില്‍ ഏറ്റവും കൂടിയ വളര്‍ച്ചാനിരക്കാണിത്. ചൈനയുടെ വളര്‍ച്ചാനിരക്ക് 10 ശതമാനവും യുഎസിന്റെത് അഞ്ചുശതമാനത്തില്‍ താഴെയുമായിരുന്നു.

സര്‍ക്കാരിന്റെ നയരേഖ വിമാന ഇന്ധനത്തിന്റെ വില കുറയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്കു പ്രോല്‍സാഹനം നല്‍കുന്നുണ്ടെങ്കിലും അത് നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വിമുഖരാണ്. വരുമാന നഷ്ടമുണ്ടാകുമെന്ന ഭയമാണ് കാരണം. വ്യോമഗതാഗതനിരക്കുകളും വളരെ കൂടുതലാണ്. നിലവിലുള്ള നിരക്കുകള്‍ താങ്ങാനാകുന്ന സമ്പന്നരാണ് വിമാനയാത്ര നടത്തുന്നത് എന്നതാണ് സാമാന്യചിന്ത. ഇന്ത്യയിലെ വ്യോമഗതാഗതം ഇപ്പോഴും വിപണനത്തില്‍ വളരെ പിന്നിലാണെങ്കിലും.

30 ശതമാനം വരെ വരുന്ന പ്രാദേശിക നികുതികള്‍ മൂലം ഇന്ത്യന്‍ നഗരങ്ങളിലെ ഇന്ധനവില ആഗോളതലത്തില്‍ ഏറ്റവും കൂടുതലാണ്. ഒരു ലിറ്റര്‍ ഇന്ധനത്തിന് ന്യൂഡല്‍ഹിയില്‍ വില 43 രൂപയായിരിക്കുമ്പോള്‍ ന്യൂയോര്‍ക്കില്‍ ഇത് 29 രൂപയും സിഡ്‌നിയില്‍ 35 രൂപയുമാണ്. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷനല്‍ വിമാനത്താവളം എയര്‍ബസ് എ330ല്‍ നിന്ന് ലണ്ടനിലെ ഹീത്രൂവിനുശേഷം ഏറ്റവുമധികം റവന്യൂ ഉണ്ടാക്കുന്ന വിമാനത്താവളമാണ്. ഉയര്‍ന്ന എയര്‍പോര്‍ട്ട് നിരക്കുകളാണ് കാരണം.

മാര്‍ച്ച് അവസാനത്തോടെ മന്ത്രിസഭ അംഗീകാരം നല്‍കുന്ന പുതിയ നിര്‍ദേശങ്ങളില്‍ വിമാനടിക്കറ്റുകളിലെ സര്‍ചാര്‍ജും ഉള്‍പ്പെടുന്നു. വിദൂരപ്രദേശങ്ങളിലേക്കുള്ള സര്‍വീസുകളില്‍ നഷ്ടം സഹിക്കുന്ന കമ്പനികള്‍ക്കു നഷ്ടപരിഹാരം നല്‍കാനാണ് ഇത് ഉപയോഗിക്കുക. ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സെപ്റ്റംബറില്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. പ്രതികരണം തൃപ്തികരമല്ലെങ്കില്‍ യാത്രാനിരക്കു വര്‍ദ്ധന തടയുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. സര്‍ചാര്‍ജ് നിര്‍ദേശം ഓപ്പറേറ്റര്‍മാരില്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാക്കും.

നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങളുടെ ചില വശങ്ങളെപ്പറ്റി ആശങ്കയുണ്ടെന്ന് അയാട്ട ഡയറക്ടര്‍ ജനറല്‍ ടോണി ടെയ്‌ലര്‍ പറഞ്ഞു. ‘വ്യവസായച്ചെലവ് കൂട്ടുന്നവയെപ്പറ്റി പ്രത്യേകിച്ചും. ചില നിര്‍ദേശങ്ങള്‍ ആഗോളതലത്തില്‍ സ്വീകാര്യമായ തത്വങ്ങളില്‍നിന്നും പരീക്ഷിച്ചു വിജയം കണ്ടവയില്‍നിന്നും വ്യതിചലിക്കുന്നു’.

2015 ജനുവരി മുതല്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞത് ഇന്ധനവിലയില്‍ 25 ശതമാനത്തോളം കുറവു വരുത്തി. ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ് എന്നിവ വര്‍ഷങ്ങളായി സഹിച്ചുവന്ന നഷ്ടം ഇല്ലാതാക്കാന്‍ ഇതു സഹായിച്ചു.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2014ല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിവന്ന സ്‌പൈസ് ജെറ്റ് ഈ വര്‍ഷം ലാഭത്തിലായി. കഴിഞ്ഞ ഏഴുവര്‍ഷവും നഷ്ടത്തിലായിരുന്ന ജെറ്റ് എയര്‍വേയ്‌സ് ഈ വര്‍ഷം ലാഭത്തിലേയ്ക്കടുക്കുന്നു. ഇതൊന്നും കിങ്ഫിഷറിനോ അതിനു വായ്പ നല്‍കിയവര്‍ക്കോ ആശ്വാസമല്ലെങ്കിലും.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ 17 ബാങ്കുകളാണ് മല്യയ്ക്കു വായ്പ നല്‍കിയിരുന്നത്. മല്യ രാജ്യം വിട്ടുപോകുന്നതു തടയണമെന്നും 90.9 ബില്യണ്‍ രൂപ വരുന്ന ബാദ്ധ്യത തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചപ്പോഴാണ് മല്യ നേരത്തെതന്നെ സ്ഥലം വിട്ട കാര്യം ഈ ബാങ്കുകള്‍ അറിയുന്നത്. കിങ്ഫിഷറിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബാങ്ക് ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ വിസമ്മതിച്ചു.

2012ല്‍ ഒരു ബില്യണ്‍ ആസ്തിയോടെ ധനികരായ ഇന്ത്യക്കാരില്‍ 45ാമനായി ഫോര്‍ബ്‌സ് മാസിക തിരഞ്ഞെടുത്ത മല്യ മാര്‍ച്ച് രണ്ടിനാണ് രാജ്യം വിട്ടത്. പ്രശസ്തിയുടെ കാലത്ത് ഉല്ലാസക്കപ്പലിനുവരെ ഉടമയായിരുന്ന, കിങ് ഫിഷര്‍ മദ്യസാമ്രാജ്യത്തിന്റെ അവകാശി മല്യ വിര്‍ജിന്‍ ഗ്രൂപ്പിന്റെ റിച്ചാര്‍ഡ് ബ്രാന്‍സണുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നു.

ഇന്ന് രാഷ്ട്രീയക്കാരാലും കടക്കാരാലും അന്വേഷണ ഉദ്യോഗസ്ഥരാലും ശമ്പളം കിട്ടാത്ത ജോലിക്കാരാലും മാധ്യമങ്ങളാലും വേട്ടയാടപ്പെടുകയാണ് മല്യ. ഇപ്പോള്‍ എവിടെയാണെന്നു വെളിപ്പെടുത്താത്ത മല്യ ‘ ഇന്ത്യയിലേക്കു തിരിച്ചുപോകാന്‍ പറ്റിയ സമയമല്ല ഇത്’ എന്നാണ് സണ്‍ഡേ ഗാര്‍ഡിയന്‍ പത്രത്തോടു പറഞ്ഞത്.

കടക്കാരുമായി ഒറ്റത്തവണ തീര്‍പ്പാക്കലിനു ശ്രമിക്കുകയാണെന്ന് മാര്‍ച്ച് ആറിന്റെ പ്രസ്താവനയില്‍ മല്യ പറഞ്ഞു. ‘ ഞാന്‍ ഒളിച്ചോടിയതല്ല. നിയമത്തിന്റെ പിടിയില്‍നിന്ന് കടന്നുകളഞ്ഞവനുമല്ല,’ ട്വിറ്ററില്‍ വെള്ളിയാഴ്ച മല്യ കുറിച്ചു. ‘ മാധ്യമവിചാരണ തുടങ്ങിയാല്‍ അത് കുതിച്ചുയര്‍ന്ന് ആളിപ്പടര്‍ന്ന് സത്യത്തെയും യാഥാര്‍ത്ഥ്യങ്ങളെയും ചാരമാക്കുന്നു.’

മല്യയുടെ യുബി ഗ്രൂപ്പിന്റെ വക്താവ് സുമന്തോ ഭട്ടാചാര്യ ഇതേപ്പറ്റി കൂടുതല്‍ പറയാന്‍ തയാറായില്ല.

രാജ്യാന്തര സര്‍വീസ് നടത്തണമെങ്കില്‍ 20 വിമാനങ്ങളും അഞ്ചുവര്‍ഷത്തെ പരിചയവും വേണമെന്ന നിയമത്തെ മറികടക്കാന്‍ 2008ല്‍ മല്യ ഡക്കാന്‍ ഏവിയേഷന്‍ എന്ന ബജറ്റ് എയര്‍ലൈന്‍ വാങ്ങുകയായിരുന്നു. 2011ല്‍  കിങ്ഫിഷര്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായെങ്കിലും കൂടുതല്‍ സര്‍വീസുകളും ഉയര്‍ന്ന ചെലവും പെട്ടെന്നു തന്നെ പണദൗര്‍ലഭ്യം ഉണ്ടാക്കി.

ആഭ്യന്തര വിമാനക്കമ്പനികളില്‍ വിദേശികള്‍ക്കു പങ്കാളിത്തം പാടില്ലെന്ന നിയമവും മല്യയ്ക്കു വിനയായി. കിങ്ഫിഷര്‍ വാങ്ങാന്‍ ഒരു വിദേശ വിമാനക്കമ്പനി തയായ്യാറാണെന്ന് മല്യ പറഞ്ഞിരുന്നു. നിയന്ത്രണങ്ങളില്‍ മാറ്റം വരുന്നതിനു മുന്‍പായിരുന്നു അത്. മാറ്റങ്ങള്‍ക്കുശേഷം അബുദാബിയിലെ എത്തിഹാദ് എയര്‍വേയ്‌സ് ജെറ്റ് എയര്‍വേയ്‌സിലും മലേഷ്യയുടെ എയര്‍ ഏഷ്യയിലും പങ്കാളിയായി. സിംഗപ്പൂര്‍ എയര്‍ ലൈന്‍സ് പ്രാദേശികവിഭാഗങ്ങള്‍ തുടങ്ങുകയും ചെയ്തു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍