UPDATES

എഡിറ്റേഴ്സ് പിക്ക്

വിജയ് മല്യ എന്ന ‘പരമ ദരിദ്രന്‍’

ബിസിനസുകാരനായിരുന്ന നാലു പതിറ്റാണ്ടുകാലത്ത് രണ്ടു കാര്യങ്ങളില്‍ മല്യയ്ക്ക് ഒരിക്കലും കുറവുണ്ടായിരുന്നില്ല : പണം, നാട്യം

ഇന്ത്യയില്‍ നിന്ന് കോടികളുടെ ലോണ്‍ എടുത്ത് ലണ്ടനിലേക്ക് മുങ്ങിയ പ്രമുഖ വ്യവസായി വിജയ് മല്ല്യയെ സ്‌കോട്ട്ലന്‍ഡ്യാര്‍ഡ് അറസ്റ്റ് ചെയ്തു. വിജയ് മല്യ കടംവീട്ടാതിരിക്കാനായി പാപ്പരായി പ്രഖ്യാപിക്കപ്പെടാന്‍ സ്വീകരിച്ച വഴികളെ കുറിച്ചുള്ള ലേഖനം അഴിമുഖം പുന:പ്രസിദ്ധീകരിക്കുന്നു

വിജയ് മല്യയ്ക്കു കടംവീട്ടാന്‍ വഴിയില്ലെന്ന് ഇതുവായിച്ചശേഷം നിങ്ങള്‍ പറയില്ല. പാപ്പരായി പ്രഖ്യാപിക്കപ്പെടാന്‍ സ്വീകരിച്ച വഴികള്‍ ഉപയോഗിക്കാന്‍ മല്യ യോഗ്യനല്ലെന്നും നിങ്ങള്‍ക്കു മനസിലാകും.

ബിസിനസുകാരനായിരുന്ന നാലു പതിറ്റാണ്ടുകാലത്ത് രണ്ടു കാര്യങ്ങളില്‍ മല്യയ്ക്ക് ഒരിക്കലും കുറവുണ്ടായിരുന്നില്ല : പണം, നാട്യം. രണ്ടും തുല്യ അളവിലായിരുന്നു. എന്നാല്‍ അറുപതുകാരനായ ഫോര്‍ബ്‌സ് മുന്‍ കോടീശ്വരന് ഇപ്പോള്‍ നടനകലയോടാണ് കൂടുതല്‍ താല്‍പര്യം.

മല്യയുടെ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു വായ്പ നല്‍കിയവരില്‍ പ്രമുഖരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈയാഴ്ച ആദ്യം ഡെബിറ്റ് റിക്കവറി ട്രിബ്യൂണലിനെ സമീപിച്ചു. വിജയ് മല്യയെ അറസ്റ്റ് ചെയ്യണമെന്നും പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെന്നുമായിരുന്നു ആവശ്യം. എസ് ബി ഐയ്ക്കും മറ്റു 17 പൊതുമേഖലാ ബാങ്കുകള്‍ക്കുമായി മല്യ തിരിച്ചുനല്‍കാനുള്ളത് ഏഴായിരത്തിലധികം കോടി രൂപയാണ്.

മൂന്നര ലക്ഷം കോടിയോളം വരുന്ന കിട്ടാക്കടങ്ങള്‍ നീക്കി ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ ശുദ്ധമാക്കാന്‍ മോദി സര്‍ക്കാരില്‍ വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദം മല്യയെപ്പോലുള്ളവര്‍ക്കു നേരെ കടുത്ത നടപടിക്കു ശ്രമിക്കാന്‍ എസ്ബിഐയെ പ്രേരിപ്പിക്കുന്നു.

എന്താണ് മല്യയുടെ യഥാര്‍ത്ഥ മൂല്യം? അക്ഷരാത്ഥത്തില്‍ ‘ബില്യണ്‍ ഡോളര്‍’ ചോദ്യമാണിത്. ഉത്തരം കിട്ടുക എളുപ്പവുമല്ല.

മല്യയുടെ വ്യക്തിപരമായ സമ്പാദ്യത്തെപ്പറ്റി മറ്റു പല അതിസമ്പന്നരുടേതുമെന്നപോലെ ഊഹാപോഹങ്ങളേയുള്ളൂ. അറിയപ്പെടുന്ന സ്വത്തുവിവരം ഇങ്ങനെയാണ്: മല്യ ഇപ്പോഴും ചെയര്‍മാനായ യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെ ആസ്തി ഏതാണ്ട് 1750 കോടിക്കപ്പുറത്താണ്. യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡില്‍ മല്യയ്ക്കുള്ള എട്ടുശതമാനം ഓഹരിയിലാണ് ഇതില്‍ ഭൂരിഭാഗവും.

ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളിലെ ഓഹരികള്‍ മല്യയുടെ സ്വത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളൂ. കുതിപ്പിന്റെ കാലത്ത് മല്യ ലോകമെങ്ങും സ്വത്തുക്കള്‍ സമ്പാദിച്ചു. സ്വകാര്യ ദ്വീപുകള്‍, ഇന്ത്യയ്ക്കു പുറമെ യൂറോപ്പിലും യുഎസിലും പ്രൈം റിയല്‍ എസ്റ്റേറ്റ്, 250ലേറെ ആഡംബര, വിന്റേജ് കാറുകള്‍, ടിപ്പുസുല്‍ത്താന്റെ വാള്‍ (2004ല്‍ വില 175000 പൗണ്ട്), മഹാത്മ ഗാന്ധിയുടെ കണ്ണട ( വില 2009ല്‍ 1.8 മില്യണ്‍ ഡോളര്‍) തുടങ്ങി ചരിത്രപ്രാധാന്യമുള്ള വസ്തുക്കള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും.

മല്യയുടെ സ്വത്ത് സംബന്ധിച്ച് ഏറ്റവും വിശ്വാസ്യമായ വിവരം ഫോര്‍ബ്‌സിന്റെ വാര്‍ഷിക സൂപ്പര്‍ ലിസ്റ്റിനുവേണ്ടി ശേഖരിച്ചതാണ്. 2012 വരെയുള്ള വിവരങ്ങളേ ഇതിലുള്ളൂ എന്നുമാത്രം. സ്വകാര്യ സ്വത്തില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് ആ വര്‍ഷത്തിനുശേഷം ലിസ്റ്റില്‍ നിന്ന് മല്യ പുറത്തായി. 2007ല്‍ ഫോര്‍ബ്‌സിന്റെ കണക്ക് അനുസരിച്ച് മല്യയ്ക്ക് 1.6 ബില്യണായിരുന്നു സമ്പാദ്യം. 2012ല്‍ ഇത്  800 മില്ല്യണ്‍ ഡോളറായി കുറഞ്ഞു. ഇതേ വര്‍ഷമാണ് സാമ്പത്തിക പ്രതിസന്ധിയില്‍ കുരുങ്ങി കിങ്ഫിഷര്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

ലോകമെമ്പാടുമുള്ള ഭൂമി ഇടപാടുകളാണ് മല്യയുടെ ഏറ്റവും ശക്തമായ സമ്പത്ത്.  ആഡംബരസ്വത്തുക്കള്‍, കൊട്ടാരങ്ങള്‍, സ്വകാര്യ ദ്വീപുകള്‍ എന്നിങ്ങനെ ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി സ്വത്തുക്കള്‍ ഇന്നും മല്യയ്ക്ക് സ്വന്തമായുണ്ട്.

യുകെ മദ്യക്കമ്പനി ഡിയാജിയോയ്ക്ക് യുണൈറ്റഡ് സ്പിരിറ്റ്‌സ് വില്‍ക്കാനുള്ള അടുത്തിടെയുണ്ടായ തീരുമാനം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ മല്യയുടെ സമ്പാദ്യത്തില്‍ 515 കോടി രൂപയുടെ വര്‍ധനയുണ്ടാക്കും.

സ്‌പോര്‍ട്‌സ് പ്രേമിയായ മല്യയുടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ സ്വത്ത് കര്‍ണാടകയിലെ 400 ഏക്കര്‍ വരുന്ന കനിഗല്‍ സ്റ്റഡ് ഫാമാണ്. എന്നാല്‍ കുതിരകള്‍ ഉള്‍പ്പെടെ ഇതിന്റെ മൊത്തം മൂല്യം തിട്ടപ്പെടുത്താനായിട്ടില്ല. വ്യക്തിപരമായ നിലയിലല്ലെങ്കിലും ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലും (ആര്‍സിബി) സഹാറ ഫോഴ്സ് വണ്‍ എഫ് വണ്‍ ടീമിലും മല്യയ്ക്ക് ഓഹരിയുണ്ട്. എന്നാല്‍ ഡിയാജിയോ കരാറിനെത്തുടര്‍ന്ന് ഈ രണ്ട് ടീമുകള്‍ക്കുമേലുമുള്ള നിയന്ത്രണം മല്യയ്ക്കു നഷ്ടമാകും.

ആര്‍സിബി യുഎസ്എല്ലിന്റെ നിയന്ത്രണത്തിലാണ്. യുഎസ്എല്‍ ഡിയാജിയോയുടെ നിയന്ത്രണത്തിലും. എഫ് വണ്‍ ടീമിന്റെ ഉടമകളായ വാട്‌സണ്‍ ലിമിറ്റഡും ഇപ്പോള്‍ ഡിയാജിയോയുടെ നിയന്ത്രണത്തിലാണ്. സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കുമായുള്ള 135 മില്യണ്‍ ഡോളറിന്റെ വായ്പയ്ക്ക് ഡിയാജിയോ ആയിരുന്നു ജാമ്യക്കാര്‍. ഇതില്‍ വീഴ്ചയുണ്ടാകുകയും 2015 മേയില്‍ വായ്പാ കാലാവധി പൂര്‍ത്തിയാകുകയും ചെയ്തതോടെയാണ് മല്യയ്ക്കു നിയന്ത്രണം നഷ്ടപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍