UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ക്കെങ്കിലും വേണോ കിങ് ഫിഷര്‍ ബ്രാന്‍ഡ്?

Avatar

ടീം അഴിമുഖം

ദേശസാല്‍കൃതബാങ്കുകളില്‍നിന്ന് വായ്പയെടുക്കുമ്പോള്‍ വിജയ് മല്യയുടെ പ്രവര്‍ത്തനരഹിതമായ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഈടായി നല്‍കിയവയില്‍ ഒന്‍പത് ട്രേഡ് മാര്‍ക്കുകളുമുണ്ട്. ഏതാനും കോടികള്‍ മുടക്കുന്ന ആര്‍ക്കും ഒരിക്കല്‍ പ്രശസ്തമായിരുന്ന കിങ്ഫിഷര്‍ ബ്രാന്‍ഡ് ഇപ്പോള്‍ സ്വന്തമാക്കാം.

മല്യയുടെ കമ്പനികള്‍ നടത്തിയ വന്‍ വായ്പാതട്ടിപ്പ് തിരിച്ചറിയാന്‍ ബാങ്കുകള്‍ വൈകിയതിനെത്തുടര്‍ന്ന് കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വായ്പകള്‍ തിരിച്ചുപിടിക്കാന്‍ ഒരു സംഘം ബാങ്കുകള്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് വ്യാപാരമുദ്രകളുടെ പിടിച്ചെടുക്കല്‍. ഇത് അത്ര ഫലപ്രദമാകാനിടയില്ല. കാരണം ഒരു ബിസിനസ് ഉണ്ടാക്കുന്ന ലാഭത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരമുദ്രയുടെ മൂല്യം കണക്കാക്കുന്നത്. 2012 ഒക്ടോബര്‍ മുതല്‍ പ്രവര്‍ത്തനരഹിതമായ കിങ്ഫിഷറിന്റെ കാര്യത്തില്‍ പുനര്‍മൂല്യനിര്‍ണയത്തില്‍ വ്യാപാരമുദ്രയുടെ മൂല്യം കുത്തനെ ഇടിയുമെന്ന് വിദഗ്ധര്‍ പറയുന്നു.

യാഥാസ്ഥിതിക ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്നുള്ള വായ്പയ്ക്ക് ഈടായി മല്യ ആദ്യം കിങ്ഫിഷര്‍ വ്യാപാരമുദ്ര നല്‍കിയത് 2009ലാണ്. രണ്ടായിരത്തിലധികം കോടിയായിരുന്നു വായ്പാതുക.  ബാങ്കിലെത്തി നിങ്ങളുടെ പേര് ഈടായി നല്‍കാമെന്നു പറയുന്നത് ആലോചിക്കാനാകുമോ?  പ്രശസ്തമായ ഒരു ചായക്കടയുണ്ടെങ്കില്‍ അതിന്റെ പേരില്‍ ഏതെങ്കിലും ബാങ്ക് വായ്പ തരുമോ?  മല്യയെപ്പോലുള്ള പണക്കാരുടെ കാര്യത്തില്‍ ചോദ്യങ്ങള്‍ക്കു പ്രസക്തിയില്ല.

ജനപ്രീതിയുടെയും പ്രശസ്തിയുടെയും അളവുകോലില്‍ എവിടെ നില്‍ക്കുന്നു എന്നതാണ് വ്യാപാരമുദ്രയുടെ മൂല്യം നിര്‍ണയിക്കുന്നത്. ഇത് പല രീതികളില്‍ അളക്കാം. എന്നാല്‍ വ്യാപാരമുദ്രയുടെ ഉപയോഗ കാലഘട്ടവും ഉപയോഗത്തുടര്‍ച്ചയും പ്രധാനഘടകങ്ങളാണ്. കിങ്ഫിഷര്‍ എയര്‍ലൈന്‍ പ്രവര്‍ത്തനക്ഷമമായിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന മൂല്യം ഇന്നു ലഭിക്കില്ല എന്നര്‍ത്ഥം.

കിങ്ഫിഷര്‍ വ്യാപാരമുദ്രകള്‍ പണമാക്കി മാറ്റുന്നതില്‍ ബാങ്കുകള്‍ വരുത്തിയ കാലതാമസവും അഭിഭാഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കിങ്ഫിഷര്‍ കുഴപ്പത്തിലാണെന്നു മനസിലായിട്ടും മൂന്നു വര്‍ഷമാണ് ബാങ്കുകള്‍ അനങ്ങാതിരുന്നത്.

വ്യോമഗതാഗത മേഖലയില്‍ മുതല്‍ മുടക്കാന്‍ തയ്യാറുള്ള ആരെങ്കിലും ഇനി കിങ്ഫിഷര്‍ എന്ന പേരില്‍ വിമാനക്കമ്പനി തുറക്കാന്‍ തയാറാകുമോ എന്നതാണ് ഇനിയുള്ള ചോദ്യം.

കമ്പനികള്‍ക്കു വായ്പ നല്‍കുമ്പോള്‍ ബഹുമാന്യതയുള്ള വ്യാപാരമുദ്രകള്‍ ഈടായി സ്വീകരിക്കുന്നതില്‍ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് തടസമില്ല. വസ്തുവിവരങ്ങള്‍, യന്ത്രങ്ങള്‍, ഭൂമി എന്നിങ്ങനെയുള്ളവ ഈടായി കണക്കാക്കി വായ്പത്തുകയും വ്യവസ്ഥകളും കണക്കാക്കുന്ന രീതിയില്‍നിന്നു വ്യത്യസ്തമായി ഒരു കമ്പനിക്ക് ചില ബൗദ്ധികസ്വത്തുക്കള്‍ ഈടായി നല്‍കി അതിന്റെ മൂല്യത്തിന്റെ നിശ്ചിത ശതമാനം വായ്പയെടുക്കാം.

ഉപയോഗത്തിലിരിക്കുകയും ഉപഭോക്താക്കളുടെ നിരയെ സൃഷ്ടിക്കുകയും ചെയ്യുന്നില്ലെങ്കില്‍ വ്യാപാരനാമങ്ങള്‍ക്ക് അതില്‍ത്തന്നെ മൂല്യമൊന്നുമില്ല. വായ്പ തിരിച്ചടയ്ക്കുന്നില്ലെങ്കില്‍ എളുപ്പത്തില്‍ പണമാക്കി മാറ്റാവുന്ന ആസ്തികളിലാണ് ബാങ്കുകള്‍ക്കു താല്‍പര്യം.

ആഗോളതലത്തില്‍ ബ്രാന്‍ഡുകളുടെ മൂല്യം ഉപയോഗിച്ച് കമ്പനികള്‍ വായ്പാ മാര്‍ഗങ്ങള്‍ കണ്ടെത്താറുണ്ട്. 1988ല്‍ ജപ്പാന്‍ വിപണിയില്‍നിന്ന് വാള്‍ട്ട് ഡിസ്‌നി ഇങ്ങനെ സമാഹരിച്ചത് 725 മില്യണ്‍ ഡോളറാണ്. 1993ല്‍ അവരുടെ ഭാവി വില്‍പനയോടും സുഗന്ധദ്രവ്യ ഉത്പന്നങ്ങളോടും ചേര്‍ന്ന വ്യാപാരമുദ്ര ഈടുവയ്പിലൂടെ കാല്‍വിന്‍ ക്ലെയ്ന്‍ സമാഹരിച്ചത് 58 മില്യണ്‍ ഡോളറാണ്.

ഇന്ത്യയില്‍ ഗുഡ്ഗാവ് ആസ്ഥാനമായ എല്‍ടി ഫുഡ്‌സ് അവരുടെ അരിയുടെ പേരായ ദാവത് ഈടായി ഉപയോഗിച്ചാണ് യുഎസ് ആസ്ഥാനമായ കുശ ഇന്‍കോര്‍പറേറ്റ് എന്ന അരിക്കമ്പനി സ്വന്തമാക്കിയത്.

കിങ്ഫിഷറിന്റെ കാര്യം ഇതില്‍നിന്നു വ്യത്യസ്തമാണ്. വായ്പാ കുടിശിക വരുത്തിയശേഷം ഒരു കമ്പനിയുടെ അവ്യക്തമായ ആസ്തികള്‍ ഈടായി സ്വീകരിക്കപ്പെട്ടതിന്റെ ഉദാഹരമാണിത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് മൂല്യത്തില്‍ ഇടിവുണ്ടായെങ്കിലും ഇതേ പേരില്‍ യുബി ഗ്രൂപ്പ് വിപണിയിലെത്തിക്കുന്ന വിവിധ ബിയറുകള്‍ക്ക് ഇപ്പോഴും മികച്ച വിപണിമൂല്യമുണ്ട്.

ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ബിയര്‍ ബ്രാന്‍ഡ് ഒരിക്കല്‍ മല്യയുടെ സ്വന്തമായിരുന്നു എന്നതിനോ മല്യ ഇപ്പോള്‍ ഒളിവിലാണ് എന്നതിനോ പ്രസക്തിയില്ല. മല്യയെ സംബന്ധിച്ച എല്ലാ വിവാദങ്ങളും നിലനില്‍ക്കെത്തന്നെ അവര്‍ ഈ ബ്രാന്‍ഡ് വാങ്ങുന്നതു തുടരും. ബിയര്‍ ഉപഭോക്താക്കളോട് മല്യയ്ക്ക് നന്ദി പറയാം. അതേസമയം എയര്‍ലൈന്‍ ബ്രാന്‍ഡില്‍ തല്‍പരരായ ആരെയെങ്കിലും കണ്ടെത്താനാകും ബാങ്കുകളുടെ ശ്രമം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍