UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങള്‍ വലിയ സ്വപ്‌നങ്ങള്‍ കണ്ടോളൂ; മാധ്യമങ്ങളോട് കലിയടങ്ങാതെ മല്യ

ക്രിക്കറ്റ് മത്സരം കാണാന്‍ പോയ എന്നെ രണ്ടു മദ്യപാനികള്‍ കൂക്കിവിളിച്ചതാണു നിങ്ങള്‍ക്ക് വാര്‍ത്ത

13 ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പ എടുത്തത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് യുകെ കോടതി ജാമ്യം അനുവദിച്ചു. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുന്‍ അധിപനായിരുന്ന മല്യ ഇന്ത്യന്‍ സമയം ഇന്നു വൈകുന്നേരത്തോടെയാണ് ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്കു മുമ്പാകെ ഹാജരായത്. ചീഫ് മജിസ്‌ട്രേറ്റ് എമ്മ ലൂയിസ് അര്‍ബട്ട്‌നോട്ട് മല്യക്ക് ഡിസംബര്‍ 4 വരെ ജാമ്യം അനുവദിച്ചുകൊണ്ട് കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍ ജൂലൈ ആറിലേക്ക് മാറ്റിവയ്ക്കുകയും ചെയ്തു.

അതേസമയം കോടതിക്കു പുറത്ത് കാത്തു നിന്ന ഇന്ത്യന്‍ മാധ്യമങ്ങളോട് തന്റെ രോഷം മുഴുവന്‍ തീര്‍ക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു മല്യയില്‍ നിന്നും ഉണ്ടായത്. മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നല്‍കാന്‍ വിസമ്മതിച്ച മല്യ പക്ഷേ തനിക്ക് പറയാനുള്ള ചില കാര്യങ്ങള്‍ പറഞ്ഞു. നിങ്ങള്‍ക്ക് വലിയ സ്വപ്‌നങ്ങള്‍ കാണുന്നത് തുടരാം, പക്ഷേ വസ്തുതകള്‍ ഇല്ലാതെ ഒന്നും നിങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിയില്ല; മല്യ പറഞ്ഞു. താന്‍ ഒരു വായ്പ്പയും വകമാറ്റി ഉപയോഗിച്ചിട്ടില്ലെന്നു പറഞ്ഞ മല്യ താന്‍ നിയമത്തെ ബഹുമാനിക്കുന്നുവെന്നും ഒരു കോടതിക്കു മുന്നില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കില്ലെന്നും മാധ്യമങ്ങളോടു പറഞ്ഞു. എന്റെ കേസില്‍ ഹാജരാക്കാന്‍ മതിയായ തെളിവുകള്‍ എന്റെ കൈവശം ഉണ്ട്. പക്ഷേ ഞാനൊരു പ്രസ്താവനയും മാധ്യമങ്ങളോട് പറയില്ല, കാരണം ഞാന്‍ പറയുന്നത് നിങ്ങള്‍ വഴിതിരിച്ചുവിടും. ഞാന്‍ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരം കാണാന്‍ പോയതുപോലും മാധ്യമചിത്തഭ്രമത്തിന്റെ കഥയായി. അതുകൊണ്ട് ഞാന്‍ ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്; മല്യ പരിഹസിച്ചു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തിയ മല്യയെ ഇന്ത്യക്കാരായ ചിലര്‍ കള്ളന്‍..കള്ളന്‍ എന്നു കൂക്കി വിളിച്ചിരുന്നു. ഇതിന്റെ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയതിലുള്ള രോഷമായിരുന്നു മല്യ പ്രകടിപ്പിച്ചത്. രണ്ടു മദ്യപാനികള്‍ വിളിച്ചു പറഞ്ഞതാണു നിങ്ങള്‍ക്ക് വാര്‍ത്തയായത്, അവിടെ എത്രയോ പേര്‍ എനിക്ക് ആശംസ പറയാന്‍ എത്തിയിരുന്നു…; മല്യ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍