UPDATES

ന്യൂസ് അപ്ഡേറ്റ്സ്

4000 കോടി രൂപ തിരിച്ചടയ്ക്കാം, നാട്ടിലേക്ക് മടങ്ങില്ല: വിജയ് മല്ല്യ

അഴിമുഖം പ്രതിനിധി

4000 കോടി രൂപ സെപ്തംബറോടു കൂടി ബാങ്കുകളില്‍ തിരികെ അടയ്ക്കാമെന്ന് വിവാദ മദ്യ വ്യവസായിയായ വിജയ് മല്ല്യ സുപ്രീംകോടതിയെ അറിയിച്ചു. താന്‍ ഇന്ത്യയിലേക്ക് മടങ്ങുന്നില്ലെന്നും ഇന്ത്യയില്‍ മാധ്യമങ്ങള്‍ കാരണം തനിക്കെതിരായ വികാരം നിലനില്‍ക്കുകയാണെന്നും മല്ല്യ കോടതിയെ അറിയിച്ചു. മല്ല്യയുടെ അഭിഭാഷകരുടെ സംഘത്തെ നയിക്കുന്ന മുതിര്‍ന്ന അഭിഭാഷകനായ സി എസ് വൈദ്യനാഥനാണ് കോടതിയില്‍ ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചത്.

ഇപ്പോള്‍ ഇംഗ്ലണ്ടിലുള്ള മല്ല്യയുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ച നടത്തിയിരുന്നുവെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. 2000 കോടി രൂപ നിലവിലെ കേസുകളുടെ തീരുമാനം അനുസരിച്ച് നല്‍കാമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

9000 കോടി രൂപയാണ് മല്ല്യ വിവിധ ബാങ്കുകള്‍ക്ക് തിരികെ അടയ്ക്കാനുള്ളത്. മല്ല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി എടുത്ത വായ്പയും പലിശയുമാണ് ഈ തുക.

ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും റോഹിംഗ്ടണ്‍ നരിമാനും അംഗങ്ങളായ ബഞ്ചിനു മുന്നിലാണ് മല്ല്യയുടെ അഭിഭാഷകര്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളത്. മല്ല്യയ്ക്ക് വായ്പകള്‍ നല്‍കിയിരുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് മറുപടി നല്‍കാന്‍ കോടതി ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

ഇന്ത്യയിലെ സാഹചര്യത്തെ മാധ്യമങ്ങള്‍ വിഷലിപ്തമാക്കിയെന്ന് മല്ല്യ ആരോപിച്ചു. മാധ്യമങ്ങള്‍ തനിക്കെതിരെ വികാരം സൃഷ്ടിച്ചിരിക്കുന്നുവെന്നും മല്ല്യയ്ക്കുവേണ്ടി വൈദ്യനാഥന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ഈ വാദത്തെ ജസ്റ്റിസ് കുര്യന്‍ ജോസഫ് നിരാകരിച്ചു. മാധ്യമങ്ങള്‍ പൊതുതാല്‍പര്യത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. ബാങ്കുകളില്‍ നിന്നുമെടുത്തിട്ടുള്ള പണം തിരികെ കൊണ്ടുവരണം എന്നതുമാത്രമാണ് അവരുടെ ആവശ്യം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മല്ല്യയ്‌ക്കെതിരെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് കോടതിയെ സമീപിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍