UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മല്ല്യ നാടുവിട്ടത് ഡിയാഗോ നല്‍കിയ പണവുമായി

അഴിമുഖം പ്രതിനിധി

മദ്യരാജാവ് വിജയ് മല്ല്യ നാടുവിട്ടത് ഡിയാഗോ നല്‍കിയ പണത്തിന്റെ പകുതിയുമായി. ഡിയാഗോയും മല്ല്യയും തമ്മിലെ കരാര്‍ പ്രകാരം മല്ല്യയ്ക്ക് അഞ്ഞൂറ് കോടിയിലധികം രൂപ ഡിയാഗോ നല്‍കേണ്ടിയിരുന്നു. ഈ തുക മല്ല്യയ്ക്ക് നല്‍കുന്നതിനെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ കഴിഞ്ഞയാഴ്ച്ച തടഞ്ഞിരുന്നു.

എന്നാല്‍ ഫെബ്രുവരി 25-ന് തന്നെ ഡിയാഗോ ഈ പണത്തില്‍ 275 കോടിയോളം രൂപ മല്ല്യയ്ക്ക് നല്‍കി കഴിഞ്ഞിരുന്നു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഡിയാഗോ നല്‍കിയ രേഖകളിലാണ് ഇക്കാര്യമുള്ളത്. ബാക്കി തുക തുല്ല്യ തവണകളായി അടുത്ത അഞ്ചു വര്‍ഷം കൊണ്ട് മല്ല്യയ്ക്ക് നല്‍കും.

അതേസമയം, മല്ല്യയെ തിരികെ എത്തിക്കണം എന്ന ആവശ്യം ഇന്ത്യയില്‍ ശക്തമാകവേ മല്ല്യ ഇംഗ്ലണ്ടില്‍ ഉള്ളതായി സ്ഥിരീകരിച്ചു. മാര്‍ച്ച് രണ്ടാം തിയതി മല്ല്യ രാജ്യം വിട്ടതായി ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ലണ്ടനില്‍ സ്വന്തമായി വീടുള്ള അദ്ദേഹം അവിടെ താമസിക്കാതെ നഗരത്തില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്രാദൂരമുള്ള ഗ്രാമപ്രദേശത്തെ എസ്റ്റേറ്റിലാണ് കഴിയുന്നതെന്ന് സിഎന്‍എന്‍ ഐബിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ ബാങ്കുകള്‍ക്ക് ഏഴായിരത്തില്‍ അധികം കോടി രൂപയുടെ വായ്പാ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് മല്ല്യ ഇന്ത്യ വിടുന്നത് തടയണം എന്നാവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മല്ല്യയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഏറെക്കാലം എടുക്കും. മല്ല്യയുടെ സ്വത്തുക്കളില്‍ ഭൂരിഭാഗവും വിദേശത്താണ്.

മല്ല്യയ്ക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. മല്ല്യയെ തിരികെ എത്തിക്കാനും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിക്കുകയുമാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനകളില്‍ ഒന്നെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍