UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു ദളിത് രാഷ്ട്രീയക്കാരനോട് ജീവിതവും പാര്‍ട്ടിയും കാണിക്കുന്നത്

Avatar

ബിനീഷ് പുരുഷോത്തമന്‍

വിജയങ്ങള്‍ എല്ലാക്കാലത്തും ആഘോഷിക്കപ്പെടും. ചരിത്ര പുസ്തകത്തിന്റെ ഏടുകളില്‍ സ്വര്‍ണലിപികളാല്‍ എഴുതിച്ചേര്‍ക്കുന്നവ മുതല്‍ ഇടയ്ക്കിടെ മനോമുകുളങ്ങളെ പുളകം കൊള്ളിക്കുന്നവവരെ. ആ ഗണത്തില്‍പ്പെടും. എന്നാല്‍ പരാജയത്തിന്റെ കൈപ്പുനീര്‍കുടിച്ച് നൊമ്പരങ്ങളെ ഉള്ളിലൊതുക്കി നിസഹായരായി കാലം കഴിക്കുന്നവര്‍ എത്രയോ…വയലാര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ താമസക്കാരനായ ടി. വിജയപ്പന്‍ എന്ന അമ്പതുവയസുകാരന്‍ അത്തരത്തില്‍ പരാജയപ്പെട്ടുപേയൊരു മനുഷ്യനാണ്. ജനസേവനത്തില്‍ സ്വാര്‍ത്ഥത പാടില്ലെന്നു വിശ്വസിച്ചു പ്രവര്‍ത്തിച്ച പട്ടികജാതിക്കാരനായ ഒരു രാഷ്ട്രീയക്കാന്‍.

ഉടുതുണിക്ക് മറുതുണിയില്ലാതെ ഒരിടത്തും അടയാളപ്പെടുത്താനാകാതെ സ്വന്തം പ്രാരാബ്ധങ്ങളിലും ഇല്ലായ്മകളിലും ഒതുങ്ങിക്കഴിയേണ്ടിവന്നിരിക്കുന്നു ഇന്നു വിജയപ്പന്. കേവലം അധികാരമോഹത്തിനുമപ്പുറം ഉയര്‍ന്ന മാനവികതയോടെയുള്ള സമൂഹസേവനമാണ് വിജയപ്പന്റെ രാഷ്ട്രീയ ജീവിതത്തിലെ ആകെയുള്ള മുതല്‍ക്കൂട്ട്. അതിനുപോലും പൊതുമാര്‍ക്കറ്റില്‍ വിലകുറഞ്ഞെന്നിയാള്‍ തിരിച്ചറിയുന്നു. 17 വയസുമുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നിയാള്‍. പലതവണ ആവശ്യപ്പെട്ടിട്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി സീറ്റു നല്‍കിയില്ല. എല്ലാക്കീഴാള രാഷ്ട്രീയക്കാരെയും കൂടെ നിര്‍ത്തുന്നപോലെ പിന്നെയാവട്ടെയെന്നു പറഞ്ഞ് നേതാക്കള്‍ വിജയപ്പനെ കൂടെ നിര്‍ത്തി. ഒടുവില്‍ പട്ടികജാതി സംവരണ സീറ്റായപ്പോള്‍ മറ്റൊരു വാര്‍ഡില്‍ സീറ്റു നല്‍കി. അങ്ങനെ 2010 മുതല്‍ 2015വരെ വയലാര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ പഞ്ചായത്തംഗമായി വിജയപ്പന്‍. സ്വന്തം വാര്‍ഡല്ലായിരുന്നിട്ടുപോലും 138 വോട്ടുകള്‍ക്ക് വിജയപ്പന്‍ അന്ന് വിജയിച്ചു. വിജയപ്പനെന്ന പൊതു പ്രവര്‍ത്തകന് കിട്ടുന്ന ആദ്യത്തെ അംഗീകാരമായിരുന്നു അത്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയവും നേട്ടവുമായിട്ടാണ് അയാള്‍ അതിനെ കണക്കാക്കിയത്. ഇല്ലായ്മകള്‍ക്കു നടുവില്‍ നിന്നാണ് വിജയപ്പന്റെ വരവെങ്കിലും അധികാരത്തില്‍ കടിച്ചു തൂങ്ങിക്കിടന്ന് സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ വിജയപ്പന്‍ ശ്രമിച്ചില്ല. പൊതു പ്രവര്‍ത്തനത്തെ അയാള്‍ പ്രാണവായുപോലെ കൊണ്ടു നടന്നു. അഞ്ചുവര്‍ഷം നീണ്ട തന്റെ ജനസേവനം പ്ലസ് പോയിന്റായി പാര്‍ട്ടികണക്കാക്കുമെന്ന വിജയപ്പന്റെ കണക്കുകൂട്ടല്‍ ചിലര്‍ തകിടം മറിച്ചു. ഇത്തവണ സ്വന്തം വാര്‍ഡില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കണമെന്നാണ് വിജയപ്പന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കളവംകോടം ഡിവിഷനിലേക്കാണ് സീറ്റ് നല്‍കിയത്. വിജയപ്പനെന്ന രാഷ്ട്രീയക്കാരനെ ഒതുക്കുകയെന്ന ചിലരുടെ രഹസ്യ അജണ്ടകളായിരുന്നു ആ സീറ്റ് നല്‍കിയതിലൂടെ നടപ്പായതെന്ന് വിജയപ്പന്റെ സുഹൃത്തുക്കള്‍ പറയുന്നു. പ്രചാരണങ്ങള്‍ തകൃതിയായി നടന്നെങ്കിലും ഫലപ്രഖ്യാപനം വന്നപ്പോള്‍ വിജയപ്പന്‍ 703 വോട്ടിന് തോറ്റു. ഇനിയൊരു തെരഞ്ഞെടുപ്പിന് താങ്കള്‍ യോഗ്യനല്ലെന്നുള്ള പാര്‍ട്ടിയുടെ ചുവപ്പുകാര്‍ഡുകൂടിയായിരുന്നു വിജയപ്പനീ തെരഞ്ഞെടുപ്പ്.

17 -ാം വയസില്‍ കെഎസ്‌യു പ്രവര്‍ത്തകനായിട്ടായിരുന്നു തുടക്കം. പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും സജീവ പ്രവര്‍ത്തകനായി. കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവി, കെ.സി. വേണുഗോപാല്‍ എം.പി. എന്നിവരുടെ അടുത്തയാളായിരുന്നു ഇദ്ദേഹം. ഇവര്‍ വയലാറിലെത്തിയാല്‍ ഇവര്‍ക്കൊപ്പം കാറിലായിരിക്കും വിജയപ്പന്റെ സവാരി. എവിടെപ്പോയാലും താമസവും ഭക്ഷണവുമെല്ലാം നേതാക്കള്‍ തരപ്പെടുത്തിക്കൊടുക്കും. പക്ഷേ ഇവയൊന്നും രാഷ്ട്രീയ ജീവിതത്തിലും സ്വന്തം ജീവിതത്തിലും പ്രയോജനപ്പെട്ടില്ലെന്നത് വിജയപ്പന്‍ അന്നൊന്നും തിരിച്ചറിഞ്ഞില്ല. തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിപ്പോയി. ജീവിതത്തിലും വിജയപ്പന്‍ പരാജയം മാത്രമേ ഏറ്റുവാങ്ങിയിട്ടുള്ളു.

സ്വന്തം പേരില്‍ ഒരു സെന്റ് ഭൂമിപോലും ഇദ്ദേഹത്തിനില്ല. അച്ഛന്റെ പേരിലുള്ളതാണ് സ്ഥലം. അച്ഛന്‍ ഉണ്ടായിരുന്നപ്പോള്‍ വീടുവയ്ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. പിന്നീട് ശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. താമസിയാതെ അച്ഛനും അമ്മയും വിജയപ്പോനോട് യാത്ര പറഞ്ഞു. പിന്നീട് സ്ഥലം വീതം വയ്ക്കുന്ന നൂലാമാലകളെല്ലാം ജീവിത പ്രാരാബ്ധത്തില്‍ മുങ്ങിപ്പോയി. സ്വന്തം ജീവിതം കരയ്ക്കടുപ്പിക്കാനാവാഞ്ഞപ്പോഴും വിജയപ്പന്‍ പാര്‍ട്ടിപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഫ്‌ളക്‌സുകളും പ്ലാസ്റ്റിക്കും വലിച്ചുകെട്ടിയ കൂരയിലാണ് ഭാര്യയ്ക്കും മകനുമൊപ്പം ഇപ്പോഴും കഴിയുന്നത്. കഴിഞ്ഞ ദിവസം മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റില്‍ കുടലിന്റെ ഒരുഭാഗം തകര്‍ന്നു വീണു. വീട്ടിലേക്കുള്ള വഴിയാകെ ചളിക്കുഴമ്പാണ്. ഉയരക്കുറവായതിനാല്‍ മുറ്റമാകെ വേലിയേറ്റത്തില്‍ മുങ്ങും. കുടിവെള്ളം കിലോമീറ്ററുകള്‍ക്കപ്പുറത്തിന് തലച്ചുമടായിക്കൊണ്ടുവരണം. അങ്ങനെ അടിസ്ഥാനപരമായ യാതൊരു സൗകര്യവുമില്ലാതെ കഴിയുകയാണ് വിജയപ്പനും കുടുംബവും. പണ്ടൊരിക്കല്‍ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വീണ വിജയപ്പന് മറ്റുജോലികളൊന്നും ചെയ്യാന്‍ കഴിയാതായി. മാസങ്ങള്‍ക്കുമുമ്പ് ഹൃദയാഘാതമുണ്ടായി. മരുന്നിനായി മാസം 1,800 രൂപ കുറഞ്ഞത് വേണം. പഞ്ചായത്തംഗമായിരുന്നപ്പോള്‍ ലഭിച്ചിരുന്ന ഓണറേറിയമായിരുന്നു വിജയപ്പന്റെ ആകെ വരുമാനം. വീട്ടുചെലവും മരുന്നിന്റെ ചെലവും മകന്റെ പഠന ചെലവുമെല്ലാം ഇതില്‍നിന്ന് കണ്ടെത്തണം. പത്താം ക്ലാസിന്‍ പഠിക്കുന്ന മകന്റെ ഉപരിപഠനം പ്രതിസന്ധിയിലാണ്. ഭാര്യ തയ്യല്‍ജോലിക്കുപോയി ലഭിച്ചുകിട്ടുന്ന തുച്ചമായ തുകയാണ് ആകെ ആശ്വാസം. യാതൊരു വരുമാനവുമില്ലാത്ത വിജയപ്പന്റെ റേഷന്‍കാര്‍ഡ് ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് മുകളിലാണ്. മുമ്പ് പഞ്ചായത്തംഗമായിരുന്നെന്ന ഒരു തെറ്റുമാത്രമാണ് വിജയപ്പന്‍ ചെയ്തത്.

ഇത്തവണ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സ്വന്തമായൊരു വീടുവയ്ക്കണമെന്ന ആഗ്രഹം വിജയപ്പന്റെ മനസിലുണ്ടായിരുന്നിരിക്കണം. അല്ലെങ്കില്‍ മെമ്പറായാല്‍ കിട്ടുന്ന ഓണറേറിയത്തില്‍ നിന്ന് മരുന്നു വാങ്ങുകയോ മകന്റെ പഠനം മുന്നോട്ടുകൊണ്ടുപോകാനോ ഉപകരിക്കുമെന്നും പ്രതീക്ഷിച്ചിരിക്കാം. കഴിയുമെന്നുപക്ഷേ അവസാന പ്രതീക്ഷയും നഷ്ടമായി ഇനിയെന്തെന്ന ചോദ്യവുമായി നില്‍ക്കുന്ന വിജയപ്പന് ആശ്വാസം പകരാന്‍പോലുമാരുമില്ല. 17 വയസുമുതല്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തിയ ഒരു ദളിതനെ ഒരുതവണമാത്രമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കിയതെന്നത് ഏറെ ശ്രദ്ധേയമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണോ. ഒരിക്കലും അല്ല. എത്രയെത്ര വിജയപ്പന്‍മാര്‍ ഇങ്ങനെ സ്വന്തം ജീവിതം എന്തിനെന്നില്ലാതെ ഹോമിക്കുന്നു…

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍